ലേഖനം: അസൂയ – ആത്മാവിനെ കാർന്നു തിന്നുന്ന അർബുദം | ജിക്സൺ ജെയിംസ്, നവി മുംബൈ

ഒരു ചെറിയ ഗ്രാമത്തിൽ ഇവാനും പീറ്ററും എന്ന രണ്ട് സുഹൃത്തുക്കൾ താമസിച്ചിരുന്നു. അവർ കുട്ടികളായിരുന്നപ്പോൾ മുതൽ ഒരുമിച്ചാണ് വളർന്നത് – ഒരുപോലെ ദരിദ്രരും, ഒരുപോലെ സന്തുഷ്ടരും.

ഒരു വസന്തകാലത്ത്, ഇവാന്റെ വയലിൽ നല്ല വിളവുണ്ടായി. ദൈവത്തിന്റെ അനുഗ്രഹമെന്നപോലെ അവന്റെ ഗോതമ്പ് സ്വർണ്ണം പോലെ വളർന്നു. പീറ്ററിന്റെ വയലിലോ കല്ലും കളയും മാത്രം.

തുടക്കത്തിൽ പീറ്റർ സന്തോഷിച്ചു: “സുഹൃത്തേ, എന്തൊരു അഭിവൃദ്ധി! നിന്റെ കുടുംബത്തിന് ഇനി ഒരു കുറവുമുണ്ടാവില്ല!” എന്നാൽ ദിവസങ്ങൾ കഴിയുമ്പോൾ, അവന്റെ ഹൃദയത്തിൽ ഒരു വിഷം നിറഞ്ഞു തുടങ്ങി.

“എന്തുകൊണ്ട് അവനും ഞാനും?” അവൻ രാത്രിയിൽ ചിന്തിച്ചു. “ഞങ്ങൾ ഒരുപോലെയല്ലേ അദ്ധ്വാനിച്ചത്? എന്തുകൊണ്ട് ദൈവം അവനെ മാത്രം അനുഗ്രഹിച്ചു?”

പീറ്ററിന് ഇവാന്റെ സന്തോഷം കാണാൻ കഴിഞ്ഞില്ല. ഇവാൻ ചിരിച്ചാൽ, അതവന് വേദനയായി. ഇവാന്റെ കുട്ടികൾക്ക് പുതിയ വസ്ത്രങ്ങൾ കണ്ടാൽ, അവന്റെ സ്വന്തം കുട്ടികളുടെ പഴകിയ വസ്ത്രങ്ങൾ കൂടുതൽ കീറിയതായി തോന്നി. അസൂയ അവനെ ഉള്ളിൽ നിന്ന് തിന്നുതുടങ്ങി.

ഒരു രാത്രി, പീറ്റർ രഹസ്യമായി ഇവാന്റെ വയലിലേക്ക് പോയി തീ കൊളുത്താൻ നിന്നു. പക്ഷേ അവിടെ എത്തിയപ്പോൾ, അവൻ ഇവാനെ കണ്ടു – തന്റെ വയലിൽ കാവൽ നിൽക്കുകയായിരുന്നു, കാരണം കള്ളന്മാരെ പറ്റി കേട്ടിരുന്നു.

“പീറ്റർ!” ഇവാൻ സന്തോഷത്തോടെ വിളിച്ചു. “രാത്രിയിൽ ഇവിടെ? വരൂ, നമുക്ക് ഒന്നിച്ച് കാവൽ നിൽക്കാം. ഒറ്റയ്ക്ക് എത്ര മടുപ്പാണ്!”

ആ നിമിഷം, പീറ്ററിന്റെ കയ്യിൽ നിന്ന് തീപ്പന്തം വീണു. അവൻ കരഞ്ഞു. “ഞാൻ… ഞാൻ നിന്നെ നശിപ്പിക്കാൻ വന്നതാണ്, ഇവാൻ. അസൂയ എന്നെ ഭ്രാന്തനാക്കി.”

