കഥ – ആൾക്കൂട്ടത്തിൽ തനിയെ

ആൾക്കൂട്ടത്തിൽ തനിയെ
സുബേദാർ സണ്ണി കെ ജോൺ രാജസ്ഥാൻ

” ദൈവങ്ങളെ…..” തേനി അലറി കരഞ്ഞു.
അവൾക്ക് ആ വാർത്ത വിശ്വസിക്കുവാൻ കഴിയുന്നില്ല !
“നമ്മള കുഞ്ഞിനെ ഓറ് ശെരിക്കും നോക്കീ നോ? “
സംശയനിവർത്തിക്കുവേണ്ടി അവൾ പിന്നെയും എടുത്തു ചോദിച്ചു ,
ഡോക്ടർ ശരിയായ രീതിയിൽ കുഞ്ഞിനെ പരിശോധിച്ചുവോ? അതോ കോടോത്തേയും ബേളൂരിലേയും പോലെ തന്നെ കാസർഗോഡ് ജില്ലാ ആശുപത്രിയിലേയും ഡോക്ടർമാർ ദൂരത്ത് നിന്ന് തന്നെ കൈമലർത്തിയോ?
“അല്ല തേനി,”
ബേബി പറഞ്ഞു,
“വളരെ നല്ല ഡോക്ടറായിരുന്നു. ഹൈഡ്രോസെഫാലസ് ബാധിച്ച കുഞ്ഞുങ്ങൾ പത്തുമുപ്പത് വയസ്സു വരേയും ജീവിച്ചിരിക്കുമത്രേ! പക്ഷേ കുഞ്ഞിന് ഇപ്പോൾ ക്യാൻസറും കൂടി സ്ഥിരികരിച്ചിരിക്കയാണ്.നമ്മുടെ കുഞ്ഞ് ഇനി ചിലപ്പോൾ ഒന്നു രണ്ട് മാസം കൂടി മാത്രമേ….!”
കുഞ്ഞ് മരിച്ചുപോകുമെന്ന വാർത്ത കേട്ട് ആ അമ്മ അലറി കരഞ്ഞില്ല.! അനിവാര്യവും ആസന്നവും പറഞ്ഞറിയിക്കാൻ കഴിയാത്തതുമായ വിഷാദത്തിൻ്റെ മുന്നറിവ് തേനിയുടെ അന്തരേന്ദ്രിയങ്ങൾ വെളിപ്പെടുത്തി കൊടുത്തിരിക്കുകയാണ്!
വർഷങ്ങൾക്കു മുൻപ് തേനിയുടെ മാതാപിതാക്കൾ പ്ലാന്റേഷനിലെ തൊഴിലാളികൾ ആയിരുന്നു.
കശുമാവിന് മരുന്നടിക്കാൻ വന്ന ഹെലികോപ്റ്റർ ആകാശത്തേക്ക് ഉയർന്നുപൊങ്ങുന്നതും മരുന്നടിക്കുന്നതും ഒക്കെ കണ്ട് കുഞ്ഞു തേനി കയ്യടിച്ചു ചിരിച്ചു
പിന്നീട്,
കൈ കൊട്ടാൻ ആകാതവണ്ണം ഡോക്ടർമാർ അവളുടെ കൈ മുറിച്ച് മാറ്റി.അവൾക്ക് ക്യാൻസറാണെന്ന് പ്രഖ്യാപിച്ചു. ഒരു മാസത്തിന്റെ ഇടവേളയിൽ അവളുടെ മാതാപിതാക്കളെ പ്ലാന്റേഷന്റെ വെളിമ്പുറത്ത് ആരൊക്കെയോ ചേർന്ന് കുഴിച്ചിട്ടു. അവർക്കും ക്യാൻസറായിരുന്നു.
അവളുടെ ഇളയ രണ്ട് കുഞ്ഞുങ്ങൾക്ക് ഹൈഡ്രോസെഫാലസ് ആണെന്ന് ഡോക്ടർമാർ പറഞ്ഞു. തല മാത്രം വളർന്ന് കൈകാൽ ശേഷിച്ച് ഒരു കൊച്ചു കുഞ്ഞിൻ്റെ അത്ര മാത്രം വലുപ്പമുള്ള ഇരുപതും ഇരുപത്തിയഞ്ചും വയസ്സുള്ള കുഞ്ഞുങ്ങൾ !
