ലേഖനം: രക്ഷിക്കുന്ന ദൈവത്തിന്റെ കരം | പ്രിൻസി ജിൻസ്
പ്രശ്നങ്ങളും, പ്രതിസന്ധികളും ഒന്നുമില്ലാത്ത ഒരു ലോകത്തെപ്പറ്റി നമുക്ക് ചിന്തിക്കാൻ പോലും ആകില്ല പക്ഷെ അങ്ങനെ ഒരു ലോകം ഉണ്ടെങ്കിൽ ഹാ എത്ര രസമായിരുന്നേനെ. നിർഭാഗ്യവശാൽ ഇന്ന് നമ്മൾ നേരിടുന്ന ഒരു പ്രശ്നങ്ങൾക്കും പൂർണ്ണമായി ഒരു പരിഹാരം കാണാൻ ഇന്നത്തെ അധികാരത്തിനോ, സമ്പത്തിനോ, ബന്ധങ്ങൾക്കോ ഒന്നും സാധ്യമല്ല. എന്നാൽ താങ്കൾ ആശ്രയിക്കുന്നവരെ നന്നായി അറിയുന്ന ഒരു ദൈവം നമുക്കുണ്ട്.
ആ ദൈവത്തിന്റെ രക്ഷയുടെ കരം നമുക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ അതിന് ഒരു പരിമിതി ഇല്ല. ഏതൊരു പ്രതിസന്ധിക്കുമുള്ള പ്രതിവിധിയും, പ്രശ്നത്തിനുള്ള പരിഹാരവും, ആപത്തു വേളയിൽ സുരക്ഷിതമായ സങ്കേതവും നമ്മുടെ ദൈവത്തിന്റെ കരം തന്നെയാണ്. രക്ഷിപ്പാൻ കഴിയാതെ വണ്ണം യഹോവയുടെ കൈ കുറുകിയിട്ടില്ല കേൾപ്പാൻ കഴിയാതെ വണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല (യെശയ്യവ് -59:1)
വിശുദ്ധ വേദപുസ്തകം ഉടനീളം പരിശോധിച്ചാൽ ആ ദൈവീക കരത്തിന്റെ കരുതൽ നമുക്ക് കാണാൻ കഴിയും. ദൈവ കരത്തിന്റെ മഹത്മ്യo വെളുപ്പെട്ട ആ വ്യക്തി ജീവിതങ്ങൾ ഒക്കെ തന്നെ നമ്മുടെ ആത്മീയ ജീവിതത്തിലും, നിത്യേനയുള്ള നടത്തിപ്പിനും വളരെ ആശ്വാസപ്രദമാണ്.
പൊട്ടക്കിണറ്റിൽ നിന്ന് മന്ത്രി പദത്തിലേക്ക് കൈപിടിച്ചു കയറ്റിയ ദൈവം
അപ്പന്റെ ഇഷ്ട പുത്രൻ സഹോദരന്മാരോടു ഏറ്റവും കരുതലും സ്നേഹവും ഉള്ളവൻ പക്ഷേ സ്വന്തം രക്തബന്ധങ്ങൾക്ക് അവനോട് തീർത്തും അസൂയ ആയിരുന്നു. (ഉല്പത്തി 37:11) സ്വപ്നത്തിൽ പോലും സ്വന്തം സഹോദരൻ തങ്ങളെക്കാൾ ശ്രേഷ്ഠൻ ആകുന്നത് ഉൾക്കൊള്ളാൻ പറ്റാത്തവർ ആയിരുന്നു സഹോദരന്മാർ. എന്നാൽ ദൈവം രക്ഷിപ്പാൻ ഇച്ഛിച്ചവനെ തകർത്തു കളയുവാൻ ദോഥാനിലെ ഒരു പൊട്ടക്കിണറിനോ, ഫോത്തിഫേറിന്റെ ഭാര്യയ്ക്കോ, ഒരു കാരാഗ്രഹത്തിനോ സാധ്യമല്ല എന്ന് നമ്മളെ പഠിപ്പിക്കുന്നതാണ് യോസഫ് എന്ന വ്യക്തിയുടെ ജീവിതം. ഒരിക്കൽ ഒരു സ്വപ്നത്തിന്റെ പേരിൽ ഉപേക്ഷിക്കപ്പെട്ട തന്റെ ജീവിതത്തെ മറ്റൊരു സ്വപ്നത്തിന്റെ വ്യാഖ്യാനത്തിലൂടെ ദൈവിക പദ്ധതി പൂർത്തീകരിച്ച ദൈവത്തിന്റെ ആ രക്ഷയുടെ വൻകരം അതിശയം തന്നെ.