ഇവാൻ നിശബ്ദനായി. പിന്നെ സുഹൃത്തിന്റെ തോളിൽ കൈവെച്ചു. “സഹോദരാ, നീ എന്റെ വയലിൽ തീയിടാൻ വന്നു, പക്ഷേ അസൂയ നിന്റെ സ്വന്തം ഹൃദയം ചുട്ടെരിച്ചിരിക്കുന്നു. നമുക്ക് വീട്ടിൽ പോകാം. എന്റെ വിളവിൽ നിന്ന് പകുതി നിനക്കുള്ളതാണ്.”

പീറ്റർ നിലത്തു വീണു കരഞ്ഞു. ആ രാത്രി മുതൽ, രണ്ടുപേരും ഒരുമിച്ച് അദ്ധ്വാനിച്ചു, ഒരുമിച്ച് പങ്കുവെച്ചു. പീറ്റർ മനസ്സിലാക്കി: മറ്റുള്ളവരുടെ ഭാഗ്യം കണ്ട് അസൂയപ്പെടുന്നതിനേക്കാൾ സ്വന്തം ദാരിദ്ര്യം സമാധാനത്തോടെ സഹിക്കുന്നതാണ് നല്ലത്. കാരണം അസൂയ ആത്മാവിനെ നശിപ്പിക്കുന്ന അർബുദം, സമ്പത്തിനെയല്ല.

മനുഷ്യഹൃദയത്തിന്റെ അഗാധഗർത്തങ്ങളിൽ പാർക്കുന്ന ഏറ്റവും വിഷലിപ്തമായ പാപങ്ങളിൽ ഒന്നാണ് അസൂയ. പാമ്പിന്റെ വിഷം ശരീരത്തെ നശിപ്പിക്കുന്നതുപോലെ, അസൂയ ആത്മാവിനെ അകത്തുനിന്ന് ദ്രവിപ്പിക്കുന്നു. മറ്റൊരാളുടെ വിജയോദ്യാനത്തിൽ വിരിയുന്ന പുഷ്പങ്ങൾ കണ്ടിട്ട്, നമ്മുടെ ഹൃദയോദ്യാനത്തിൽ മുളപൊട്ടുന്ന കള്ളിച്ചെടിയാണത്. അസൂയ എന്ന ആ അദൃശ്യശത്രു നമ്മുടെ അസ്ഥികളെത്തന്നെ ദ്രവിപ്പിക്കുന്നു എന്നു സദൃശവാക്യങ്ങളുടെ രചയിതാവ് മുന്നറിയിപ്പ് നൽകുന്നു. അത് ശരീരത്തെയും ആത്മാവിനെയും ഒരുപോലെ തളർത്തുന്ന, നിശബ്ദമായി പടരുന്ന ഒരു മാരകരോഗമാണ്.

