ഡെയിലി മന്ന മീഡിയ ടീമിനെതിരെ നടന്ന കയ്യേറ്റ ശ്രമം അപലപനീയം: പെന്തെക്കൊസ്ത് കൗൺസിൽ ഓഫ് ഇന്ത്യ

തിരുവല്ല: ഡെയിലി മന്ന മീഡിയ ടീമിനെതിരെ തിരുവല്ലാ ടൗണിൽ വച്ച് ഒരു കൂട്ടം ആളുകൾ നടത്തിയ കയ്യേറ്റ ശ്രമം അപലപനീയമാണെന്ന് പെന്തെക്കൊസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ സംഘടിപ്പിച്ച സുവിശേഷ റാലി സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഡെയിലി മന്ന മീഡിയ ടീമിനെതിരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.

ക്യാമറ ഓഫാക്കാൻ ആവശ്യപ്പെടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൈയ്യേറ്റ ശ്രമം നടത്തിയ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മാധ്യമ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും നിലനിൽക്കുന്ന ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം പ്രവണതകൾ പ്രതിഷേധാർഹമാണ്.

പൊതുസ്ഥലത്ത് നിന്നുകൊണ്ട് പ്രോഗ്രാം റെക്കോർഡ് ചെയ്യുന്നതും ലൈവ് ചെയ്യുന്നതും തടയുന്നത് സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. ഡിജിറ്റൽ ജേർണലിസത്തിൻ്റെ കാലത്ത് യൂട്യൂബ് ചാനലുകൾക്ക് എതിരെയും ലൈവ് ബ്രോഡ്കാസ്റ്റിംഗ് സംവിധാനത്തിനെതിരെയും നടത്തുന്ന പ്രചാരണം പ്രാകൃതമായ നടപടിയാണ്.

വിജ്ഞാന വിസ്ഫോടനത്തിൻ്റെ യുഗത്തിൽ സമൂഹത്തിൻ്റെ മാറ്റം തിരിച്ചറിയാതെ ഇരുണ്ട യുഗത്തിലേക്ക് സഭയെ നയിക്കുന്നവർ കാലത്തിൻ്റെ ചുവരെഴുത്ത് വായിക്കാത്തവരാണ്. മെഡേൺ ടെക്നോളജിയുടെ എല്ലാ സൗകര്യങ്ങളും പരോക്ഷമായി അനുഭവിക്കുകയും പ്രത്യക്ഷത്തിൽ അതിനെയെല്ലാം പാപമാണെന്ന് പറഞ്ഞ് തള്ളിപ്പറയുകയും ചെയ്യുന്ന രീതി ഇരട്ടത്താപ്പാണ്. കൊതുകിനെ അരിക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്ന ഇത്തരക്കാർ സഭയെ പിന്നോട്ടടിക്കുകയാണ്.

സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ മിഷൻ പ്രവർത്തനത്തിനും ആശയ പ്രചരണത്തിനും വ്യാപകമായി ഉപയോഗിക്കുന്ന കാലത്ത് ന്യൂ മീഡിയ ഉപയോഗിക്കാൻ പാടില്ലായെന്ന് പറയുന്നവർ പുതുതലമുറയെ സഭയിൽനിന്നും അകറ്റുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. സംഭവത്തിൽ പിസിഐ പ്രതിഷേധം രേഖപ്പെടുത്തി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.