ലേഖനം: മറഞ്ഞിരിക്കുന്ന ദൈവിക അനുഗ്രഹങ്ങൾ എങ്ങനെ പ്രാപിക്കാം? | ഡേവിഡ് ജോർജ്, അയർലന്റ്
ദൈവിക അനുഗ്രഹങ്ങൾ ആഗ്രഹിക്കാത്തവർ വളരെ വിരളമാണ്. ആത്മീയ ലോകത്തിലും ക്രിസ്തീയ ജീവിതത്തിലും ദൈവം നല്കുന്ന അനുഗ്രഹങ്ങളാണ് നമ്മെ ശക്തരാക്കുന്നത്. ഈ ഭൂമിയിലെ നിമിഷികമായ ജീവിതത്തിൽ ദൈവിക കരുതലിനും ദൈവിക അനുഗ്രഹങ്ങൾക്കും അത്യന്തം പ്രാധാന്യമുണ്ട്.
അപ്പസ്തോലനായ പൗലോസ് എഫെസ്യർക്ക് എഴുതിയ ലേഖനത്തിന്റെ ഒന്നാം അധ്യായം മൂന്നാം വാക്യത്തിൽ പറയുന്നു: “സ്വർഗ്ഗത്തിൽ സകല ആത്മീയ അനുഗ്രഹങ്ങളാലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.”
ആത്മീയ സമ്പന്നതയെയും ആത്മീയ അനുഗ്രഹങ്ങളെയും തിരിച്ചറിയാൻ കഴിയാതെ ആത്മീയ ദാരിദ്ര്യത്തിൽ ജീവിച്ചിരുന്ന ഒരു കൂട്ടം വിശ്വാസികൾക്കാണ് ഈ ലേഖനം എഴുതപ്പെട്ടത്.
അങ്ങനെയെങ്കിൽ, കർത്താവായ യേശുക്രിസ്തുവിനോടൊപ്പം നമ്മുടെ ജീവിതത്തിൽ പിതാവായ ദൈവം നല്കിയ അനുഗ്രഹങ്ങളെ നാം കാണാതെ പോകുന്നുണ്ടോ? ആത്മീയ അനുഗ്രഹങ്ങൾ മറഞ്ഞിരിക്കുന്നതായോ, മറക്കപ്പെട്ടതായോ തോന്നിയിട്ടുണ്ടോ? അങ്ങനെ ആണെങ്കിൽ, നാം ആത്മീയ ദാരിദ്ര്യത്തിൽ ജീവിക്കുകയാണ്.
യേശുക്രിസ്തുവിലുള്ള ആത്മീയ അനുഗ്രഹങ്ങളെ നാം തിരിച്ചറിയാതെ പോയാൽ, കർത്താവിന്റെ ഉദ്ദേശത്തിലേക്ക് വളരുവാൻ നമുക്ക് കഴിയില്ല. എന്നാൽ അവയെ തിരിച്ചറിയുമ്പോൾ, ഇതുവരെയും നമ്മുടെ മുമ്പിൽ മറ നീക്കി പുറത്തു വന്നിട്ടില്ലാത്ത നന്മകൾ നാം പ്രാപിക്കും.
എങ്കിൽ മറഞ്ഞിരിക്കുന്നത് എങ്ങനെ പുറത്തുവരും?
കാഴ്ചയുടെ പരിമിതിയാണ് കാഴ്ചയ്ക്ക് അപ്പുറമുള്ളതിനെ മറക്കുന്നത്. കാഴ്ചയുടെ പരിധിക്ക് അപ്പുറത്തും നന്മകൾ ഉണ്ട്. അവ കാണണമെങ്കിൽ നമ്മുടെ ദൃഷ്ടിക്ക് ദീർഘമായ വിക്ഷണം ആവശ്യമാണ്. മറഞ്ഞിരിക്കുന്നത് പുറത്തുവരാൻ നാം ചെയ്യേണ്ടത്:
1. ഹൃദയദൃഷ്ടി പ്രകാശിക്കണം
നമുക്ക് കാണാൻ കഴിയാത്തതിനെ തന്നെയാണ് നാം “മറഞ്ഞിരിക്കുന്നതു” എന്ന് വിളിക്കുന്നത്. നമ്മുടെ കാഴ്ചപ്പാടുകൾക്ക് പരിമിതികളുണ്ട്. രാത്രിയിൽ സഞ്ചരിക്കുമ്പോൾ, നമ്മുടെ കണ്ണിന്റെ ശക്തിയാൽ മാത്രം ഇരുട്ടിൽ യാത്ര ചെയ്യാൻ കഴിയില്ല; അതിന് പ്രകാശത്തിന്റെ സഹായം ആവശ്യമാണ്. പ്രകാശമുള്ളപ്പോൾ മാത്രമേ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതിനെ നമുക്ക് തിരിച്ചറിയാൻ കഴിയൂ.
