ലേഖനം: ക്ഷാന്തി അഥവാ സഹനം; ആത്മീയ ശ്രേയസ്സിൻ്റെ മർമ്മം | പാ. ബ്ലെസൺ ചെറിയനാട്

മാനുഷികാത്മാവിങ്കൽ പ്രകാശിക്കുന്ന പരമശ്രേഷ്ഠമായ ദൈവികത ആണ് സഹനം (Longsuffering). ഗലാത്യർ 5:22-ൽ ആത്മീയാനുഭവത്തിൻ്റെ ഫലമായി ഗണിക്കപ്പെടുന്ന ഈ സദ്ഗുണം, കാലയാപനത്തിനായുള്ള കേവലമായ വിപ്രതിപത്തിയല്ല; മറിച്ച്, പ്രതികൂലതകളെയും വിപരീതങ്ങളെയും സ്വയം ആവാഹിച്ച്, സ്നേഹധർമ്മത്തിൻ്റെയും നീതിയുടെയും ദീപം അണയാതെ സൂക്ഷിക്കുന്ന അജയ്യമായ ആന്തരാർത്ഥ ശക്തിയാകുന്നു. മനുഷ്യജീവിതത്തിലെ സകല ധാർമ്മികോത്കർഷത്തിൻ്റെയും സുസ്ഥിരമായ പ്രയോഗത്തിന്, ഈ മൗലികമായ ക്ഷമ ഒരഭയവും ആധാരവുമാണ്. ഒരു ദൈവപുരുഷൻ്റെ മഹത്വം, അവൻ്റെ സഹനാധിഷിടിതമായ ധൈര്യത്തിൻ്റെ ആഴത്തെ ആശ്രയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഏതൊരു ഉദാത്തഭാവനയും പ്രവർത്തിയായി പരിണമിക്കണമെങ്കിൽ, അത് വൈപര്യങ്ങളുടെ കയ്പ് നീണ്ട കാലയളവോളം സഹിച്ചേ മതിയാവൂ.

 

I. സംസർഗ്ഗത്തിലെ ആധാരശില: സ്നേഹവും ക്ഷാന്തിയും

‘സ്നേഹം’ എന്ന പദം മധുരമാണ്; എങ്കിലും അതിൻ്റെ നിലനില്പ് എപ്പോഴും, അപരൻ്റെ ന്യൂനതകളോടുള്ള നമ്മുടെ ആന്തരിക പ്രതികരണത്തെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ പ്രതീക്ഷകളെയും ആവശ്യകതകളെയും പൂർണ്ണമായി തൃപ്തിപ്പെടുത്താൻ കഴിയാത്ത ഒരു വ്യക്തിയെ നാം ഏതുവിധേന ദർശിക്കുന്നു എന്നതിലാണ് യഥാർത്ഥ സ്നേഹത്തിൻ്റെ അഗ്നിപരീക്ഷ. ഇവിടെയാണ് ക്ഷാന്തി, സ്നേഹത്തിൻ്റെ പ്രാണൻ ആകുന്നത്.

“നാം ഒരാളിൽ ശാശ്വതമായ സ്നേഹിക്കുനാഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അവനെ ദീർഘക്ഷമയോടെ താങ്ങിയേ മതിയാകു.”

1 കൊരിന്ത്യർ 13:4-ൽ ധർമ്മഗ്രന്ഥം ഉദ്ഘോഷിക്കുന്നതു: “സ്നേഹം ദീർഘമായി ക്ഷമിക്കുന്നു എന്നാകുന്നു ” ഒരു വ്യക്തിയുമായുള്ള സംസർഗ്ഗത്തിൽ, നാം നിരന്തരം ദീർഘക്ഷമ പാലിക്കേണ്ട കുറവുകൾ നിരവതിയാണ്.

