ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുവരെ നടപ്പിലാക്കിയ ശിപാർശകൾ യോഗത്തിൽ വിശദീകരിച്ച മുഖ്യമന്ത്രി ഇവ വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും അറിയിച്ചു.

കേന്ദ്ര, സംസ്ഥാന നയങ്ങളും വിവിധ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിച്ചാൽ മാത്രം നടപ്പിലാക്കാൻ കഴിയുന്നവയും കൂടുതൽ ആഴത്തിലുള്ള പരിശോധന ആവശ്യമായവയുമാണ് കമ്മിഷൻ റിപ്പോർട്ടിൽ ഇനി അവശേഷിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ചേർത്തുനിർത്താനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വിവിധ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ രേഖാമൂലം നൽകണമെന്നും നിർദേശിച്ചു.

പ്രസിദ്ധീകരിച്ച വിവരങ്ങളെപ്പറ്റിയും ഇനി നടപ്പാക്കാനുള്ളവയെപ്പറ്റിയും സർക്കാരുമായി ചർച്ച ചെയ്യാൻ ഒരു മേൽനോട്ട സമിതിയെ നിയോഗിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ടിനെപ്പറ്റി ചർച്ചയിൽ ഉയർന്നുവന്ന അഭിപ്രായങ്ങളും രേഖാമൂലം നൽകുന്ന വിവരങ്ങളും സർക്കാർ വിശദമായി പഠിച്ച ശേഷം വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് പുറത്തുവിട്ട സർക്കാരിൻ്റെ നടപടിയെ കർദിനാൾ ക്ലീമീസ് കാതോലിക്ക ബാവ യോഗത്തിൽ സ്വാഗതം ചെയ്തു. വെബ്സൈറ്റിലെ വിവരങ്ങൾ പഠിച്ച ശേഷം അഭിപ്രായം അറിയിക്കാമെന്ന് വിവിധ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും വ്യക്തമാക്കി. ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, നിയമ വകുപ്പ് മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം തുടങ്ങിയവരും ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.