ലേഖനം: ക്രിസ്‌മസ് ഹാർട്ട് | ഷാർലെറ്റ് പി. മാത്യു
ഫെസ്റ്റിവൽ വൈബ് എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നു.
ക്രിസ്‌മസ് ട്രീകൾ , നക്ഷത്രങ്ങൾ,അലങ്കാരങ്ങൾ , ബലൂണുകൾ , കേക്കുകൾ.
പക്ഷേ…നമ്മുടെയൊക്കെ ക്രിസ്മസ് ഹാർട്ട് എപ്രകാരമാണ്. ഈ ക്രിസ്‌മസ് സീസണിൽ ഒന്നു ചിന്തിച്ചു നോക്കുമോ ?
HEART എന്ന ഇംഗ്ലീഷ് പദത്തിലെ ഓരോ അക്ഷരങ്ങളും ഈ ഫെസ്റ്റിവൽ വൈബ് മൊമെന്റിൽ നമുക്കൊന്നു നോക്കാം.
H -Humility (= എളിമ, താഴ്മ, വിനയം)
യേശുക്രിസ്തു കാണിച്ചു തന്ന താഴ്മയുള്ള ഹൃദയം, പുൽക്കൂട്ടിൽ ജനിച്ചു വീണ രാജാധിരാജൻ്റെ എളിമ എത്ര മനോഹരമാണ്. ഈ ഭൂമിയിലേക്ക് ഇറങ്ങി വന്ന സ്നേഹം. ഫിലിപ്പിയർ 2:8 ൽ പറയുന്നതുപോലെ മനുഷ്യസാദൃശ്യത്തിൽ ക്രൂശിലെ മരണത്തോളം തന്നെത്തന്നെ താഴ്ത്തിയ അനുസരണത്തിന്റെ ചിത്രം നമ്മളോർക്കേണം. നമ്മൾ നാശത്തിൽ നിന്ന് മോചനം പ്രാപിച്ചു ഉയർത്തപ്പെടുവാൻ കാണിച്ച സ്നേഹമൊരിക്കലും മറക്കരുത്. അഹന്ത വ്യാപരിക്കുന്ന ലോകത്തിൽ നമുക്കുണ്ടാവണം താഴ്‌മയുള്ള ഒരു ഹൃദയം. അതെ – യേശു കാണിച്ചു തന്ന താഴ്മയുള്ള മനോഭാവം.
E = Emmanuel (=ദൈവം നമ്മോടുകൂടെ)
ദൈവം നമ്മോടു കൂടെയുണ്ട് ; അകലെയല്ല , ഏറ്റവുമരികിൽ അവിടുന്നുണ്ട്.
അതെ – ദൈവം നമ്മോടൊപ്പം നടക്കുവാൻ തുടങ്ങിയ സുദിനം. ഏറ്റവും അടുത്തു സഞ്ചരിക്കുവാൻ തുടങ്ങിയ നാളുകളുടെ തുടക്കം.മത്തായി 1:23 ൽ നമ്മോടുകൂടെയെന്നയർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർ വിളിക്കപ്പെട്ടവൻ സ്വർഗ്ഗാരോഹണ സന്ദർഭത്തിനു തൊട്ടു മുൻപിലും മത്തായി 28:20 ൽ പറയുന്നു. “ഇതാ, ലോകാവസാനംവരെ ഞാൻ നിങ്ങളോടു കൂടെയുണ്ട്”
ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മളും യേശു നമ്മോടു കൂടെയുണ്ടെന്നു ബോദ്ധ്യമുള്ള ഹൃദയം ഉള്ളവരായിരിക്കേണം.
A= Adoration (= ആരാധന)
ഉത്സവ തിമിർപ്പിനേക്കാൾ… ക്രിസ്‌മസ് കാലം ആരാധനയുടെ കാലമാകട്ടെ!
അതെ – പെരുപ്പിച്ചു പറയുന്ന പ്രഹസനങ്ങളും പരസ്യങ്ങളുമല്ല പ്രധാനം. ബഹുമാനമാണ് പ്രധാനം. മത്തായി 2 :10 ൽ നക്ഷത്രം കണ്ടതുകൊണ്ട് അത്യന്തം സന്തോഷിക്കുന്ന വിദ്വാന്മാർ പിന്നീട് ആരാധിക്കുന്നതും കാണാം. കേവലം ബഹളമായ ആഘോഷങ്ങൾക്കുമപ്പുറം യേശുവിനെ ആരാധിക്കുവാൻ മറന്നുപോകരുത്.
