സഭാ രാഷ്ട്രീയം അവസാനിപ്പിച്ച് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ്… സഭാ രാഷ്ട്രീയം സഭയെ നശിപ്പിക്കും: പാസ്റ്റർ. റ്റി.ജെ സാമുവേൽ
വാർത്ത: പാസ്റ്റർ ടി വി തങ്കച്ചൻ
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രസ്ബിറ്ററി ചരിത്രപ്രധാനമായ തീരുമാനം കൈക്കൊണ്ടു മാതൃകയാകുന്നു. അസംബ്ലീസ് ഓഫ് ഗോഡിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സഭാരാഷ്ട്രീയവും ഗ്രൂപ്പിസവും അവസാനിപ്പിക്കുന്നതിനു ഡിസംബർ 23 ന് കൂടിയ പ്രസ്ബിറ്ററി സുപ്രധാനമായ തീരുമാനം കൈക്കൊണ്ടു. സഭയിലും സംഘടനയിലും പരസ്പരം വിദ്വേഷവും ഭിന്നതയും വർദ്ധിക്കുന്നതിനാൽ തെരഞ്ഞെടുപ്പിലൂടെയുള്ള അധികാര സ്ഥാനങ്ങൾക്കായി ഗ്രൂപ്പ് തിരിഞ്ഞുള്ള പരസ്യപ്രചാരണവും ഗ്രൂപ്പ് യോഗങ്ങളും വോട്ട് ആവശ്യപ്പെടുന്നതും ഇനി മുതൽ കുറ്റകരവും ശിക്ഷാർഹവുമായി പ്രഖ്യാപിക്കപ്പെട്ടു. അസംബ്ലീസ് ഓഫ് ഗോഡിന്റെ സുശക്തമായ ഭരണഘടനയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള “നോമിനേഷൻ രഹസ്യബാലറ്റിലൂടെ ആയിരിക്കണം” എന്ന നിയമത്തെ ഗൗരവമാക്കാതെയായിരുന്നു പരസ്യപ്രചാരണത്തിലൂടെ നാമനിർദ്ദേശം നാളുകളായി നടന്നുവന്നിരുന്നത്. എന്നാൽ ഈ നിയമത്തെ ശക്തമാക്കുകയും ലംഘിക്കുന്നവർക്ക് ശിക്ഷ നൽകുകയും ചെയ്യണം എന്നു പ്രസ്ബിറ്ററി ഒന്നടങ്കം ആവശ്യപ്പെട്ടു.നിയമപ്രകാരം വിളിച്ചുകൂട്ടിയ കോൺഫ്രൻസിൽ അംഗീകൃത സഭകളിലെ ഓരോ പ്രതിനിധികളും അംഗീകൃത ശുശ്രൂഷകരും ചേർന്നുള്ള സംഘമാണു തങ്ങളെ ഭരിക്കേണ്ട ഭരണസമിതിയെ രണ്ടു വർഷത്തിൽ ഒരിക്കൽ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ യോഗ്യതകൾ പൊതുവായി വായിച്ചു കേൾപ്പിച്ചാനന്തരം പ്രാർത്ഥിച്ച് ഓരോ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ പേരുകൾ രഹസ്യബാലറ്റിലൂടെ കോൺഫ്രൻസ് അംഗങ്ങൾ നാമനിർദ്ദേശം ചെയ്യപ്പെടുന്ന രീതിയാണു നിയമത്തിൽ രേഖപ്പെടുത്തിയിട്ടുള്ള “നോമിനേഷൻ രഹസ്യ ബാലറ്റിലൂടെ ആയിരിക്കണം” എന്നത്. നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ പത്തു ശതമാനം വോട്ട് ലഭിച്ചവരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ മാത്രമാണു തെരഞ്ഞെടുക്കപ്പേടേണ്ടവരെ കോൺഫ്രൻസ് അംഗങ്ങൾ അറിയേണ്ടതും കാണേണ്ടതും. പ്രസ്തുത സ്ഥാനത്തേക്ക് നിൽക്കാൻ താൽപര്യമില്ലാത്തവർ പിന്മാറുന്നതിനു അവസരം നൽകിയശേഷമുള്ളവരുടെ പേരുകളാണു തെരഞ്ഞെടുപ്പിനായി