മലയാളം ബൈബിള്‍ ഇന്‍റര്‍നെറ്റിൽ എത്തിയ കഥ

നിഷാദ് കൈപ്പള്ളി

നീണ്ട ഒന്‍പതു കൊല്ലത്തെ അധ്വാനത്തിനോടുവില്‍, മലയാളം ബൈബിള്‍ ആദ്യമായി ഡിജിറ്റൽ രൂപത്തില്‍ യൂണികോഡിൽ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ച നിഷാദ് കൈപ്പള്ളിയുടെ ഓര്‍മ്മകള്‍.

നന്നേ ചെറുപ്പക്കാലത്ത് എനിക്കൊരു കൊമഡോര്‍ 64 കമ്പ്യൂട്ടര്‍ കിട്ടി. കൊല്ലം 1987.
അബുദാബിയില്‍ വീഡിയോഷോപ്പുണ്ടായിരുന്ന ഒരു സുഹൃത്ത് കൂട്ടത്തില്‍ കല്യാണകാസറ്റുകളും എഡിറ്റുചെയ്തുകൊടുക്കുമായിരുന്നു. കാസറ്റുകളില്‍ ചേര്ക്കാന്‍ മലയാളത്തിലുള്ള അക്ഷരങ്ങളും ഗ്രാഫിക്സും അന്വേഷിച്ചുനടക്കുകയായിരുന്നു പുള്ളി അപ്പോള്‍. ഒരു രസത്തിനുവേണ്ടി ഞാന്‍ എന്റെ കൊച്ചുകമ്പ്യൂട്ടറും വെച്ച് അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. കൊമ്മോഡറില്‍ ഞാന്‍ കുറച്ചു മലയാളം അക്ഷരങ്ങള്‍ പടച്ചുണ്ടാക്കി. അതു കണ്ടിട്ട് ധാരാളം ആളുകള്‍ മലയാളം ഗ്രാഫിക്സ് ചെയ്തുകൊടുക്കാന്‍ എന്നെ സമീപിച്ചും തുടങ്ങി. അക്കാലത്ത് അത് ശരിക്കും ഒരു മഹാസംഭവമായിരുന്നു!
എന്തായാലും കൈപ്പള്ളിയും മലയാളം അക്ഷരങ്ങളും തമ്മിലുള്ള പ്രേമബന്ധം അതോടെ തുടങ്ങി. മലയാളം ലിപിയുടെ തനതായ ചില പ്രത്യേകതകള്‍ എന്നെ വല്ലാതങ്ങാകര്ഷിച്ചു ആ സമയത്തുതന്നെ.

എന്തൊക്കെ പറഞ്ഞാലും പ്രിന്റിങ്ങിനു പറ്റിയ ഏറ്റവും നല്ല ഉപായം അന്നും (ഇന്നും!) Apple Macintosh ആയിരുന്നു. Windows 3.1 വരുന്നതുവരെ Intel പ്ലാറ്റ്ഫോറത്തില്‍ മലയാളത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പക്ഷേ, 1992-ല്‍ വിന്‍ഡോസ് 3.1ല്‍ മലയാളത്തില്‍ വ്യത്യസ്തമായ 6 True Type ഫോണ്ടുകള്‍ നിര്‍മ്മിക്കാന്‍ പറ്റി. അക്കൊല്ലത്തെ Gitex എക്സിബിഷനില്‍ മൈക്രോസോഫ്റ്റിന്റെ 3rd Party Solution Partner ആയി പങ്കെടുക്കുകയും ചെയ്തു. പഴയലിപിയിലുള്ള മലയാളത്തില്‍ അച്ചടിച്ച ലഘുലേഖകള്‍ കണ്ട് Gitex-ല്‍ വന്ന പലരും അത്ഭുതപ്പെട്ടു. സംഗതി മലയാളമായിരുന്നെങ്കിലും എന്റേതായിരുന്നതുകൊണ്ട് അക്ഷരത്തെറ്റുകള്ക്കൊരു കുറവുമില്ലായിരുന്നു എന്നു പറയേണ്ടല്ലോ! 🙂

കൂട്ടത്തില്‍ ഒരു മഹാന്‍ ലഘുലേഖയിലെ അക്ഷരത്തെറ്റുകള്‍ ഒക്കെ ചൂണ്ടിക്കാണിച്ച് കുറച്ചൊക്കെ തിരുത്തിയും കൂടുതല്‍ പരിഹസിച്ചും കൊണ്ട് ചോദിച്ചു:“ മലയാളം ശരിക്കറിയാത്തവനാണോ മലയാളത്തില്‍ അക്ഷരങ്ങളും സോഫ്റ്റ്വെയറും ഉണ്ടാക്കാന്‍ പോകുന്നത്?”

