ലേഖനം: കനൽ വഴിയിലൂടെ വാഗ്ദത്തങ്ങളിലേക്ക് | സുബിൻ ഇലന്തൂർ

ലേഖനം :  സുബിൻ ഇലന്തൂർ

രൂത്തിന്റെ പുസ്തകം നിർവ്യാജ സ്നേഹത്തിന്റെയും ദൈവ ഭക്തിയുടെയും ത്യാഗോജ്ജലമായ വിശ്വസ്തതയുടെയും ആദർശ ധീരഥ യൂടേയും ഒരു ഇതിഹാസ പുസ്‌തകമാണ്‌. ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്‌ലഹേംഹെമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‌ദേശത്ത് പരദേശിയായി പാർപ്പാൻ പോയി(രൂത്ത് 1:1). ദൈവം തന്റെ പാപികളായ ജനത്തിന്റെ മേൽ കൊണ്ടുവന്ന ന്യായവിധികളുടെ ഒരു ഭാഗമായിരുന്നു ക്ഷാമവും യുദ്ധവും. ദേശത്ത് ക്ഷാമം കൊടുമ്പിരി കൊണ്ടപ്പോൾ അബ്രഹാം പണ്ട് മിസ്രയീമിലേക്ക് യാത്ര തിരിച്ചതുപോലെ, അപ്പത്തിന്റെ ഭവനമായ ബേത്‌ലഹേംമിൽ നിന്നും എലീമേലെക്കും കുടുംബവും മോവാവിലേക്ക് പാർക്കുവാൻ പോയത് അത് അവരുടെ ആത്മീയ ഭൗതിക ജീവിതത്തിന്റെ അധഃപതനത്തിന് കാരണമായി. എലിമേലെക്ക് ബേത്‌ലഹേം വിട്ടപ്പോൾ ദൈവീക വഴി അടയുവാനും എന്നാൽ മോവാബിയ യുവതിയായ രൂത്തിന് ബേത്‌ലഹെമിലെക്കുള്ള യാത്ര വാഗ്ദത്തത്തിന്റെ നീർച്ചാലുകൾ തുറക്കപ്പെടുവാനുള്ള വഴിയായി. ദൈവീക സന്ദർശനത്തിന്റെ ഭാഗമായി കുടുംബത്തിലെ ആദ്യമരണം എലീമേ ലെക്ക് സംഭവിച്ചു. പിന്നീട് നവോമിയും അവളുടെ രണ്ട് പുത്രന്മാരും ശേഷിച്ചു. അവർ താമസിക്കാതെ രണ്ട് മോവാബ്യ പെൺകുട്ടികളായ ഓർപ്പയെയും രൂത്തിനെയും വിവാഹം കഴിക്കുന്നു. ദൈവീക സന്ദർശനം മനസ്സിലാകാഞ്ഞ നവോമിയുടെ ജീവിതത്തിൽ പ്രതീക്ഷ ആകേണ്ടുന്ന ആൺമക്കളുടെ അകാല മരണം കുടുംബത്തിൽ സംഭവിക്കുന്നു. കുടുംബത്തിന്റെ ഭദ്രത തകർത്ത മരണങ്ങളും, നവോമിയുടെ ഹൃദയവേദന വാക്കുകൾക്ക് അധിതമായി. ദൈവീക സന്ദർശനത്തിന്റെ ഭാഗമായി മരണം കൊടികുത്തി വാഴുന്ന നവോമിയുടെ ജീവിതം ഒരു അന്യദേശത്ത് ഒർപ്പയോടും രൂത്തിനോടും ഒപ്പം തനിച്ചാകുന്നു. ദൈവീക സന്ദർശനത്തിന്റെ ഉൾവിളി മനസ്സിലാക്കിയ നവോമി ബേത്‌ലഹെമിലേക്ക് യാത്രയാകുവാൻ തീരുമാനമെടുക്കുന്നു. ദൈവീക സാന്നിധ്യത്തെ തിരിച്ചറിയാൻ കഴിയാത്ത ഓർപ്പതന്റെ മാതാപിതാക്കളുടെ അടുക്കലേക്കും അവൾ വിട്ടിട്ടു പോകുന്ന മിഥ്യമൂർത്തികളുടെ അടുക്കലേക്കു മടങ്ങുന്നു, എന്നാൽ ദൈവീക സാന്നിധ്യവും സന്ദർശനവും രുചിച്ചറിഞ്ഞ രൂത്ത് നവോമിയോട് നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം(രൂത്ത് 1:16). നവോമിയോടുള്ള ബന്ധത്തിൽ അകറ്റുന്നത് തന്റെ മരണം മാത്രം എന്നാണ് രൂത്തിന്റെ പ്രസ്താവന. ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? എന്ന പൗലോസ് അപ്പോസ്തോലിന്റെ ചോദ്യം ഇവിടെ അർത്ഥവത്താണ്. രൂത്ത് ബേത്‌ലഹമിലേക്ക് പോകുവാനും നൊവൊമിയോടൊപ്പം താമസിക്കാൻ തീരുമാനിക്കുന്നു. ദൈവീക സന്ദർശനം മനസ്സിലാക്കിയുള്ള നവോമിയുടെയും രൂത്തിന്റെയും മടങ്ങിവരവ് അപ്പത്തിന്റെ ഭവനമായ ബേത്‌ല ഹെമിനെ വർണശഭളമാക്കുന്നു. മടങ്ങിവരവും ദൈവീക പദ്ധതികളുടെ ആരംഭവും: ബെത്‌ലഹേമിലേക്ക വന്ന രൂത്തിന്റെ ജീവിതത്തിൽ ദൈവീക വാഗ്ദത്തത്തിന്റെ വയലുകൾ തുറക്കുന്നു. ഭാഗ്യവശാൽ അവൾ വന്നു പെട്ടത് മഹാ ധനാഢ്യനായ ബോവസിന്റെ വയലിലാണ്. ബോവസ് സ്നേഹ സമ്പന്നനും യഹോവ ഭക്തനുമായിരുന്നു. ദൈവീക പദ്ധതിയിലുള്ള രണ്ട് വ്യക്തികളുടെ കണ്ടുമുട്ടൽ വയലിൽ നിന്ന് ആരംഭിക്കുന്നു. അപ്പോൾ രൂത്ത് ബോവ സിനോട് ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു; ബോവസ് രൂത്തിനോടു: കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക.
