എഡിറ്റോറിയൽ : കൺവൻഷൻ പ്രാസംഗികർ വാക്കിലും പ്രവർത്തിയിലും വിശ്വസ്തത പുലർത്തണം | ഫിന്നി കാഞ്ഞങ്ങാട്
കൺവൻഷനുകൾ ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ ഉണർവിനും വിശ്വാസ വർദ്ധനവിനുമുള്ള ശക്തമായ വേദികളാണ്. അവിടെ ഉയരുന്ന വചനങ്ങൾ മനുഷ്യരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാനുള്ള ശേഷിയുള്ളവയായിരിക്കണം. എന്നാൽ ഇന്നത്തെ കാലത്ത് ചില പ്രസംഗകർ സ്വീകരിക്കുന്ന ഒരു പ്രവണത മറ്റ് സഭാ ശുശ്രൂഷകർക്കും സഭയ്ക്കും സമൂഹത്തിനും ഗൗരവകരമായ ആശങ്ക ഉയർത്തുന്നുണ്ട്. നേരത്തെ ക്ഷണം സ്വീകരിച്ചും തീയതി ബുക്ക് ചെയ്തു കഴിഞ്ഞിട്ടും, എന്തിന്റെ പേരിലാണെങ്കിലും മറ്റൊരു കൺവൻഷനിലേക്കായി ആദ്യ പ്രതിബദ്ധത ഉപേക്ഷിച്ച് പോകുന്ന സമീപനം ആത്മീയ മൂല്യങ്ങളുടെ തകർച്ചയല്ലാതെ മറ്റൊന്നുമല്ല.
ഒരു കൺവൻഷനിലേക്കുള്ള പ്രസംഗ ക്ഷണം കേവലം ഒരു ഔപചാരികമായ വാക്കുകൾ മാത്രമല്ല അത് വിശ്വാസത്തോടും വിശ്വാസികളോടും വചനത്തിന്റെ വിശുദ്ധിയോടും ചെയ്യുന്ന പ്രതിജ്ഞയാണ്. അത് അംഗീകരിച്ച് തീയതി ഉറപ്പിച്ചതിന് ശേഷം തീരുമാനം മാറ്റുന്നത് ക്രൈസ്തവ ശുശ്രൂഷയുടെ ധാർമ്മീകതയല്ല “ദൈവവചനം” കൈകാര്യം ചെയ്യുന്ന ഒരു ശുശ്രൂഷകൻ ശുശ്രൂഷയോടുള്ള പ്രതിബദ്ധതയും കടപ്പാടും നിർവഹിക്കാത്തത് മൂലം അവിടെ നഷ്ടമാകുന്നത് വ്യക്തിത്വമല്ല, സഭയുടെ സാക്ഷ്യമാണ്.
ഇത്തരം പ്രവണതകൾ ശക്തിപ്പെടുമ്പോൾ സഭകളുടെയും സംഘാടകരുടെയും വിശ്വാസം തകരുന്നു. പലപ്പോഴും സാമ്പത്തികവും മാനസികവുമായ വലിയ തയ്യാറെടുപ്പുകൾക്ക് ശേഷം, അവസാന നിമിഷം പ്രസംഗകൻ പിന്‍വാങ്ങുന്നത് വലിയ ആശയക്കുഴപ്പവും നിരാശയും ആശങ്കയും ഉണ്ടാക്കുന്നു. അത് ആ കൺവൻഷനുമായി ബന്ധപ്പെട്ട വിശ്വാസികളെ മാത്രമല്ല, ദൈവവചനത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്.
ശുശ്രൂഷ ഒരു തൊഴിൽ അല്ല ; അത് ഒരു ദൗത്യമാണ്. ദൈവം ഏല്പിച്ച ഉത്തരവാദിത്വമാണത്. പ്രസംഗകൻ പീഠത്തിൽ കയറുന്നത് തന്റെ കഴിവും വാഗ്ദാനവും വിൽക്കാനല്ല, ദൈവഹിതം പ്രഖ്യാപിക്കാനാണ്. “കൂടുതൽ കിട്ടുന്നിടത്തേക്ക് ” എന്ന ചിന്ത ശുശ്രൂഷയെ വ്യാപാരമായി മാറ്റുന്ന അപകടകരമായ പ്രവർത്തിയാണ്.
