ലേഖനം: സമർപ്പണത്തോടെയുള്ള പ്രാർത്ഥന | റ്റോജോ തോമസ്, ദുബായ്
പ്രാർത്ഥന എന്നത് കേവലം ദൈവത്തോടുള്ള ഒരു സംഭാഷണമല്ല; അത് നമ്മെത്തന്നെ ദൈവകരങ്ങളിൽ പൂർണ്ണമായി ഏൽപ്പിക്കുന്ന ഒരു ആത്മീയ യാഗമാണ്. വാക്കുകളുടെ പെരുപ്പത്തേക്കാൾ ഉപരിയായി, ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നുള്ള സമർപ്പണമാണ് ദൈവഹിതം നിറവേറ്റാൻ നമ്മെ സഹായിക്കുന്നത്.
സമർപ്പണമില്ലാത്ത പ്രാർത്ഥന വെറും വാക്കുകളായി അവസാനിച്ചേക്കാം. എന്നാൽ സമർപ്പണത്തോടെയുള്ള പ്രാർത്ഥന ദൈവഹൃദയത്തെ സ്പർശിക്കുന്നു. വിശുദ്ധ ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്:“നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.” (റോമർ 12:1).
സമർപ്പണം എന്നാൽ “എൻ്റെ ആഗ്രഹമല്ല, നിൻ്റെ ഇഷ്ടം; എൻ്റെ സമയമല്ല, എൻ്റെ ജീവിതം മുഴുവൻ” എന്ന് ദൈവസന്നിധിയിൽ പറയുന്നതാണ്. ഗെത്സെമനയിൽ യേശു പ്രാർത്ഥിച്ച “എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നടക്കട്ടെ” (ലൂക്കാ 22:42) എന്ന വചനമാണ് പ്രാർത്ഥനയുടെ ഏറ്റവും ഉന്നതമായ മാതൃക.
അബ്രഹാമിന്റെ സമർപ്പണം തൻ്റെ ഏക മകൻ ഇസഹാക്കിനെ യാഗപീഠത്തിൽ സമർപ്പിക്കാൻ തയ്യാറായതിലൂടെ, ദൈവത്തോടുള്ള അതിരുകളില്ലാത്ത സമർപ്പണം അദ്ദേഹം തെളിയിച്ചു. ദൈവത്തിന് ഒന്നും അതികഠിനമല്ല, സമർപ്പണത്തിന് അതിരുകളില്ല.
ബൈബിളിലെ ഏറ്റവും ഹൃദയസ്പർശിയായ പ്രാർത്ഥനകളിലൊന്നാണ് ഹന്നയുടെ പ്രാർത്ഥന. അവളുടെ ജീവിതം വേദനയുടെയും നിന്ദയുടെയും കണ്ണീരാൽ നിറഞ്ഞിരുന്നെങ്കിലും, അവൾ തന്റെ ദുഃഖം മനുഷ്യരുടെ മുമ്പിൽ പറഞ്ഞില്ല; ദൈവസന്നിധിയിൽ ഒഴുകിച്ചിട്ടു. “ഹന്ന ദുഃഖിതയായി യഹോവയോടു പ്രാർത്ഥിച്ചു; അവൾ ഏറെ കരഞ്ഞു” 1 ശമൂവേൽ 1:10
വർഷങ്ങളായി സന്താനം ഇല്ലായ്മ ഹന്നയെ വേദനിപ്പിച്ചിരുന്നു. പെനിന്നയുടെ നിന്ദയും സമൂഹത്തിന്റെ അവഗണനയും അവളുടെ ഹൃദയം തകർത്തു. എങ്കിലും അവൾ ദൈവത്തെ വിട്ടുമാറിയില്ല. “ഹന്ന ഹൃദയത്തിൽ മാത്രം സംസാരിച്ചു; അവളുടെ അധരങ്ങൾ നീങ്ങുകയും ശബ്ദം കേൾക്കപ്പെടാതിരിക്കുകയും ചെയ്തു” 1 ശമൂവേൽ 1:13
ഹന്നയുടെ പ്രാർത്ഥന ശബ്ദമുയർത്തിയതല്ല; ഹൃദയത്തിന്റെ ആഴത്തിൽ നിന്നുള്ള നിലവിളിയായിരുന്നു. ഹന്നയുടെ പ്രാർത്ഥന സ്വാർത്ഥമായിരുന്നില്ല. ദൈവം അവൾക്ക് ഒരു മകൻ നൽകിയാൽ, അവനെ ദൈവത്തിനായി സമർപ്പിക്കാമെന്ന് അവൾ പ്രതിജ്ഞ ചെയ്തു. “നീ നിന്റെ ദാസിയുടെ ദുഃഖം ശ്രദ്ധിച്ചു ഒരു ആൺകുട്ടിയെ തരുകയാണെങ്കിൽ, അവനെ അവന്റെ ജീവകാലമൊക്കെയും യഹോവയ്ക്ക് സമർപ്പിക്കും” 1 ശമൂവേൽ 1:11 സമർപ്പണത്തോടെയുള്ള പ്രാർത്ഥന ദൈവഹൃദയത്തെ സ്പർശിക്കുന്നു.
