പ്രായം തളർത്താത്ത പോരാട്ട വീര്യം..കൗമാരത്തെ കീഴടക്കി!

 

അബുദാബി : ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രോജക്ട് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നതായ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സേർവ് 2025 ഞായറാഴ്ച നടന്ന മത്സരങ്ങളിൽ രണ്ട് തലമുറകൾ തമ്മിലുള്ള പോരാട്ടം ആയിരുന്നു എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. ഒരുവശത്ത് 60 വയസ് പ്രായമുള്ള പരിചയസമ്പന്നനായ പിതാവും കൂട്ടാളിയും… മറുവശത്ത് 25–30 വയസിന് ഇടയിൽ പ്രായമുള്ള, ഊർജ്ജസ്വലതയും,വേഗവും നിറഞ്ഞ യുവാക്കൾ.
ആരോട് ചോദിച്ചാലും, ഒറ്റ വാക്കിൽ ജയം യുവജനപക്ഷത്താണെന്ന് പറയും. പക്ഷേ കോർട്ടിൽ സംഭവിച്ചതോ അതിന്റെ നേർവിപരീതം!

മത്സരം ആരംഭം മുതലേ ആവേശഭരിതമായിരുന്നു. ഓരോ ഷോട്ടും കൃത്യതയോടെ, പരിചയത്തിന്റെ കരുത്തോടെ തിരികെ അയച്ചപ്പോൾ, കാണികൾ ആവേശഭരിതമായി. “പ്രായം വെറും ഒരു നമ്പർ” എന്നത് ഒരു സ്ലോഗനല്ല, ഒൻപത് മിനിറ്റ് നീണ്ട ഒരു തത്സമയ പാഠമായിരുന്നു.

യുവാക്കളുടെ വേഗതക്കും ശക്തിക്കും മുന്നിൽ അത് വകവയ്ക്കാതെ, തന്ത്രവും പോരാട്ടമനോഭാവവുമായി ജോൺ ചാൾസും, കൂട്ടാളി ജോണി ഈപ്പനും അസാമാന്യ മെയ് വഴക്കത്തോടെ കോർട്ടിൽ അൽഭുതങ്ങൾ സൃഷ്ടിച്ചു. ഓരോ പോയിന്റും നേടി മുന്നേറുമ്പോൾ സ്റ്റേഡിയം മുഴുവൻ അവർക്കു വേണ്ടി മുഴങ്ങുന്ന കൈയടിയും ആർപ്പുവിളികളും..
അവസാനം എല്ലാവർക്കും ഒരിക്കലും മറക്കാനാവാത്ത പ്രകടനത്തോടെ കണ്ണിനും, മനസ്സിനും കുളിർമയേകി അവർ മത്സരത്തിൽ മിന്നും ജയത്തോടെ ഫൈനലിലേക്ക്..

ഈ വിജയം ടൂർണമെന്റിന്റെ ഹൈലൈറ്റായി മാറി. നഗരമെങ്ങും ഇന്ന് ചര്‍ച്ചയായത് ഇവരുടെ ‘ഔട്‌സ്‌റ്റാൻഡിങ് പെർഫോമൻസ്’ തന്നെ. വലിയ ആത്മവിശ്വാസത്തോടും പോരാട്ട മനോഭാവത്തോടും കൂടി അവർ ഇനി അവസാന പോരാട്ടത്തിന് അബുദാബി യൂണിവേഴ്സൽ സ്പോർട്സ് ക്ലബ്ബിന്റെ കോർട്ടിൽ നവംബർ 23ന് ഒരിക്കലൂടെ ബാറ്റെടുക്കും. അബുദാബി സി. എസ്. ഐ ചർച്ചിനെ പ്രതിനിധീകരിച്ചാണ് ജോൺ ചാൾസ്, ജോണി ഈപ്പൻ ടീം കളത്തിൽ ഇറങ്ങിയത്.

കായിക മനോഭാവം, അനുഭവത്തിന്റെ കൈക്കരുത്ത് , ഹൃദയത്തിൽ യുവത്വം —
ഇവയെല്ലാം ഒന്നിച്ച് വരുമ്പോൾ പ്രായം ഒരു നമ്പർ മാത്രമാണ് എന്നതിന് ഇന്നലെ നടന്ന മത്സരം ഏറ്റവും ശക്തമായ തെളിവായി മാറി.
ഇനി ഫൈനലിൽ എല്ലാവരും കാത്തിരിക്കുന്നു… ആ ഷോട്ടുകൾ ഒരിക്കൽ കൂടെ കാണാൻ..

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.