സ്വകാര്യ സ്ഥലത്തെ പ്രാർത്ഥനയ്ക്ക് അനുമതി വേണ്ട: അലഹബാദ് ഹൈക്കോടതി

അലഹാബാദ്: സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥലങ്ങളിൽ മതപരമായ പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിന് സർക്കാരിന്റെയോ മറ്റ് അധികൃതരുടെയോ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇത്തരം നിയന്ത്രണങ്ങളെന്ന് കോടതി നിരീക്ഷിച്ചു. 2026 ജനുവരി 27‑നാണ് ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ക്രിസ്ത്യൻ സംഘടനകളായ മാറനാത്ത ഫുൾ ഗോസ്പൽ മിനിസ്ട്രീസ്, ഇമ്മാനുവൽ ഗ്രേസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവരാണ് കോടതിയെ സമീപിച്ചത്. തങ്ങളുടെ സ്വകാര്യ ഭൂമിയിൽ പ്രാർത്ഥന നടത്തുന്നതിന് അനുമതി തേടി നൽകിയ അപേക്ഷകളിൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പ്രാർത്ഥന തടസ്സപ്പെടുത്തുന്നു എന്നുമായിരുന്നു ഹർജിക്കാരുടെ പരാതി.
ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം ഓരോ പൗരനും തനിക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. സ്വകാര്യ ഇടങ്ങളിലെ പ്രാർത്ഥന ഈ അവകാശത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് കോടതി വ്യക്തമാക്കി. നിയമപ്രകാരം സ്വകാര്യ പരിസരത്ത് പ്രാർത്ഥന നടത്തുന്നതിന് വിലക്കുകളില്ലെന്ന് ഉത്തർപ്രദേശ് സർക്കാരും കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിക്കൊണ്ടാണ് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് കോടതി വിധിച്ചത്. പ്രാർത്ഥനാ യോഗങ്ങൾ സ്വകാര്യ സ്ഥലത്തിന്റെ പരിധി ലംഘിച്ച് പൊതുവഴിയിലേക്കോ പൊതുസ്ഥലത്തേക്കോ വ്യാപിക്കുകയാണെങ്കിൽ തീർച്ചയായും പൊലീസിനെ അറിയിക്കുകയും നിയമപരമായ അനുമതി വാങ്ങുകയും വേണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.