അർപ്പണബോധത്തോടുള്ള ഹന്നയുടെ പ്രാർത്ഥനക്ക് ദൈവം ഉത്തരം നൽകി
ഹന്ന ദൈവസന്നിധിയിൽ നിന്ന് മാറിയത് പ്രസന്ന മുഖത്തോടെ ആയിരുന്നു. അവളുടെ പ്രാർത്ഥന കേൾക്കപ്പെട്ടുവെന്ന് അവൾ വിശ്വസിച്ചു. “അവളുടെ മുഖം ഇനി ദുഃഖിതമായിരുന്നില്ല” 1 ശമൂവേൽ 1:18
ദൈവം ഹന്നയുടെ ഗർഭം തുറന്നു; അവൾ ശമൂവേലിനെ പ്രസവിച്ചു. “യഹോവ അവളെ ഓർത്തു” 1 ശമൂവേൽ 1:19–20
വാഗ്ദത്തം നിറവേറ്റിയ ഹന്ന ശമൂവേൽ ജനിച്ചതിനു ശേഷം, ഹന്ന അവനെ യഹോവയ്ക്ക് സമർപ്പിച്ചു. അവൾ പറഞ്ഞ വാക്കുകൾ പ്രാർത്ഥനയുടെ പൂർണ്ണ ശബ്ദംമാണ്.“ഈ കുഞ്ഞിനുവേണ്ടി ഞാൻ പ്രാർത്ഥിച്ചു; യഹോവ എന്റെ അപേക്ഷ എനിക്കു നൽകിയിരിക്കുന്നു” 1 ശമൂവേൽ 1:27
ഹന്നയുടെ ജീവിതം കണ്ണീരോടെ ആരംഭിച്ചെങ്കിലും, സ്തുതിയോടെ അവസാനിച്ചു. അവളുടെ പ്രാർത്ഥന ഒരു പ്രവചനാത്മക ഗീതമായി മാറി.
1 ശമൂവേൽ 2:1 നാം ഇങ്ങനെ കാണുന്നു “എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു” ദൈവം കണ്ണീർ സ്തുതിയായി മാറ്റുന്നു. ഹന്നയുടെ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നത് ദൈവസന്നിധിയിൽ നാം ഹൃദയം തുറന്നാൽ മറികടക്കാത്ത ഒരു ദൈവം ഉണ്ട്, ഹന്നയുടെ പ്രാർത്ഥന നമ്മെ ഓർമ്മിപ്പിക്കുന്നു, ദൈവം കണ്ണീരോടെയുള്ള പ്രാർത്ഥന അവഗണിക്കുന്നില്ല. അവന്റെ സമയത്ത്, അവൻ ഉത്തരം നൽകുന്നു മനുഷ്യചരിത്രത്തെ മാറ്റുന്ന ഉത്തരങ്ങൾ. “നീതിമാന്റെ പ്രാർത്ഥന വളരെ ശക്തിയുള്ളതാണ്” യാക്കോബ് 5:16. ഈ ദിവസങ്ങളിൽ ദൈവം അന്വേഷിക്കുന്നത് വാക്കുകളുടെ പെരുപ്പമല്ല; പൂർണ്ണ സമർപ്പണമാണ്.
ഹന്ന കണ്ണീരോടെ പ്രാർത്ഥിച്ചു; ദൈവം ശമൂവേലിലൂടെയുളള അവളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി. യോശുവ പ്രാർത്ഥിച്ചപ്പോൾ ദൈവം സൂര്യനെ നിശ്ചലമാക്കി. ദാവീദിനെപ്പോലെ പ്രാർത്ഥനപോരാളികളെ ദൈവം എഴുന്നേൽപ്പിച്ചു..
“നിങ്ങൾ എന്നെ മുഴുവൻ ഹൃദയത്തോടു അന്വേഷിച്ചാൽ, എന്നെ കണ്ടെത്തും” (യിരെമ്യാവ് 29:13).
ഈ ദിവസങ്ങളിൽ നമ്മുടെ കുടുംബങ്ങൾക്കുവേണ്ടി, സഭയ്ക്കുവേണ്ടി, തലമുറകൾക്കുവേണ്ടി, ദേശത്തിനുവേണ്ടി സമർപ്പണത്തോടെയുള്ള പ്രാർത്ഥനയിൽ നമുക്ക് നിലകൊള്ളാം. ദൈവം കണ്ണീരോടെയുള്ള, സമർപ്പണത്തോടെയുള്ള പ്രാർത്ഥന ഒരിക്കലും അവഗണിക്കുന്നില്ല.; അവൻ തന്റെ സമയത്ത് മഹത്തായ ഉത്തരങ്ങൾ നൽകുന്നു.
റ്റോജോ തോമസ്, ദുബായ്

- Advertisement -



Comments are closed, but trackbacks and pingbacks are open.