ലേഖനം: എന്നെ നന്നായി അറിയുന്ന ദൈവം | ആൻസി ജോമോൻ അയർലന്റ്
ജീവിതത്തിൽ നമ്മെ അറിയുന്ന ഒരാൾ കൂടെ ഉണ്ട് എന്ന തിരിച്ചറിവ്, നമുക്ക് മുന്നോട്ട് പോകുവാൻ ഒരു പ്രത്യേക ഊർജ്ജം നൽകും. തനിച്ചല്ല എന്ന തോന്നൽ മനുഷ്യന്റെ ഉള്ളിൽ ഒരുപാട് ധൈര്യവും പ്രതീക്ഷയും നൽകുന്നതാണ്. എന്നാൽ അത് കേവലം ചിലരിൽ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച് എന്നെ പൂർണ്ണമായി അറിയുന്ന ദൈവമാണ് നമ്മുടെ ദൈവം. ഈ ദൈവത്തെ ദാവീദ് വർണ്ണിക്കുന്നത്: “ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും നീ അറിയുന്നു; ദൂരത്തുനിന്ന് എന്റെ നിരൂപണങ്ങളെ നീ ഗ്രഹിക്കുന്നു.” (സങ്കീ. 139: 1, 2).
തന്നെ കൂടുതൽ അറിയേണ്ടുന്ന മാതാപിതാക്കളും സഹോദരങ്ങളും ഒരു വിലയും നൽകാതെ മാറ്റിനിർത്തിയപ്പോഴും, ഒരുപക്ഷേ മക്കളുടെ കൂട്ടത്തിൽ ശമുവേൽ പ്രവാചകന് കാണിച്ചുകൊടുക്കാൻ പോലും അപ്പൻ കാണിച്ച മടിയും, ദാവീദിനെ ഒരു തരത്തിലും തളർത്തിയില്ല. കാരണം തന്നെ നന്നായി അറിയുന്ന ദൈവത്തെക്കുറിച്ച് അവന് നല്ല ബോധ്യം ഉണ്ടായിരുന്നു.
മനുഷ്യന് ഒരുപക്ഷേ പുറമെ നമ്മെ അറിയാൻ പറ്റും. എന്നാൽ അങ്ങ് നമ്മിൽ നിറയുന്ന നൂറു നൂറു നിരൂപണങ്ങളെ നന്നായി അറിയുന്നത് നമ്മുടെ ദൈവം മാത്രമാണ്. ഒരിക്കൽ നെഹെമ്യാവിനോട് രാജാവ് ചോദിച്ചു: “നെഹെമ്യാവേ, നിന്റെ മുഖം വാടിയിരിക്കുന്നത് എന്ത്? ഇത് മനോദുഃഖമല്ലാതെ മറ്റൊന്നുമല്ലല്ലോ.” രാജാവിന് ഒരുപക്ഷേ നെഹെമ്യാവിന്റെ മുഖത്തെ ദുഃഖം കാണാൻ കഴിഞ്ഞു. എന്നാൽ തന്റെ ഉള്ളിലെ വേദന താൻ പറയാതെ അറിയാൻ കഴിഞ്ഞില്ല. (നെഹ. 2:1, 2).
എന്നാൽ ദൈവവചനം നമ്മെ നന്നായി അറിയുന്ന ദൈവത്തെ വരച്ചുകാട്ടുന്നു. അമ്മയുടെ ഉദരത്തിൽ ഉണ്ടാകും മുൻപേ നമ്മെ കണ്ട ദൈവം, അവൻ നമ്മുടെ വേദനകൾ കാണുക മാത്രമല്ല അതിനു പരിഹാരവും ആശ്വാസവും നൽകുന്നു. നാം പലപ്പോഴും നമ്മെ നന്നായി അറിയുന്നവർ എന്ന് അവകാശവാദം ഉന്നയിക്കുന്നവർ നമ്മുടെ കൂടെ ഉണ്ടാകുമെന്നും നമ്മെ പൂർണ്ണമായും അംഗീകരിക്കുകയും പിൻതുണയ്ക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുമ്പോൾ അത് പലപ്പോഴും നമ്മെ നന്നായി അറിയുന്നില്ല എന്നറിയുമ്പോൾ അത് പലപ്പോഴും ബന്ധങ്ങളിൽ പോലും വിള്ളലുകൾ വരുത്തിയേക്കാം.
എന്നാൽ Bible പറയുന്നു, യഹോവ നല്ലവൻ, കഷ്ടദിവസത്തിൽ ശരണവും, തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്ന ദൈവമാണ്. എന്നെ അറിയുന്ന ഒരു വ്യക്തി ഞാൻ അറിയാതെ എന്നോടൊപ്പം നടക്കുന്നു എന്ന തിരിച്ചറിവ് എല്ലാവിധ ഒറ്റപ്പെടലുകളിൽ നിന്നും അവഗണനകളിൽ നിന്നും നമുക്കൊരു ഉയർത്തെഴുന്നേൽപ്പ് നൽകും.ദൈവപുരുഷനായ എലീശയുടെ അടുക്കലേക്ക് ഒരിക്കൽ ശൂനേംകാരി സ്ത്രീ ഓടിവന്ന തന്റെ കാൽക്കൽ വീണു. അപ്പോൾ എലീശ പറഞ്ഞു: “ഇവൾക്ക് വലിയ മനോവ്യസനം ഉണ്ട്; എന്നാൽ യഹോവ അത് എന്നെ അറിയിക്കാതെ മറച്ചു വെച്ചിരിക്കുന്നു.”
എന്റെ വേദന അറിയുന്നു, എന്നെ അറിയുന്നു എന്ന് നാം കരുതുന്നവർക്ക് പലപ്പോഴും നമ്മിലെ വേദന മനസ്സിലാക്കാൻ കഴിയില്ല. എന്നാൽ എന്നെ ആഴത്തിൽ അറിയുന്ന ഒരു ദൈവമുണ്ട്. 2 തിമോത്തി 2:19 പറയുന്നു: “കർത്താവ് തനിക്കുള്ളവരെ അറിയുന്നു.” ഹന്ന തന്നെ പരിപൂർണ്ണമായി അറിയുന്ന ദൈവ സന്നിധിയിൽ തന്റെ ഉള്ളം പകർന്നു കരഞ്ഞു. പിന്നീട് അവളുടെ മുഖം വാടിയതുമില്ല.
നിന്നെ നന്നായി അറിയുന്നവനിൽ നിന്റെ കാര്യം ഭരമേൽപ്പിക്കുക. ഹൃദയങ്ങളെയും ഹൃദയ വിചാരങ്ങളെയും അറിയുന്ന ദൈവത്തിന് നമ്മുടെ ജീവിതത്തെക്കുറിച്ച് ശരിയായ പദ്ധതികൾ ഉണ്ട്. ഈ നന്നായി അറിയുന്ന ദൈവവുമായുള്ള ബന്ധം ജീവിതയാത്രയിൽ നമുക്ക് ഇനിയും ആശ്വാസവും ധൈര്യവും പകരട്ടെ.
ആൻസി ജോമോൻ അയർലന്റ്

- Advertisement -



Comments are closed, but trackbacks and pingbacks are open.