ലേഖനം: പ്രതിസന്ധികളിൽ വെളിപ്പെട്ടു വരുന്ന ദൈവകരം | ജെഫിൻ മാലൂർ
ജീവിതത്തിലെ വെല്ലുവിളികളുടെയും അനിശ്ചിതത്വത്തിന്റെയും നടുവിൽ ദൈവത്തിൽ നമുക്ക് ഒരു സങ്കേതവും ശക്തിയുടെ ഉറവിടവുമുണ്ടെന്ന് അറിയുന്നത് ആശ്വാസകരമാണ്. ജീവിതത്തിൽ ഏതെങ്കിലുമൊക്കെ പ്രതിസന്ധിയിലൂടെ കടന്നു പോകാത്തവരായി ആരും തന്നെ ഇല്ല.എന്നാൽ ആ പ്രതിസന്ധികളിൽ നമ്മെ താങ്ങുന്ന ഒരു ദൈവകരമുണ്ട്. പ്രതിസന്ധികളിൽ വെളിപ്പെട്ടു വരുന്ന ആ ദൈവകരം നമ്മെ മുൻപോട്ട് പോകാൻ ബലപ്പെടുത്തുന്നു. സങ്കീർത്തനം 46:1 ൽ നാം ഇപ്രകാരം വായിക്കുന്നു, ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.കഷ്ടങ്ങളിൽ അടുത്ത തുണയെന്നല്ല ഏറ്റവും അടുത്ത തുണയെന്നാണ് സങ്കീർത്തനക്കാരൻ പാടുന്നത്.
ജീവിതത്തിൽ ഏതെങ്കിലുമൊക്കെ പ്രശ്നങ്ങൾ കടന്നു വരുമ്പോൾ കൂടെ നിൽക്കുമെന്ന് നാം കരുതുന്ന പലരും നമ്മെ വിട്ടു മാറിപ്പോകാറുണ്ട്. ആ ഏകാന്തതയിൽ നമുക്കായി ഇറങ്ങി വരുന്നവനാണ് നമ്മുടെ ദൈവം. ഏകാന്തതയിൽ നമ്മുടെ കൂടെ വരികയും മുൻപോട്ട് പോകാൻ കഴിയാത്ത വേളകളിൽ കരം പിടിച്ചു നടത്തുകയും ചെയ്യുന്ന ഇത്ര നല്ലവനായ ദൈവത്തെ ജീവിതത്തിൽ കണ്ടെത്തിയതാണ് നമ്മുടെ ഭാഗ്യം. വാഗ്ദത്ത കനാനിലേക്കുള്ള യാത്രയിൽ മരുഭൂമിയിൽ നിരവധി പ്രതിസന്ധികളെ യിസ്രായേൽ ജനത്തിനു അഭിമൂഖരിക്കേണ്ടതായി വന്നു.ഒരു സാധ്യതയുമില്ലാത്ത മരുഭൂമിയിൽ തന്നെ അവർക്കു വേണ്ടി മന്നയും കാടപ്പക്ഷിയെയും ദൈവം ഒരുക്കി, കൈപ്പേറിയ മാറയെ മധുരമാക്കിയൻ പാറയിൽ നിന്നും വെള്ളത്തെ അവർക്ക് കുടിപ്പാൻ കൊടുത്തു.
40 വർഷം നീണ്ട യാത്രയിൽ അവരുടെ വസ്ത്രം പഴകിയില്ല ചെരുപ്പ് തേഞ്ഞുപോയില്ല. പകൽ മേഘസ്തംബമായും രാത്രി അഗ്നിതൂണായും അവരെ വഴി നടത്തി. ചെങ്കടലിനു മുൻപിൽ എല്ലാം അവസാനിച്ചു എന്ന് കരുതിയ വേളയിൽ നായകനായ മോശ പോലും നിലവിളിച്ചതായി നമുക്ക് കാണുവാൻ സാധിക്കും. അസാധ്യമെന്നു കരുതിയ വേളയിൽ ചെങ്കടലിനെ രണ്ടായി വിഭാഗിച്ചു അവരെ അക്കര നടത്തിയ, ആ പ്രതിസന്ധിയിൽ കൂടെ നിന്ന ദൈവത്തിന്റെ കരുതൽ അവിടെ വ്യക്തമായി കാണുവാൻ സാധിക്കും. നമ്മുടെ ഏകാന്തതയിൽ നമ്മോടു അടുത്തിരിക്കുന്ന, മന്ദമായി നമ്മോടു സംസാരിക്കുന്ന, നമ്മെ ബലപ്പെടുത്തുന്ന ദൈവമാണ് നമ്മുടെ അഭയസ്ഥാനം.
ഒന്നിനു പുറകെ ഒന്നായി ജീവിതത്തെ ആടി ഉലയ്ക്കുന്ന പ്രശ്നങ്ങൾ കടന്നു വരുമ്പോൾ ചഞ്ചലപ്പെടാനല്ല മറിച്ച് പ്രക്ഷുബ്ദമായ ജീവിത സാഹചര്യങ്ങളിൽ നമ്മെ ധൈര്യപ്പെടുത്തുന്ന ദൈവകരം നമുക്കായി വെളിപ്പെടുമെന്ന ഉറപ്പ് പ്രാപിപ്പാൻ നമുക്ക് കഴിയട്ടെ.അതെ, പ്രതിസന്ധികളിൽ വെളിപ്പെട്ടു വരുന്ന ദൈവകരം
ജെഫിൻ മാലൂർ

- Advertisement -



Comments are closed, but trackbacks and pingbacks are open.