ബോവസ് രൂത്തിലെ വിശ്വാസത്തെയും സത്യത്തെയും തിരിച്ചറിഞ്ഞു. അവളെ സംരക്ഷിക്കുകയും അവളെ ആദരിക്കുകയും ചെയ്തു. അവൻ ദയയും, നീതിയും, വിശ്വസ്തതയും കാണിച്ച മാതൃകയാകുന്നു.
രൂത്തിന്റെ വിശ്വാസം,പരിശ്രമം,ധൈര്യം, ത്യാഗം എല്ലാം അവളെ മുന്നോട്ട് നയിക്കുന്നു. ദൈവം അവളെ കൈവിട്ടില്ല; വിശ്വാസത്തിന്റെ വയലിൽ ഉറപ്പിച്ചുകൊണ്ട് വാഗ്ദത്തത്തിന്റെ വഴികളിലേക്കാണ് അവളെ നയിച്ചത്. മൂന്നാം അധ്യായത്തിൽ നാം കാണുന്നത് നവോമിയുടെ ഉപദേശവും രൂത്തിന്റെ അനുസരണവും ബോവസിന്റെ വിശ്വസ്തതയുമാണ്. നാലാം അധ്യായത്തിൽ നാം കാണുന്നത് കനൽ വഴിയിൽ നിന്നും വാഗ്ദത്വത്തിന്റെ പടവുകളിലേക്കുള്ള രൂത്തിന്റെ ജൈത്രയാത്രയാണ്. ഇരുൾ മൂടിയ വഴിത്താരയിൽ നിന്നും ജീവന്റെ പ്രകാശമായ ദൈവത്തിന്റെ വാക്ക് അനുസരിച്ചപ്പോൾ ജീവിതത്തിൽ തനിക്ക് നഷ്ടമായത് ഒക്കെയും ദൈവം മടക്കി നൽകി. നിലനിന്നിരുന്ന ന്യായപ്രമാണത്തിന്റെ ചട്ടങ്ങൾക്ക് വിധേയമായ രൂത്തിനെ വീണ്ടെടുക്കുവാൻ ബോവസ് തീരുമാനിച്ചു. നിലനിന്നിരുന്ന ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായി രൂത്തിനെ ബോവസ് വിവാഹം കഴിച്ചു. തൽഫലമായി ദാവീദിന്റെ വല്യമ്മച്ചിയായും യേശുക്രിസ്തുവിന്റെ വംശാവലി ഉൾപ്പെടുവാനുമുള്ള മഹാഭാഗ്യം അവൾക്ക് ലഭിച്ചു. വേദപുസ്തകം എന്ന മഹാ സൗദത്തിലൂടെ നാം യാത്ര ചെയ്യുമ്പോൾ ക്രിസ്തു ഭക്തരെ അപേക്ഷിച്ച് ലോകത്തിൽ വേദനകളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടതായി വരും. ഈ ലോക യാത്രയിൽ പലപ്പോഴും നിരാശകളും പ്രയാസങ്ങളും രോഗങ്ങളും ദുഃഖങ്ങളും വന്നേക്കാം. അവിടെ നാം ദൈവത്തോട് മറുതലിക്കാതെയും പിന്മാറ്റത്തിന്റെ അവസ്ഥയിലേക്ക് തിരിയാതെയും നാം ദൈവസന്നിധിയിൽ ഉറച്ചുനിൽക്കണം. ഈ കഷ്ടതകളിലൂടെ ദൈവം നമ്മളെ കടത്തിവിടുന്നത് തകർത്തു കളയുവാൻ അല്ല പിന്നെയോ നമ്മളെ പണിതെടുത്ത് പുറത്തുകൊണ്ടുവരുവാനാണ്. ചില സന്ദർഭങ്ങളിൽ ദൈവിക വഴിവിട്ട് നാം സഞ്ചരിക്കുമ്പോൾ നമ്മെ മടക്കി കൊണ്ടുവരുവാനും, നമ്മുടെ സ്വയം തീരുമാനങ്ങളിലും പദ്ധതികളിൽ നിന്നും നമ്മളെ തിരിച്ചു കൊണ്ടുവരുവാനും ദൈവം ചില പ്രതിസന്ധികൾ നമ്മുടെ ജീവിതത്തിൽ അയക്കുന്നു. നവോമിയുടെ കുടുംബത്തിലൂടെ നമ്മുക്ക് ലഭിക്കുന്ന ആത്മീയ പാഠം ദൈവത്തോട് ആലോചന ചോദിക്കാതെ സ്വയം എടുക്കുന്ന തീരുമാനങ്ങൾ ദൈവീക സന്ദർശനത്തിന് കാരണമാകുന്നു. എന്നാൽ കുറവുകളെ മനസ്സിലാക്കി നവോമി മടങ്ങി വരുവാൻ തയ്യാറായപ്പോൾ ദൈവം അവരെ പടിപടിയായി ഉയർത്തി. ഈ ദൈവം നമ്മളെ ഉയർത്തുവാനും ശക്തനാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.