വേദപുസ്തക ചരിത്രത്തിൻ താളുകളിലൂടെ നാം യാത്രചെയ്യുമ്പോൾ, അസൂയയുടെ വിനാശകരമായ കരങ്ങളാൽ തകർന്നുപോയ ജീവിതങ്ങളുടെ സങ്കടകഥകൾ നമുക്കു കാണാം. ആദിമനുഷ്യരുടെ മക്കളിൽത്തന്നെ അസൂയയുടെ കറുത്ത നിഴൽ വീണു. ദൈവത്തിന്റെ പ്രസാദം സ്വീകരിച്ച ഹാബേലിനെ കണ്ടപ്പോൾ, കയീന്റെ ഹൃദയത്തിൽ അസൂയയുടെ അഗ്നി ജ്വലിച്ചു. ആ അഗ്നിയിൽ ചുട്ടെരിഞ്ഞ് അവൻ സഹോദരഹത്യ എന്ന മഹാപാപം ചെയ്തു. യാക്കോബിന്റെ പ്രിയപുത്രനായ യോസേഫിനെ അവന്റെ പിതാവിന്റെ അധികസ്നേഹവും അദ്ദേഹത്തിന് ലഭിച്ച ദിവ്യസ്വപ്നങ്ങളും കണ്ട് സഹോദരന്മാർ അസൂയകൊണ്ടു ജ്വലിച്ചു. അവർ സ്വന്തം രക്തബന്ധത്തെ വെള്ളിക്കാശിന് വിറ്റുകളഞ്ഞു. ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്ന ശൗൽ രാജാവ്, യുവാവായ ദാവീദിന്റെ വിജയഗാഥകൾ കേട്ടപ്പോൾ അസൂയയുടെ ഭ്രാന്തിൽ മുങ്ങി, നിരപരാധിയായ ആ ബാലനെ കൊല്ലാൻ തുടർച്ചയായി ശ്രമിച്ചു. നിഷ്കളങ്കനായ ദൈവപുത്രനെപ്പോലും അസൂയയുടെ ക്രൂരത തള്ളിവിട്ടില്ല. ജനക്കൂട്ടങ്ങൾ അവന്റെ പിന്നാലെ പോകുന്നതു കണ്ട് യഹൂദമതനേതാക്കൾ അസൂയകൊണ്ടു തീയുന്നു, നീതിയുടെ സൂര്യനെത്തന്നെ ക്രൂശിലേറ്റി.

ഇത്രയും ഭയാനകമായ പാപത്തെ ജയിക്കാൻ നമുക്കെങ്ങനെ കഴിയും? ആദ്യം നാം നമ്മുടെ ഹൃദയത്തിന്റെ അഗാധങ്ങളിലേക്ക് സത്യത്തിന്റെ വിളക്കേന്തി ഇറങ്ങണം. ഒരു സഹോദരനോ സഹോദരിയോ ഉന്നതികളിൽ എത്തുന്നതു കേൾക്കുമ്പോൾ നമ്മുടെ ആത്മാവിൽ ആദ്യം ഉയരുന്ന വികാരം എന്താണ്? സന്തോഷത്തിന്റെ നിർമ്മല ജലധാരയാണോ അതോ നീരസത്തിന്റെ കയ്പേറിയ തിരകളാണോ? മറ്റൊരാൾ സമ്പത്തിന്റെ ഉച്ചങ്ങളിൽ എത്തുമ്പോഴോ, ശുശ്രൂഷയുടെ മണ്ഡലത്തിൽ വിജയിക്കുമ്പോഴോ, നമ്മുടെ ഹൃദയത്തിന്റെ യഥാർത്ഥ സ്ഥിതി വെളിപ്പെടുന്നു. പരിശുദ്ധാത്മാവിന്റെ ദിവ്യപ്രകാശത്തിൽ നാം നമ്മെത്തന്നെ നിഷ്കപടമായി പരിശോധിക്കണം.

അസൂയയുടെ അന്ധകാരത്തെ അകറ്റാൻ കൃതജ്ഞതയുടെ വെളിച്ചം തെളിയിക്കുക. സ്വർഗ്ഗപിതാവ് നമുക്കായി ചൊരിയുന്ന അനുഗ്രഹങ്ങളുടെ വർഷം എണ്ണിനോക്കുക. ജീവന്റെ ശ്വാസം, നല്ല ആരോഗ്യം എന്ന വരം, കുടുംബത്തിന്റെ ചൂട്, രക്ഷയുടെ അമൂല്യദാനം, നിത്യ രക്ഷയുടെ ഉറപ്പ് ,പരിശുദ്ധാത്മാവിന്റെ സാന്നിധ്യം, നിത്യജീവന്റെ സുവർണ്ണപ്രത്യാശ – എത്ര അത്ഭുതകരമായ വരങ്ങളാണ് നമ്മുടെ കൈവശമുള്ളത്! പ്രഭാതത്തിന്റെ ആദ്യകിരണങ്ങൾ ഭൂമിയെ ചുംബിക്കുമ്പോൾത്തന്നെ, സ്തോത്രത്തിന്റെ സുഗന്ധധൂപം ദൈവസന്നിധിയിൽ അർപ്പിക്കുന്ന ജീവിതശൈലി വളർത്തിയെടുക്കുക. സകലത്തിലും സ്തോത്രം ചെയ്യുവാൻ തിരുവചനം നമ്മെ ക്ഷണിക്കുന്നു.

