അംബാലയുടെ അപ്പോസ്സ്തോലന്‍ : പാസ്റ്റര്‍ ജോണ്‍ രാജന്‍
പാസ്റ്റര്‍ ജോണ്‍ രാജന്‍ അംബാലയില്‍ എത്തിയിട്ട് 40 വര്ഷം പൂര്‍ത്തിയാകുന്നു. ഐ.പി.സി. പഞ്ചാബ് സ്റ്റേറ്റിന്‍റെ വിവിധ ചുമതലകള്‍ വഹിച്ച കര്‍മനിരതനായ ആ ദൈവദാസന്‍ പിന്നിട്ട വഴികളെ കുറിച്ച് ക്രൈസ്തവ എഴുത്തുപുര ടീമുമായി പങ്കു വെക്കുന്നു.
താങ്കള്‍ എങ്ങനെ വിശ്വാസത്തില്‍ വന്നു എന്ന് ഒന്ന് വിവരിക്കാമോ?
ഞാന്‍ ജനിച്ചത് കോട്ടയത്തെ ഒരു ഹിന്ദു കുടുംബത്തില്‍ ആയിരുന്നു. എൻറെ മുത്തശ്ശി മതഭക്തയായിരുന്നെങ്കിലും പിതാവ് കമ്യൂണിസ്റ്റുകാരനായിരുന്നു. എന്റെ മുത്തശ്ശി എന്നെ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ കൊണ്ടു പോകുമായിരുന്നു. എന്‍റെ അയല്‍ക്കാരുടെ കൂടെ ഞാന്‍ പള്ളികളിലും പോകുമായിരുന്നു. അങ്ങനിരിക്കെ കോട്ടയം സി എം എസ് കോളേജ് ഹൈസ്കൂളിൽ ഞാൻ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍, എനിക്ക് IEHC-ന്റെ ഒരു കറസ്സ്പോണ്ടെന്‍സ് കോഴ്സ് ലഭിക്കുകയും, അവർ നല്‍കിയ പുതിയ നിയമം ഞാന്‍ പൂർണ്ണമായി വായിക്കുകയും ചെയ്തു. എന്നാൽ എന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടായില്ല.
സി. എം. എസ്. ഹൈസ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ സ്കൂള്‍ കൌണ്‍സിലില്‍ പ്രധാനമന്ത്രിയായായും, ഇപ്പോൾ കേരള നിയമസഭയിൽ എം.എൽ.എയായ ശ്രീ. സുരേഷ് കുറുപ്പ് സ്പീക്കറായും പ്രവര്‍ത്തിച്ചു. അങ്ങനെ ഞാൻ കോട്ടയം സി എം എസ് കോളേജിൽ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. മതപരമായ പ്രവർത്തനങ്ങളിൽ നിന്നും ഞാൻ തുടര്‍ന്ന് മാറി നിന്ന്. പക്ഷെ എനിക്ക് മനസമാധാനം നഷ്ടമായി.
അങ്ങനിരിക്കെ ആണ് എന്‍റെ ഹൈസ്കൂള്‍ സഹപാഠിയായിരുന്ന എന്‍റെ സുഹൃത്ത് ജോണ്‍ കുര്യന്‍ രക്ഷിക്കപ്പെടുന്നത്. അദ്ദേഹം എന്നെ സഭയിലേക്ക് വരാന്‍ ക്ഷണിച്ചു. ആദ്യമൊക്കെ നിരസിച്ചുവെങ്കിലും ഒരു ഞായാറാഴ്ച ഞാന്‍ അവന്റെ കൂടെ ഇല്ലിക്കല്‍ ശാലേം ഐ.പി.സി. സഭയില്‍ കടന്നു പോയി. അന്ന് എന്‍റെ ജീവിതത്തില്‍ ഒരു പരിവര്‍ത്തനം സംഭവിച്ചു. എന്‍റെ സുഹൃത്ത് മുഖാന്തിരം ഞാന്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു. 1973 ജൂൺ 9 ന് ഞാൻ യേശുവിനു വേണ്ടി സമർപ്പിച്ചു. 1973 ആഗസ്റ് 17 ന് സ്നാനമേറ്റു.
പിന്നീട് എപ്പോഴാണ് ദൈവവേലക്കായി സമര്‍പ്പിച്ചത് ?
യേശുവിനെ രക്ഷകനായി സ്വീകരിച്ച നാള്‍ മുതല്‍ ദൈവസേവനം ചെയ്യാനും ഒരു മിഷനറിയായിത്തീരാനുള്ള ഒരു അഭിനിവേശം എന്നില്‍ ഉണ്ടായിരുന്നു. എനിക്ക് ബൈബിള്‍ സ്കൂളില്‍ പോയി പഠിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എന്‍റെ പിതാവു എന്നെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ചു. നാട്ടകം ട്രാവന്‍കൂര്‍ സിമന്റ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന പിതാവ് അവിടെ എനിക്ക് ജോലി ശരിയക്കിയെങ്കിലും ഞാന്‍ അത് നിരസിച്ചു. തുടര്‍ന്ന് ജനുവരി 1974-ല്‍ കുമളിയിലെ എബനേസർ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. അവിടെ കുറച്ചുകാലത്തേക്ക് പഠിക്കുകയും, തുടര്‍ന്ന് വിവിധ സ്ഥലങ്ങളിൽ (കുമളി, കട്ടപ്പന, വാഴവര) സേവനം ചെയ്യുകയും ചെയ്തു. പിന്നെ കോട്ടയത്തെ വടവാതൂരിലുള്ള ശാലോം ബൈബിൾ സ്കൂളിൽ പഠിക്കാൻ എനിക്ക് അവസരം ലഭിച്ചു.