സ്വഭാവ വൈരുദ്ധ്യങ്ങളോടുള്ള സഹിഷ്ണുത: ഓരോ മാനുഷികാത്മാവിനും തനതായ ലോകവീക്ഷണമുണ്ട്. ഈ കാഴ്ചപ്പാടുകൾ, കർമ്മങ്ങൾ, ചിന്താധാരകൾ എന്നിവയിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളെ വിമർശനത്തിൻ്റെ നിശിതബുദ്ധിയോടെയല്ല, മറിച്ച് “ഉൾക്കൊള്ളലിൻ്റെ” പവിത്രമനോഭാവത്തോടെയാണ് ദൈവപുരുഷൻ സമീപിക്കേണ്ടത്.

ബലഹീനതകളുടെ ഭാരം വഹിക്കൽ: മറ്റൊരാളുടെ പരാജയങ്ങളെയും ദൗർബല്യങ്ങളെയും സ്വയമെന്നപോലെ ചുമക്കുന്നതിലാണ് സ്നേഹത്തിൻ്റെ സമ്പൂർണ്ണത കുടികൊള്ളുന്നത്. ഒരാൾ പ്രതീക്ഷകൾക്കനുസരിച്ച് ഉയരാതിരിക്കുമ്പോൾ, അവനിൽനിന്ന് അകന്നുപോകാതെ, വർദ്ധിതമായ കാരുണ്യത്തോടും ക്ഷമയോടും കൂടെ അവനെ ചേർത്തുനിർത്താൻ ദീർഘക്ഷമ നമ്മെ പ്രാപ്തനാക്കുന്നു. ഈ ക്ഷാന്തിയാകുന്നു ബന്ധങ്ങളെ ശിഥിലമാകാതെ സംരക്ഷിക്കുന്ന അമൃതൗഷധം.

II. ആന്തരിക ശാന്തതയുടെ ഉറവ്: ആനന്ദവും അപര്യാപ്തതകളോടുള്ള ക്ഷാന്തിയും

പരമാനന്ദം എന്നത് ബാഹ്യമായ ഐശ്വര്യത്തിലോ ഭൗതികവിജയത്തിലോ സ്ഥിതിചെയ്യുന്ന ഒരു അവസ്ഥയല്ല; പ്രത്യുത ആന്തരികമായ സംതൃപ്തിയുടെ നിശ്ശബ്ദഭാവമാണ്. തൻ്റെ സ്വന്തം ദൗർബല്യങ്ങളെയും അപര്യാപ്തതകളെയും ഒരാൾ എത്രമാത്രം ദീർഘക്ഷമയോടെ അംഗീകരിക്കുന്നുവോ, അതിനെ ആശ്രയിച്ചാണ് യഥാർത്ഥ പ്രമോദത്തിൻ്റെ നിലനില്പ്.

“ആനന്ദവാൻ ആയിരിക്കണമെങ്കിൽ, നാം സ്വന്തം പരിമിതികളെ തികഞ്ഞ അംഗീകാരത്തോടെ സഹിച്ചേ മതിയാവൂ.”

ഓരോ വ്യക്തിയിലും അറിയപ്പെടുന്നതോ അല്ലാത്തതോ ആയ കഴിവില്ലായ്മകളും പരിമിതികളും ഉണ്ടാകാം. ഈ ബലഹീനതകളെ നിഷേധിക്കുമ്പോൾ, മാനുഷികമനസ്സ് നിരാശയുടെയും അസംതൃപ്തിയുടെയും തടവറയിൽ ബന്ധിക്കപ്പെടുന്നു. എന്നാൽ ആത്മീയഫലം നിറഞ്ഞവൻ, ഈ പരിമിതികളോട് ക്ഷാന്തി കാണിക്കുന്നത് ഇപ്രകാരമാണ്:

