ലേഖനം: പ്രതികാരദാഹിയായ യോനയും കരുണാമയനായ ദൈവവും | ടൈറ്റസ് ചാങ്ങയിൽ, യു. കെ
മൂന്നു ദിവസത്തെ വഴിദൂരമുള്ള (ഏകദേശം 102 കി .മീ.) പട്ടണമാണു നിനെവെ നഗരം. ഏകദേശം 29 കി.മീ. നീളവും, 22 കി.മീ. വീതിയും ഉള്ള അതിമനോഹരമായ പട്ടണമായിരുന്നു നിനെവെ. 100 അടി ഉയരമുള്ള പട്ടണ മതിലിനുമുകളിലുടെ ഒരേ സമയം മൂന്നു രഥങ്ങൾ ഓടുവാനുള്ള വീതിയുണ്ടായിരുന്നുവെന്നു ചരിത്ര പുസ്തകങ്ങൾ പറയുന്നു. കൂടാതെ ഫലപുഷ്ടമായ മണ്ണുകളുള്ള ആ പട്ടണത്തിൽ 1500 ഗോപുരങ്ങളുണ്ടായിരുന്നു.
ഇത്രമാത്രം സൗന്ദര്യമുള്ള മഹാ നഗരമായ നിനെവെയിലെ ജനങ്ങൾ പക്ഷേ ദുഷ്ടൻമാരായിരുന്നുവെന്ന് ബൈബിൾ പറയുന്നു. ദുഷ്ടൻമാർ ആയിരുന്നുവെങ്കിലും ദൈവത്തിൻ്റെ നിർബന്ധത്താൽ യോന പ്രവാചകൻ അവരോടു ദൈവത്തിൻ്റെ അരുളപ്പാടുകൾ പ്രസംഗിച്ചപ്പോൾ അവർ ദൈവത്തിൽ വിശ്വസിക്കുകയും രാജാവു മുതൽ വലിയവരും ചെറിയവരും ഒരു പോലെ രട്ടുടുത്ത് ഉപവസിക്കുകയും തങ്ങളുടെ ദുർമാർഗ്ഗം വിട്ട് ദൈവത്തിലേക്കു തിരിയുകയും ചെയ്തു.
ഈ പുസ്തകത്തിലെ മുഖ്യ കഥാപാത്രം പ്രവാചകനായ യോനയാണ്. യിസ്രയേലിൻ്റെ മുഖ്യ ശത്രുക്കളായിരുന്ന അസ്സീറിയൻ സാമ്രാജ്യത്തിൻ്റെ തലസ്ഥാന പട്ടണമായ നിനവേയിലെ ജനങ്ങൾ നശിക്കുവാൻ വേണ്ടി അദ്ദേഹം കാത്തിരിക്കുകയുമായിരുന്നു.
എന്നാൽ സകല മനുഷ്യരും രക്ഷപ്രാപിക്കുവാനും സത്യത്തിൻ്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിൻ്റെ നിർബന്ധത്തിനു വഴങ്ങിയാണെങ്കിലും യോന നിനെവെയിൽ നടത്തിയ പ്രസംഗത്താൽ, ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ പരം മനുഷ്യരാണു മാനസാന്തരപ്പെട്ടത്. അതിനാൽ അവരും അവരുടെ മൃഗങ്ങളും ദൈവ കോപത്തിൽ നിന്നും രക്ഷപ്രാപിച്ചു.ഇത് പ്രവാചകനായ യോനക്ക് അത്യന്തം അനിഷ്ടമായി. അവനു കോപം വന്നു എന്നു ബൈബിൾ പറയുന്നു. കോപിഷ്ടനായ അദ്ദേഹം ആ നഗരത്തിൻ്റെ കിഴക്കുവശത്ത് ഒരു കുടിലുണ്ടാക്കി വളരെ ദു:ഖത്തോടെ ദൈവത്തോടു പിണങ്ങി അതിൽ കാത്തിരുന്നു. കർത്താവിൻ്റെ ദാസൻമാർക്കു യോഗ്യമല്ലാത്ത യോനയുടെ ഈ പ്രവർത്തി ദൈവത്തെ ദുഃഖിതനാക്കി. കോപാകുലനായിരിക്കുന്ന തൻ്റെ പ്രവാചകനു തണൽ നൽകി ആശ്വസിപ്പിക്കുവാൻ വേണ്ടി ദൈവം ഒറ്റ രാത്രി കൊണ്ടു ഒരു ആവണക്കിനെ കിളിർപ്പിച്ചു വളർത്തി.എന്നാൽ പിന്നത്തേതിൽ ദൈവം ഒരു പുഴുവിനെ കൊണ്ട് ആവണക്കിനെ നശിപ്പിച്ചതിനാൽ ഉഷ്ണം കൊണ്ടു യോനക്കു സഹിക്കാതായി. അതു തൻ്റെ പ്രവാചകനെ മാനസാന്തരപ്പെടുത്തുവാൻ വേണ്ടി ദൈവം ചെയ്ത പ്രവർത്തിയായിരുന്നു. ഇതിൽ ദുഃഖിതനായി താൻ ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതാണു നല്ലത് എന്നു കോപത്തോടെ പറയുന്ന യോനയോടു ദൈവം ചോദിക്കുന്നു:
