ലേഖനം: സംതൃപ്തി നൽകുന്ന ദൈവം | പ്രിൻസി ജിൻസ്, ഷാർജ
ഈ ഊഷരഭൂമിയിൽ മനുഷ്യന്റെ ജീവിതം ഒരു പുസ്തകം പോലെയാണ്. അതിൽ ഓരോ അദ്ധ്യായവും വ്യത്യസ്തത ഉള്ളതാണ്. ഓരോ താളും മനോഹര മാക്കി മാറ്റാൻ കഴിയുന്നത് നമ്മിൽ ഉണ്ടാകുന്ന ആഗ്രഹങ്ങൾ കൊണ്ടാണ്.നമ്മുടെ ഹൃദയത്തിലെ നല്ല ആഗ്രഹങ്ങൾക്ക് സംതൃപ്തിയേകുന്ന ഒരു ദൈവമുണ്ട് എന്ന് തിരുവചനം ഓർപ്പി ക്കുന്നു നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്ക് നൽകട്ടെ നിന്റെ താല്പര്യം ഒക്കെയും നിവർത്തിക്കട്ടെ (സങ്കീ 20:4)
ഓരോ ആഗ്രഹത്തിനും പിന്നിൽ ഒരു വ്യക്തമായ ഉദ്ദേശമോ പൂർവ്വ അനുഭവങ്ങളൊക്കെ തന്നെ ഉണ്ടാകും പക്ഷേ പലപ്പോഴും മോഹങ്ങളെ ആഗ്രഹമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട് മോഹങ്ങൾ നടക്കാത്തപ്പോൾ നിരാശയും ഉള്ളിലേക്ക് കടന്നുവരും മോഹം തീർത്തും വൈകാരികമാണ് എന്നാൽ ദൈവവചനം പറയുന്നത് മോഹങ്ങളെ പറ്റി അല്ല ഹൃദയത്തിലെ നല്ല ആഗ്രഹങ്ങളെ സാധ്യമാക്കി തരുന്നതിനെപ്പറ്റിയാണ് നമ്മൾ എത്ര രഹസ്യമാക്കി വച്ചാലും നമ്മുടെ നിരൂപണങ്ങൾ പോലും ദൂരത്തുനിന്ന് ഗ്രഹിച്ച നമ്മൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു ദൈവം ഉണ്ട്.ഓരോ വ്യക്തിയുടെയും ആഗ്രഹങ്ങൾ തീർത്തും വിത്യസ്തമാണ് അത് പൂർണ്ണമായും അറിയുന്നത് ദൈവം മാത്രമാണ്. 2 ദിന: 6: 31 ൽ പറയുന്നതുപോലെ” നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നവൻ “അങ്ങനെ ഹൃദയങ്ങളെ അറിയുന്ന ദൈവം സംതൃപ്തി നൽകിയ ചില സന്ദർഭങ്ങൾ നമുക്ക് ബൈബിളിൽ വ്യക്തമായി കാണാൻ കഴിയും.
യേശുവിന്റെ പരസ്യ ശുശ്രുഷാ കാലത്ത് നടന്ന ഒരു പ്രസക്തമായ ഭാഗമാണ് സഖായി എന്ന വ്യക്തിയുടേത്. ചുങ്കകാരിൽപ്രമാണിയും, ധനവാനും ആയിരുന്നു സഖായി. പക്ഷെ സഖായിക്ക് ഒരു കുറവ് ഉണ്ടായിരുന്നു വളർച്ചയിൽ കുറിയവനായിരുന്നു. തന്റെ ഹൃദയത്തിലെ ആഗ്രഹം യേശുവിനെ എങ്ങനെയെങ്കിലും ഒന്ന് കാണണം പക്ഷേ യേശു തന്നെ കാണണമെന്നോ, സംസാരിക്കണമെന്നോ സഖായി ആഗ്രഹിച്ചില്ല ആയതിനാൽ ഒരു കാട്ടത്തിൻമേൽ കയറി ഇരിപ്പിറപ്പിച്ചു. പക്ഷേ തന്നെ കാണാൻ വളരെ ആഗ്രഹത്തോടെ ഇരുന്ന സഖായിയുടെ ഹൃദയം ദൈവം കണ്ടു എന്നു മാത്രമല്ല അവനോടുകൂടെ അവന്റെ ഭവനത്തിൽ പാർപ്പാൻ ഇച്ച്ഛിച്ചു എന്നാൽ ജനത്തിനിടയിൽ ഇതിനെ ചൊല്ലി പിറുപിറുപ്പ് ഉണ്ടായെങ്കിലും കാണേണ്ടവൻ കണ്ടപ്പോൾ സഖായി യുടെ മാനസാന്തരത്തിന് കാരണമായി തീർന്നു. ചതിവായി വാങ്ങിയതെല്ലാംനാല് മടങ്ങായി മടക്കി കൊടുക്കുവാൻ അവനു മനസ്സായി.
