ലേഖനം: മതേതരത്വവും സുവിശേഷീകരണവും | നിഖിൽ മാത്യു
സുവിശേഷീകരണം എന്നുള്ളത് തിരുവെഴുത്തിൽ വേരൂന്നിയ വിശുദ്ധ നിയോഗമാണ്. ഈ നിയോഗം കേവലം ഒരു നിർദ്ദേശമല്ല മറിച്ച് എല്ലാ വിശ്വാസികൾക്കും ഉള്ള ഒരു കൽപ്പനയാണ്. ” ആകയാൽ നിങ്ങൾ പോയി സകല ജാതികളെയും ശിഷ്യരാക്കി….. ഞാൻ നിങ്ങളോട് കല്പിച്ചതൊക്കെയും പ്രമാണിപ്പാൽ അവരെ ഉപദേശിച്ചുകൊൾവിൻ” ( മത്തായി 28:19-20). ദൈവത്തിൽ നിന്ന് വൻ കാര്യങ്ങളെ പ്രതീക്ഷിക്കുക ദൈവത്തിനായി വൻ കാര്യങ്ങൾ ചെയ്യുക എന്നുള്ളത് ജീവിതവ്രതം ആക്കിയ വില്യം കേറി യെ പോലെയുള്ളവർ സുവിശേഷീകരണത്തിന്റെ എക്കാലത്തെയും പ്രചോദനമാണ്. ആധുനിക മതേതര ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ സുവിശേഷീകരണം എന്നത് സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മതം ഭരണകൂടത്തിലോ വിദ്യാഭ്യാസത്തിലോ പൊതുജീവിതത്തിലോ ഒരു പങ്കും വഹിക്കരുതെന്ന വിശ്വാസം മതേതര സമൂഹം മുന്നോട്ടുവയ്ക്കുമ്പോൾ ഒട്ടും ചെറുതല്ലാത്ത ആശങ്ക സുവിശേഷകരെ ബാധിച്ചേക്കാം എന്നാൽ സുവിശേഷീകരണത്തെ മതത്തിന്റെ വേലിക്കട്ടിനപ്പുറത്ത് നിന്ന് വീക്ഷിക്കുമ്പോൾ ആണ് അതിന്റെ സാധ്യതകൾ തെളിഞ്ഞുവരുന്നത്. സുവിശേഷീകരണത്തിലൂടെ സാമൂഹിക പരിഷ്കരണങ്ങളുടെയും ആരോഗ്യപരിചനത്തിന്റെയും വിദ്യാഭ്യാസ വിപ്ലവത്തിന്റെയും ജീവിതം മാറ്റുന്ന ദൈവ സ്നേഹത്തിന്റെ സന്ദേശം പങ്കുവെക്കുന്നതിലൂടെ നന്മയുടെ കാൽപ്പാടുകൾ എവിടെയും അവശേഷിപ്പിക്കുന്ന ഒരു ചലനമായി സുവിശേഷീകരണം മാറുന്നു.
മറ്റൊരുതരത്തിൽ മതേതരത്വം ദൈവം അപ്രസക്തമാണെന്നുള്ള ആശയത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെയാണ് സുവിശേഷീകരണത്തിന്റെ വിപുലമായ സാധ്യതകൾ തുറന്നു വരുന്നത്. ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നതിനും അപ്പുറം ക്രിസ്തുവിനെ പ്രദർശിപ്പിക്കാനുള്ള നിയോഗം സുവിശേഷീകരണത്തിൽ ഉണ്ട്. മതേതര ഇന്ത്യയിൽ ക്രിസ്തു അപ്രസക്തനാകുന്നില്ല. ഇന്ത്യയുടെ ഭരണഘടന മതത്തിന്റെ അടിസ്ഥാനത്തിൽ ഭരണം നടത്തുന്നത് വിലക്കിയിരിക്കുമ്പോഴും മാനവ മൂല്യങ്ങളും കരുണയും സാമൂഹിക നീതിയും അതിന്റെ അടിസ്ഥാനമായിരിക്കുന്നു. ഇവയെല്ലാം യേശുക്രിസ്തു തന്റെ ജീവിതം കൊണ്ട് മാനവരാശിക്ക് പ്രദർശിപ്പിച്ചു. അതുകൊണ്ടുതന്നെ മതനിരപേക്ഷതയുടെ അടിസ്ഥാനത്തിൽ ആധികാരികമായി പ്രവർത്തിക്കുന്ന ഇന്ത്യയിൽ പോലും ബൈബിൾ പ്രതിപാദിക്കുന്ന യേശുക്രിസ്തുവിന്റെ സേവനദൗത്യത്തിന്, അതിന്റെ ആത്മീയവും സാമൂഹികവുമായ പ്രസക്തി ഇന്നും നിലനിൽക്കുന്നു. ആ പ്രതിബദ്ധതയാണ് ഒരു സുവിശേഷകനെ നയിക്കേണ്ടത്.
