യൂവേർഷൻ ബൈബിൾ ആപ്പ്: ഡൗൺലോഡ് 100 കോടി കടന്നു

ഒക്ലഹോമ: ഒക്ലഹോമയിലെ ലൈഫ്.ചർച്ച് (എഡ്മണ്ട്) വികസിപ്പിച്ച യൂവേർഷൻ (YouVersion) ബൈബിൾ ആപ്പ് ലോകമെമ്പാടും 100 കോടി (1 ബില്യൺ) ഡൗൺലോഡുകൾ പിന്നിട്ടു. നവംബറിൽ തങ്ങളുടെ ബൈബിൾ ആപ്പുകളുടെ കുടുംബത്തിലുടനീളം ഈ നേട്ടം കൈവരിച്ചതായി അധികൃതർ അറിയിച്ചു.

ഈ ചരിത്രനേട്ടം ആഘോഷിക്കാൻ ഒക്ലഹോമ സിറ്റിയിലെ പേകോം സെന്ററിൽ വലിയ ആരാധനാ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത ക്രിസ്തീയ ഗായകരായ ലോറൻ ഡെയ്‌ഗിൾ, സിസി വിനൻസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ഡിജിറ്റൽ കാലത്ത് കൂടുതൽ ആളുകൾ ബൈബിൾ വായിക്കാൻ മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നതിന്റെ തെളിവായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ഓരോ ദിവസവും പുതിയ ഉപയോക്താക്കൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതായും നിലവിലുള്ള ഉപയോക്താക്കളുടെ ഉപയോഗം വർധിച്ചുവരുന്നതായും യൂവേർഷൻ ടീം അറിയിച്ചു.

പ്രത്യേകിച്ച് യുവാക്കളിൽ ബൈബിൾ വായനയ്ക്ക് ഈ ആപ്പ് വലിയ സഹായമാകുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. പല ഭാഷകളിലും ബൈബിൾ ലഭ്യമാകുന്നത്, ദൈനംദിന വചനങ്ങൾ, വായനാപദ്ധതികൾ, ഓഡിയോ ബൈബിൾ തുടങ്ങിയ സൗകര്യങ്ങൾ എന്നിവയാണ് യൂവേർഷനെ ലോകമെമ്പാടും ജനപ്രിയമാക്കിയത്.

ഡിജിറ്റൽ ശുശ്രൂഷയുടെ മേഖലയിൽ ഇതൊരു വലിയ നാഴികക്കല്ലായാണ് കണക്കാക്കപ്പെടുന്നത്.

യുവേർഷൻ ബൈബിൾ ആപ്പിൽ ആദ്യ മലയാളി സാന്നിധ്യമായിരുന്നു ക്രൈസ്തവ എഴുത്തുപുര.

യുവേർഷൻ ബൈബിൾ ആപ്പിൽ മലയാള ഭാഷയിൽ നിന്ന് ആദ്യമായി പങ്കാളിത്തം നേടുന്ന മിനിസ്ട്രിയായി ക്രൈസ്തവ എഴുത്തുപുര ചരിത്രനേട്ടം കൈവരിച്ചിരുന്നു.. യുവേർഷൻ പാർട്ണർ പ്രോഗ്രാമിലൂടെ മലയാളത്തിലെ ആത്മീയ ധ്യാനപദ്ധതികൾ ആഗോള വിശ്വാസിസമൂഹത്തിലേക്ക് എത്തിക്കുന്ന ആദ്യ സംഘടന എന്ന പ്രത്യേകതയും ഇതോടെ ക്രൈസ്തവ എഴുത്തുപുരയ്ക്കു സ്വന്തമായി മാറി.

യുവേർഷൻ ബൈബിൾ ആപ്പിൽ ക്രൈസ്തവ എഴുത്തുപുരയുടെ നിരവധി മലയാളം പ്ലാനുകൾ ഔദ്യോഗികമായി റിലീസ് ചെയ്തിട്ടുണ്ട്.

വാർത്ത: സന്തോഷ് ജോർജ്, ഒക്കലഹോമ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.