ലേഖനം: മനുഷ്യ ബുദ്ധിക്ക് അതീതമായ ദൈവത്തിന്റെ തിരഞ്ഞെടുപ്പ് | സിബി ബാബു, യു. കെ 

ദൈവം മോശെയോട് പന്ത്രണ്ടു ഗോത്രങ്ങളുടെ തലവന്മാരിൽനിന്ന് പന്ത്രണ്ടു വടികൾ എടുക്കാൻ പറഞ്ഞു. ഓരോ വടിയിലും അവരുടെ പേരുകൾ എഴുതണം; ലേവിയുടെ വടിയിൽ ആരോന്റെ പേര് എഴുതണം. വടികൾ എല്ലാം ദൈവത്തിന്റെ സന്നിധിയിൽ സാക്ഷ്യകൂടാരത്തിന്റെ മുന്നിൽ വെക്കണം. ദൈവം പറഞ്ഞു:

“ഞാൻ തിരഞ്ഞെടുത്തവന്റെ വടി തളിർക്കും.”

അടുത്ത ദിവസം രാവിലെ മോശെ ചെന്നപ്പോൾ, അഹരോന്റെ വടിയിൽ തളിർപ്പുകളും, പൂക്കളും, പാകമായ ബദാംപഴങ്ങളും ഉണ്ടായിരിക്കുന്നു (സംഖ്യാ 17:8).

മനുഷ്യരുടെ കാഴ്ചയിൽ പന്ത്രണ്ടു വടികളും ഒരുപോലെയായിരുന്നു. ദൈവം തിരഞ്ഞെടുത്തവനും തിരഞ്ഞെടുത്തിട്ടില്ലാത്തവനുമായി മനുഷ്യരുടെ കണ്ണുകൾക്ക് ഒരു വ്യത്യാസവുമില്ല. മനുഷ്യൻ കാണുന്നത് പുറമേ ആണെങ്കിലും ദൈവം കാണുന്നത് ഹൃദയത്തെ ആണ്. ഈ വടികൾ മനുഷ്യരുടെ കയ്യിൽ ഒരുപോലെ തോന്നിയെങ്കിലും, ദൈവത്തിന്റെ സന്നിധിയിൽ വെച്ചപ്പോൾ അവയിൽ ഒന്ന്, അഹരോന്റെ വടി പൂർണ്ണമായും വ്യത്യസ്തമായി തെളിഞ്ഞു പുറത്തു വന്നു!. ആരും പ്രതീക്ഷിക്കാത്തതായിരുന്നു ഇത്. ഒരിക്കലും ജീവിക്കില്ല എന്നു വിധിച്ച ഉണങ്ങിയ വടി, അനിശ്ചിതത്വത്തിന്റെ നടുവിൽ ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെ തെളിവായി പൊങ്ങി വന്നു. ജീവൻ ഇല്ലാത്ത വടി, ദൈവ സന്നിധിയിൽ വെച്ചപ്പോൾ ജീവൻ പൊങ്ങി വന്നു. അസാധ്യത്തിൽ നിന്ന് ദൈവത്തിന്റെ സാധ്യത തെളിഞ്ഞു വന്നു. ദൈവത്തിന്റെ തെരഞ്ഞെടുപ്പ് മനുഷ്യരുടെ തീരുമാനത്തിൽ അല്ല എന്നാണ് ഇവിടെ വ്യക്തമാകുന്നത്. മനുഷ്യരുടെ കാഴ്ചയിൽ എല്ലാം ഒരുപോലെ ആയിരുന്നു, പന്ത്രണ്ടു വടികളും ഒരേപോലെ ഉണങ്ങിയവ ആയിരുന്നു. മാനുഷികമായി ആരെയും ഉയർത്താനോ താഴ്ത്താനോ ഒന്നുമില്ല. എന്നാൽ ദൈവത്തിന്റെ മുന്നിൽ അവയിൽ ഒരുവടി ദൈവത്തിന്റെ തിരഞ്ഞെടുപ്പു ഉള്ളവ ആയിരുന്നു. ദൈവം നിയോഗിക്കുന്നതിനെ മനുഷ്യർക്കു ഉപേക്ഷിക്കുകയോ, അതിനെ മറികടക്കുകയോ സാധ്യമല്ല. അഹരോന്റെ വടിക്ക് ജീവൻ വന്നത് അഹരോന്റെ കഠിനാധ്വാനം കൊണ്ടോ , അഹരോന്റെ ശക്തി കൊണ്ടോ, അഹരോന്റെ കഴിവ് കൊണ്ടോ അല്ല, അത് ദൈവത്തിന്റെ ഇടപെടൽ ഒന്ന് കൊണ്ട് മാത്രം ആണ്. അതെ ദൈവത്തിന്റെ ഇടപെടലുകൾ മാത്രം!