നാം അസൂയപ്പെടുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് അസൂയയുടെ വേരുകളെ തന്നെ ഉപ്പിഴിഞ്ഞെടുക്കാൻ സഹായിക്കും. അവർക്കു കൂടുതൽ അനുഗ്രഹവും, വിജയവും, ഐശ്വര്യവും ലഭിക്കാൻ ഹൃദയത്തിന്റെ അഗാധത്തിൽനിന്ന് പ്രാർത്ഥിക്കുക. ആദ്യം അതു കയ്പുള്ള ഔഷധമായി തോന്നാം, എന്നാൽ അതു നമ്മുടെ ആത്മാവിനെ സൗഖ്യമാക്കുന്ന അമൃതമായി മാറും. മറ്റുള്ളവരുടെ നന്മയ്ക്കായി നാം ദൈവത്തോടു യാചിക്കുമ്പോൾ, അവൻ നമ്മുടെ ഹൃദയത്തിൽ അവരോടുള്ള നിർമ്മലസ്നേഹം വാർത്തെടുക്കുന്നു.

മറ്റുള്ളവരുമായി നമ്മെത്തന്നെ താരതമ്യം ചെയ്യുന്ന ആ വിനാശകരമായ ശീലത്തിൽനിന്നു വിടുതൽ നേടുക. ഓരോ ജീവിതവും ദൈവം തുന്നിച്ചമച്ച അദ്വിതീയമായ ഒരു കൃതിയാണ്. സ്വർഗ്ഗീയ ചിത്രകാരൻ ഓരോ ആത്മാവിലും വരച്ചിടുന്ന ചിത്രം വ്യത്യസ്തമാണ്, സവിശേഷമാണ്. നമുക്കായി അവന്റെ പക്കൽ പ്രത്യേകമായ ഒരു ദിവ്യപദ്ധതിയുണ്ട്. “അവനവന്റെ പ്രവൃത്തി പരിശോധിക്കട്ടെ; എന്നാൽ മറ്റൊരുവനുമായി തന്നെത്താൻ താരതമ്യം ചെയ്യാതെ തന്നെക്കുറിച്ചു മാത്രം പ്രശംസിക്കാം” എന്നു പൗലോസ് ശ്ലീഹാ ജ്ഞാനോപദേശം നൽകുന്നു. നമ്മുടെ സ്വന്തം ആത്മീയയാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അല്ലാതെ മറ്റുള്ളവരുടെ പാതകളിലല്ല.

സ്നേഹം അസൂയയുടെ ഉഗ്രശത്രുവാണ്. “സ്നേഹം അസൂയപ്പെടുന്നില്ല” എന്നു വചനം അവ്യക്തതയില്ലാതെ പ്രഖ്യാപിക്കുന്നു. യഥാർത്ഥ സ്നേഹം മറ്റുള്ളവരുടെ നന്മയിൽ ആനന്ദിക്കുന്നു, അവരുടെ വിജയത്തിൽ ഉല്ലസിക്കുന്നു. നമ്മുടെ സഹോദര സഹോദരിമാരോട് ക്രിസ്തുവിന്റെ നിസ്സീമമായ സ്നേഹം പ്രദർശിപ്പിക്കാൻ നാം ശ്രമിക്കുമ്പോൾ, അസൂയയ്ക്കു നമ്മുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താനാകില്ല.

