ഫീച്ചർ: ബെഞ്ചിൽ നിന്ന് സെഞ്ച്വറിയിലേക്ക് – സഞ്ജുവിന്റെ ഉയർച്ച | തയ്യാറാക്കിയത് : വെസ്ലി പി. എബ്രഹാം

“വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു.” – സങ്കീർത്തനങ്ങൾ 118:22

പരിശ്രമം, ക്ഷമ, വിശ്വാസം ഈ മൂന്ന് ഗുണങ്ങൾ ഒരാളുടെ ജീവിതത്തെ എത്ര ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ലോകം വീണ്ടും കണ്ടറിഞ്ഞ ഒരു രാത്രിയായിരുന്നു അത്. ദീർഘകാലം ടീമിൽ സ്ഥിരമായ അവസരങ്ങൾ ലഭിക്കാതെ ബെഞ്ചിൽ ഇരിക്കേണ്ടി വന്ന ഒരു താരം, അവസരം ലഭിച്ചപ്പോൾ തന്റെ കഴിവും ആത്മവിശ്വാസവും ലോകത്തിനു മുന്നിൽ തെളിയിച്ച കഥയാണ് സഞ്ജുവിന്റെത്.

ഒരു യഥാർത്ഥ ക്രിക്കറ്റ് താരത്തിന്റെ ഗ്രൗണ്ടിലെ പോരാട്ടം പലർക്കും കാണാത്തതാണ്. ഏകദേശം 1 മുതൽ 1.4 കിലോ വരെ ഭാരം വരുന്ന ബാറ്റ്, പാഡുകൾ, ഹെൽമെറ്റ്, ഗ്ലൗസുകൾ, ഗാർഡുകൾ തുടങ്ങി നിരവധി സുരക്ഷാ ഉപകരണങ്ങളുമായി ഗ്രൗണ്ടിൽ ഇറങ്ങുന്ന താരം നേരിടേണ്ടത് മണിക്കൂറിൽ 140–150 കിലോമീറ്റർ വേഗത്തിൽ പാഞ്ഞുവരുന്ന ബോളുകളെയാണ്. അത്തരമൊരു സമ്മർദ്ദ സാഹചര്യത്തിലാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടത്.

അതുകൊണ്ടുതന്നെ വലിയ വേദികളിൽ പ്രകടനം നടത്തുന്നത് എത്ര കഠിനമാണെന്ന് ക്രിക്കറ്റ് അറിയുന്നവർക്ക് ബോധ്യമാണ്.

അവാർഡ് ദാന ചടങ്ങിൽ സഞ്ജു നടത്തിയ പ്രസ്താവനയിൽ അദ്ദേഹം എല്ലാ മാനവും മഹത്വവും ദൈവത്തിന് അർപ്പിക്കുകയും, പിന്തുണ നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തത് ശ്രദ്ധേയമായി.

വർഷങ്ങളോളം കാത്തിരിപ്പ്, വിമർശനങ്ങൾ, നിരാശകൾ ഇതെല്ലാം മറികടന്ന് മുന്നേറിയ അദ്ദേഹത്തിന്റെ യാത്ര യുവതലമുറയ്ക്ക് വലിയ പ്രചോദനമാണ്. ഒരിക്കൽ അവസരം ലഭിക്കാതെ ഡഗ്ഔട്ടിൽ ഇരിക്കേണ്ടി വന്ന താരം ഇന്ന് ലോക ക്രിക്കറ്റിന്റെ ശ്രദ്ധ നേടുമ്പോൾ, പരിശ്രമവും വിശ്വാസവും ഉണ്ടെങ്കിൽ വിജയം നിശ്ചയമാണെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുന്നു.

നമ്മൾ തകർന്നുവെന്ന് തോന്നുന്ന സ്ഥലത്ത് തന്നെ പ്രാർത്ഥനയും വിശ്വാസവും അദ്ധ്വാനവും ഉണ്ടെങ്കിൽ ഉയർച്ച സാധ്യമാണ്. അതാണ് സഞ്ജുവിന്റെ കഥ ലോകത്തോട് പറയുന്നത്.

 

വെസ്ലി പി. എബ്രഹാം

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.