തേനിക്ക് മാത്രമല്ല, അങ്ങനത്തെ കുഞ്ഞുങ്ങൾ ഉള്ളത്; എൻഡോ സൾഫാൻ്റെ ഇന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ കാസർഗോഡിലെ 11 പഞ്ചായത്തുകളിൽ കാണുവാൻ കഴിയും! അവർക്ക് കൊടിയ വേദനയാണ് . ഞരമ്പ് നുറുങ്ങുന്ന അതികഠിനമായ വേദന. മിക്കവാറും പേരുടെ വൃക്ക തകരാറിലാണ്. ഓർമശക്തിയില്ല. നടക്കാൻ കഴിയുകയില്ല ! മരണതുല്യമായ ജീവിതം തള്ളി നീക്കേണ്ടിവരുന്ന ഒരു കൂട്ടം ആളുകൾ! അന്ധർ ബധിരർ, തളർന്നു കിടക്കുന്നവർ, ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ, മറ്റ് ജനിതകരോഗമുള്ള നവജാത ശിശുക്കൾ, ചാപിള്ളകൾ……
തേനിയുടെ മക്കളെ ബേബി ലാളിച്ചു. ബേബിയെക്കാളും മുതിർന്ന കുഞ്ഞുങ്ങളെ അയാൾ എടുത്തുകൊണ്ട് നടന്നു ! ബേബി അവരെ ആത്മാർഥമായും സ്നേഹിച്ചു. ബേബി അവരെ പരിചരിച്ചു. കുളിപ്പിക്കുകയും കഞ്ഞി കോരി കൊടുക്കുകയും ചെയ്തു. അതെല്ലാം കാണുമ്പോൾ തളർന്നു കിടക്കുന്ന തേനി നൊമ്പരത്തോടെ വിളിച്ചു പോവുകയാണ്,
“ബേബിയേട്ടാ ….. സത്യത്തിൽ നീങ്ങ ആരോലും?? പെരിഞ്ച മൊഗേറിൻ്റെ ഗുരു ദൈവങ്ങളാ?!”
മൂത്ത കുഞ്ഞ് ഗുരുതരമായ രോഗം ബാധിച്ച് മരിച്ച സമയത്താണ് സർക്കാരിൽ നിന്നും ഇരുപതിനായിരം രൂപ സഹായധനം അനുവദിച്ച അറിയിപ്പ് വന്നത്.യഥാർത്ഥത്തിൽ അമ്പതിനായിരം രൂപയായിരുന്നു അനുവദിച്ചത്! ഇടനിലക്കാർ മുപ്പതിനായിരം അടിച്ചുമാറ്റിയത് തേനി അറിഞ്ഞില്ലെന്ന് മാത്രം.
ആ തുക വാങ്ങാൻ പോയ തേനിയുടെ ഭർത്താവ് പിന്നീട് ഒരിക്കലും മടങ്ങി വന്നില്ല!ഇങ്ങനെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൈക്കലാക്കി കടന്നു കളഞ്ഞ ഭർത്താക്കൻമാരുടേയും സ്വന്ത ബന്ധങ്ങളുടേയും ക്രൂരതകൾ വേറെയും ധാരാളമുണ്ട് ഈ ഹതഭാഗ്യർക്ക് പറയാൻ.
ഇപ്പോൾ ഇതാ, ഇളയ കുട്ടിക്കും ബോൺ ക്യാൻസർ സ്ഥിരീകരിച്ചിരിക്കുന്നു!
“മരിക്കട്ടും,”
തേനി പറഞ്ഞു ,
“അതോടെ എല്ലാം തീരൂല്ലോ!!”
യഥാർത്ഥത്തിൽ മരണം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല എന്നതാണ് നേരെന്ന് ബേബി പറഞ്ഞപ്പോൾ തേനി തലകുലുക്കി സമ്മതിച്ചു.
നേരാണ് മരിച്ചാലും ശാപമോക്ഷം കിട്ടിയില്ലെങ്കിൽ…..
