ആനന്ദപ്പള്ളി എ.ജി സഭ: വിശ്വാസപ്പോരാട്ടത്തിന്റെ സുവർണ്ണ ചരിത്രം

1943-ൽ ഭാരതം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി തെരുവുകളിൽ പോരാടിക്കൊണ്ടിരുന്ന കാലം. രാജ്യം ബ്രിട്ടീഷ് ഭരണത്തിനെതിരെ ശബ്ദമുയർത്തുമ്പോൾ പത്തനംതിട്ടയിലെ ആനന്ദപ്പള്ളി കവലയിൽ മറ്റൊരു തരം ‘സ്വാതന്ത്ര്യത്തെ’ കുറിച്ചുള്ള പ്രസംഗം മുഴങ്ങുകയായിരുന്നു—അത് പാപത്തിൽ നിന്നുള്ള ആത്മീയ സ്വാതന്ത്ര്യമായിരുന്നു.

ആ പ്രസംഗം കേട്ടുനിന്നവരിലൊരാളായ മുണ്ടുതറയിൽ നൈനാൻ മത്തായിയുടെ ഉള്ളിൽ ആത്മീയ ആവേശം അണപൊട്ടി. തന്റെ സന്തോഷം അദ്ദേഹം ഉച്ചത്തിലുള്ളൊരു “ഹല്ലേലൂയ” വിളിയോടെ പ്രകടിപ്പിച്ചു. എന്നാൽ ചുറ്റുമുണ്ടായിരുന്നവർ ആ ശബ്ദത്തെ തടയാൻ ശ്രമിച്ചു. തന്റെ വിശ്വാസത്തിനുമേലുള്ള ആ വിലക്കിനെ നൈനാൻ മത്തായി ധീരമായി നേരിട്ടു. “ഹല്ലേലൂയ പറയാൻ സ്വാതന്ത്ര്യമില്ലാത്തവരുടെ കൂടെ ഞാനില്ല” എന്ന് ഉറച്ചു പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പെന്തക്കോസ്ത് വിശ്വാസത്തിലേക്ക് ചുവടുവെച്ചു.

നൈനാൻ മത്തായിയുടെ ഈ തീരുമാനത്തിന് പിന്തുണയുമായി പ്രദേശത്തെ ചില വ്യക്തികൾ കൂടി കൈകോർത്തു:

പുത്തൻപുരയിൽ മാത്തുണ്ണി കോരുത്, കണ്ണങ്കര മുകളിൽ ഉണ്ണൂണ്ണിച്ചൻ, ആഞ്ഞിലിത്തറയിൽ ഉണ്ണൂണ്ണിച്ചൻ, കല്ലേഴ്ത്തുമുകളിൽ (വല്യവിള), പൊടിയച്ചൻ, ഉണ്ണൂണ്ണിച്ചൻ, കൊച്ചുയോഹന്നാൻ; വല്യവിളയിൽ കോരുത്, നിരപ്പിൽ വർഗ്ഗീസ് എന്നിവരുടെ എട്ട് കുടുംബങ്ങൾ മുണ്ടുതറയിൽ നൈനാൻ മത്തായിയുടെ ഭവനത്തിൽ ഒത്തുചേർന്ന് സത്യത്തിലും ആത്മാവിലുമുള്ള ആരാധനയ്ക്ക് തുടക്കമിട്ടു.

ഇവരിൽ ചിലർ മറ്റു സഭകളോട് ചേർന്നുവെങ്കിലും 1943-ൽ തന്നെ പുത്തൻപുരയിൽ മാത്തുണ്ണി കോരുതിന്റെ ഭവനത്തിൽ രണ്ട് കുടുംബങ്ങൾ മാത്രമായി ആനന്ദപ്പള്ളിയിലെ ആദ്യ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആരാധന ആരംഭിച്ചു.

കാലാന്തരത്തിൽ വിശ്വാസികൾക്ക് പല മാറ്റങ്ങളുമുണ്ടായി. 1947-ൽ നൈനാൻ മത്തായി വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ മകൻ മത്തായി ജോർജും കുടുംബവും വിശ്വാസപാതയിൽ എ.ജിയിൽ തന്നെ ഉറച്ചുനിന്നു. അടൂർ എ.ജി സഭയിൽ ആരാധനയ്ക്ക് പോയിക്കൊണ്ടിരുന്ന മത്തായി ജോർജ്, കണ്ണങ്കര മുകളിൽ ഉണ്ണൂണ്ണിച്ചൻ, പറങ്കിമാംവിളയിൽ ടി.ജി. വർഗീസ് എന്നിവർ 1975-ൽ തങ്ങളുടെ സ്വന്തം ഗ്രാമമായ ആനന്ദപ്പള്ളിയിൽ എ.ജിയുടെ പ്രവർത്തനം പുനരാരംഭിച്ചു.

