എഡിറ്റോറിയൽ: ഒന്ന് നിർത്താമോ കേസും, കോടതിയും?? മടങ്ങാം ദൈവിക സന്നിധിയിലേക്ക് l ബിനു വടക്കുംചേരി
സഭയുടെ നേതൃത്വത്തിലുള്ളവർ അത്മിയർ തന്നെയാവണം എന്നതിൽ തർക്കമില്ല. എന്നാൽ ദൈവഹിതമില്ലത്തവർ സഭയിലെ ഉന്നത സ്ഥാനം മോഹിച്ച് കൂട്ടുസഹോദരനെ കുറ്റം പറഞ്ഞും സാമൂഹ്യമാധ്യമങ്ങളിൽ പരസ്‌പരം ചെളിവാരിയെറിഞ്ഞും നോട്ടുകളുടെ കനത്തിൽ അധികാരം ഉറപ്പാക്കി അത്മീയത്തെ വാണിജ്യവത്കരിച്ച ഉന്നതർ ഏതു പ്രസ്ഥാനങ്ങളുടെ അധികാരത്തിൽ ഇരുന്നാലും അത് ദൈവജനത്തിനു ശുഭമല്ല. ഉൾപെട്ടു നിൽക്കുന്ന പ്രസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ളവർ ഉണ്ടെന്നു തിരിച്ചറിഞ്ഞാൽ അടുത്ത ഇലക്ഷനിൽ വോട്ട് നൽകാതെ അവരെ മാറ്റുക ആണ് വേണ്ടത്. അല്ലാതെ അത്തരത്തിലുള്ള വ്യക്തികളെ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാക്കുന്നത് വിശ്വാസികൾക്ക് ഭൂഷണമല്ല.
ദൈവനിയോഗമുള്ള മോശെക്കും അഹരോനും എതിരെ മത്സരിച്ച കോരഹ് ദാഥാൻ അബിരാമും തുടങ്ങി ഇരുനൂറ്റിയമ്പതോളം പുരുഷന്മാരെക്കുറിച്ച് സംഖ്യാ പുസ്തകം പതിനാറാം അധ്യായ ത്തിൽ പറയുന്നുണ്ട്. ലേവിപുത്രനായ കോരഹിനെ തിരുനിവാസത്തിലെ വേലയ്ക്കായും സഭയുടെ ശുശ്രൂഷ നിവർത്തിക്കുവാനായും യിസ്രായേലിൻ്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ നിന്നും തന്നെ വേർതിരിച്ചതാണ്. എന്നാൽ ദൈവം തന്നെ ഏൽപ്പിക്കാൻ ആഗ്രഹിക്കാത്ത മഹാപുരോഹിത പദവിയിൽ കണ്ണുനട്ട് അർഹതയില്ലാത്ത സ്ഥാനമാനങ്ങൾ കൈവരിക്കാൻ മോശെക്കും അഹരോനും എതിരെ പിറുപിറുത്ത കോരഹിന്റെ അന്ത്യം നമ്മെ അടിവരയിട്ടു ഓർമ്മ പെടുത്തുന്നത്. ‘ദൈവം തന്റെ സഭയെ പണിയും, പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല’. കതിരും പതിരും ഒരുമിച്ചു വളരുവാൻ അനുവാദം കൊടുക്കുന്ന ഉടയോൻ വേർതിരിക്കുന്ന ഒരു നാൾ ഉണ്ട്, ന്യായം വിധിക്കാൻ യോഗ്യനായവൻ അത് ചെയ്യും, അതുകൊണ്ട് നമ്മൾ ആ ദൗത്യം ഏറ്റെടുക്കേണ്ട ആവശ്യമില്ല എന്നതാണ് എൻ്റെ മതം, കാരണം ഇത് അടുത്ത തലമുറയ്ക്കായി നാം കാണിച്ചുകൊടുക്കുന്ന വളരെ തെറ്റായ ഒരു മാതൃകയാണ്. ഇത് വളരെ ആശങ്കാജനകമായ യാഥാർത്ഥ്യം ആണ്. രക്ഷ, മാനസാന്തരം, കർത്താവിന്റെ രണ്ടാം വരവിന്റെ പ്രത്യാശ എന്നിത്യാതി കാര്യങ്ങൾ പഠിപ്പിക്കാതെ അഥവ പ്രസംഗ വിഷയമാക്കാതെയോ നടത്തുന്ന നവയുഗ യോഗങ്ങൾ പുതുതലമുറയെ വർത്തെടുക്കുന്നതിൽ പരാജയപ്പെട്ടേക്കാം.
