ലേഖനം: ഉപദേശത്തെ മറന്നു കൊണ്ടുള്ള സൽപ്രവർത്തികൾ | നിഖിൽ മാത്യു
സഭ അതിന്റെ നാൾവഴികളിൽ എല്ലാം തന്നെ വിപ്ലവാത്മകമായ നവോത്ഥാനത്തിലൂടെയാണ് സഞ്ചരിച്ചിട്ടുള്ളത്. ഉപദേശപരമായും സാംസ്കാരികമായും നവോത്ഥാനത്തിന് കാലം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നവോത്ഥാനം എന്നത് എല്ലാ മേഖലകളിലും കൃത്യമായ ഇടവേളകളിൽ ക്രമീകൃതമായി സംഭവിക്കേണ്ട ഒന്നു തന്നെയാണ്. 21-ാം നൂറ്റാണ്ടിൽ സഭ സമാനതകൾ ഇല്ലാത്ത വെല്ലുവിളികളിലൂടെയാണ് നയിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് അതിൽ പ്രധാനമാണ് ദുരുപദേശങ്ങൾ. ഇന്നിന്റെ നാൾവഴികളിൽ ദൈവസഭ അനേകം ദുരുപദേശങ്ങളെ പോഷിപ്പിക്കുന്ന പിള്ളത്തൊട്ടിലായി മാറിക്കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇത്തരത്തിൽ സഭ പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ ആഴങ്ങളിലേക്ക് ഇറങ്ങി അവയെ വിശകലനം ചെയ്ത് വിമർശനാത്മകമായി അപഗ്രഹിക്കുക തന്നെ വേണം. അതിനായി ക്രമീകൃതമായ വചന പഠനം ഈ തലമുറയ്ക്ക് അനിവാര്യമാണ്.
നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന മാർട്ടിൻ ലൂഥർ (1483-1546) മുൻപോട്ടു വെച്ച ” SALVATION BY FAITH NOT BY WORK” എന്ന ആശയം ആനുകാലിക പ്രസക്തി ഏറിയതാണ്. വിജയത്തിനായി 100 വഴികൾ എന്ന പുസ്തകം വായിച്ചു വളർന്ന തലമുറ, ആത്മീയ ലോകത്ത് രക്ഷയ്ക്കായി 100 വഴികൾ തേടുകയാണ് അത് പ്രവർത്തിയിലൂടെ സാധ്യമാക്കാം എന്ന മൗഢ്യതയിൽ മുന്നേറുകയാണ്. ഉപദേശങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്ന സഭാ പിതാക്കന്മാരിൽ നിന്നും ഉപദേശങ്ങളിൽ അല്പം വീഴ്ചകൾ വന്നാലും സൽപ്രവർത്തികളാൽ അതിനെ സന്തുലിതമാക്കാം എന്ന ആശയം പരോക്ഷമായി നിശബ്ദ സുവിശേഷമായി പ്രഘോഷിക്കപ്പെടുന്നു എന്നതാണ് സഭ നേരിടുന്ന പ്രധാന വെല്ലുവിളി. വചനാധിഷ്ഠിതമായ ഉപദേശം പിൻപറ്റാൻ താല്പര്യമില്ലാത്ത തലമുറ സൽപ്രവർത്തിക്കായി മത്സരിക്കുകയാണ്. നീതീകരണത്തിന്റെയും വിശുദ്ധിയുടെയും മാനദണ്ഡങ്ങൾ പ്രവർത്തികളിലൂടെ നേടിയെടുക്കാൻ ശ്രമിക്കുന്നു എന്നത് നാം പോലും അറിയാതെ നാം ഓരോരുത്തരും നന്മതിന്മകളുടെ വ്യവസ്ഥിതികളിൽ കുടുങ്ങി പോകുന്നതുകൊണ്ടാണ്.
രക്ഷ എന്നത് ദൈവത്തിന്റെ കൃപയാൽ വിശ്വാസത്താനുമുള്ള സൗജന്യ ദാനമാണ്.റോമർ 3:28 “അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽതന്നെ നീതീകരിക്കപ്പെടുന്നു.” രക്ഷ മനുഷ്യൻ നേടുന്നു എന്നല്ല മറിച്ച് അതിനെ സ്വീകരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
എഫെസ്യർ 2:8-9 “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.”
ആത്മീയ ജീവിതത്തിൽ പ്രവർത്തികൾക്ക് സ്ഥാനമില്ല എന്നല്ല ആത്മീയ ജീവിതത്തെ ഒരു വൃക്ഷമായി കണ്ടാൽ അതിന്റെ വേരുകൾ വിശ്വാസത്തിന്റെയും പ്രവർത്തികൾ ഫലമായും നമുക്ക് മനസ്സിലാക്കാം. പ്രവർത്തികൾ എന്നത് വിശ്വാസത്തിന്റെ സ്വാഭാവിക ഫലമാണ്. വചനം ഇല്ലാത്ത പ്രവർത്തി ശൂന്യമാണ്, ദൈവവചനം പ്രായോഗിക ജീവിതത്തിലെ പ്രവർത്തനത്തിനായി ഒരു ദിശാബോധം നമ്മിലേക്ക് നൽകുന്നു. അബ്രഹാം വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു എന്നുമാത്രമല്ല പ്രവർത്തിയാൽ അത് തെളിയിച്ചു.യാക്കോബ് 1:4 “എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.” എന്ന് യാക്കോബ് തന്റെ ലേഖനത്തിലൂടെ നമ്മെ ഓർമിപ്പിക്കുന്നു.
സൽപ്രവർത്തികൾക്ക് നീതീകരണത്തിന്റെയും വിശുദ്ധികരണത്തിന്റെയും വിലയിടാൻ ശ്രമിക്കുന്നതാണ് പരാജയം. വിശുദ്ധ ജീവിതം പ്രവർത്തികൾ കൊണ്ട് എത്തിപ്പിടിക്കുന്നതിനുമപ്പുറം അത് ക്രിസ്തു വരെ നീണ്ടുനിൽക്കുന്ന ഒന്നാണെന്നുള്ള ബോധ്യമാണ് ഒരു ദൈവ പൈതലിനെ നയിക്കേണ്ടത്. വചനത്തെ അധിഷ്ഠിതമാക്കി ഉപദേശത്തെ പാലിച്ചുകൊണ്ട് ശൂന്യമായ മതവിചാരങ്ങളുടെ വേലിക്കെട്ടുകളെ പൊട്ടിച്ചെറിയാം.

- Advertisement -



Comments are closed, but trackbacks and pingbacks are open.