ലേഖനം: വാക്കുകൾ കേൾക്കപ്പെടും… ജീവിതം വായിക്കപ്പെടും… | പാസ്റ്റർ സന്തോഷ് ഇടക്കര

“യഥാർത്ഥ ശക്തി വാക്കുകളുടെ ഭംഗിയിൽ അല്ല; ജീവിതത്തിന്റെ തെളിമയിലാണ്.” ഇന്നത്തെ കേരള സമൂഹം പലവിധ വിവാദങ്ങളും ചര്‍ച്ചകളും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

പൊതുജീവിതത്തിൽ നിൽക്കുന്ന ചിലരുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സമൂഹത്തിൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത്തരം സംഭവങ്ങൾ ഒരൊറ്റ വ്യക്തിയുടെ പ്രശ്നമായി മാത്രം നിൽക്കാതെ, പൊതുജീവിതത്തിന്റെ ധാർമ്മികതയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പായി മാറുന്നു.

പൊതുസമൂഹത്തിലും ആത്മീയ ശുശ്രൂഷയിലും മുന്നിൽ നിൽക്കുന്നവരുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയാണ്. അവർ പറയുന്ന വാക്കുകൾ കേൾക്കപ്പെടും; എന്നാൽ അവരുടെ ജീവിതമാണ് കൂടുതൽ ശ്രദ്ധയോടെ വായിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തിൽ ധാർമ്മികതയും ആത്മീയ ജാഗ്രതയും അനിവാര്യമാണ്.

ബൈബിൾ നമ്മെ ഇതിനെക്കുറിച്ച് ശക്തമായി ഓർമ്മിപ്പിക്കുന്നു. ദാവീദിന്റെ ജീവിതത്തിൽ ഒരു നിമിഷത്തെ അശ്രദ്ധ വലിയ വേദനയുടെ കാരണമായി മാറി കാണാൻ പാടില്ലാത്ത സ്ഥലത്ത് പതിഞ്ഞ ഒരു ദൃഷ്ടി പിന്നീട് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി (2 സാമുവേൽ 11). ഒരു തെറ്റായ ദൃഷ്ടി പിന്നീട് കുടുംബത്തെയും രാജ്യത്തെയും ബാധിച്ച വേദനയായി മാറി. അതുകൊണ്ടാണ് ഇയ്യോബ് പറഞ്ഞത്: “ഞാൻ എന്റെ കണ്ണുകളോടു ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?” (ഇയ്യോബ് 31:1).

അതുപോലെ ദൈവത്തിന്റെ പ്രവാചകനായ ഏലിയാവിനോട് ദൈവം ചോദിച്ച ചോദ്യം:

“ഇവിടെ നിനക്കു എന്തു കാര്യം?” (1 രാജാക്കന്മാർ 19:9)

ഇന്ന് നമ്മോടും ചോദിക്കപ്പെടുന്നു.

ഈ ചോദ്യം നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു സത്യം തന്നെയാണ്:

സമൂഹത്തിന്റെ മുമ്പിൽ നിൽക്കുന്ന നാം കാണാൻ പാടില്ലാത്ത സ്ഥലത്ത് കാണരുത്; കേൾക്കാൻ പാടില്ലാത്ത കാര്യങ്ങൾ കേൾക്കുവാനും അവയിൽ പ്രവർത്തിക്കുവാനും നിൽക്കരുത്.

കുടുംബജീവിതത്തിലും സമൂഹത്തിലും നമുക്കുള്ള ഉത്തരവാദിത്വങ്ങൾ കൃത്യതയോടും സത്യനിഷ്ഠയോടും കൂടി നിർവഹിക്കുമ്പോഴാണ് മനുഷ്യന്റെ വ്യക്തിത്വം പൂർണ്ണമാകുന്നത്. ഉത്തരവാദിത്വങ്ങളെ അവഗണിക്കുന്നത് ജീവിതത്തെ ദുർബലമാക്കും; അവയെ വിശ്വസ്തതയോടെ നിർവഹിക്കുന്നത് സമൂഹത്തെ ശക്തമാക്കും.

ജീവിതത്തിൽ ജാഗ്രത പുലർത്തുന്നില്ലെങ്കിൽ നാളുകളായി നാം സമൂഹത്തിൽ നേടിയെടുത്ത സ്വാധീനം ഒരു നിമിഷം കൊണ്ട് തകർന്നുപോകാം എന്നത് മറക്കരുത്.

“ആരും നിന്റെ യൗവനം തുച്ഛീകരിക്കരുത്; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.”

(1 തിമൊഥെയൊസ് 4:12)

ജീവിതം ശരിയായില്ലെങ്കിൽ വാക്കുകൾക്ക് സ്വാധീനമുണ്ടാകില്ല. കണ്ണ് വഴിതെറ്റുമ്പോൾ ജീവിതവും വഴിതെറ്റും. നേതൃത്വത്തിന്റെ വലിയ പരീക്ഷണം വേദിയിൽ അല്ല ഒറ്റപ്പെട്ട സമയങ്ങളിലാണ്.

കാണാൻ പാടില്ലാത്ത സ്ഥലങ്ങളിൽ കാണാതിരിക്കുക തന്നെയാണ് സ്വഭാവത്തിന്റെ യഥാർത്ഥ ശക്തി. കാരണം വാക്കുകൾ മനുഷ്യരെ സ്പർശിക്കുന്നതിനേക്കാൾ ജീവിതം മനുഷ്യരുടെ മനസ്സാക്ഷിയെ ഉണർത്തുന്നു.

പൊതു പ്രവർത്തനങ്ങളിലും നേതൃത്വത്തിലും നിൽക്കുന്നവരുടെ ഏറ്റവും ശക്തമായ സന്ദേശം അവരുടെ പ്രസംഗങ്ങളല്ല അവരുടെ ജീവിതമാണ്.

 

പാസ്റ്റർ സന്തോഷ് ഇടക്കര

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.