അതുപോലെ, ദൈവം നമ്മെ വിളിക്കുമ്പോൾ, ദൈവം തന്നെയാണ് നമ്മുടെ ജീവിതത്തിൽ തന്റെ വിളിയുടെ തെളിവുകൾ സൃഷ്ടിക്കുന്നത്. അത് നമ്മുടെ, കഴിവിനെയോ, പരിചയത്തെയോ, ശക്തിയേയോ ആശ്രയിച്ചല്ല മറിച്ചു ദൈവത്തിന്റെ ഇടപെടലുകളിൽ നമ്മൾ എത്രത്തോളം ദൈവത്തോട് അനുകൂലപ്പെടുന്നു എന്നതിനെ ആശ്രയിച്ചയിരിക്കും.

ദൈവത്തിന്റെ നിയോഗത്തിന് ദൈവം തന്നെ സാക്ഷ്യം നിൽക്കും. സാക്ഷ്യകൂടാരത്തിന്റെ മുമ്പിൽ വെച്ച സമയത്തിന് മുമ്പ്, അവ മനുഷ്യരുടെ കയ്യിൽ ഉണ്ടായിരുന്നപ്പോൾ ഒന്നും സംഭവിച്ചില്ല. എന്നാൽ ദൈവസന്നിധിയിൽ ഒരു രാത്രി മാത്രം കിടന്നപ്പോൾ, ദൈവം തിരഞ്ഞെടുക്കുന്നവനിൽ ദൈവത്തിന്റെ സ്‌പർശനം തെളിഞ്ഞു. അഹരോന്റെ വടി പൂർണ്ണമായും ജീവൻ ഇല്ലാത്തതായിരുന്നു, എന്നാൽ ദൈവത്തിന്റെ സന്നിധിയിൽ ആ വടി തളിർത്തിരുന്നു. അത് തളിർപ്പിൽ മാത്രം ഒതുങ്ങിയില്ല. പൂക്കളുണ്ടായി. പൂവിൽ മാത്രം ഒതുങ്ങിയില്ല. അവസാനം അത് ഫലം കായ്ച്ചു , അതായത് ഉണങ്ങിയ, ജീവൻ ഇല്ലാത്ത വടി ഫലം കൊടുക്കുന്ന അവസ്ഥയിലേക്ക് അത് മാറി. അതായത് ദൈവത്തിന്റെ സന്നിധിയിൽ നിൽക്കുന്നവൻ എത്ര ഉണങ്ങിയ അവസ്ഥ ആണെങ്കിലും, സ്വയമായി ഒന്നും ചെയ്യുവാൻ കഴിവില്ലെങ്കിലും അവൻ ദൈവത്തിനു വേണ്ടി ഫലം കായ്ച്ചിരിക്കും. ദൈവത്തിനു മാത്രമേ ദൈവം ആഗ്രഹിക്കുന്ന ഫലം നമ്മിൽ ഉളവാക്കാൻ സാധിക്കൂ എന്നതാണ് ഇവിടെ വ്യക്തമാകുന്നത്. ദൈവത്തിന്റെ പ്രവൃത്തി എന്നത് ഒരു ജീവൻ കൊടുക്കുന്നതിൽ മാത്രം നിർത്തപ്പെടുന്നില്ല; അത് ജീവന്റെ ഫലം കൊടുക്കുന്ന പൂർണ്ണതയുടെ അവസ്ഥയിലേക്ക് എത്തിക്കാൻ നമ്മുടെ ദൈവം ശക്തനാണ്.