സ്വയം അംഗീകരിക്കുക: നാം ആഗ്രഹിച്ച പൂർണ്ണതയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല എന്ന സത്യത്തെ, ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് നാം അംഗീകരിക്കുന്നു. ഈ തിരിച്ചറിവാണ് അഹന്തയുടെയും സ്വയത്വത്തിന്റെയും അഴലിൽനിന്ന് നമ്മെ വിടുവിക്കുകയും, വിനയത്തിൻ്റെ മാർഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ദൗർബല്യത്തിലെ പ്രമോദം: “എൻ്റെ കൃപ നിനക്കു മതി; എൻ്റെ ശക്തി ദൗർബല്യത്തിൽ തികഞ്ഞു വരുന്നു” (2 കൊരിന്ത്യർ 12:9) എന്ന സത്യത്തിൽ നാം വിശ്വസിക്കുന്നു. സ്വന്തം കുറവുകളെച്ചൊല്ലി വിലപിക്കുന്നതിനു പകരം, ആ പരിമിതികളിൽ ദൈവിക തേജസ്സ് പ്രകടമാവട്ടെ എന്ന് ആഗ്രഹിക്കുന്നു. സ്വയത്തിൻ്റെ അപര്യാപ്തതകളോടുള്ള ഈ ദീർഘധൈര്യം അഥവാ സഹനം, അന്യരിൽ പൂർണ്ണത അടിച്ചേൽപ്പിക്കാനുള്ള വ്യഗ്രതയിൽ നിന്ന് നമ്മുടെ ആത്മാവിനെയും മോചിപ്പിക്കുന്നു.

 

III. ജീവിതത്തിലെ പ്രശാന്തത: സമാധാനവും സാഹചര്യങ്ങളോടുള്ള സഹിഷ്ണുതയും

ബാഹ്യലോകം ഒരു കൊടുങ്കാറ്റുപോലെ എന്നും ക്ഷോഭജനകവും അസ്ഥിരവുമാണ്. അപ്രതീക്ഷിത നഷ്ടങ്ങൾ, നീതികേടുകൾ, ദീർഘമായ കാലതാമസങ്ങൾ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ ജീവിതത്തിൽ സമാഗതമായേക്കാം. ഇത്തരം അവസ്ഥകളിൽ മനസ്സ് കൈക്കൊള്ളുന്ന ദീർഘക്ഷമയാണ് ആന്തരികമായ ശാന്തിയുടെ വാതിൽ തുറക്കുന്നത് എന്ന് നാം അറിയണം.

” പ്രശാന്തത വേണമെങ്കിൽ, എല്ലാ സാഹചര്യങ്ങളോടും സുസ്ഥിരമായ സഹിഷ്ണുത പാലിച്ചേ മതിയാവൂ” എന്നതാണ് സത്യം.

സാധാരണ വ്യക്തി പ്രതികൂല സാഹചര്യങ്ങളിൽ പെട്ടെന്ന് ക്രോധിക്കുകയോ നിരാശപ്പെടുകയോ ചെയ്യുമ്പോൾ, ദൈവപുരുഷൻ തൻ്റെ ദീർഘധൈര്യമാകുന്ന കവചം അണിയുന്നു. അവൻ്റെ സഹിഷ്ണുത വ്യത്യസ്തനായി പ്രവചിക്കാൻ അവനെ പ്രാപ്തനാക്കുന്നു.

പ്രതികരണത്തിലെ നിയന്ത്രണ ശക്തി: പ്രതികൂല സാഹചര്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നതിന് പകരം, അവയെ ശാന്തമായി അപഗ്രഥനം ചെയ്യാനും, ഉചിതമായ മറുപടി നൽകാനും നാം സമയം കണ്ടെത്തുന്നതിനാൽ അത് മാനസിക പ്രക്ഷുബ്ധതയെ നിശ്ശബ്ദമാക്കുന്നു.

 

റോമർ 5:3-4 സൂചിപ്പിക്കുന്നതുപോലെ “കഷ്ടത ക്ഷമയെയും, ക്ഷമ സിദ്ധതയെയും (പരിശീലനം), സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു.” ദുരിതങ്ങളെ ദീർഘക്ഷമയോടെ സഹിക്കുമ്പോൾ, സ്വഭാവത്തിന് പരിശീലനം ലഭിക്കുകയും, അത് പ്രത്യാശയിൽ വേരൂന്നിയ സമാധാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കാലം ആവശ്യപ്പെടുന്ന പരിവർത്തനങ്ങൾക്കായി ശാന്തമായി കാത്തിരിക്കുവാനുള്ള ഈ കഴിവാണ് ആത്മീയ ശാന്തിയെ നിലനിർത്തുന്നത്. അത് തന്നെയാണ് പ്രത്യാശയുടെ മൂല്യവും.

