ചെറു ചിന്ത: പ്രതിസന്ധികളിലും പ്രതീക്ഷ നിലനിൽക്കുന്നു: ഹന്നയുടെ വിശ്വാസം | കെസിയ റെൻസൺ
“വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു (എബ്രായർ 11:1)”
1 ശമുവേൽ പുസ്തകത്തിന്റെ ആരംഭ ഭാഗത്ത് നാം കണ്ടുമുട്ടുന്നത് അതിയായ ആത്മീയ ശക്തിയുടെയും തീരാത്ത പ്രത്യാശയുടെയും പ്രതീകമായ ഹന്നയെ ആണ്. എല്കാനാ എന്ന് പേരുള്ള പുരുഷന് രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു. ഒരുവൾ പെനിന്നാ, മറ്റൊരുവൾ ഹന്നാ. ഹന്നയുടെ ജീവിതം വേദനയാൽ നിറഞ്ഞിരുന്നു. അമ്മയാകാൻ ആഗ്രഹിച്ചെങ്കിലും, “യഹോവ അവളുടെ ഗർഭം അടച്ചിരുന്നതിനാൽ (1 ശമുവേൽ 1:6)” അവൾ അതിനെചൊല്ലി വർഷങ്ങളോളം നിരാശ അനുഭവിച്ചു.
എങ്കിലും ഹന്നയുടെ വേദന അവളെ ദൈവത്തിൽ നിന്ന് അകറ്റിയില്ല. മറിച്ച്, അവൾ തന്റെ ഹൃദയത്തെ മുഴുവൻ ദൈവത്തിന്റെ സന്നിധിയിൽ തുറന്ന് വെച്ചു. ഇടർപ്പും ലജ്ജയും നിരാശയും മനുഷ്യരെ തകർക്കുന്ന സമയത്ത് ഹന്നക്ക് ദൈവത്തോടുള്ള വിശ്വാസം തകർന്നില്ല. അവൾ തന്റെ ദുഃഖം മനുഷ്യർക്കു മുൻപായി പ്രദർശിപ്പിച്ചില്ല; ദൈവത്തിന്റെ സന്നിധിയിൽ ശാന്തമായി പ്രാർത്ഥിച്ചു. മറ്റുള്ളവർ പരിഹസിച്ചപ്പോൾ പോലും അവൾ ദൈവത്തെ തള്ളിക്കളഞ്ഞില്ല. പലപ്പോഴും പെനിന്നാ അവളെ പരിഹസിച്ചപ്പോഴും ഹന്നാ മൗനമായി ഇരുന്നു ദൈവത്തോട് നിലവിളിച്ചു.
ബൈബിളിൽ ഇപ്രകാരം പറയുന്നു: ഹന്നാ പ്രാർത്ഥിച്ചത് ഒരു പുരുഷ സന്താനത്തെ ലഭിക്കാൻ ആയിരുന്നു. ഹന്നക്ക് താൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഉറപ്പുണ്ടായിരുന്നു. പലപ്പോഴും നാം വ്യക്തതയും കൃത്യതയും ഇല്ലാതെ ദൈവത്തോട് ഓരോ കാര്യങ്ങൾ ചൊല്ലി വിലപിക്കുമ്പോൾ, തന്റെ വിശ്വാസ ജീവിതത്തിലൂടെ നമ്മെ ദൈവത്തിലേക്ക് കൂടുതൽ ചേർത്ത് വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ലഭിക്കാത്തതായി ഒന്നുമില്ലായെന്ന് പഠിപ്പിക്കുന്നു.
ഹന്നാ തനിക്ക് ഒരു ആൺകുഞ്ഞിനെ വേണമെന്ന് മനോവ്യസനത്തോടെ ദൈവത്തിൽ വിശ്വസിച്ച് പ്രാർത്ഥിച്ചു. ദൈവസന്നിധിയിൽ ഹന്നാ ഒരു നേർച്ച നേർന്നു: “സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നൽകുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവക്ക് കൊടുക്കും (1 ശമുവേൽ 1:11).” ഇതിലൂടെ ഹന്നയുടെ വിശ്വാസത്തിന്റെ മഹത്വം വെളിവാക്കുന്നു. അവൾ ദൈവത്തോട് അപേക്ഷിച്ചത് തന്റെ വ്യക്തിഗത സന്തോഷത്തിനായി മാത്രം ആയിരുന്നില്ല; മറിച്ച് ദൈവത്തെ മഹത്വപ്പെടുത്താൻ കൂടിയായിരുന്നു.