ദൈവം ആരംഭിക്കുന്നതിനെ ദൈവം പൂർണ്ണമാക്കുന്നു. അത് മനുഷ്യന്റെ പ്രവർത്തനമല്ല; ദൈവത്തിന്റെ ഇടപെടലുകളും ദൈവത്തിന്റെ സാക്ഷ്യവും തന്നെയാണ്. ദൈവം ആരെ നിയോഗിക്കുന്നു, അവനിൽ ദൈവം തന്റെ മുദ്ര പതിപ്പിക്കും. തീർച്ച. ദൈവം തെരഞ്ഞെടുത്തതിനെ ദൈവം തന്നെയാകും ഉയർത്തുക. പ്രിയരെ ഇതിൽ ഒരു വലിയ ആത്മീയ സത്യം ആണ് മറഞ്ഞിരിക്കുന്നത്, ദൈവത്തിന്റെ സന്നിധിൽ അല്ലാതെ ജീവൻ ഉണ്ടാകില്ല. നമ്മുടെ ശ്രമങ്ങൾ, കഴിവുകൾ, അധ്വാനങ്ങൾ എല്ലാം ഉണങ്ങിയ വടികൾ പോലെയായിരിക്കും. ദൈവത്തിന്റെ ശുശ്രൂഷകൾ നമ്മുടെ കഴിവിലോ, പരിചയത്തിലോ, നമ്മുടെ ബുദ്ധിയിലോ അല്ല ചെയ്യേണ്ടത്, ദൈവത്തിന്റെ ശുശ്രൂഷകൾ ദൈവ സാന്നിധ്യത്തിലും, ദൈവം തരുന്ന കൃപക്ക് അനുസരിച്ചുമാണ് ചെയ്യേണ്ടത്. മനുഷ്യരുടെ കൈകളിൽ വടികൾ ഒരിക്കലും തളിർക്കുകയും, ജീവൻ വെക്കുകയും ഇല്ല; ദൈവത്തിന്റെ സന്നിധിയിൽ വെച്ചാൽ മാത്രമേ അത് ജീവിക്കു. ദൈവിക നിയോഗം, ദൈവീക ശുശ്രൂഷകൾ മനുഷ്യരുടെ പ്രശംസയാലോ പിന്തുണയാലോ അല്ല നിലനിൽക്കുന്നത്, പിന്നെയോ ദൈവസന്നിധിയിൽ എത്തിയാൽ മാത്രം ആണ് അതിന് ജീവൻ വെക്കുന്നത്. ഇതിന്റെ അർഥം ആത്മീയ ശുശ്രൂഷകൾ എന്നത് ഒരു സ്ഥാനമോ, പദവിയോ അല്ല, അതൊരു ദൈവ നിയോഗമാണ്. ദൈവം ഉയർത്തുന്നവരെ മനുഷ്യർക്കും, സമയത്തിനും, സാഹചര്യത്തിനും തടയാനാവില്ല; ദൈവം തിരഞ്ഞെടുക്കുന്നതിൽ ദൈവം സ്വയം പ്രസിദ്ധനാകുന്നു. അഹരോന്റെ വടി ദൈവ സന്നിധിയിൽ കൊണ്ട് വന്നപ്പോൾ അത് വെറുമൊരു വടി അല്ലാതെയായി. അത് ദൈവത്തിന്റെ പ്രത്യക്ഷതയുടെ ഉപകരണമായി. അത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വടി ആയി മാറി. ദൈവം ആരെയാണോ ഉപയോഗിക്കുന്നത് ദൈവം അവിടെ തന്റെ സാന്നിധ്യത്തെ തെളിയിക്കുന്നു. ദൈവം തിരഞ്ഞെടുത്ത ജീവിതം ദൈവത്തിന്റെ മഹത്വത്തിന്റെ വേദിയാകുന്നു. ദൈവം തിരഞ്ഞെടുത്തതിനെ ആർ കുറ്റം ചുമത്തും?( റോമർ 8:33) ദൈവത്തിനു മഹത്വം! നീ കാണുന്നത് എല്ലാം ഒരേപോലെ ആയിരിക്കും, മാറാത്ത സാഹചര്യങ്ങൾ, തുറക്കാത്ത വാതിലുകൾ, മറുപടി ഇല്ലാത്ത പ്രാർത്ഥനകൾ, ജീവിതത്തിൽ ഒരേപോലെ ഇരുളടഞ്ഞ ദിനങ്ങൾ. പക്ഷേ മനുഷ്യർ കാണുന്നതുപോലെ ദൈവം നിന്റെ ജീവിതത്തെ അളക്കുന്നില്ല. നീ ഏത് നിലയിലാണ് എന്നതല്ല പ്രധാനപ്പെട്ടത്; ദൈവം നിന്നെ ഏത് നിമിഷത്തിലാണ് സ്പർശിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ദൈവം നിനക്കു നിശ്ചയിച്ച സമയം തികയുമ്പോൾ, അഹരോന്റെ വടിയിലുണ്ടായ അത്ഭുതംപോലെ നിന്റെ ജീവിതത്തിലും ദൈവ പ്രവർത്തിയുടെ മാറ്റങ്ങൾ സംഭവിക്കും. ഒരു ഉണങ്ങിക്കിടന്ന വടിയെപ്പോലെ വർഷങ്ങളോളം നീ നിശ്ചലമായി കിടന്നിരിക്കാം; പ്രാർത്ഥനകൾക്ക് മറുപടി കിട്ടാതെയിരിക്കുന്നതുപോലെ തോന്നാം; സ്വപ്നങ്ങൾ മരിച്ചുപോയതുപോലെ തോന്നാം; അവസരങ്ങൾ എല്ലാം അടഞ്ഞുപോയതുപോലെ തോന്നാം. പക്ഷേ ദൈവം നിശ്ചയിച്ച സമയത്ത്, ഒരു രാത്രിക്കുള്ളിൽ ഉള്ളിൽ അത്ഭുതം സംഭവിക്കും. അഹരോന്റെ വടി തളിർത്തു, പൂത്തതുപോലെ, ദൈവം നിന്റെ ജീവിതത്തിലും മറ്റുള്ളവരിൽ നിന്ന് നിന്ന് വ്യത്യസ്തമായി തെളിവുകൾ സൃഷ്ടിക്കും. ഇത് നിന്റെ ശ്രമം കൊണ്ടല്ല, നിന്റെ ജ്ഞാനം കൊണ്ടല്ല, നിന്റെ ശക്തി കൊണ്ടല്ല. ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്മേൽ ദൈവത്തിന്റെ മുദ്ര പതിപ്പിക്കുന്നതിന്റെ ദൈവീക അധികാരം ഒന്ന് കൊണ്ട് മാത്രമാണ്. എന്നാൽ ഒന്ന് മറന്നു പോകരുത്, നിന്റെമേൽ ദൈവം വരുത്തുന്ന മാറ്റം നീയും നിന്റ ദൈവവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ തെളിവാണ്. അഹരോന്റെ വടി ദൈവത്തിന്റെ സന്നിധിയിൽ വെച്ചപ്പോൾ മാത്രമേ അതിൽ ജീവൻ വന്നത് എന്നുള്ളത് ശ്രദ്ധിക്കുക. അതുപോലെ ദൈവസന്നിധിയിൽ നീ നിൽക്കുന്നിടത്തോളം നിന്റെ ജീവിതത്തിൽ ദൈവത്തിന്റെ പ്രവർത്തനവും, ദൈവത്തിന്റെ ജീവനും ഉറപ്പാണ്. ദൈവം നിനക്ക് വേണ്ടി ഒരു സമയം നിച്ഛയിച്ച് വെച്ചിട്ടുണ്ട്. നിനക്കു വേണ്ടി ഉള്ള ദൈവത്തിന്റെ സമയത്ത് ഒന്നും താമസിക്കുകയില്ല. ഒന്നും വൈകുകയില്ല. അത് സംഭവിക്കും. നിച്ഛയം.