ആ സമയം അടൂർ ഐ.പി.സിയിൽ കൂടി നടന്നിരുന്ന മാത്തുണ്ണി കോരുതും ഇവരോടൊപ്പം ചേർന്നു. ഓരോ വീടുകളിൽ മാറി മാറി ആരാധന നടത്തിവന്നിരുന്നവർ – സഭയിൽ കുടുംബങ്ങൾ വർദ്ധിച്ചതിന്റെ ഫലമായി 1980-ൽ മത്തായി ജോർജ് ദാനമായി നൽകിയ സ്ഥലത്ത് ഒരു ഹാൾ പണികഴിപ്പിച്ചു ആരാധന തുടങ്ങി.

നൈനാൻ മത്തായിയുടെ ആ പഴയ ‘ഹല്ലേലൂയ’ വിളിയുടെ മാറ്റൊലി ഇന്നും ആനന്ദപ്പള്ളിയിൽ നിലയ്ക്കാതെ തുടരുന്നു. ഇന്ന് 42 കുടുംബങ്ങളും 250-ലേറെ അംഗങ്ങളുമായി ഈ സഭ അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയാണ്. 2014-ൽ നിലവിലെ പുതിയ സഭാ ഹാൾ ഉദ്ഘാടനം ചെയ്തു. 2019-ൽ മുണ്ടുതറയിൽ കുടുംബം പാസ്റ്റേഴ്സിന് താമസിക്കാനായി ഹാളിനു മുകളിൽ ഒരു പാഴ്സണേജ് നിർമ്മിച്ചു നൽകി. ബഹു. ജില്ലാ കളക്ടറുടെ അനുമതി ലഭിച്ച ഒരു സെമിത്തേരിയും സഭയ്ക്കുണ്ട്.

കഴിഞ്ഞ 50 വർഷക്കാലയളവിൽ 15 ൽ പരം ദൈവദാസന്മാർ ഈ സഭയെ ആത്മീയമായി നയിച്ചിട്ടുണ്ട്. പാസ്റ്റർ ബ്ലസൻ ജോൺ ഇപ്പോൾ സഭയുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുന്നു. യുവജന വിഭാഗമായ CA, സഹോദരിമാരുടെ വിഭാഗമായ WMC, സണ്ടേസ്കൂൾ എന്നിവയുടെ പ്രവർത്തനങ്ങൾ ചിട്ടയായി നടന്നുവരുന്നു.

ആത്മീയ കാര്യങ്ങളിൽ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ സേവന രംഗത്തും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ട്, പ്രതികൂലങ്ങളെയും തടസ്സങ്ങളെയും അതിജീവിച്ച് ആനന്ദപ്പള്ളി എ.ജി സഭ ഇന്ന് പ്രദേശത്തെ പ്രമുഖ ആത്മീയ കേന്ദ്രമായി നിലകൊള്ളുന്നു. സർവ്വകൃപാലുവായ ദൈവത്തിനു സകല മാനവും മഹത്വവും അർപ്പിക്കുന്നു.

സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്, 2026 ജനുവരി 23 വെള്ളി മുതൽ 25 ഞായർ വരെ എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:00 വരെ ആനന്ദപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഹാളിൽ വെച്ച് സുവിശേഷ യോഗങ്ങൾ നടത്തപ്പെടുന്നു. 23-ന് വൈകിട്ട് അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ പ്രെസ്ബിറ്റർ റവ. ജോസ് ടി. ജോർജ്ജ് ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. റവ. ഡോ. രാജൻ ജോർജ്ജ്, റവ. സാറാ ജോർജ്ജ് കോവൂർ, ഡോ. അച്ചൻകുഞ്ഞ് ജോർജ്ജ്, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. ബിനോയ് പാറപ്പള്ളിൽ മാത്യു എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം സംസാരിക്കും.

സഭയ്ക്കു വേണ്ടി,

പാസ്റ്റർ ബ്ലസൻ ജോൺ (സഭാ ശുശ്രൂഷകൻ)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.