ലേഖനം: വിലകൊടുത്തവനെ തിരിച്ചറിയാത്തവർ | പാസ്റ്റർ സാലു ദാനിയേൽ, യു. എസ്സ്
ഒരിക്കൽ ഒരു പിതാവ് കുടുംബയോഗം വിളിച്ചുകൂട്ടി മകനോടു പറഞ്ഞു: “ഇന്നുമുതൽ നീ എന്റെ മകനല്ല.” മറുപടിയായി മകൻ ഒട്ടും കൂസാതെ പറഞ്ഞു: “നിന്നെ എന്റെ പിതാവിന്റെ സ്ഥാനത്തുനിന്നു പിരിച്ചുവിട്ടിരിക്കുന്നു.” ഈ സംഭാഷണത്തിനു അടുത്തിടെ നടന്ന ഏതെങ്കിലും സംഭവുമായി സാമ്യം തോന്നിയാൽ അതിശയോക്തിയില്ല.
പിതാവായ ദൈവം അവിടുത്തെ വിലമതിക്കാനാകാത്ത സ്നേഹത്താൽ ഈ ലോകത്തെ സ്നേഹിച്ചു. അവിടുന്നു നമുക്കുവേണ്ടി അവിടുത്തെ ഏകജാതനായ പുത്രനെ അയച്ചു. ആ പുത്രനായ യേശുക്രിസ്തു അവിടുത്തെ വിലയേറിയ രക്തംകൊണ്ട് വീണ്ടെടുത്തതാണു നമ്മെ ഓരോരുത്തരേയും. അങ്ങനെ വിലക്കുവാങ്ങപ്പെട്ടവരായ നമ്മിൽനിന്നും അവിടുത്തെ സ്തുതിയും ആരാധനയും ഇടവിടാതെ ഉയരേണ്ടതിനു അവന്റെ ആലയമാക്കി മാറ്റി. മാത്രമല്ല, നമ്മെ അവിടുത്തെ മണവാട്ടിയാക്കേണ്ടതിനായി അവിടുത്തെ വചനത്താലും ആത്മാവിനാലും അനുദിനം ഒരുക്കിക്കൊണ്ടിരിക്കുന്ന സഭയാകുന്നു നാം. അവിടുന്നു നമ്മെ തിരഞ്ഞെടുത്ത് ഒരുക്കിക്കൊണ്ടിരിക്കുന്നത് അവിടുത്തെ നാമത്തിന്റെ മഹത്വത്തിനുവേണ്ടി ജീവിക്കുന്നതിനായിട്ടാണ്. അതിൽ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ നമ്മുടെ കടമകൾ നിറവേറ്റണം എന്നതാണു ദൈവത്തിനു നമ്മേക്കുറിച്ചുള്ള ഇഷ്ടവും ഉദ്ദേശ്യവും.
അതുകൊണ്ടാണ് എഫെസോസിലെ സഭയോട് ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നും മാനസാന്തരപ്പെടാഞ്ഞാൽ നിലവിളക്ക് അതിന്റെ നിലയിൽനിന്ന് നീക്കുകയും ചെയ്യും എന്ന് ദൂതറിയിക്കുന്നത് (വെളിപ്പാട് 2:4-5). മാനസാന്തരപ്പെടുവാൻ മനസ്സില്ലാത്തവരെയെല്ലാം ദൈവം നീക്കിക്കളയും എന്നത് ഇവിടെ വ്യക്തമല്ലേ?
‘ദൈവത്തിനുവേണ്ടിയും ദൈവസഭയ്ക്കുവേണ്ടിയും വിലകൊടുത്തവർ’ എന്ന പ്രയോഗം നമ്മുടെ പിതാക്കന്മാരെപ്പറ്റി പറഞ്ഞ് നാം പുകഴാറുണ്ട്.
എന്നാൽ ദൈവമാണു മനുഷ്യനുവേണ്ടിയും അവിടുത്തെ സഭക്കുവേണ്ടിയും വിലകൊടുത്തത് എന്നു നാം തിരിച്ചറിയുകയും അത് എപ്പോഴും ഓർക്കുകയും വേണം. അവിടുന്നു കൊടുത്ത വിലയ്ക്കും അതിന്റെ നിലയ്ക്കും അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരാകേണ്ടവരാണ് നാം ഓരോരുത്തരും. നമ്മുടെ പിതാക്കന്മാരും നമുക്കു മുൻപേ കടന്നുപോയവരും അവർക്കു ലഭിച്ച കൃപക്കനുസരിച്ചു ദൈവത്തിനുവേണ്ടിയും അവിടുത്തെ നാമത്തിനുവേണ്ടിയും നിന്നു. നാമും നമ്മുടെ നാഥന്റെ വില ഒട്ടും കളയാതെ അവിടുത്തെ നാമത്തിനുവേണ്ടി കൃപയോടെ നിലനിൽക്കണം. പത്രോസ് അപ്പോസ്തോലൻ അദ്ദേഹത്തിന്റെ ലേഖനത്തിൽ ലോകത്തിന്റെ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞ് ദൈവസ്വഭാവത്തിനു കൂട്ടാളികളായിത്തീരുന്നതിനെപ്പറ്റിയും അതിനായി നാം ഉൽസാഹിക്കേണ്ടുന്നതിനെപ്പറ്റിയും നമ്മെ ഓർമ്മിപ്പിക്കുന്നു. കാരണം നാം നമുക്കു ലഭിച്ച വിലയേറിയ വിശ്വാസത്തെക്കുറിച്ചും ക്രിസ്തുവിന്റെ പരിജ്ഞാനത്തെക്കുറിച്ചും നമ്മുടെ വിലയേറിയതും അതിമഹത്തായതുമായ വാഗ്ദത്തങ്ങളെക്കുറിച്ചും ബോധവാന്മാരാകേണം എന്നുള്ളതുതന്നെ. ആയതിനാൽ നാം നമ്മുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിക്കേണ്ടത് അത്യുത്തമം (2 പത്രോസ് 1:1-10).