സർവ്വശക്തനായ ദൈവത്തിന്റെ പരമാധികാരത്തിലും, അവന്റെ അളവറ്റ ജ്ഞാനപൂർണ്ണമായ പദ്ധതിയിലും നാം അചഞ്ചലമായ വിശ്വാസം അർപ്പിക്കണം. അവൻ നമുക്കായി നിർണ്ണയിച്ചിരിക്കുന്നതെല്ലാം സമയബന്ധിതമായി നമുക്കു ലഭിക്കും. “ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യിരെമ്യാപ്രവാചകൻ മുഖേന കർത്താവ് വാഗ്ദാനം ചെയ്യുന്നു. അവന്റെ സമയവും മാർഗ്ഗവും നമ്മുടെ ചിന്തകൾക്കതീതമായിരിക്കാം, പക്ഷേ അവന്റെ പദ്ധതി എപ്പോഴും പൂർണ്ണവും അനുഗ്രഹ പൂരിതവും ആണെന്നു വിശ്വസിക്കുക.

അവസാനമായി, പരിശുദ്ധാത്മാവിനെ നമ്മുടെ ജീവിതത്തിൽ സമ്പൂർണ്ണമായി വാഴാൻ അനുവദിക്കണം. “ആത്മാവിന്റെ ഫലമോ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം” എന്നു പൗലോസ് ഗലാത്യർക്കെഴുതുന്നു. പരിശുദ്ധാത്മാവിന്റെ കാറ്റ് നമ്മുടെ അന്തരംഗത്തിൽ വീശുമ്പോൾ, അസൂയയും മറ്റു ജഡികപാപങ്ങളും ശരത്കാലത്തിലെ ഇലകൾപോലെ കൊഴിഞ്ഞുപോകും. ദൈവാത്മാവിന്റെ സുഗന്ധമുള്ള ഫലങ്ങൾ നമ്മുടെ ജീവിതവൃക്ഷത്തിൽ വിളയുമ്പോൾ, നാം ക്രിസ്തുവിന്റെ മനോഹരമായ സാദൃശ്യത്തിലേക്കു പരിവർത്തനം ചെയ്യപ്പെടുന്നു.

അസൂയ നമ്മുടെ ആത്മീയയാത്രയെ തടഞ്ഞുനിർത്തുന്ന ഒരു കരിമ്പാറയാണ്, നമ്മുടെ പുരോഗതിയെ നിഷേധിക്കുന്ന ഒരു വലിയ ശത്രുവാണ്. എന്നാൽ ക്രിസ്തുവിൽ നമുക്കു വിജയം സുനിശ്ചിതമാണ്. നമ്മുടെ ദൃഷ്ടി ദൈവത്തിലേക്കും അവന്റെ അനന്തമായ വാഗ്ദാനങ്ങളിലേക്കും തിരിക്കുമ്പോൾ, നമുക്കുണ്ടായിരിക്കുന്ന നൻമകളിലും അനുഗ്രഹങ്ങളിലും തൃപ്തരാകുമ്പോൾ, മറ്റുള്ളവരുടെ നന്മയിൽ ഹൃദയപൂർവ്വം ആഹ്ലാദിക്കാൻ നമുക്കു കഴിയും. “എന്റെ കൃപ നിനക്കു മതി; ബലഹീനതയിൽ എന്റെ ശക്തി പൂർണ്ണമാകുന്നു” എന്നു കർത്താവ് നമ്മോടു വാഗ്ദത്തം ചെയ്യുന്നു. ക്രിസ്തുവിന്റെ അനന്തകൃപയിൽ അസൂയയെ ജയിച്ച്, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആനന്ദത്തിന്റെയും സുഗന്ധം വീശുന്ന ജീവിതം നയിക്കാൻ നമുക്കു കഴിയട്ടെ.

 

ജിക്സൺ ജെയിംസ്, നവി മുംബൈ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.