യേശുവിനെ വളരെ ആഗ്രഹത്തോടെ തേടി വന്ന ഒരു വ്യക്തിയാണ് 12 വർഷത്തോളം രക്ത സ്രവം ബാധിച്ചു തനിക്ക് ഉള്ളതെല്ലാം ചിലവഴിച്ചു പല വൈദ്യൻമാരിലും തന്റെ രോഗ സൗഖ്യത്തിന് വേണ്ടി ആശ്രയിച്ചിട്ടും ഒരു മാറ്റവും ലഭിക്കാതെ നിരാശയിൽ ആയ ഒരു സ്ത്രീ. ഇസ്രയേലിയർക്ക് കൊടുത്ത നിയമപ്രകാരം രക്തസ്രാവം ഒരു സ്ത്രീയെ അശുദ്ധയാക്കിയിരുന്നു. അതുകൊണ്ട് അവൾക്ക് പുറത്ത് ഇറങ്ങുവാനും ജനത്തിന് ഇടയിലേക്ക് വരുവാനോ കഴിഞ്ഞിരുന്നില്ല തീർത്തും ഒറ്റപ്പെട്ട അവസ്ഥ. എന്നാൽ യേശു അതുവഴി കടന്നുപോകുന്നത് അറിഞ്ഞ് അവൾക്ക് അടങ്ങിയിരിക്കുവാൻ കഴിഞ്ഞില്ല. തന്റെ ഹൃദയത്തിന്റെ ഏക പ്രതീക്ഷയും മനസ്സിൽ ഒടുങ്ങാത്ത ആഗ്രഹമായിരുന്നു യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്കൽ എങ്കിലും ഒന്നു തൊട്ടാൽ തനിക്ക് സൗഖ്യം ലഭിക്കും എന്നുള്ളത് അതുകൊണ്ട് തന്റെ ചുറ്റുമുള്ള പ്രതിസന്ധികൾ ഒന്നും തന്നെ അവൾ ഗണ്യമാക്കിയില്ല. അവന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ തൊട്ടാറെ ക്ഷണത്തിൽ അവൾക്ക് സൗഖ്യം വന്നു. അത്രയേറെ ഹൃദയ വാഞ്ചയോടെ തന്റെ അടുക്കൽ വരുന്നവരെ നിരാശയോടെ നമ്മുടെ ദൈവം വിടുകയില്ല. ജനക്കൂട്ടം അവളെ കണ്ടില്ല എങ്കിലും അവളുടെ ആവശ്യം അറിഞ്ഞവനിൽ നിന്ന് ശക്തി പുറപ്പെട്ടു. ഹൃദയത്തെ കാണുന്നവനെ ഒന്നു തൊട്ടാൽ മതി ആഗ്രഹത്തിന് സംതൃപ്തി ലഭിക്കും.