ഹന്നാ ഹൃദയം കൊണ്ട് പ്രാർത്ഥിച്ചതിനാൽ അവളുടെ അധരം മാത്രമായിരുന്നു ചലിച്ചത്, ശബ്ദം പുറത്ത് വന്നിരുന്നില്ല. ശബ്ദത്തിന്റെ വലിപ്പത്തിലല്ല, ഏകാക ഹൃദയത്തോടെയാണ് നാം പ്രാർത്ഥിക്കേണ്ടത്. ദൈവം നമ്മെ അമ്മയുടെ ഉദരം മുതലേ അറിയുന്നവനാകയാൽ, നമുക്ക് തുറന്നു പറയാൻ കഴിയാത്ത വേദനകൾ പോലും യഹോവ അറിയുന്നു. ദൈവസന്നിധിയിൽ പൂർണ്ണഹൃദയത്തോടെ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ എല്ലാ വേദനകളും, എല്ലാ നിന്ദകളും, പരിഹാസങ്ങളും, എല്ലാ ഒറ്റപ്പെടലുകളും ദൈവം നമ്മിൽ നിന്നും നീക്കം ചെയ്യും.
കണ്ണുനീരിനെ മറികടക്കാത്ത ദൈവത്തെ ആണ് നാം സ്തുതിക്കുന്നത്. “ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; മനസ്സ് തകർന്നവരെ അവൻ രക്ഷിക്കുന്നു (സങ്കീർത്തനങ്ങൾ 34:18).” ദൈവത്തിന്റെ സമയത്തിൽ ദൈവം ഹന്നയുടെ പ്രാർത്ഥന കേട്ടു. “യഹോവ അവളെ ഓർത്തു” (1 ശമുവേൽ 1:19). അവൾ ഒരു മകനെ പ്രസവിച്ചു. അവന് “ശമുവേൽ” എന്ന് പേരിട്ടു — “ദൈവത്തോട് അപേക്ഷിച്ച് കിട്ടിയവൻ” എന്നർത്ഥം (1 ശമുവേൽ 1:20).
ചില നേരങ്ങളിൽ നമ്മൾ പ്രാർത്ഥിച്ചിട്ടും ലഭിക്കാത്ത കാര്യങ്ങളെചൊല്ലി ദൈവത്തോട് വാക്കുവാദങ്ങൾ നടത്തിയിട്ടുണ്ടാവാം; മറ്റൊരുവന് നന്മ ലഭിക്കുമ്പോൾ അത് കിട്ടാത്തതിനെചൊല്ലി പിറുപിറുത്തിട്ടുണ്ടാവാം; നമ്മൾ ആഗ്രഹിച്ച കാര്യങ്ങളിൽ താമസം വരുന്നതിനെയും കുറിച്ച് മനസ്സ് തകരാറിലായിട്ടുണ്ടാവാം.
എങ്കിൽ ദൈവമക്കളെ, ഒന്ന് ഓർക്കുക: നിന്റെ വിഷയങ്ങളുടെ മധ്യത്തിൽ നീ ഭാരപ്പെടുന്നുണ്ടെങ്കിൽ, നിനക്ക് നന്മ വരാൻ താമസിക്കുന്നുണ്ടെങ്കിൽ, കുഞ്ഞേ, നീ ഭാരപ്പെടണ്ട. ഏറ്റവും നല്ലത് മാത്രമേ ദൈവം നിനക്കായി കരുതുകയുള്ളു. വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും (യോഹന്നാൻ 11:40).
നാം വിശ്വാസജീവിതത്തിൽ ആയിരിക്കുമ്പോൾ പ്രതിക്കൂല സാഹചര്യങ്ങളിൽ കൂടി നമ്മൾ പോകേണ്ടി വരാം. എങ്കിലും ഒന്നിനെയും കുറിച്ച് വിചാരപ്പെടേണ്ടതില്ല. വിശ്വാസത്തോടെ ദൈവസന്നിധിയിൽ ആയിരിക്ക; തക്കസമയത്ത് യഹോവ വലിയവൻ ചെയ്യും. ദൈവം ഒരിക്കലും താമസിക്കുന്നില്ല; നമ്മുടെ വിശ്വാസം വളരാനുള്ള ഏറ്റവും പറ്റിയ സമയത്താണ് അവൻ പ്രതികരിക്കുന്നത്. ഹന്നയുടെ ദൈവം നമ്മുടെ ദൈവമാണ്. ആ ദൈവത്തിന്റെ കരങ്ങളിലേക്ക് നമ്മളെയെല്ലാം ഏൽപ്പിച്ചുകൊടുക്കാം.
കെസിയ റെൻസൺ

- Advertisement -



Comments are closed, but trackbacks and pingbacks are open.