ലേഖനം: ക്രിസ്തു നൽകിയ സ്വാതന്ത്ര്യം നാം നഷ്ടമാക്കിയോ ? | റവ.ജോർജ് മാത്യു പുതുപ്പള്ളി (സിഡ്നി ആസ്‌ട്രേലിയ)
വിശുദ്ധ ലൂക്കൊസിന്റെ സുവിശേഷം പതിനെട്ടാം അദ്ധ്യായം വായിച്ചു ധ്യാനിച്ചപ്പോൾ അതിന്റെ എട്ടാം വാക്യം എന്റെ മനസിൽ ഉടക്കി. ‘മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ?’ ഇതു ചോദിച്ചിരിക്കുന്നത് സാക്ഷാൽ മഹാദൈവമായ യേശുകർത്താവ് തന്നെയാണ്.
എന്റെ അന്തരാത്മാവ് എന്നോടു ചോദിച്ചു : ‘നിനക്കു ക്രിസ്തു നൽകിയ ആദ്യസമയത്തെ യഥാർത്ഥ സ്വാതന്ത്ര്യം ഇപ്പോഴും മുറുകെപ്പിടിച്ചു മുന്നേറുവാൻ നിനക്കു സാധിക്കുന്നുണ്ടോ ? നീ വിശ്വാസമാർഗത്തിൽ വന്നപ്പോൾ ഉണ്ടായിരുന്ന വിശ്വാസലോകത്തിനും ഇപ്പോഴുള്ള വിശ്വാസലോകത്തിനും തമ്മിൽ കാര്യമായ എന്തെങ്കിലും അന്തരം സംഭവിച്ചിട്ടുണ്ടോ ?’
മൂന്നു പതിറ്റാണ്ട് മുമ്പ് ഞാൻ വിശ്വാസജീവിതം ആരംഭിച്ചപ്പോൾ കണ്ട ആത്മീയലോകവും ഇന്നത്തെ ആത്മീയലോകവും തമ്മിൽ കടലും കടലാടിയും പോലുള്ള അന്തരമുണ്ട്. അന്നു ഞാൻ കണ്ട വിശ്വാസലോകമേ അല്ല ഇന്നുള്ള വിശ്വാസലോകം. അന്നുണ്ടായിരുന്ന ചൈതന്യമുള്ള ആത്മീയാനുഭവങ്ങൾ വേർപെട്ട ക്രൈസ്തവസഭകളിൽ ഇന്നു പൊതുവെ കാണുന്നില്ല.
‘വലിയ ഉണർവ്, ഗംഭീര ഉണർവ്’ എന്നൊക്കെ പലരും പറഞ്ഞു കേൾക്കാറുണ്ട്. ആധുനിക ആത്മീയ ഉണർവ് പലയിടത്തും വന്നതായി പലരും അവകാശവാദങ്ങൾ ഉന്നയിക്കുന്നുമുണ്ട്. പാപബോധവും, അനുതാപവും, കണ്ണീരും, നിലവിളിയും, ഐക്യതയും, ഉറച്ച വിശ്വാസവും, പരസ്നേഹവും, ഹൃദയം തകർന്ന പ്രാർത്ഥനയും അന്യം നിന്നുപോയ രാജ്യങ്ങളിൽ, സഭകളിൽ, ഭവനങ്ങളിൽ എങ്ങനെയാണ്, എവിടെനിനിന്നാണ് ഉണർവ് കടന്നു വരുന്നത് ? നമ്മുടെ കണ്ണീർത്തുരുത്തിയിൽ നിന്നും കണ്ണീർ പൂർണ്ണ തോതിൽ വറ്റിപ്പോയിട്ട് നാളുകൾ എത്രയോ പിന്നിട്ടിരിക്കുന്നു.
നഷ്ടപ്പെട്ടു പോയ പഴയകാല ആത്മീയാനുഭവങ്ങൾ ദൈവസഭകളിലേക്ക് മടക്കിക്കൊണ്ടു വരിക ഏറെ ദുഷ്കരമാണ്. സാധിക്കണമെങ്കിൽ അതിന് ഏറെ വില കൊടുക്കേണ്ടി വരും. തിരിച്ചു പിടിക്കുവാൻ കഴിയാത്തവണ്ണം ‘യഥാർത്ഥ ആത്മീയത’ (True Spirituality) ദൈവസഭകളിൽനിന്നും പൂർണ്ണമായി അകന്നുപോയിരിക്കുന്നു.
ആരാണ് ഇതിനു കാരണക്കാർ ? എന്നു ചോദിച്ചാൽ ‘നാമൊക്കെത്തന്നെ’ എന്നതായിരിക്കും ശരിയായ ഉത്തരം. ഒന്നാമത്തെ കാരണക്കാരൻ ഞാൻ തന്നെയാണ്. മൂന്നു പതിറ്റാണ്ട് മുമ്പ് ഞാൻ വിശ്വാസജീവിതം ആരംഭിക്കുമ്പോൾ എന്നിലുണ്ടായിരുന്ന ദൈവസ്നേഹവും മനുഷ്യസ്നേഹവും എന്നിൽനിന്നും ചോർന്നുപോയിട്ടുണ്ട്. ഒരുപക്ഷെ ലോകവും, കാലവും വരുത്തിയ വിനയായിരിക്കുമത്. ഇന്നത്തെ പല വിശ്വാസികളിലും അവർ വന്ന കാലത്തുണ്ടായിരുന്ന ദൈവസ്നേഹവും മനുഷ്യസ്നേഹവും അതേ അളവിൽ കാണുവാൻ സാധിക്കുന്നില്ല.