എപ്പോഴാണ് വടക്കേ ഇന്ത്യയാണ് തന്‍റെ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തത് ?
വടവാതൂരിലുള്ള ശാലോം ബൈബിൾ സ്കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ഇംഗ്ലീഷ് മീഡിയം ബൈബിള്‍ സ്കൂളില്‍ പഠിക്കാന്‍ ഉള്ള എന്‍റെ ആഗ്രഹം കോട്ടയത്തിന്റെ അപ്പോസ്സ്തോലനായ പാസ്റ്റര്‍ പി. എം. ഫിലിപ്പുമായി പങ്കു വെച്ച്. അദ്ദേഹം ആണ് എന്നെ ഡെറാഡൂണിലെ ഡൂണ്‍ ബൈബിള്‍ കോളേജിലേക്ക് അയച്ചത്. അവിടെയുള്ള പഠന കാലത്താണ് വടക്കേ ഇന്ത്യയാണ് എന്‍റെ പ്രവര്‍ത്തന മേഖല എന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.
അവിടുത്തെ പഠന ശേഷം ഐ. പി. സി. മിഷന്‍ ബോര്‍ഡ് എന്നെയും, ഇപ്പോള്‍ ഐ. പി. സി. ജനറല്‍ പ്രസിഡന്റ് ആയിരിക്കുന്ന പാസ്റ്റര്‍ ജേക്കബ് ജോണിനെയും ജമ്മു കാശ്മീരിലെ ഉധംപൂരില്‍ പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ എ. എം സാമുവേലിന്റെ അടുത്തേക്ക് അയച്ചു. അവിടെ നിന്ന് പാസ്റ്റര്‍ എ. എം സാമുവേല്‍ ഞങ്ങളെ പത്താന്‍കോട്ടിലേക്ക് അയച്ചു. അങ്ങനെ 1976 മെയ് 4 ന് പഞ്ചാബിലെ IPC യുടെ ആദ്യ മിഷനറിമാരായി പത്താൻകോട്ടിൽ എത്തിച്ചേര്‍ന്നു.
പാസ്റ്റര്‍ ജേക്കബ് ജോണിനോടൊപ്പം പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിലും (ജലന്ധര്‍, ആദംപൂർ, സുരാനസി, ഹോഷിയാർപൂർ, കപൂർത്തല), ഹിമാചൽ പ്രദേശ് (ധരംശാല), ജമ്മു കാശ്മീര്‍ (റെജൗറി, ഉധംപൂർ) എന്നിവിടങ്ങളിലും കര്‍ത്താവിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ജമ്മു കാശ്മീറിലെ ഉധംപൂരിലെ ഐ പി സി ഗഡിയില്‍ പാസ്റ്ററായിരിക്കുമ്പോള്‍ പാസ്റ്റർ എ എം സാമുവൽ എന്നെ അംബാല കാന്ററ്റിലേക്ക് അയച്ചു. അങ്ങനെ 1977 ഒക്ടോബര്‍ 10 നു ഞാന്‍ അംബാലയില്‍ എത്തിചേര്‍ന്ന്. കർത്താവ് അനേകം ആത്മാക്കളെ രക്ഷിച്ചു, അവരില്‍ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കർത്താവിനെ സേവിക്കുന്നു.
ഹെബ്രോൻ ബൈബിൾ സ്കൂൾ (ഉദംപൂർ), ബെഥേൽ ബൈബിൾ സ്കൂൾ (പത്താൻകോട്ട്), ഓപ്പറേഷൻ അഗപ്പെ (ലുധിയാന, ജമ്മു), ജി. എഫ്. എ (ചണ്ഡീഗഢ് & അംബാല), ഹെബ്രോൺ ബൈബിൾ സ്കൂൾ (സാംബ, ജമ്മു കാശ്മീർ) എന്നിങ്ങനെ വിവിധ ബൈബിൾ കോളേജുകളിൽ ദൈവ വചനം പഠിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചു. സുവിശേഷ പ്രവർത്തനത്തില്‍ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള എതിർപ്പ്, ബുദ്ധിമുട്ടുകൾ, തടസ്സങ്ങൾ, അവശ്യസാധനങ്ങൾക്ക് ക്ഷാമം, അവഹേളനങ്ങൾ തുടങ്ങിയവ തീർച്ചയായും നേരിടേണ്ടിവരും. എന്നാൽ തന്നെ സേവിക്കാൻ എന്നെ വിളിച്ച കർത്താവായ യേശു എന്നെ വടക്കേ ഇന്ത്യയില്‍ കഴിഞ്ഞ 40ല്‍ പരം വര്‍ഷങ്ങളായി നിലനിര്‍ത്തി.
കുടുംബം
ഭാര്യ അമ്മിണി. രണ്ടു പെണ്‍മക്കള്‍ ഹെപ്സിബ, സൂസന്‍.
മരുമക്കള്‍ : ഷിജു, ജിജോ. കൊച്ചുമക്കള്‍ : ജോഹാന്‍, ജോയന്ന.
തയ്യാറാക്കിയത് : ജോഷി