ഇവിടെ സഭയും ആത്മപരിശോധന നടത്തേണ്ടതുണ്ട്. പ്രസംഗകരെ “റേറ്റിങ്ങ്”, “ഡിമാൻഡ്”, “സ്റ്റാർ വാല്യു” എന്നിങ്ങനെ മാനദണ്ഡങ്ങളിൽ കെട്ടിയിടുന്ന സമീപനവും ഈ പ്രശ്നത്തിന് വളമായി മാറുന്നു. ശുശ്രൂഷയെ പ്രശസ്തിയുടെയും പ്രതിഫലത്തിന്റെയും മത്സരമാക്കി മാറ്റുമ്പോൾ, ചിലർ അതിന്റെ ചുഴിയിൽ വീഴുന്നതിൽ അതിശയിക്കാനില്ല. പക്ഷേ, സഭയുടെ വിളി മത്സരത്തിനല്ല; മാതൃകയ്ക്കാണ്.
പ്രസംഗകർ സ്വയം ചിന്തിക്കണം: “എന്റെ വാക്കുകൾക്കു പിന്നിൽ ആത്മാർത്ഥതയുണ്ടോ? ഞാൻ ദൈവത്തിന് വേണ്ടി നിലകൊള്ളുകയാണോ, അല്ലെങ്കിൽ എന്റെ സുഖസൗകര്യങ്ങൾക്കായി മാത്രമാണോ?” ഒരു തീയതി സ്വീകരിച്ച് വാഗ്ദാനം നൽകിയാൽ, അത് പാലിക്കുന്നത് ക്രൈസ്തവ സാക്ഷ്യത്തിന്റെ അടിസ്ഥാന ധാർമ്മികതയാണ്. വാക്കിന് വിലയില്ലാത്തവനായി ഒരു പ്രസംഗകൻ മാറുന്നുവെങ്കിൽ, അവന്‍റെ വചനത്തിനും വിശ്വാസ്യത നഷ്ടമാകും.
ഈ സാഹചര്യത്തിൽ വ്യക്തമായൊരു ആത്മീയ സംസ്കാരം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. മുൻകൂട്ടി നൽകിയ വാഗ്ദാനങ്ങൾ മാനിക്കണമെന്നും, അടിയന്തര സാഹചര്യങ്ങളല്ലാതെ പിൻവാങ്ങാതിരിക്കണമെന്നും പ്രസംഗകർ ശ്രദ്ധിക്കണം. അതുപോലെതന്നെ, സഭകളും സംഘാടകരും ശുശ്രൂഷയെ പണമെന്ന അളവുകോലിൽ മാത്രമല്ല, ആത്മീയതയുടെ തൂക്കത്തിലൂടെയാണ് വിലയിരുത്തേണ്ടത്.
അവസാനം ചോദ്യമിവയാണ്: നമ്മൾ ദൈവത്തെ സേവിക്കുകയാണോ, അതോ ദൈവനാമത്തിൽ സ്വയം വിപണനം ചെയ്യുകയാണോ? ഈ ചോദ്യത്തിന് സത്യസന്ധമായ ഉത്തരമാണ് സഭയുടെ നാളെയെ നിർണയിക്കുക. പ്രസംഗപീഠം അവിശ്വസ്തതയുള്ളതാകുമ്പോൾ വിശ്വാസത്തിന്റെ വിളക്ക് മങ്ങിത്തുടങ്ങും. അതു സംഭവിക്കാതിരിക്കാൻ ഓരോ ശുശ്രൂഷകനും സഭയും ജാഗ്രത പുലർത്തേണ്ട സമയമാണിത്.
ഫിന്നി കാഞ്ഞങ്ങാട്, ജനറൽ പ്രസിഡന്റ്,ക്രൈസ്തവ എഴുത്തുപുര.

- Advertisement -



Comments are closed, but trackbacks and pingbacks are open.