അതെനിക്കിട്ടങ്ങു കൊണ്ടു. വല്ലാതെ വിഷമമായി. അപ്പോള്‍ കാര്യമാക്കിയില്ലെങ്കിലും ഒരു കാര്യം അന്നു ഞാന്‍ തീരുമാനിച്ചു. കിട്ടാവുന്നതില്‍ ഏറ്റവും Authentic ആയ ഒരു വലിയ മലയാളഗ്രന്ഥം ഞാന്‍ കമ്പ്യൂട്ടറില്‍ പകര്ത്തിയെഴുതും. നല്ല പ്രചാരമുള്ളതും ആളുകള്ക്കൊക്കെ ഇടയ്ക്കൊക്കെ വായിക്കേണ്ടി വരുന്നതുമായ ഒരു പുസ്തകമായിരിക്കണം അത്. അതില്‍ വരുന്ന തെറ്റുകള്‍ വിളിച്ചു കൂവി എന്നെ പരിഹസിച്ചുതോല്‍പ്പിക്കാന്‍ ഒരു വലിയ സംഘം ആളുകളും ഉണ്ടാവണം! പ്രാവര്‍ത്തികമായും സാങ്കേതികമായും നിയമപരമായും അങ്ങനെയുള്ള ഒരു ഗ്രന്ഥം ആയി യോജിച്ചുവന്നത് ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്ന “സത്യവേദപുസ്തകം” തന്നെയായിരുന്നു.

പിന്നീടങ്ങോട്ട് അക്ഷീണമായ പരിശ്രമമായിരുന്നു. എട്ടുമാസം കൊണ്ട് ഇതിനു തക്കതായ ഒരു ഓഡിറ്റിങ്ങ് സോഫ്റ്റ്വെയറും പ്രൊജെക്റ്റ് മാനേജ്മെന്റ് ടൂളും ഉണ്ടാക്കിയെടുത്തു. ടൈപ്പിങ്ങിനുവേണ്ടി Lotus Amipro. ടൈപ്പു ചെയ്തുകഴിയുന്ന മുറയ്ക്ക് ഓരോ ഭാഗവും പ്രൂഫ് തിരുത്താന്‍ തയ്യാറായി ദുബായിലുള്ള ഒരു പാരിഷ് മുന്നോട്ടു വന്നു. 66 പുസ്തകങ്ങളിലായി പരന്നുകിടക്കുന്ന സമ്പൂര്ണ്ണ വേദപുസ്തകം പിന്നീടുള്ള രണ്ടുവര്ഷം കൊണ്ട് ഞാനും എന്റെ ഒരു സുഹൃത്തും കൂടി ടൈപ്പു ചെയ്തു പൂര്ത്തിയാക്കി.

2003 വരെ ASCII യിലായിരുന്നു അതൊക്കെ. 2003-ല്‍ പതുക്കെ യുണികോഡിലേക്കു മാറ്റാന്‍ ശ്രമം തുടങ്ങി. അപ്പോഴാണ് യുണികോഡില്‍ , പ്രത്യേകിച്ച് മലയാളം യുണികോഡില്‍ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ ഇനിയും കിടക്കുന്നുണ്ടെന്നു മനസ്സിലായതും!

സൌജന്യമായി ഹോസ്റ്റിങ്ങും ഡൊമെയ്നും ഏറ്റെടുത്തു ചില സുഹൃത്തുക്കള്. അതുപോലെ പലനിലയ്ക്കും ഈ സംരംഭത്തില്‍ ഒരു പാടു പേര്‍ സഹായിച്ചിട്ടുണ്ട്.

അന്നു തുടങ്ങിയ ഒരു ചെറിയ വാശി, പരീക്ഷണം ഇന്നു വലിയൊരു വിജയമായി നിങ്ങള്ക്കാര്ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍, അതിനുള്ള ഒരു പ്രധാന കാരണം നിങ്ങള്‍ എല്ലാവരും മനസ്സിലാക്കണം: “ഇതൊക്കെ ചെയ്യാന്‍ വേറെ വല്ലവനും വരും. വേണ്ടപോലെ ചെയ്തോളും” എന്നു കരുതി ഇരുന്നാല്‍ ഒരു കാര്യവും നടക്കില്ല.നമ്മുടെ മനസ്സില്‍ തോന്നുന്ന വലിയ ആശയങ്ങള്‍ നാം ആയിത്തന്നെ ചെയ്തുതുടങ്ങണം. ആരെയും ആശ്രയിക്കാതെതന്നെ അതു മുഴുവനാക്കുമെന്ന്‍ ദൃഢനിശ്ചയവും വേണം. എല്ലാം സാദ്ധ്യമാണ്. പള്ളിക്കൂടത്തില്‍ മലയാളം പഠിക്കാത്ത എനിക്ക് ഇത് സാദ്ധ്യമാണെങ്കില്‍ നിങ്ങള്ക്കൊക്കെ എന്തുതന്നെ പറ്റില്ല? ഉദാഹരണത്തിന്‍ മലയാളത്തിലുള്ള ഏതെങ്കിലും ഒരു പഴയ മഹാകാവ്യം എന്തുകൊണ്ട് നമുക്ക് കൂട്ടായി ടൈപ്പുചെയ്തു തുടങ്ങിക്കൂടാ? Gutenberg Project-നു സമാനമായി നമുക്കു മലയാളത്തില്‍ എന്തുകൊണ്ട് ഒരു ‘എഴുത്തച്ഛന്‍ പള്ളിക്കൂടം’ പടുത്തുയര്‍ത്തിക്കൂടാ?

Courtesy : നിഷാദ് ഹുസൈന്‍ കൈപ്പള്ളി, http://www.kaippally.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.