 

IV. കൃപയുടെ മാനം: കാരുണ്യവും തെറ്റുകളോടുള്ള ക്ഷാന്തിയും

സഹിഷ്ണുതയുടെ ഏറ്റവും ഉന്നതമായ രൂപം പ്രകടമാകുന്നത്, മറ്റുള്ളവരുടെ തെറ്റുകളോടും വീഴ്ചകളോടും വീണ്ടും വീണ്ടും ക്ഷമിക്കുമ്പോഴാണ്. ദീർഘക്ഷമ, കാരുണ്യത്തെയും ഔദാര്യത്തെയും പരിപോഷിപ്പിക്കുന്നു. അത് ദൈവസ്വഭാവത്തെ നമ്മിൽ പ്രതിഫലിപ്പിക്കുന്നു.

 

“നിങ്ങൾ കരുണാമയനാകണമെങ്കിൽ, മറ്റുള്ളവരുടെ വീഴ്ചകളെ ക്ഷമാപൂർവ്വം കണ്ടേ മതിയാവൂ.”

 

ഒരു വ്യക്തിയുടെ പരാജയം പലവട്ടം ആവർത്തിക്കുമ്പോൾ അവനോടുള്ള നമ്മുടെ സാധാരണ സഹിഷ്ണുതയുടെ അളവുകോൽ കുറഞ്ഞേക്കാം. ആവർത്തിച്ചുള്ള അതിക്രമങ്ങളോടുള്ള ക്ഷമ അത് ഒരു ആത്മീയാനു മാത്രമേ സാധ്യമാകയുള്ളു . ഒരു ദൈവപുരുഷൻ, തന്നെ വേദനിപ്പിച്ചവരുടെ തെറ്റായ ചെയ്തികളെ ദീർഘധൈര്യത്തോടെ സഹിക്കുകയും, പകരമായി സ്നേഹം തിരികെ നൽകുകയും ചെയ്യുന്നു. ഈ ക്ഷാന്തിയാകുന്നു, ക്രിസ്തു തൻ്റെ അനുയായികളോട് ആജ്ഞാപിച്ച അനന്തമായ ക്ഷമയുടെ ഭൗമിക നിദർശനം.

 

ദീർഘക്ഷമ, മറ്റൊരാളുടെ വീഴ്ചകളെ ഒരു ന്യായവിധികർത്താവിൻ്റെ തീക്ഷ്ണദൃഷ്ടിയോടെയല്ല, മറിച്ച് ഒരു വൈദ്യൻ്റെ സാന്ത്വനമനസ്സോടെ ദർശിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. അവരെ തള്ളിപ്പറയുന്നതിനു പകരം, പിടിച്ചു എഴുന്നേൽക്കാനുള്ള ആത്മാർത്ഥമായ യത്നമാണ് കരുണ. ഈ ക്ഷാന്തി, മറ്റുള്ളവർക്ക് പശ്ചാത്താപത്തിനും സ്വഭാവപരിവർത്തനത്തിനും ആവശ്യമായ ഒരിടം നല്കുന്നുണ്ടെന്നതാണ് സത്യം.

 

V. ഉദാത്തമായ ശ്രേയസ്സ്: പരോപകാരവും വ്യക്തിപരമായ നഷ്ടത്തോടുള്ള ക്ഷാന്തിയും

നമ്മുടെ നഷ്ട സാധ്യതകളെയും സ്വസുഖസൗകര്യങ്ങളുടെ കുറവിനെയും ദീർഘക്ഷമയോടെ സ്വീകരിക്കുന്ന ഒരു തീവ്രമായ കർമ്മമാണ്.

