ലേഖനം: പ്രതികൂലങ്ങളിൽ പതറാതെ മുന്നേറുക | ആൻസി ജോമോൻ അയർലന്റ്

ജീവിതയാത്രയിൽ പ്രതികൂലങ്ങളും പ്രതിസന്ധികളും സ്വാഭാവികമാണ്. അവ ശാരീരികമായും മാനസികമായും വിവിധ തലങ്ങളിൽ നമ്മെ ബാധിച്ചേക്കാം. പലരും ഇത്തരം സാഹചര്യങ്ങളിൽ തളർന്നുപോകുന്നതായി കാണാം. എന്നാൽ ഒരു വിശ്വാസിയെ സംബന്ധിച്ച് പ്രതികൂലങ്ങൾ അവനെ തകർക്കാനല്ല; മറിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളിൽ നാം പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ദൈവകരത്തിന്റെ കരുതൽ അനുഭവിക്കാൻ ഇടയാക്കുന്നതാണ്.

“നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാണെങ്കിലും അവയിൽനിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു” (സങ്കീ. 34:19). പ്രതികൂലങ്ങളിൽ പതറാതെ നിലനിൽക്കാൻ ശക്തി പകരുന്ന ദൈവസാന്നിധ്യം, താഴ്ന്നുപോകാതെ നമ്മെ താങ്ങിനിർത്തുന്ന ദൈവകരം ദൈവഭക്തനോടൊപ്പം ഉണ്ട്. പ്രതിസന്ധികൾ എത്ര വലുതായാലും നമുക്ക് സഹിക്കാവുന്നതിലപ്പുറം അവൻ അനുവദിക്കുകയില്ല എന്ന പ്രത്യാശ ക്രിസ്തുവിൽ നമുക്കുണ്ട്; അവൻ പരീക്ഷയോടുകൂടെ പോക്കുവഴിയും ഒരുക്കുന്നു.

ദൈവഭക്തനായ ഇയ്യോബ് കഠിനമായ മാനസികവും ശാരീരികവുമായ പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും, അവൻ ആഴത്തിൽ അനുഭവിച്ചറിഞ്ഞ ദൈവത്തെ പ്രതിസന്ധികൾക്കപ്പുറം ദർശിച്ചു. “എല്ലാം തന്ന യഹോവ, എല്ലാം എടുത്തു; യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ” എന്ന് പറഞ്ഞ് ദൈവത്തിൽ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിച്ചു. തന്റെ ദേഹം നശിച്ചാലും താൻ ദൈവത്തെ ദർശിക്കുമെന്ന ഉറപ്പ് അവനെ പ്രതിസന്ധികളിലും പരിപൂർണ്ണനാക്കി.

എങ്കിലും അപ്രതീക്ഷിതമായ പ്രതികൂലങ്ങൾ പലപ്പോഴും നമ്മുടെ ധൈര്യത്തെ ചോർത്തിക്കളയാം. ദാവീദും അവന്റെ ആളുകളും പട്ടണം ചുട്ടുകരിഞ്ഞതും ഭാര്യമാരെയും മക്കളെയും അടിമകളാക്കിയതും കണ്ടപ്പോൾ ബലമില്ലാതാകുവോളം കരഞ്ഞു. എന്നാൽ അവൻ നിരാശയിൽ മുങ്ങിയില്ല; മറിച്ച് തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു. ഏതു സാഹചര്യത്തിലും നമ്മെ ധൈര്യപ്പെടുത്തുന്ന ദൈവശബ്ദം നാം തിരിച്ചറിയണം. അപ്പോൾ നമുക്ക് ആത്മവിശ്വാസത്തോടെ പറയാം: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു” (ഫിലി. 4:13).

ദൈവത്തെ സ്നേഹിക്കുന്ന തന്റെ മക്കൾക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു. അതിനാൽ ഭയപ്പെടാതെ ധൈര്യത്തോടെ പ്രതികൂലങ്ങളെ നേരിടാം; സർവ്വശക്തൻ തന്റെ നീതിയുള്ള വലങ്കൈയ്യാൽ നമ്മെ താങ്ങിക്കൊള്ളും.

 

ആൻസി ജോമോൻ അയർലന്റ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.