R – Reconciliation (= അനുരഞ്ജനം, പുനരൈക്യം)
കുറവുകളെ ക്ഷമിക്കുകയും തകർന്ന ബന്ധങ്ങളെ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന ഒരു ഹൃദയം.
അതെ- മുറിവുകളെ സുഖപ്പെടുത്തുന്ന സമാധാനത്തിന്റെ സംഗീതം നിറഞ്ഞ ഒരു ക്രിസ്‌മസ് ഹൃദയം സ്വന്തമാക്കുക. 2 കൊരി 5 :17 , 18 ൽ ക്രിസ്തുവിലാകുമ്പോൾ പുതിയ സൃഷ്ടിയാകുന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു അനുരഞ്ജനം കാണുവാൻ കഴിയും. ക്രിസ്തുവിന്റെ സ്നേഹത്തിലൂടെ ജീവിതത്തെ പുനർനിർമ്മിക്കുകയും ക്രമീകരിക്കുകയും ചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരു ഹൃദയം നമുക്കുണ്ടാകണം.
T = Transformation (=രൂപാന്തരം, പരിവർത്തനം)
ഒരു പുതിയ ഹൃദയം; രൂപാന്തരം പ്രാപിച്ച ഹൃദയം എല്ലാവർക്കുമുണ്ടാവട്ടെ.
അതെ, ക്രിസ്‌തുവിന്റെ സ്നേഹം നമ്മുടെ ജീവിതത്തിന്റെ സ്ക്രിപ്റ്റുകളെ രൂപാന്തരപ്പെടുത്തട്ടെ. 2 കൊരി :5 :17 ൽ കാണുന്നതുപോലെ പഴയതെല്ലാം കഴിഞ്ഞുപോയി. പുതിയ തുടക്കങ്ങൾ പുതിയ സൃഷ്ടിയിൽ ഉണ്ടാകും.
നമുക്ക് ആന്തരികമായ സംഭവിക്കുന്ന രൂപാന്തരങ്ങൾ ബാഹ്യലോകത്തിൽ പ്രതിഫലിക്കട്ടെ- അതൊരു യഥാർത്ഥ ക്രിസ്മസ് സന്ദേശമായി മാറട്ടെ.
ക്രിസ്തുവിനെ കൂടാതെയുള്ള ആഘോഷങ്ങൾ പെരുകുന്ന ലോകത്തിൽ തിരിച്ചറിയുക; ക്രിസ്‌മസിൽ.. ക്രിസ്തു അനിവാര്യമാണ്. ക്രിസ്‌മസ് ഹാർട്ട് ജീവിതത്തിന്റെ അലങ്കാരമാകേണം. യോഹന്നാൻ 15:5 ൽ പറയുന്നതുപോലെ അവിടുത്തെ സാന്നിധ്യത്തെ വിസ്‌മരിച്ചു കൊണ്ടു ജീവിക്കുവാൻ ഒരു ക്രിസ്തുഭക്തനു കഴിയില്ല. യേശു താങ്കളെ സ്നേഹിക്കുന്നു… യേശുവിന്റെ നിത്യസ്നേഹം ഈ ക്രിസ്‌മസ് സീസണിൽ നിങ്ങളെ ഓർമ്മിപ്പിക്കുന്നു, ക്ഷണിക്കുന്നു. എൻജോയ് ദി വൈബ് മൊമെന്റ്‌സ് വിത്ത് ജീസസ്.
(എഴുത്തുകാരനും മെന്ററുമായ ലേഖകന്റെ മാതാ പിതാ ഗൂഗിൾ ദൈവം, ബ്രോയുടെ സുഭാഷിതങ്ങൾ തുടങ്ങിയ പുസ്‌തകങ്ങൾ ആമസോണിൽ ലഭ്യമാണ്.)

- Advertisement -



Comments are closed, but trackbacks and pingbacks are open.