നാം നമ്മുടെ വിശ്വാസം കാത്തുസൂക്ഷിച്ചിക്കാതെ അലക്ഷ്യമായി നടന്നാൽ, കൗമാരക്കാരെയും യുവാക്കളെയും കുറ്റപ്പെടുത്താൻ നമുക്ക് കഴിയില്ല. ഇപ്പോൾ തന്നെ രണ്ട് തലമുറകൾക്കിടയിൽ വലിയ വിടവ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നത് ദുഃഖ സത്യമാണ്. നാം ആധുനിക കാലത്തെ പരീശന്മാരാകാതെ, മടങ്ങിവരാം “മാനുഷിക കോടതിയിൽ നിന്നും ദൈവിക സന്നിധിയിലേക്ക്…”നിലവിളിക്കാം നമ്മുടെ തലമുറക്കായി ദൈവം നമ്മുടെ മേലും വരും തലമുറയുടെ മേലും കരുണ കാണിക്കട്ടെ.
യുഗങ്ങളുടെ പാറയായ ക്രിസ്തുവിൽ അടിസ്ഥാനമിട്ട ‘സഭ’ ക്രിസ്തുവിന്റെ അനുയായികളായ ‘ക്രിസ്താനികളുടെ’ കൂട്ടമാണ്. സഭയുടെ അനുയായികളായ ‘സഭായാനികളുടെ’ കൂട്ടം പ്രസ്ഥാനങ്ങളെ രക്ഷിക്കാനായി നേതാക്കളുടെ കുറ്റങ്ങൾ കണ്ടെത്തി അവരെ വിമർശിച്ചും കുറ്റം വിധിച്ചും വിലപ്പെട്ട സമയം പാഴാക്കുന്ന കാഴ്ച്‌ച ദുഃഖകരമാണ്.
ചുറ്റുമുള്ള ലോകം കുറ്റങ്ങൾ കണ്ടെത്തി കല്ലെറിയാൻ നോക്കുമ്പോൾ വിധിക്കാൻ അധികാരമുള്ള ഗുരു പറയുന്നത് ‘നിങ്ങളിൽ പാപം ഇല്ലാത്തവൻ കല്ലെറിയട്ടെ’.
അതേ, മറ്റുള്ളവരെ വിധിക്കുവാൻ നാം യോഗ്യരല്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഗുരു നമ്മെ ഏൽപ്പിച്ച ദൗത്യം പൂർത്തികരിക്കാൻ നമ്മുടെ വിശ്വാസം കാത്തു നല്ല പോർ പൊരുതി യെരുശലേമിലും (സ്വന്തം സ്ഥലത്ത്) യഹൂദ്യയിലും (അയൽ ദേശം) എല്ലായിടത്തും ശമര്യയിലും (ശത്രുദേശത്ത്) ഭൂമിയുടെ അറ്റത്തോളം ചെന്ന് ക്രിസ്തുവിന്റെ സാക്ഷികളാകാം.
പ്രസ്ഥാനങ്ങളെ രക്ഷിക്കുവാനല്ല, മറിച്ച് തലമുറകളെ ദൈവത്തിനായി ഒരുക്കിയും, ആത്മാക്കളെ നേടി ദൈവരാജ്യത്തിന്റെ വ്യാപ്തിക്കി കൂട്ടായി അധ്വാനിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.
ബിനു വടക്കുംചേരി

- Advertisement -



Comments are closed, but trackbacks and pingbacks are open.