നീ അധ്വാനിക്കുകയൊ വളർത്തുകയൊ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായി വരികയും ഒരു രാത്രിയിൽ നശിച്ചുപോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്ക് അനുതാപം തോന്നുന്നുവല്ലൊ. എന്നാൽ വലം കൈയും ഇടം കൈയും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ പരം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനെവേയോട് എനിക്ക് അനുതാപം തോന്നരുതോ. അന്ധകാരശക്തികളുടെ സ്വാധീനത്താൽ ദുഷ്ടരായി ജീവിച്ച നിനെവെ പട്ടണത്തിലെ മനുഷ്യരെ സ്നേഹത്തോടെ ചേർത്തുപിടിച്ചു രക്ഷിച്ച ദൈവം. ഈ പ്രവർത്തിയിലൂടെ ദുഷ്ടൻമാരായ സഹജീവികളോടു ദൈവമക്കൾ പുലർത്തേണ്ടുന്ന ദൈവ സ്നേഹത്തെ പ്രവാചകനു കാണിച്ചു കൊടുക്കുകയായിരുന്നു. ഈ കാലഘട്ടങ്ങളിൽ നാം ഒരോരത്തരും താന്താന്റെ ദുർമാർഗവും, സാഹസവും വിട്ട് മനം തിരിയുവാൻ തയ്യാറായാൽ നമ്മോടും ദൈവത്തിന് അനുതാപം തോന്നും എന്നതിന് യാതൊരു സംശയവും വേണ്ട. നാം മനം തിരിഞ്ഞതിനു ശേഷമുള്ള നമ്മുടെ പ്രവർത്തികൾ കണ്ടിട്ടു വേണം നമ്മുക്ക് വരുത്താനിരിക്കുന്ന അനർത്ഥത്തിൽ നിന്നു നമ്മെ വിടുവിക്കണോ വേണ്ടയോ എന്ന് ദൈവം തീരുമാനിക്കുന്നത്. യോനയെ പോലെ നാമും പലപ്പോഴും സ്വന്തമായി അധ്വാനിക്കാതെ കരങ്ങളിൽ കിട്ടുന്നത് ഇല്ലാതാകുമ്പോൾ വളരെയേറെ കോപിക്കുകയും, ദൈവത്തോട് പിറുപിറുക്കുകയും, പ്രാർത്ഥനാ ജീവിതത്തിൽ നിന്ന് പിന്നോക്കം മാറുകയും ചെയ്യാറുണ്ട്. എന്നാൽ ദൈവകരങ്ങളാൽ സ്വന്ത സാദ്യശ്യത്തിൽ മെനഞ്ഞ നാം നിത്യതക്ക് അവകാശികളാകാതെ നശിച്ചു പോകുമ്പോൾ സൃഷ്ടാവിനുണ്ടാകുന്ന ദുഃഖത്തെ കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ. വെറുതെയെങ്കിലും ഒന്ന് ചിന്തിച്ചിരുന്നുവെങ്കിൽ നമ്മിലും ഒരു അനുതാപത്തിന്റെ ആത്മാവ് രൂപം കൊള്ളുമായിരുന്നു. നമ്മുടെ ദൈവം ഇന്നും കരുണയും കൃപയും ദീർഘക്ഷമയും മഹാദയയും ഉള്ളവനായി നമ്മുടെ ഇടയിൽ വസിക്കുന്നു. ദൈവത്തിന് നമ്മോടും ഒരു അയ്യോഭാവം തോന്നേണ്ടതിന് നമ്മുടെ ദുർമാർഗ്ഗങ്ങളെ വിട്ടു തിരിഞ്ഞ് അവന്റെ കൈകീഴിലെ നല്ല ആയുധങ്ങളായിതീരാം. നാല് അധ്യായങ്ങൾ മാത്രമുള്ള ഈ പുസ്തകം നമുക്കു നൽകുന്ന പാഠങ്ങൾ ഏറെയുണ്ട്. കഴിയുമെങ്കിൽ അവർത്തിച്ചു വായിച്ചു കൂടുതൽ ഗ്രഹിക്കുവാൻ എല്ലാവരെയും ദൈവം സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ടൈറ്റസ് ചാങ്ങയിൽ, യു. കെ

- Advertisement -



Comments are closed, but trackbacks and pingbacks are open.