ഇരുൾ നിറഞ്ഞ ഈ ലോകയാത്രയിൽ, നമ്മുടെ ആത്മീയ കാഴ്ച ശക്തമായി പ്രകാശിച്ചാൽ മാത്രമേ നാം സുരക്ഷിതമായി മുന്നോട്ടു പോകുവാൻ കഴിയൂ. നമ്മുടെ ഹൃദയദൃഷ്ടി പ്രകാശിക്കുമ്പോൾ, അവന്റെ വിളിയിലുള്ള ആശ എന്താണെന്നും, വിശ്വസിക്കുന്ന നമുക്കുവേണ്ടി പ്രവർത്തിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ മഹത്വം എന്താണെന്നും നാം തിരിച്ചറിയും. അപ്പോൾ നമ്മുടെ മുമ്പിൽ മറഞ്ഞിരുന്ന ആത്മീയ അനുഗ്രഹങ്ങൾ നമുക്ക് പ്രാപ്യമാകും.
2. അന്വേഷണവും അധ്വാനവും
മറഞ്ഞിരിക്കുന്നതും മറക്കപ്പെട്ടതുമായ അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രകടമാകണമെങ്കിൽ, നമ്മുടെ ഭാഗത്തുനിന്ന് അന്വേഷണവും വില കൊടുത്തുള്ള അധ്വാനവും അനിവാര്യമാണ്.
യിസ്ഹാക്കിന്റെ പിതാവായ അബ്രഹാമിന്റെ കാലത്ത് അവന്റെ ഇടയന്മാർ കുഴിച്ച കിണറുകൾ ഫെലിസ്ത്യർ മൂടിക്കളഞ്ഞിരുന്നു. എന്നാൽ യിസ്ഹാക് അവയെ വീണ്ടും കുഴിച്ചെടുത്തു. തന്റെ പിതാവ് അവയ്ക്ക് നൽകിയിരുന്ന അതേ പേരുകളാണ് അവൻ വീണ്ടും അവയ്ക്ക് നൽകിയത്. ശത്രു മൂടിയ കിണറുകൾ വീണ്ടും തുറക്കപ്പെട്ടത് യിസ്ഹാക്കിന്റെ ആത്മീയ അന്വേഷണവും കഠിനശ്രമവും മൂലമാണ്.
അതുപോലെ തന്നെ, നമ്മുടെ ജീവിതത്തിലും ഈ ലോകത്തിന്റെ പ്രഭു മൂടിക്കളഞ്ഞ നന്മകൾ വെളിപ്പെട്ടുവരാൻ നമുക്കും പരിശ്രമിക്കാം. ശത്രു മൂടിയ കിണറുകൾ വീണ്ടും കുഴിച്ചെടുക്കാൻ യിസ്ഹാക് പിന്നോട്ടു മാറിയില്ല; അവൻ തർക്കങ്ങളെയും എതിർപ്പുകളെയും ധൈര്യത്തോടെ അതിജീവിച്ചു. അതുപോലെ, വിശ്വാസത്തിന്റെ യാത്രയിൽ നിരാശകളും തടസ്സങ്ങളും വന്നാലും നാം പിന്മാറരുത്.
ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ നശിച്ചുപോയതല്ല; അവ മൂടിവെക്കപ്പെട്ടവ മാത്രമാണ്. പ്രാർത്ഥനയിലൂടെ, ദൈവവചനത്തിന്റെ വെളിച്ചത്തിലൂടെ, ആത്മീയ സ്ഥിരതയിലൂടെ നാം അവയെ വീണ്ടും കണ്ടെത്തണം. ചില കിണറുകൾ വീണ്ടും കുഴിക്കുമ്പോൾ തർക്കങ്ങൾ ഉണ്ടാകാം; ചിലപ്പോൾ സ്ഥലങ്ങൾ വിട്ടുകൊടുക്കേണ്ടിവരുമെങ്കിലും, ദൈവം ഒരുക്കിയിരിക്കുന്ന റെഹോബോത്തിന്റെ വിശാലമായ സ്ഥലവും സമൃദ്ധിയും അവസാനം നമ്മെ കാത്തിരിക്കുന്നു.
അതുകൊണ്ട്, കൈവിടാതെ മുന്നോട്ട് പോകാം. മൂടിവെക്കപ്പെട്ട അനുഗ്രഹങ്ങൾ വീണ്ടും തുറക്കപ്പെടും; വരണ്ടതായി തോന്നുന്ന ജീവിതത്തിൽ ജീവജലം വീണ്ടും ഒഴുകിത്തുടങ്ങും. ദൈവം വിശ്വസ്തനാണ് അവൻ ആരംഭിച്ച നല്ല പ്രവൃത്തി അവൻ തന്നെ പൂർത്തിയാക്കും.
ഡേവിഡ് ജോർജ്, അയർലന്റ്

- Advertisement -



Comments are closed, but trackbacks and pingbacks are open.