പലരും ആഗ്രഹസാഫല്യത്തിന് രഹസ്യത്തിൽ യേശുവിനെ തേടിയെങ്കിലും ജനക്കൂട്ടം മിണ്ടാതിരിപ്പാൻ എത്ര ശാസിച്ചിട്ടും അതൊന്നും വകവയ്ക്കാതെ തന്റെ ആഗ്രഹം നടത്തി തരുവാൻ പ്രാപ്തിയുള്ളവനോട് ഉച്ചത്തിൽ നിലവിളിച്ചു കരയുന്ന ബർത്തിമായി എന്ന കുരുടൻ “ദാവീദ് പുത്രാ എന്നോട് കരുണ തോന്നണമേ”എന്നവൻ ആവർത്തിച്ചു നിലവിളിച്ചു കൊണ്ടിരുന്നു. ഇത് കേട്ടാറെ കർത്താവിനു അടങ്ങിയിരിപ്പാൻ കഴിഞ്ഞില്ല കുരുടനെ അടുക്കൽ വിളിച്ച് തന്റെ ആവശ്യം ആരാഞ്ഞു. അവന് കാഴ്ച പ്രാപിക്കണം എന്ന ഒരേയൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്‍റെ ഹൃദയത്തിൽ നല്ല ആഗ്രഹം സാധ്യമായി അവൻ കാഴ്ച പ്രാപിച്ചു (സങ്കീർത്തനം 21:2)”അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവനു നൽകി അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല” ആഗ്രഹം നടന്നു കഴിഞ്ഞപ്പോൾ അവൻ ദൈവത്തെ വിട്ടു പോകാതെ യാത്രയിൽ പിന്നെയും അവനെ അനുഗമിച്ചു.
മനുഷ്യൻ അടിസ്ഥാനപരമായി ഒരുപാട് ആഗ്രഹങ്ങൾ ഉള്ള ഒരു ജീവിയാണ്. പലപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ നടക്കാതെ പോകുന്നത് നമ്മുടെ മാനുഷിക ബുദ്ധികൊണ്ട് ആഗ്രഹങ്ങൾക്ക് അറുതി നിശ്ചയിക്കുന്നതിനാലാണ്. നമ്മുടെ ആഗ്രഹങ്ങളുടെ ആശ്രയം എന്നു പറയുന്നത് ദൈവത്തിൽ ആയിരിക്കണം എന്ന് ദൈവവചനം നമ്മെ ഓർ പ്പിക്കുന്നുണ്ട്. “മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ യെഹോവയിൽ ആശ്രയിക്കുന്നത് നല്ലത്’. നമ്മൾ ഒരുകാലത്ത് വളരെയേറെ പ്രാർത്ഥിക്കുകയും, ആഗ്രഹിക്കുകയും ഒക്കെ ചെയ്ത കാര്യങ്ങളാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന പല നന്മകളും. (സങ്കി 37: 4) യഹോവയിൽ തന്നെ രസിച്ചു അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്ക് തരും”. വളരെ അർത്ഥവത്തമായ ഒരു ഇംഗ്ലീഷ് വാചകശകലം ഇങ്ങനെയാണ് “എവിടെ മനസ്സുണ്ട് അവിടെ വഴിയുണ്ട് “തീർത്തും ശരിയായ ഒരു വാചകം തന്നെയാണ് നമുക്ക് തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ അതിലേക്കുള്ള വഴികളും തുറക്കപ്പെടും നമ്മുടെ ആഗ്രഹങ്ങളെ ദൈവസന്നിധിയിൽ ഏൽപ്പിച്ചു മുന്നേറിയാൽ ഇല്ലാത്തതിനെ ഉള്ളതുപോലെ വിളിച്ചുവരുത്തുന്ന ദൈവത്തിനു സകലവും സാധ്യമാണ്. ആയതിനാൽ നമ്മുടെ ആശ്രയം ദൈവത്തിലായാൽ നമ്മുടെ ഹൃദയത്തിന് സംതൃപ്തിയേകുന്ന ദൈവം ഇന്നും നമ്മൾക്ക് വേണ്ടി കരുതും.
പ്രിൻസി ജിൻസ്, ഷാർജ

- Advertisement -



Comments are closed, but trackbacks and pingbacks are open.