തീച്ചൂളയിൽ രക്ഷയ്ക്കായി ഇറങ്ങിവന്ന ദൈവ സാന്നിധ്യം
സൃഷ്ടിയെക്കാൾ വലുത് സൃഷ്ടിതാവ് ആണെന്ന് മനസ്സിലാക്കിയ മൂന്ന് യഹൂദ പുരുഷന്മാർ. രാജാവ് ഒരുക്കിയ സ്വർണ്ണവിമ്പത്തെ നമസ്കരിക്കുവാൻ വേണ്ടി ഭീഷണി മുഴക്കുന്ന ഒരു രാജസദസ്സ്. രാജാവിന്റെ വക ഒരു ഗംഭീര ചോദ്യവും നിങ്ങളെ എന്റെ കയ്യിൽ നിന്ന് വിടുവിക്കാവുന്ന ദേവൻ ആർ? മാനുഷികമായ യാതൊരു ഭയമോ, ആശങ്കയോ, നിരാശയോ ഇല്ലാതെ ക്ഷണത്തിൽ രാജാവിന് ഒരു മറുപടി “ഞങ്ങൾ സേവിക്കുന്ന ദൈവത്തിന് ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ അവൻ ഞങ്ങളെ എരിയുന്ന തീ ചുളയിൽ നിന്നും, രാജാവിന്റെ കൈയിൽ നിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കുകയില്ല “(ദാനിയേൽ -3:17). മറുപടി കേട്ട് ക്ഷുഭിതനായ രാജാവ് കല്പന പുറപ്പെടുവിച്ചു നിലവിലുള്ള തീയുടെ കാഠിന്യം ഏഴു മടങ്ങായി വർദ്ധിപ്പിച്ച തീ ചൂളയിൽ ആ യഹൂദ പുരുഷന്മാരെ രാജ കൽപ്പന പ്രകാരം തീയിലേക്ക് വലിച്ചു എറിഞ്ഞു കളഞ്ഞു. അവരെ എടുത്തു കൊണ്ട്പോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചു കളഞ്ഞു. എന്നാൽ പകക്കുന്നവർ കണ്ട് ലജ്ജിക്കേണ്ടതിന് നന്മയ്ക്കായി ഒരു അടയാളം കരുതുന്ന ദൈവം രാജാവ് കണ്ടു ഭ്രമിക്കത്തക്ക വിധത്തിൽ നാലാമനായി തീ ചൂളയിൽ ഇറങ്ങി വന്നു. ഒരു തലമുടിക്ക് പോലും കേടുവരാതെ അവരെ രക്ഷിച്ച ദൈവത്തോടുള്ള വിശ്വാസം രാജാവിനു വർദ്ധിച്ചു. ആ രക്ഷിക്കുന്ന ദൈവത്തിനു വിരോധമായി പറയുന്നതിന് എതിരെയുള്ള രാജ വിധിയും പുറപ്പെടുവിച്ചു. തീച്ചുളയിലിട്ട് ജീവൻ ഇല്ലാതാക്കാൻ ശ്രമിച്ച അതേ രാജാവിനെ കൊണ്ട് തന്നെ ആ യഹൂദ പുരുഷന്മാർക്ക് ബാബേൽ സംസ്ഥാനത്ത് സ്ഥാനമാനങ്ങൾ കൽപ്പിച്ചു കൊടുക്കുവാൻ രാജാവിന്റെ ഉള്ളത്തിൽ പ്രവർത്തിച്ച ദൈവത്തിന്റെ മാറ്റമില്ലാത്ത അതേ കരം.