“നിങ്ങൾ ഉദാത്തമായ പരോപകാരിയാകണമെങ്കിൽ, നിങ്ങളുടെ സ്വന്തം നഷ്ടത്തെ ക്ഷാന്തിയോടെ സഹിച്ചേ തീരൂ.”

നമ്മുടെ സമയം, ധനം, ഊർജ്ജം, സുഖസൗകര്യങ്ങൾ എന്നിവ ബലിയർപ്പിക്കാതെ ഒരാൾക്കും മറ്റൊരാളോട് സമ്പൂർണ്ണമായ നന്മ ചെയ്യാൻ സാധ്യമല്ല. ദൈവമനുഷ്യൻ്റെ പരോപകാരശീലം, സ്വന്തം നഷ്ടങ്ങളോടുള്ള ദീർഘക്ഷമയിൽ നിന്ന് ജനിതമാണ്:

 

സ്വയനിഷേധത്തിൻ്റെ അനുഷ്ഠാനം: നന്മ ചെയ്യാനുള്ള ഒരവസരം സമാഗതമാകുമ്പോൾ, തൻ്റെ സ്വന്തം ലാഭത്തെക്കാളും ഭൗതികസുരക്ഷിതത്വത്തെക്കാളും അപരൻ്റെ ആവശ്യം വലുതാണെന്ന് നാം തിരിച്ചറിയുന്നു. ഈ നിസ്വാർത്ഥമായ മനോഭാവമാണ് ക്ഷാന്തിയുടെ ഏറ്റവും ഉദാരമായ പ്രകടനം.

 

നഷ്ടത്തിലെ പ്രശാന്തത: ഒരു സൽക്കർമ്മം ചെയ്തതിൻ്റെ ഫലമായി തനിക്ക് സാമ്പത്തികമായോ വൈകാരികമായോ ബുദ്ധിമുട്ടുകൾ ഉണ്ടായാലും, പരാതിപ്പെടാതെ, അനായാസേനെ അതിനെ സഹിക്കുവാനുള്ള കഴിവ് നമുക്കുണ്ടാകേണം. അതിന്റെ അന്തിമപ്രതിഫലം ഈ ലോകത്തിൽ നിനിന്ന് മാത്രമല്ല, ദിവ്യസ്രോതസ്സിൽ നിന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

ആത്മാവിൻ്റെ ഫലമായ ക്ഷാന്തി (ദീർഘധൈര്യം), ആത്മീയ ജീവിതത്തിലെ കേവലമായ ഒരലങ്കാരമല്ല, മറിച്ച്, വ്യക്തിഗതവും സാമൂഹികവുമായ മഹത്വത്തിന്റെ അനിവാര്യമായ അടിത്തറയാണ്. ഈ ഗുണത്താൽ പൂർണ്ണനായ ഒരു ദൈവമനുഷ്യൻ, തൻ്റെ ജീവിതത്തിലൂടെ, പാളിച്ചകളെ സ്നേഹിക്കുവാനും, കുറവുകളിൽ ആനന്ദിക്കുവാനും, പ്രതികൂലങ്ങളിൽ ശാന്തത പാലിക്കുവാനും, നഷ്ടങ്ങളെ സഹിക്കുവാനും കഴിയുന്ന ദൈവത്തിൻ്റെ മഹത്തായ പ്രതിരൂപത്തെ ലോകത്തിന് മുന്നിൽ അനാവരണം ചെയ്യുന്നു.

 

ഈ ആന്തരികവും ശാശ്വതവുമായ ക്ഷാന്തിയാകുന്നു, ഇന്നിന്റെ ശീഘ്രഗതിയുള്ള വളർന്നു ചെറുതായിപോയ ലോകത്തിന് ആവശ്യമുള്ള പ്രകാശവും, പ്രത്യാശയും, സമാധാനവും പ്രദാനം ചെയ്യാൻ കഴിയുന്നത്. അനുഗ്രഹിക്കപെട്ടവർ ആയിരിക്കുക ..

പാസ്റ്റർ  ബ്ലെസൺ ചെറിയനാട്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.