ലോകം എക്കാലത്തും ക്രിസ്തുവിനെയും ക്രിസ്തുമാർഗ്ഗക്കാരേയും നിന്ദിച്ചുകൊണ്ടിരിക്കുകയും അതിനുള്ള അവസരം എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയുമാണ്. ക്രിസ്തുവിന്റെ ഐഹിക ജീവിതകാലത്ത് അത് ശരിയായ നടപ്പും പ്രവർത്തിയും കാരണമായിരുന്നു. എന്നാൽ ഇന്നു ദൈവമക്കൾ എന്ന് അവകാശപ്പെടുന്ന നമ്മുടെ വിശുദ്ധിയും വിശ്വാസവും ഇല്ലായ്മയും നമ്മുടെ അധികാരക്കൊതിയും സഭയിലെ രാഷ്ട്രീയക്കളിയും കാരണം ദൈവനാമം ദുഷിക്കപ്പടുകയും പരിഹസിക്കപ്പടുകയും ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ക്രിസ്തുവിന്റെ പ്രമാണം അനുസരിച്ച് അത്തരക്കാർ ദൈവമക്കളല്ല എന്നുമാത്രമല്ല ദൈവത്തെ അനുഗമിക്കാൻ യോഗ്യരുമല്ല. തന്നെത്താൻ താഴ്ത്തുവാനും ശൂന്യമാക്കപ്പെടുവാനും മനസ്സില്ലാത്തവർ ദൈവരാജ്യത്തിനും ദൈവനാമം വഹിക്കുന്നതിനും യോഗ്യരല്ല. നാം നമ്മെത്തന്നെ സഭയുടെ നേതാക്കന്മാരായി കണക്കാക്കിയാലും നമ്മുടെ കൂട്ടുവിശ്വാസികളും വിലകൊടുത്ത ദൈവവും നമുക്കൊരു വിലയും കൽപ്പിക്കുന്നില്ല എന്ന കാര്യം മറന്നുപോകുന്നു. “സാത്താനേ, എന്നെ വിട്ടു പോ” എന്ന് പത്രോസിനെ ശകാരിച്ചതിന് ശേഷം കർത്താവു തിരിഞ്ഞു ശിഷ്യന്മാരോട് പറഞ്ഞു, “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇഛിച്ചാൽ തന്നത്താൻ ത്യജിച്ചു തന്റെ ക്രൂശെടുത്തു എന്നെ അനുഗമിക്കട്ടെ” (മത്തായി 16:24). നമ്മുടെ പദവികളും ഇഷ്ടങ്ങളും ത്യജിക്കാൻ കഴിയാത്ത നാം എന്തു വിലയാണ് ദൈവത്തിനും ദൈവനാമത്തിനും കൊടുക്കാൻ കഴിയുന്നത്? എന്തു ത്യാഗമാണു നാം ദൈവനാമത്തിനുവേണ്ടി സഹിക്കുന്നതു? അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കുകയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു… സഹോദരനെ വീണ്ടെടുക്കാനോ ദൈവത്തിന് വീണ്ടെടുപ്പ് വില കൊടുപ്പാനോ ആർക്കും കഴിയുകയില്ല (സങ്കീർത്തനം 49:6-8) എന്നത് നമ്മുടെ കഴിവില്ലായ്മയെ ഓർമ്മിപ്പിക്കുകയല്ലേ?
ഒരു മനുഷ്യൻ സർവലോകവും (സർവ അധികാരവും) നേടിയാലും തന്റെ ജീവനെ (തന്റെ രക്ഷയും ദൈവപൈതൽ എന്ന പദവിയും) നഷ്ടമാക്കിയാൽ അവന് എന്ത് പ്രയോജനം? ആകയാൽ സകല ഭാരവും മുറുകെപ്പറ്റുന്ന പാപവും വിട്ട് നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടുക എന്നതാണ് അതിപ്രധാനം (ഏബ്രായർ 12:1) എന്ന വചനം ഓർക്കുന്നത് അത്യന്താപേക്ഷിതം.
വിലകൊടുത്ത ദൈവത്തിന്റെ, വിലകളയാതെ നമ്മുടെ വേല തികയ്ക്കാം, കർത്താവിന്റെ വരവിനായി നമുക്കൊരുങ്ങാം.
പാസ്റ്റർ സാലു ദാനിയേൽ, യു. എസ്സ്

- Advertisement -



Comments are closed, but trackbacks and pingbacks are open.