സത്യാന്വേഷിയായ ഒരു ആത്മീയസുഹൃത്ത് എന്നോടു ചോദിച്ചു : ‘ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. പഴയതു കഴിഞ്ഞുപോയി. ഇതാ അത് പുതിയതായി തീർന്നിരിക്കുന്നു’
(2 കൊരിന്ത്യർ 5 : 17) എന്നല്ലേ വേദപ്രമാണം. അങ്ങനെയുള്ള ആരെയെങ്കിലും ഇന്ന് ആത്മീയ മേഖലയിൽ ചൂണ്ടിക്കാണിക്കുവാൻ താങ്കൾക്ക് കഴിയുമോ ?’
ഞാൻ നൽകിയ മറുപടി ഇങ്ങനെ : ‘ജീവിതത്തിൽ സമ്പൂർണ രൂപാന്തരം വന്ന് വാക്കിലും പ്രവർത്തിയിലും ഒരുപോലെ യേശുവിനെ പിന്തുടർന്നു യഥാർത്ഥ ആത്മീയജീവിതം നയിക്കുന്നവരുടെ എണ്ണം വളരെ വിരളമാണ്. ‘പുതിയ സൃഷ്ടിയായി, പഴയതു മുഴുവൻ കഴിഞ്ഞുപോയി, ഇതാ അത് പുതിയതായി തീർന്നിരിക്കുന്നു’ എന്നു ലോകത്തിനു മുമ്പാകെ ജീവിതംകൊണ്ടു വെളിപ്പെടുത്തേണ്ടത് അവരവർ തന്നെയാണ്. അല്ലാതെ, അങ്ങനെ ജീവിക്കുന്ന ആരെയെങ്കിലും ചൂണ്ടിക്കാട്ടുക തികച്ചും അസാദ്ധ്യമാണ്.’
യേശുകർത്താവ് ഉദ്ദേശിക്കുന്ന അതേ അർത്ഥത്തിലും അതേ ആശയത്തിലും 100 ശതമാനം കൃത്യമായി ദൈവവചനം പ്രസംഗിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും എണ്ണത്തിലും ഏറെ കുറവ് അനുഭവപ്പെടുന്നു. സ്വന്തം വചനപാണ്ഡിത്യം മറ്റുള്ളവരുടെ മുമ്പാകെ വെളിപ്പെടുത്തുവാനുള്ള തത്രപ്പാടിൽ പലരും ദുരുപദേശങ്ങളുടെ സഹയാത്രികരാകുന്നു. എങ്കിലും യഥാർത്ഥമായ ആത്മീയ ഉണർവിനായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷം എക്കാലവും ദൈവസഭയിൽ ഉണ്ടായിട്ടുണ്ട് എന്നതും ഒരു ചരിത്രസത്യമാണ്.
‘യേശുവുമായി വ്യക്തിപരമായ ബന്ധം പുലർത്തുന്നവരുടെ (Personal relation with Jesus) ഹൃദയത്തിൽ വലിയ ബഹളമൊന്നുമില്ലാത്ത, നിശബ്ദമായ ഉണർവ് എന്നും ഉണ്ടായിരിക്കും. ആ ഉണർവാണ് എനിക്കിഷ്ടം. ആ ഉണർവാണ് നമുക്കു വേണ്ടത്. ആ ഉണർവാണ് അത്യന്തികമായതും നിലനിൽക്കുന്നതും.
ആ ഉണർവ് സാധു സുന്ദർസിംഗിന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു. ആ ഉണർവ് ഡി എൽ മൂഡിയിലും, ആർ എ ടോറിയിലും, വില്യം കേറിയിലും, ജോൺ വെസ്ലിയിലും, ഡേവിഡ് ലിവിങ്സ്റ്റണിലും. ബില്ലി ഗ്രഹാമിലും ഉണ്ടായിരുന്നു. ഇളക്കപ്പെരുപ്പമോ, കൂവലോ, അലർച്ചയോ, അട്ടഹാസമോ, പൊട്ടിച്ചിരിയോ, ഉന്തലോ, ഊതലോ, വീഴ്ത്തലോ, തള്ളിയിടീലോ ഒന്നുമില്ലാത്ത ശാന്തമായ സ്വർഗീയ ഉണർവ്. പരിശുദ്ധാത്മാവിന്റെ സൗമ്യവും, നിർമലവും, മൃദുലവുമായ യഥാർത്ഥ ആത്മീയ ഉണർവ്.
Rev. George Mathew Puthuppally
Sydney NSW, Australia.
WhatsApp : 9847481080.

- Advertisement -



Comments are closed, but trackbacks and pingbacks are open.