ദൈവമക്കൾ സമയം തക്കത്തിൽ ഉപയോഗിക്കണം: പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്
ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷന് അനുഗ്രഹീത തുടക്കം
ബെംഗളൂരു: നമുക്കു ലഭിക്കുന്ന എല്ലാ സാഹചര്യങ്ങളിലും സമയം തക്കത്തിൽ ഉപയോഗിക്കണമെന്ന് ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് പ്രസ്താവിച്ചു. ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടം വളരെ ദുഷ്കരമാണ്. വൻകാര്യങ്ങൾ പ്രവർത്തിക്കുവാനുള്ള സമയമാണിത്. വിശ്വാസത്തിനുവേണ്ടി പോരാടുവാനുള്ള സമയമാണിത്. നാം കണ്ണീരോടെ പ്രാർത്ഥിക്കേണ്ട സമയവുമാണിതെന്ന് നെഹമ്യാവിന്റെ ചരിത്രം വിവരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിസി ദേശീയ പ്രസിഡൻ്റ് പാസ്റ്റർ ഡോ. ടി.വത്സൻ ഏബ്രഹാം മുഖ്യാതിഥി ആയിരുന്നു. പാസ്റ്റർ ഡോ. ഏബ്രഹാം മാത്യു അദ്ധ്യക്ഷത വഹിച്ചു.
ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ.വി. ജോസ്, വർഗീസ് മാത്യൂ, പി.പി.ജോസഫ്, സാം ജോർജ്, വിൽസൺ ജോസഫ്, പി.സി. ചെറിയാൻ, പാസ്റ്റർ ഡോ. അലക്സ് ജോൺ, പാസ്റ്റർ ഡോ. വി.പി. ജോസ്, കന്നട പ്രഭാഷകരായ പാസ്റ്റർ വിൻസൻ്റ് അമൽദാസ്, പാസ്റ്റർ പി. ശാമുവേൽ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.
പാസ്റ്റർ ടൈറ്റസ് ചാക്കോ മൈസൂരു നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കുന്നു.
സമാപന ദിവസമായ ഫൊബു. 1 ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷൻ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും സമാപിക്കും.

- Advertisement -



Comments are closed, but trackbacks and pingbacks are open.