2022ലെ ഇന്ത്യയിലെ ആത്മഹത്യ നിരക്ക് എന്നത് കഴിഞ്ഞ 56 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് ആയിരുന്നു. 12.4/ 100000 എന്നതായിരുന്നു ദേശീയ ശരാശരി. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ ഈ നിരക്ക് 28.5/100000 എന്ന നിലയ്ക്ക് വളരെ ഉയരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെയെല്ലാം തന്നെ സുവിശേഷീകരണത്തിന്റെ ആവശ്യകത തുറന്നുകാട്ടുകയാണ്, ജീവിതം നഷ്ടപ്പെട്ടവർക്കും ജീവിതത്തെ നഷ്ടപ്പെട്ടവർക്കും ഒരു പ്രതീക്ഷയുടെ നുറുങ്ങുവെട്ടം പകരുവാൻ ഈ സുവാർത്ത കാരണമാകുന്നു എന്നതാണ് യാഥാർത്ഥ്യം.
ഇന്ന് നമ്മുടെ സമൂഹത്തിൽ സുവിശേഷകോഷണം എന്ന പദം പലപ്പോഴും മതപരിവർത്തനത്തിനൊപ്പം കണക്കാക്കപ്പെടുന്നു. ഈ ആരോപണം സുവിശേഷീകരണത്തെ എക്കാലത്തും വലിഞ്ഞു മുറുക്കുന്ന ഒരു കടുംകെട്ടാണ്. ബൈബിൾ പ്രസ്താവിക്കുന്ന സുവിശേഷം, അതിന്റെ ആഴത്തിൽ നോക്കുമ്പോൾ മതം മാറ്റാൻ ഉള്ള ക്ഷണമല്ല മറിച്ച് മനുഷ്യന്റെ ഹൃദയം ദൈവത്തോട് മാറ്റുവാൻ ഉള്ള ദൈവീക വിളിയാണ്.സുവിശേഷം എന്നത് ഗ്രീക്ക് വാക്കായ “ευαγγέλιον (euangelion)” എന്നതിൽ നിന്നാണ് ലഭിച്ചത്. അതിന്റെ അർത്ഥം ‘സന്തോഷകരമായ സന്ദേശം’ എന്നാണ്. ഈ സന്ദേശം യേശുക്രിസ്തുവിന്റെ ജീവതവും, മരണവും, പുനരുത്ഥാനവും വഴി എല്ലാവർക്കും ലഭ്യമായ രക്ഷയെ കുറിച്ചാണ്. മതം മാറ്റുക എന്നത് ഒരാൾക്ക് തന്റെ സാമൂഹിക/രാഷ്ട്രപരമായ ഐഡന്റിറ്റി മാറ്റുന്നതാണ്.എന്നാൽ സുവിശേഷം, ഹൃദയത്തിൽ ഉണ്ടാകുന്ന പാപബോധവും, ദൈവത്തെ സമീപിക്കാനുള്ള ക്ഷണവും ഒരാളെ ആത്മാവിൽ പുതുതായി രൂപാന്തരപ്പെടുത്തുന്നതുമാണ്.സുവിശേഷപ്രഘോഷകരായ നാം, നമ്മുടെ ദൗത്യം നടത്തുമ്പോൾ വളരെ അധികം ജാഗ്രതയും ഉത്തരവാദിത്തവുമുള്ളവരായിരിക്കണം രാഷ്രിയ ലാഭത്തിനായി തെറ്റിദ്ധാരണകൾ ഉണ്ടാക്കി മുതലെടുക്കുന്നവരെ തിരിച്ചറിയണം.
സുവിശേഷം എന്നത് ഒരു ആത്മീയ പ്രചോദനവും അതോടൊപ്പം തന്നെ ആകർഷണവും മറുപടി നൽകുവാനുള്ള സ്വാതന്ത്ര്യവും ആയിരിക്കെ തന്നെ യേശുക്രിസ്തുവിന്റെ മാതൃക പിൻപറ്റുവാൻ ഓരോ സുവിശേഷകരും ശ്രദ്ധിക്കേണ്ടതുണ്ട്. അവൻ ആരെയും നിർബന്ധിച്ചില്ല മറിച്ച് സ്നേഹവും ദയയും കൊണ്ട് ആളുകളെ തന്നിലേക്ക് ക്ഷണിച്ചു. രക്ഷയുടെ കവാടം നമുക്കായി തുറന്നുവച്ചു.

- Advertisement -



Comments are closed, but trackbacks and pingbacks are open.