നിർദ്ദേശിക്കപ്പെടുന്നത്. അങ്ങനെ മൂന്നിൽ രണ്ട് വോട്ട് ലഭിക്കുന്നവർ തെരഞ്ഞെടുക്കപ്പെടുന്ന രീതിയാണു ഭരണനിയമത്തിൽ ഉള്ളത്. ആദ്യകാലങ്ങളിൽ ഇതു പാലിക്കപ്പെട്ടിരുന്നെങ്കിലും നാളുകളായി രഹസ്യബാലറ്റിലൂടെയുള്ള നാമനിർദ്ദേശത്തിനു പകരം കോൺഫ്രൻസിനു മുന്നമേ നാമനിർദ്ദേശങ്ങൾ പരസ്യമാക്കപ്പെട്ടിരുന്നു. ഇത് സഭയിൽ ഭിന്നതകൾ വർദ്ധിപ്പിച്ചു. ഇങ്ങനെ സഭയ്ക്ക് ദോഷമായി ബാധിക്കുന്ന തെരഞ്ഞെടുപ്പ് രീതി മാറ്റി ഐക്യത നിലനിർത്തുന്ന ഒരു തെരഞ്ഞെടുപ്പ് ചട്ടം ഉണ്ടാക്കുന്നതിനു കഴിഞ്ഞ വർഷത്തെ കോൺഫ്രൻസ് ഒരുമിച്ച് ഒരു തീരുമാനത്തിലെത്തുകയും എക്സി. കമ്മറ്റിയെ ആ ചുമതല ഏൽപിക്കയും ചെയ്തിരുന്നു. അതനുസരിച്ച് 2026 മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിനു മുമ്പായി ഒരു അടിയന്തിര കോൺഫ്രൻസ് വിളിച്ചു കൂട്ടുന്നതിനു സൂമിലൂടെയുള്ള പ്രസ്ബിറ്ററി മീറ്റിംഗിൽ എക്സി. കമ്മറ്റിയുടെ തീരുമാനം ബഹു. സൂപ്രണ്ട് അറിയിച്ചു. ഇതു സുപ്രധാനമായ ഒരു തീരുമാനമാകയാൽ കോൺഫ്രൻസിനു മുമ്പായി പ്രസ്ബിറ്ററി മീറ്റിംഗ് നേരിട്ടു വിളിച്ചുകൂട്ടി ചർച്ച ചെയ്യണം എന്ന പ്രസ്ബിറ്ററിയുടെ നിർദ്ദേശം ഉണ്ടായതിനാലാണു എല്ലാവരും പുനലൂരിൽ ഒരുമിച്ചു കൂടിയത്.
സഭാരാഷ്ട്രീയം അവസാനിപ്പിക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ ഓരോരുത്തരായി അഭിപ്രായപ്പെട്ടെങ്കിലും നിലവിലുള്ള ഭരണഘടന ശക്തമാണെന്നും അതിൽനിന്നും വ്യതിചലനം സംഭവിച്ചിട്ടുള്ളത് യഥാസ്ഥാനത്താക്കാനുള്ള എക്സി. കമ്മറ്റിയുടെ അധികാരത്തെ പ്രസ്ബിറ്ററി ഒന്നടങ്കം സ്വാഗതം ചെയ്യുകയായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച പിഴവുകൾക്കും പിണക്കങ്ങൾക്കും വിരാമം കുറിച്ചുകൊണ്ട് മേലധികാരികൾ മുതൽ താഴേക്ക് എല്ലാ പ്രസ്ബിറ്ററി അംഗങ്ങളും പരസ്പരം ക്ഷമ ചോദിച്ച് നിരപ്പു പ്രാപിച്ച് വിശുദ്ധ ചുംബനം നൽകി മഹാസന്തോഷത്തോടെ മടങ്ങിയത് അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൽ ഒരു ചരിത്ര സംഭവമായി മാറുകയായിരുന്നു. നാളുകളായുള്ള അനേക ദൈവമക്കളുടെയും ദൈവദാസന്മാരുടെയും പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. ഇനി അസംബ്ലീസ് ഓഫ് ഗോഡിൽ ഒരുമയുടെയും ഐക്യതയുടെയും സ്നേഹത്തിന്റെയും സഹകരണത്തിന്റെയും നാളുകളായിരിക്കട്ടെ. ഇതര പെന്തക്കൊസ്തു സഭകൾക്കും ഇതു മാതൃകയാകട്ടെ!.

- Advertisement -

Comments are closed, but trackbacks and pingbacks are open.