സിംഹത്തിന്റെ വായടച്ച ദൈവത്തിന്റെ കരം
ദാനിയേലിന്റെ മരണം കാണാൻ കാത്തിരുന്ന ഒരുപറ്റം ജനങ്ങൾ,എന്ത് സംഭവിക്കും എന്ന് ഒരു നിശ്ചയവും ഇല്ലാതെ ഉറക്കം നഷ്ടപ്പെട്ട ദാര്യവേശ് രാജാവ്. മേൽ ചാർത്തപ്പെട്ട കുറ്റമോ മൂന്ന് നേരം മുട്ടുകുത്തി ദൈവസന്നിധിയിൽ ഉള്ള അവന്റെ പ്രാർത്ഥന തന്നെ. പക്ഷേ പ്രാർത്ഥിക്കുന്നവന്റെ നേരെ മുഖം തിരിച്ചു കളയുവാൻ നാം സേവിക്കുന്ന നമ്മുടെ ദൈവത്തിന് സാധ്യമല്ല. സിംഹത്തിന്റെ ഗുഹയിൽ ദാനിയേൽ ചിലവഴിച്ചത് നിരാശയോടും, ഭയത്തോടും അല്ല. ഏത് പ്രതിസന്ധിയിലും ഇറങ്ങിവരുന്ന ദൈവത്തോടുള്ള വിശ്വാസം മുറുകെ പിടിച്ചുകൊണ്ടാണ്. ആ വിശ്വാസത്തിന്റെ പുറത്ത് ദൈവം തന്റെ രക്ഷയുടെ വൻകര നീട്ടിയത് വിശന്ന് അലറുന്ന സിംഹത്തിന്റെ വായടച്ചു കൊണ്ടാണ്. പക്ഷേ ദൈവിക കരത്തിന്റെ അത്ഭുതം മനസ്സിലാക്കിയ രാജാവിന്റെ ഹൃദയത്തിൽ ദൈവത്തോടുള്ള തീവ്ര വിശ്വാസത്തിനും അത് മുഖാന്തരമായി മാറി.
പിറുപിറുപ്പിന്റെ നടുവിലും ഇസ്രയേൽ മക്കൾക്ക് വേണ്ടി നീട്ടിയ ദൈവത്തിന്റെ കരം
ദൈവത്തിന്റെ കരുതൽ വേണ്ടുവോളം അനുഭവിച്ചിട്ടും നന്ദിയില്ലാതെ പിറുപിടുത്ത ഒരുപറ്റം ഇസ്രയേൽ മക്കൾ പക്ഷേ അവരെ ശത്രുവിന്റെ മുമ്പിൽ തകർത്തുകളയുവാൻ ദൈവത്തിനു മനസ്സ് വന്നില്ല വിളിച്ചിറക്കിയ ദൈവം വിശ്വസ്തൻ ആകയാൽ പകൽ മേഘസ്തംഭമായും, രാത്രി അഗ്നി തൂണായും കൂടിരുന്നു. മരുഭൂമിയിൽ മന്ന അവർക്ക് വേണ്ടി പൊഴിച്ചു. ലിവ്യാന്റെ തലയെ തകർത്തു അവർക്ക് വേണ്ടി ഒരുക്കി. മുൻപും പിൻപും ശത്രു അടച്ചു കളഞ്ഞപ്പോൾ ജീവരക്ഷ സാധ്യമാകുവാൻ ഒരു വഴിയും ഇല്ലാതിരുന്നിട്ടും ചെങ്കടലിനെ രണ്ടായി വിഭാഗിച്ചു യിസ്രായേൽ മക്കളെ ഉണങ്ങിയ നിലത്തുകൂടി അക്കരെ എത്തിക്കുകയും തന്റെ തന്റെ ജനത്തെ തകർക്കുവാൻ വന്ന ഫറവോനെയും സൈന്യത്തെയും അതേ ചെങ്കടലിൽ തകർത്ത് തന്റെ മക്കളെ വീണ്ടെടുത്ത ദൈവത്തിന്റെ രക്ഷയുടെ കരം എത്ര അത്ഭുതകരമാണ്.