നീ നിശ്ചലാവസ്ഥയിൽ ഇരിക്കുമ്പോഴും ദൈവത്തിന്റെ പദ്ധതികൾ സജീവമാണ്. നീ കാണാത്തതിൽ ദൈവം പ്രവർത്തിക്കുകയാണ്. നിന്റെ ജീവിതത്തിന്റെ ഉണങ്ങിയ കാലം ദൈവത്തിന്റെ മഹത്വം കാണിക്കാനുള്ള അടിത്തറയാണ് എന്നോർക്കുക. ദൈവം തെരഞ്ഞെടുത്ത വടിക്ക് ജീവൻ വരുത്തിയത് പോലെ ആയിരിക്കും ദൈവം നിന്റെ ജീവിതത്തെ ഉയര്‍ത്തിക്കാട്ടുന്നത്. അതുകൊണ്ട് ഭയപ്പെടേണ്ട, നിരാശപ്പെടേണ്ട, നിന്റെ നിശ്ചലാവസ്ഥയെ നിന്റെ അവസാനം എന്നു കരുതേണ്ട. ദൈവം തിരഞ്ഞെടുക്കുന്നവന്റെ ഇടയിൽ നിന്ന് അവന്റെ കൈവിരലടയാളം തെളിയിപ്പാൻ അവൻ ആഗ്രഹിക്കുന്നു. അസാധ്യതകളുടെ നടുവിൽ നിന്ന് നിന്നെ വേർതിരിച്ചുനിർത്തി അവൻ നിന്റെ ജീവിതത്തെ തന്റെ മഹത്വത്തിന്റെ തെളിവാക്കും. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് മനുഷ്യ ബുദ്ധിക്ക് അതീതമാണ്. അത് നിന്റെ മേലുള്ള ദൈവത്തിന്റെ നിയോഗമാണ്, അത് നിന്റെ മേലുള്ള ദൈവത്തിന്റെ കയ്യൊപ്പാണ്. ദൈവത്തിന് മഹത്വം! ആമേൻ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.