ലേഖനം: അവഗണിക്കുന്നവരെ പരിഗണിക്കുന്ന ദൈവം | സീനാ മാത്യു തോമസ്, കൈതക്കുഴി
ജീവിതത്തിൽ ഒരിക്കലെങ്കിലും അവഗണന അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അവഗണന നമുക്ക് തരുന്ന മാനസികാഘാതം ചെറുതല്ല. ഉടയവരും എന്തിന് പെറ്റമ്മ പോലും അവഗണിക്കുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ലോകം അവഗണിച്ചാലും ദൈവം നമ്മെ ഒരിക്കലും അവഗണിക്കില്ല. മനുഷ്യർക്ക് മൂല്യമില്ലാത്ത പലതും ദൈവത്തിൻ്റെ മുമ്പിൽ അതുല്യമായ സ്ഥാനമുണ്ട്. ആരൊക്കെ നമ്മെ മറന്നാലും ദൈവം നമ്മെ മറക്കുകയില്ല. അബ്രഹാമിന്റെ ജീവിതത്തിൽ തലമുറ ഇല്ലാത്ത ദുഃഖം തന്നെ ഏറെ അലട്ടിയിരുന്നു എങ്കിലും തന്നിലുള്ള വാഗ്ദത്ത സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ച് നിൻ്റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും എന്ന വാഗ്ദത്തമൊക്കെയും കേൾക്കുമ്പോൾ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചതിനാൽ ദൈവീക മഹത്വം തന്നിൽ വെളിപ്പെടുവാൻ ഇടയായി.
വിശുദ്ധ ബൈബിൾ പരിശോധിച്ചാൽ അനേക വ്യക്തിജീവിതങ്ങൾ അവഗണനയുടെ നടുവിൽ ദൈവീക പദ്ധതിക്കായി ഉപയോഗപ്പെടുന്നതായി കാണാൻ കഴിയും. ഏത് പ്രതിസന്ധിയുടെ നടുവിലും നാം ദൈവത്തിനായി നിൽക്കുമെങ്കിൽ ദൈവം നമ്മെ ഉപയോഗിക്കും. ആരെല്ലാം നമ്മുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടുവാൻ ശ്രമിച്ചാലും നിയോഗം ഉള്ളവനെ ദൈവം തക്ക സമയത്ത് പുറത്ത് കൊണ്ടു വരും. ദാവീദ് കാട്ടിൽ തൻ്റെ അപ്പൻ്റെ ആടുകളെ മേയിക്കുന്ന ഒരു ഇടയ ചെറുക്കൻ എന്ന നിലയിൽ കുടുംബക്കാരും മറ്റുള്ളവരും അവനെ സൈന്യത്തിൽ പോലും ചേരുവാൻ കൊള്ളില്ല എന്ന നിലയിൽ അവനെ അവഗണിച്ചു. ഫെലിസ്തൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു അവൻ്റെ നേരെ ശാപവാക്കുകൾ പറഞ്ഞു എന്നാൽ ദൈവീക നിയോഗത്തിന്റെ ഭാഗമായി തന്റെ നേരെ വാളും കുന്തവും വേലുമായി വന്ന ഫെലിസ്ത്യൻ്റെ നേരെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ എതിർത്തു നിന്നു ഒരു കവണയും കല്ലുമായി ജയിച്ചു. കാലം ഒരു പക്ഷേ നമ്മെ തല്ലി കെടുത്തിയിട്ടുണ്ടാകാം, നമ്മുടെ ശുശ്രൂഷയെ നമ്മുടെ കഴിവിനെ അവഗണിക്കുന്നു ണ്ടാകാം,പല സാഹചര്യങ്ങളിലും ഇവൻ കൊള്ളത്തില്ല എന്നും പറഞ്ഞു മാറ്റി നിർത്തിയിട്ടുണ്ടാകാം എന്നാൽ കാലം കെടുത്തിയത് തിരികെ തരാൻ ദൈവത്തിന് ഒരു നിമിഷം മതി. സർവശക്തന്റെ കരസ്പർശം നമ്മളെ വിലയുള്ളവർ ആക്കി മാറ്റും. അവസാനിച്ചിട്ടില്ല നിന്നെ അവഗണിച്ചവർക്ക് നടുവിൽ ഞാൻ നിന്നെ നായകനാക്കി മാറ്റും അഭിഷേകത്താലും പ്രാർത്ഥനയാലും നിറയുക.
ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു സ്ത്രീ യേശുവിൻ്റെ വസ്ത്രത്തിൽ തൊട്ട് സൗഖ്യം പ്രാപിച്ചു അവളുടെ വിശ്വാസം അവൾക്ക് രക്ഷയായി തീർന്നു.കാരാഗൃഹം വരെ എത്തിക്കാൻ നിൻ്റെ എതിരാളികൾക്കും എന്തിന് അവിടേക്കുള്ള വഴിയുടെ തുടക്കം കുറിക്കാൻ നിൻ്റെ സ്വന്തം സഹോദരങ്ങളും മുന്നിലുണ്ടാകും…..
പക്ഷെ
കാരാഗൃഹത്തോടെ നീ തീർന്നു പോകണോ എന്ന് തീരുമാനിക്കുന്നത് സ്വർഗ്ഗത്തിലെ ദൈവമാണ്…..
നിൻ്റെ മേൽ വീണ അഭിക്ഷേകവും നിയോഗവും തീരുമാനിക്കും…
നീ കൊട്ടാരത്തിൽ നിൽക്കണോ എന്ന് . നാല്പത് വർഷം എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് വളർന്ന മോശ അടുത്ത നാല്പത് വർഷം ഒരു പണിയപ്പെടലിനായി മരുഭൂമിയിൽ ഉഴലേണ്ടി വന്നു എന്നാൽ തളർന്ന് പോകാതെ താങ്ങായ ഒരു ദൈവിക സ്പർശനം മുൾപടർപ്പിൽ വന്നു ഇറങ്ങി വന്നു വാഗ്ദത്തം നൽകി അധികാരം നൽകി ആ മഹാനിയോഗത്തിനായി ഒരുക്കിയെടുത്തു. നാല്പത് ലക്ഷം വരുന്ന യിസ്രയേൽ ജനത്തെ നയിപ്പാൻ തുടർന്നുള്ള നാല്പത് വർഷം നയിപ്പാൻ ആവശ്യമായ കൃപയും കരുത്തും ആ കരങ്ങളിൽ പകർന്നു . അതേ ഒരു വാഗ്ദത്തം ദൈവം നിനക്ക് തന്നിട്ടുണ്ടെങ്കിൽ, നിവർത്തികരണത്തിലേക്ക് ഒരു യാത്രയും ഉണ്ട്…. ഒരു മരുഭൂയാത്ര ചുട്ടുപൊള്ളുന്ന മരണലാര്യങ്ങൾ ദാഹിച്ചു വലയുന്ന ദിനരാത്രങ്ങൾ അതേ ശ്രേഷ്ഠകരമായ പുതു വഴിയിലേക്ക് ഉള്ള കഠിനയാത്ര.
ആ യാത്രയെന്നത് സുഖമുള്ള യാത്രയല്ല അതിനകത്ത് പട്ടിണി ,പൈദാഹം, ഉറക്കം ഇല്ലായ്മ, അപമാനം, നിന്ദ, പരിഹാസം, ദുഃഖം, പഴി,ഒറ്റപ്പെടൽ എല്ലാം ചേർന്ന യാത്രയാണ്…
പക്ഷെ ആ യാത്രയാണ് നാം പണിയപ്പെടുന്ന യാത്ര. നീ കേട്ട വാഗ്ദത്തം എത്ര വലുതാണോ യാത്രയും വലുതായിരിക്കും.
ഒരു നാൾ നശ്വരമായ ഇവ എല്ലാറ്റിനെയും തരണം ചെയ്ത് നീ ആ വാഗ്ദത്ത നിവർത്തിയിലെത്തും. അന്ന് എല്ലാവരും നിന്നെ നോക്കി ആശ്ചര്യപെടും. ദൈവനാമം മഹത്വപ്പെടും നിശ്ചയം.
അവഗണകളെ പരിഗണകളാക്കി മാറ്റുന്ന ദൈവം എവരെയും അനുഗ്രഹിക്കുമാറാകട്ടെ.
സീനാ മാത്യു തോമസ്, കൈതക്കുഴി

- Advertisement -



Comments are closed, but trackbacks and pingbacks are open.