ചർച്ച് ഓഫ് ഗോഡ് ഗൾഫ് ഉപദേശക സമിതി (അഡ്വൈസറി കൗൺസിൽ) നിലവിൽ വന്നു
ഡോ സുശീൽ മാത്യു അധ്യക്ഷൻ, ഡോ കെ ഓ മാത്യു ഉപാധ്യക്ഷൻ, റവ. ഗ്ലാഡ്സൺ വർഗീസ് സെക്രട്ടറി.
യു.എസ്.എ., ക്ലീവ്ലാൻഡ്:
ചർച്ച് ഓഫ് ഗോഡ് സഭാ പ്രവർത്തനങ്ങളുടെ ഗൾഫ് മേഖലാ വിപുലീകരണത്തിന്റെ ഭാഗമായി, ഗൾഫ് രാജ്യങ്ങളിലെ അഡ്വൈസറി കൗൺസിൽ ഔദ്യോഗികമായി നിലവിൽ വന്നു.
റീജിയണൽ സൂപ്രണ്ട് ഡോ. സുശീൽ മാത്യു അധ്യക്ഷനായ കൗൺസിലിൽ, ഡോ. കെ. ഒ. മാത്യു ഉപാധ്യക്ഷനായും, റവ. ഗ്ലാഡ്സൺ വർഗീസ് സെക്രട്ടറിയായും ചുമതലയെടുത്തു. കൂടാതെ ഡോ. സുജു ജോൺ, റവ. രാജൻ സാമുവൽ, റവ. കുഞ്ഞുമോൻ വർഗീസ് എന്നിവർ അംഗങ്ങളായും നിയമിതരായി. ഡോ. സുശീൽ മാത്യു ഗൾഫ് മേഖലയുടെ ചുമതലയേറ്റതിനെത്തുടർന്ന്, സഭാ സംഘടനാ ഘടനകളിൽ സമൂലമായ പുതുക്കലുകൾ നടപ്പിലാക്കപ്പെടുകയാണ്. അതിന്റെ ഭാഗമായി ഗൾഫ് ദൈവസഭകളെ ഒന്നിച്ച് കൂട്ടിച്ചേർത്ത് ചരിത്രപരമായ GCCOG കോൺഫറൻസ് 2026 മാർച്ച് 19 മുതൽ 21 വരെ മസ്കറ്റിൽ നടത്താനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.
മേഖലയിലാകെ നിരവധി സഭകൾ സ്‌ഥാപിക്കപ്പെടുന്നതും, സ്വതന്ത്രമായി പ്രവർത്തിച്ചുവരുന്ന സഭകൾ ദൈവസഭയുമായി ചേർന്നു വരുന്നതും, പ്രേഷിത പ്രവർത്തനങ്ങളിലെ വർധനവും, ഗൾഫ് മേഖലയിലെ ദൈവസഭാ പ്രവർത്തനങ്ങളിൽ വൻ മുന്നേറ്റം സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
അഡ്വൈസറി കൗൺസിലിനൊപ്പം നാഷണൽ ഓവർസിയർമാരും പ്രതിനിധികളും ഉൾപ്പെടുന്ന റീജിയണൽ ലീഡർഷിപ്പ് കൗൺസിൽ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം, സിസ്റ്റർ ഗ്രേസി മാത്യുവിന്റെ നേതൃത്വത്തിൽ വനിതാ വിഭാഗമായ വുമൺസ് മിനിസ്ട്രിയും റീജിയൻ തലത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. വിവിധ രാജ്യങ്ങളിലായി നാഷണൽ കൗൺസിലുകളും വിവിധ ഡിപ്പാർട്മെന്റുകളും മാതൃകാപരമായ പ്രവർത്തനങ്ങളിൽ സുസജ്ജമായിരിക്കുമ്പോൾ, മധ്യപൂർവേഷ്യയിലെ ദൈവസഭകളുടെ വളർച്ച പ്രശംസാവഹമാകുകയാണ്.
ഒഴിവ് വന്ന സൗദി അറേബ്യ, കുവൈറ്റ് രാജ്യങ്ങളിലെ നാഷണൽ ഓവർസിയർ സ്ഥാനങ്ങൾ പുനർനിയമനം നടത്തുന്നത് വരെ, ആ രാജ്യങ്ങളിലെ സഭാ പ്രവർത്തനങ്ങൾ റീജിയണൽ സൂപ്രണ്ട് ഡോ. സുശീൽ മാത്യുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നതായിരിക്കും .

- Advertisement -

Comments are closed, but trackbacks and pingbacks are open.