ലേഖനം: നിന്റെ മക്കൾ നിന്റെ വഴിയിൽ നടക്കുന്നുവോ? സനൽ ജോൺസൺ
ക്രൈസ്തവ സമൂഹം നേരിടുന്ന ഒരു വെല്ലുവിളി പഴയനിയമ ചരിത്രവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ ലേഖനം.
ഒരിക്കൽ ഇസ്രായേലിലെ മൂപ്പന്മാർ എല്ലാവരും കൂടി ശമുവേലിന്റെ അടുക്കൽ ഒന്നിച്ചുകൂടി ശമുവേലിനോട് പറഞ്ഞു:
“നീ വൃദ്ധനായിരിക്കുന്നു, നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല.”
‘വഴി, നടപ്പ്’ എന്നിവയ്ക്ക് ബൈബിൾ പങ്കുവയ്ക്കുന്ന അർത്ഥതലം ജീവിതരീതി, ജീവിതം എന്നിങ്ങനെയാണ്. ശമുവേലിന്റെ ബാല്യകാലം പറയാതെ ഈ ചിന്ത പൂർത്തീകരിക്കാനാവില്ല.
ഹന്ന മനോവ്യസനം കൊണ്ട് ദൈവസന്നിധിയിൽ പ്രാർത്ഥിച്ച് , ഒരു നേർച്ച നേർന്നു. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു:
“സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കുകയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നൽകുകയും ചെയ്താൽ, അവനെ അവന്റെ ജീവപര്യന്തം യഹോവയ്ക്ക് കൊടുക്കും; അവന്റെ തലയിൽ ഷൗരക്കത്തി തൊടുകയില്ല.”
ഈ പ്രാർത്ഥന പ്രാർത്ഥിക്കുമ്പോൾ ശമുവേൽ ജനിച്ചിട്ടില്ല, ഭാവിയിൽ എന്തായി തീരുമെന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥ. എന്നിരുന്നാലും ഹന്നയുടെ ഈ പ്രാർത്ഥന നമ്മിൽ എത്രപേർക്ക് ഏറ്റെടുത്ത് പ്രാർത്ഥിക്കുവാൻ കഴിയും? ഇനി അങ്ങനെ പ്രാർത്ഥിച്ചാൽ തന്നെ അതിന് മറുപടി പ്രതീക്ഷയ്ക്കൊത്ത് രൂപപ്പെട്ടു വരുമോ എന്ന് ജാഗ്രതയോടെ നോക്കി കാണേണ്ടിയിരിക്കുന്നു.
പ്രാർത്ഥന കേട്ട ദൈവം ഹന്നയ്ക്ക് ഒരു മകനെ കൊടുത്തു — ശമുവേൽ. അവർ ദൈവസന്നിധിയിൽ നേർന്നത് നിവർത്തിക്കാൻ തീരുമാനിച്ചു. ശമുവേലിനെ ദൈവ ആലയത്തിൽ കൊണ്ടാക്കി. പിന്നീട് ശമുവേലിനെ കുറിച്ച് കേൾക്കുന്നത്, ദാൻ മുതൽ ബേർഷേബ വരെയുള്ള ഇസ്രായേലിലൊക്കെയും: വിശ്വസ്ത പ്രവാചകൻ. ശമുവേൽ ജീവപര്യന്തം ഇസ്രായേലിന് ന്യായപാലനം ചെയ്തു.
മാതാവിന്റെ പ്രാർത്ഥനയും നേർച്ചയും ജീവപര്യന്തം നിവർത്തിക്കുന്ന ഒരു തലമുറയെ ശമുവേലിൽ കാണാം. തലമുറ ഒന്ന് മാറിയതിൽ കവിഞ്ഞ് ഇവിടെ ഒന്നും സംഭവിക്കുന്നില്ല. പക്ഷേ, ശമുവേലിന്റെ ജീവിതത്തിൽ സാധ്യമായത് തന്റെ തലമുറയിലേക്ക് വരുമ്പോൾ താളം തെറ്റുന്നതാണ് കാണുന്നത്. ആ ശബ്ദം ഒരു ഇടിനാദം പോലെ ക്രൈസ്തവ സമൂഹത്തിൽ ഇന്ന് അലയടിക്കുന്നുണ്ട്.
“നിന്റെ മക്കൾ നിന്റെ വഴിയിൽ നടക്കുന്നുവോ?”
വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക, സാംസ്കാരിക രീതികളിൽ എല്ലാം മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. മാറ്റമില്ലാത്തത് ദൈവത്തിനും ദൈവവചനത്തിനും മാത്രമാണ്. എന്നിരിക്കെ ഈ തലമുറയെ നാം അറിഞ്ഞ സത്യത്തിൽ നിലനിർത്തുക ശ്രമകരമായി മാറിക്കൊണ്ടിരിക്കുകയാണ്.
ശമുവലിന്റെ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ് വചനത്തിന്റെ ദൗർലഭ്യത. എന്നാൽ ഇന്ന് വചനം സുലഭമാണ്. എവിടെ നോക്കിയാലും വചനം ലഭിക്കുവാൻ എല്ലാ സാധ്യതകളും നിലനിൽക്കുന്നു. കേൾക്കുന്ന വചനം പ്രതിഫലിക്കാതെവണ്ണം ലോക ചിന്തകൾ കീഴടക്കുന്നു എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
ഇത് ദുഷ്ടലോകമാണ്. മറ്റൊരു പ്രത്യേകത, ദുഷ്കാലം എന്നുള്ളതാണ്. നാം ജീവിക്കുന്ന കാലഘട്ടവും ലോകവും സംബന്ധിച്ച് നല്ല അവബോധം തലമുറകളിൽ വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. യുവതി യുവാക്കൾ ലഹരിപദാർത്ഥങ്ങളുടെ ഉപഭോക്താക്കളും വിതരണക്കാരുമായി മാറുന്നു, ദൈവഹിതം അല്ലാത്ത ബന്ധങ്ങൾ ബന്ധനങ്ങൾ ആകുന്നു, ഏകാരാധ്യനായ ദൈവത്തെ വിട്ട് ബഹുദൈവങ്ങളുടെ പിന്നാലെ പോകുന്നു. അങ്ങനെയൊരു നീണ്ടനിര ഈ കാര്യത്തിൽ പറയാനുണ്ട്. ഇത് പറയുമ്പോൾ തെല്ലു ഭയം എനിക്കില്ലാതില്ല.