നിരാശയിൽ ഇറങ്ങിവരുന്ന ദൈവത്തിന്റെ സാന്നിധ്യം
ഇന്നത്തെ കാലഘട്ടത്തിൽ നമുക്ക് ചുറ്റും ഉള്ളവരിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് നിരാശ. പുറത്ത് നിന്ന് നോക്കുമ്പോൾ വളരെ സന്തോഷപ്രദം എന്ന് തോന്നുന്ന പല ജീവിതങ്ങളും പുറത്തുപറയാൻ കഴിയാത്ത നിരാശയിലും, വേദനയിലും, കടന്നുപോകുന്നുണ്ട്. സമൂഹത്തിൽ മാന്യമായ ജോലിയും, കുടുംബ പശ്ചാത്തലവും ഒക്കെ ഉണ്ടെങ്കിലും ഒരു കൂരയ്ക്കുള്ളിൽ തീർത്തും ഒറ്റപ്പെട്ടു കഴിയുന്നവർ നമുക്ക് ചുറ്റുമുണ്ട്. പുറംലോകത്തെ കാണിക്കുവാൻ ചിരിയുടെ മറവിൽ അവർ അവരുടെ നിരാശ നിറഞ്ഞ ജീവിതത്തിന്റെ മുഖം മറച്ചുവയ്ക്കുന്നു. ” പച്ചയായ ജീവിതത്തിൽ നാം ഓരോരുത്തരും ഓരോ അനാഥ ജീവികൾ എന്ന് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിരിക്കുന്നത് എത്രയോ അർത്ഥവത്താണ് എന്ന് ചില സാഹചര്യങ്ങൾ നമ്മളെ ഇരുത്തി ചിന്തിപ്പിക്കും. പക്ഷേ ദൈവവചനം പറയുന്നു ഞാൻ നിങ്ങളെ ഒരുനാളും അനാഥരായി വിടുകയില്ല. സാഹചര്യങ്ങൾ എത്രയെതിരായാലും, പ്രശ്നങ്ങളുടെ കാഠിന്യം എത്ര വലുതായാലും, ഹൃദയം നുറുങ്ങുന്നവർക്ക് സമീപസ്ഥനായ ദൈവം തക്ക സമയത്ത് തന്റെ കരുതൽ നമുക്കുവേണ്ടി അയക്കും.
നമ്മുടെ മാനുഷിക ചിന്തയ്ക്ക് ഒട്ടും യോജിക്കാൻ കഴിയാത്ത ഒരു കാര്യമാണ് ഏലിയാവിന് വേണ്ടി അപ്പവും ഇറച്ചിയും ദൈവമേൽപ്പിച്ചത് കൗശലക്കാരനായ കാക്കയുടെ കയ്യിൽ എന്നുള്ളത്. ദൈവം തന്റെ മക്കൾക്ക് വേണ്ടി കരുതുമ്പോൾ സാഹചര്യം, വ്യക്തികൾ ഇതൊന്നും ഒരു പ്രശ്നമേ അല്ല. നമ്മൾ പോലും ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് യാതൊരു സാധ്യതയുമില്ലാത്ത ചില വ്യക്തികൾ നമ്മുടെ ജീവിതത്തിൽ കടന്നു വരും. ആ കൂടിച്ചേരലുകൾ ഒരിക്കലും യാദൃശ്ചികം അല്ല. ദൈവം ഏൽപ്പിച്ചത് ചിലത് അവരിൽ കൂടി മാത്രമേ പൂർത്തീകരിക്കാനാവൂ അത് ഒരു ദൈവിക പദ്ധതിയാണ് ആണ് എന്ന് നമ്മൾ തിരിച്ചറിയണം. ചിലപ്പോൾ നമ്മൾ മറിച്ച് പിന്തിരിഞ്ഞു മാറിയാൽ ഏറെ പ്രതീക്ഷയോടെ വന്ന ചില ജീവിതങ്ങൾ നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്നത് കാണേണ്ടിവരും. അങ്ങനെ ഉള്ള ചിലർക്ക് വേണ്ടി ദൈവം നമ്മളെ നിയോഗിച്ചിട്ടുണ്ട്. ആ തിരിച്ചറിവ് മനസ്സിലാക്കി നമുക്ക് മുന്നേറാം.
ആകയാൽ പ്രിയരേ തന്നെ ആശ്രയിക്കുന്നവർക്ക് വേണ്ടി ശക്തമായും, സഹായമായും, സംരക്ഷണമായും, പ്രവർത്തിക്കുന്നതാണ് ദൈവത്തിന്റെ കരം. ” ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവർക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവർക്കും പ്രതികൂലമായും ഇരിക്കുന്നു” (എസ്രാ 8:22). ആയതിനാൽ നമ്മുടെ ജീവിതത്തിലും ആ ദൈവത്തിന്റെ കരം അനുകൂലമായിരിക്കുവാൻ ഓരോ ദിവസവും അവന്റെ മുഖം അന്വേഷിക്കുന്നവരായി ജീവിപ്പാൻ ഇടയാകട്ടെ.
പ്രിൻസി ജിൻസ്

- Advertisement -



Comments are closed, but trackbacks and pingbacks are open.