നേര്‍കാഴ്ച്ച : ‘സെറ്റില്‍മെന്റ് ‘
ഗ്രഹത്തിന്റെ മരുഭൂമിക്കു തണലേകാന്‍ വിധിക്കപെട്ടവരാന്നു പ്രവാസികളില്‍ ഏറിയപങ്കും. പലരും ഗള്‍ഫില്‍ വരുന്നതിനു പിന്നില്‍ ചില സ്വപ്പനങ്ങള്‍ ഉണ്ടാകാം, ഒരു വീട് വെക്കണം , സാമ്പത്തിക കെട്ടുറപ്പ് വരുത്തണം തുടങ്ങി ചെറിയ ചെറിയ കാര്യങ്ങള്‍…. അത് കഴിഞ്ഞാല്‍ നാട്ടിലേക്കു തിരിച്ചുചെന്ന് ‘സെറ്റില്‍’ ആകണമെന്ന് വിചാരിക്കും എന്നാല്‍ സംഭവിക്കുന്നതോ നേരെ തിരിച്ചും. ഗള്‍ഫില്‍ എത്തിയാല്‍ സ്വപ്പനങ്ങള്‍ വര്‍ദ്ധിക്കും, കടങ്ങള്‍ പെരുകും, തുടങ്ങി പലവിധത്തിലുള്ള പ്രശ്നങ്ങള്‍ അവരെ ‘നിത്യപ്രവാസി ‘ ആക്കിമാറ്റുന്നത് പതിവ് കാഴ്ചയാണ്.
എല്ലാം ‘സെറ്റില്‍’ ആയിട്ടു എന്തെങ്കിലും ചെയാമെന്നു കരുതിയാല്‍ ഒന്നും നടക്കില്ല എന്നതാണ് വാസ്തവം. ജോലിയില്‍ വിശാലത, വീട്, വിവാഹം തുടങ്ങിയവക്ക് ഒരു സമയം ഉണ്ട് ,ആ സമയത്ത് മൌന്യമായി നാം നിന്നു കൊടുത്താല്‍ മതി അവ തനിയെ നടക്കും പ്രത്യുത ‘സെറ്റില്‍മെന്റ് ‘ ന്റെ പേരില്‍ അവയെ നാം തിരസ്കരിച്ചാല്‍ പിന്നീട് അത്തരം അവസരങ്ങള്‍ നമ്മില്‍ വന്നുചേരമെന്നില്ല. അതുകൊണ്ട് സമയം തക്കത്തില്‍ ഉപയോഗിക്കുന്നതാണ് ഔചിത്യം.
എന്റെ പ്രവാസ ജീവിതത്തിനിടയില്‍ ഞാന്‍ ഒരാളെ പരിചയപ്പെടുവാനിടയായി. അവര്‍ വിവാഹിതരായിട്ടു മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ കുട്ടികളെകുറിച്ച് ചോദിച്ചു, അതിനു അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു ‘സെറ്റില്‍മെന്റ് ‘ ആയിട്ടു മതി പുതിയ അതിഥിയെ വരവേല്‍ക്കാന്‍ എന്നാണ് ഞങ്ങളുടെ തീരുമാനം” കേട്ടയുടനെ ഇതിനെക്കുറിച്ച് ഗൌരമായി ചിന്തിച്ചിലെങ്കിലും പിന്നീടു മനസിലാക്കിയെടുത്തപ്പോള്‍ തുലിക ഒന്ന് ചലിപ്പിക്കണമെന്നു തോന്നി.
ഈ സെറ്റില്‍മെന്റെന്നു പറഞ്ഞാല്‍ നല്ല വരുമാനമുള്ള ജോലി കിട്ടണം, അതുപോലെ ഭാര്യക്കും ജോലിയാകണം , ഫ്ലാറ്റിന്റെ വാടക കൊടുത്തു , ചെലവ് കഴിഞ്ഞു അല്‍പ്പം മിച്ചം ഇല്ലാതെ കുട്ടികളെ എങ്ങനെ നോക്കും???? (എല്ലാം വിവരിക്കുന്നില്ല ) എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. എന്നാല്‍ ഈ കാലയളവിനുള്ളില്‍ ദൈവം കനിഞ്ഞുകൊടുക്കുന്ന ഉദരഫലത്തെ ഇല്ലായിമ ചെയ്യുന്ന പ്രവണത തീര്‍ത്തും തെറ്റാണു. ദൈവിക കനിവിനായി ഒരുകൂട്ടം ആളുകള്‍ പ്രാര്‍ത്ഥനകഴിക്കുമ്പോള്‍, മറുഭാഗത്തു അത് തിരസകരിച്ചും, നശിപ്പിച്ചും തീരാത്ത ശാപം വരുത്തിവെച്ചുകൊണ്ട് ദൈവിക ദാനമായ തലമുറയെ തട്ടിതെറിപ്പിക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക…. നിങ്ങള്‍ ‘സെറ്റില്‍മെന്റ് ‘ ആകുമ്പോള്‍ ദൈവം കനിയണമെന്നില്ല ! സുഖ-ദുഖ സമിശ്ര ജീവിതത്തില്‍ ദുഖങ്ങളിലും ആനന്ദം കണ്ടെത്തുമ്പോളാണ് ജീവിതം പൂര്‍ണത കൈവരിക്കുന്നത്.
എല്ലാ പ്രശ്നങ്ങളും ഒതുക്കി ‘ലൈഫ് സെറ്റിലാക്കികൊണ്ട്’ സന്തോഷമായി ജീവിക്കാമെന്നത് സ്വപ്‌നങ്ങള്‍ മാത്രമായി തീരുമ്പോള്‍ , പ്രശ്നങ്ങളെ നിര്‍ഭയം നേരിട്ട് ,ദൈവം നല്‍കിയ ജീവിത്തിലെ സന്തോഷങ്ങള്‍ ആസ്വദിക്കാന്‍ നമ്മുക്ക് കഴിയണം !!
അനീതി ചെയുന്നവനെല്ലാം പാപത്തിന്‍ ദാസനായിതീരുമ്പോള്‍ നീതിക്കായി വിശന്നു ദാഹിക്കുന്നവര്‍ക്ക് “തൃപ്തി” വരുക തന്നെ ചെയും. ലോകം തരുന്ന യാതൊന്നും നമ്മെ തൃപ്തിപെടുത്തതിരിക്കുമ്പോള്‍ ദൈവം നമ്മുടെ ജീവിതത്തെ പ്രത്യശയാല്‍ നിറക്കുന്നു. ദൈവത്തെ അറിയുവാനും പ്രസാദിപ്പിക്കുവാനും ആഗ്രഹിക്കുന്നവര്‍ അവിശ്യമുള്ളതെല്ലാം കണ്ടെത്തുക തന്നെ ചെയും. “നീതിക്ക് വിശന്നു ദാഹിക്കുനവര്‍ ഭാഗ്യവാന്മാര്‍ , അവര്‍ക്ക് തൃപ്തി വരും” (മത്തായി 5:6)
– ബിനു വടക്കുംചേരി