ശമുവേൽ ജനിക്കുന്നതിന് മുമ്പ് നേർച്ച നേരുന്ന മാതാവ്, തന്റെ പ്രാർത്ഥന സാധ്യമാക്കുന്ന ദൈവം, മാതാവിന്റെ നേർച്ച ജീവിതത്തിൽ സാധ്യമാക്കാൻ സമർപ്പിക്കുന്ന പൈതൽ, ദർശനത്തിനൊത്ത് ചുവടുവെക്കുന്ന പൈതലിനെ പരിചരിക്കുന്ന പുരോഹിതൻ, കേട്ട ശബ്ദം ഉയരത്തിൽ നിന്നുതന്നെ എന്ന് തിരിച്ചറിയുന്ന ഘട്ടം — പ്രാർത്ഥനയുടെ മറുപടി എന്നവണ്ണം ചലിക്കുന്ന ഒരു ചക്രം തന്നെ ഇവിടെ കാണാം.
ദൈവിക അടിസ്ഥാനത്തിൽ കുടുംബം, പൗരോഹിത്യ ശുശ്രൂഷകർ, സഭ, വ്യക്തികൾ എന്നിങ്ങനെയുള്ള ഈ ചക്രം കാര്യക്ഷമമായി പ്രവർത്തിച്ചാൽ മാത്രമേ തലമുറയെ വിശ്വാസത്തിൽ നിലനിർത്താനാകു. പ്രശ്നങ്ങൾ സർവ്വസാധാരണമാണ്. കുട്ടികൾ, കൗമാരപ്രായക്കാർ, യുവതി യുവാക്കൾ — അവർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ: ശാരീരിക, മാനസിക സംഘർഷങ്ങൾ, പോരായ്മകൾ തുടങ്ങിയവയെ നന്നായി അപഗ്രഥിച്ച് ആരോഗ്യകരമായ ചർച്ചകൾ, സെമിനാറുകൾ, വചന അടിസ്ഥാനത്തിൽ കാലാനുസരണത്തിനൊത്ത് സംഘടിപ്പിച്ച് അവരുമായി സംവദിക്കാൻ കഴിയുന്ന ഒരു രൂപഭംഗി ഈ ചക്രത്തിൽ സ്ഥാനം വഹിക്കുന്നവർ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.
മക്കൾ യഹോവയുടെ ദാനം ആകയാൽ ഉത്തരവാദിത്വം ഓരോരുത്തരിലും ഉൾചേർന്നിട്ടുള്ളതാണ്. പ്രശ്നങ്ങൾ അതിന്റെ പൂർണ്ണരൂപത്തിൽ പുറത്ത് വരുന്നതുവരെ കാഴ്ചക്കാരായി നോക്കി നിൽക്കാതെ വേണ്ട മുൻകരുതലുകൾ എടുക്കുവാനും അതിനായി മുന്നോട്ടുവരുവാനുമുള്ള ആർജ്ജവം സ്ഥാനികർക്ക് വേണ്ടതുണ്ട്. അല്ലെങ്കിൽ അതിനു വലിയ വില കൊടുക്കേണ്ടി വരും.
ചെന്നെത്തിപ്പെടുന്ന ഇടം എല്ലാം അനുയോജ്യമായ സാഹചര്യങ്ങൾ ആകണമെന്നില്ല. പൊട്ടക്കിണറിന്റെ ഒറ്റപ്പെടലോ,പോത്തീഫറി ന്റെ ഭവനത്തിലെതെന്നെ പോലെ പാപത്തിലേക്ക് വഴുതിവീഴുവാനുള്ള സാധ്യതകൾ നമുക്ക് മുൻപിൽ ഉണ്ടായേക്കാം. ഉയരത്തിൽ നിന്ന് കേൾക്കുന്ന ശബ്ദവും ഉള്ളിൽനിന്ന് കേൾക്കുന്നതും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ കഴിയുന്ന പ്രവർത്തനസജ്ജമായ പരിശുദ്ധാത്മാവിന്റെ വാസം ഉറപ്പുവരുത്തേണ്ടതുണ്ട്. അതില്ലെങ്കിൽ അത് പ്രാപിപ്പാനായി ശീലിപ്പിക്കുകയും സാഹചര്യങ്ങൾ സൃഷ്ടിക്കുകയും വേണം.
“പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കോസ് 2:40)
“ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” (സദൃശവാക്യങ്ങൾ 22:6)
യൗവനത്തിൽ സൃഷ്ടാവിനെ ഓർത്തുകൊണ്ട് ദൈവത്തിന്റെ തിരഞ്ഞെടുപ്പിൽ ആത്മാവും, ജ്ഞാനവും നിറഞ്ഞ നല്ല സാക്ഷ്യം ഉള്ളവരായി വർധിച്ചു വരുവാൻ നമ്മുടെ തലമുറകളെ ദൈവം സഹായിക്കട്ടെ. അതിനായി പ്രാർത്ഥിക്കാം.
സനൽ ജോൺസൺ

- Advertisement -



Comments are closed, but trackbacks and pingbacks are open.