മാങ്ങാട്ടെ ആൽത്തറയിൽ വളർന്നിറങ്ങുന്ന വേരുകൾ, വെറും ആൽ മരത്തിന്റെ വേരുകൾ അല്ല; അവ പിതൃക്കളാണ്. പൂർവ്വികരുടെ ആൽമാക്കളാണ്!! എന്തെന്നാൽ അവർക്ക് ശാപമോക്ഷം കിട്ടണമെങ്കിൽ പിന്നെയും മണ്ണിൽ മരമായി ഒരായിരം വർഷം ജീവിക്കണം. അത് വഴി കടന്നു പോകുന്ന അവരുടെ പ്രിയപ്പെട്ടവരെ അവ പേരെടുത്ത് വിളിക്കും. ആത്മാക്കളുടെ ആ വിളി കേട്ട് അടുത്ത് ചെന്ന് കൃത്യം വേരിനെ വേർതിരിച്ചറിയുന്ന തലമുറ വേരിൽ ചുവന്ന ചരട് കെട്ടി ആലിംഗനം ചെയ്യും. അതോടെ അവർക്ക് മോക്ഷം കിട്ടും. അങ്ങനെ മോക്ഷം കിട്ടുന്നവരാണ് ദൈവങ്ങളായി തീരുന്നത്. പക്ഷേ ,ഇതുവരെ അങ്ങനെ തിരിച്ചറിയാൻ കഴിഞ്ഞ ആരും ഇപ്പോൾ ആ ആദിവാസി ഊരുകളിൾ
ജീവിച്ചിരിപ്പില്ല !
ബേബി യേശുവിനെ കുറിച്ച്,യേശു തന്നെത്താൻ നമുക്ക് വേണ്ടി ഏൽപ്പിച്ചു കൊടുത്ത വലിയ ത്യാഗത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും രക്ഷയെക്കുറിച്ചും തേനിയോട് പറഞ്ഞു. യേശുവിൻറെ ആഗമനത്തെ കുറിച്ചും മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും പുനരുത്ഥാന രൂപാന്തരത്തെക്കുറിച്ചും തേനിയോടു പറഞ്ഞപ്പോൾ തേനി വേദനയിലും വലിയ പ്രത്യാശയോടെ തെളിഞ്ഞു..
മരണത്തെ അവൾക്ക് പേടിയില്ല . പേടിയില്ലെന്ന് മാത്രമല്ല; ഭൂരിഭാഗം എൻഡോ സൾഫാൻ ഇരകൾക്കും മരണത്തോട് നീഗൂഢവും വശ്യവുമായ പ്രേമമാണ്! ഒന്ന് വന്ന് പുണർന്നെങ്കിൽ എന്നാശിക്കുന്ന മനുഷ്യ ജൻമങ്ങൾ.
എന്നാൽ യേശു ഒരു പുതിയ ജീവിതം കൊടുക്കുകയാണ്. വിശ്വസിക്കുന്നവർ ഒരു പുതിയ സൃഷ്ടി ആവുകയാണ്!
ആ പുതുശരീര പ്രാപ്തിക്കുവേണ്ടി അവൾ കൊതിച്ചു!
ക്രിസ്തു കൊടുക്കുന്ന ശരീരത്തെ ക്യാൻസർ ആക്രമിക്കുകയില്ല എൻഡോസൾഫാൻ മുഖാന്തരം ഉണ്ടാകുന്ന നൂറുകണക്കിന് രോഗങ്ങൾ ബാധിക്കുകയില്ല ! രോഗമില്ലാത്ത, ഒരിക്കലും മരിക്കാത്ത ഒരു പുതിയ ശരീരവും നിത്യജീവനും നൽകുമെങ്കിൽ യേശുവിനെ വിശ്വസിക്കുവാൻ അവൾ നൂറ് ശതമാനം ഒരുക്കമാണ്. ഇനി ആൽത്തറയിൽ ശാപമോക്ഷം കാത്ത് വേരായി തൂങ്ങി കിടക്കേണ്ടതില്ല എന്ന ഒരു വലിയ കാരണം കൂടി അവൾക്കുണ്ട്!അങ്ങനെ കിടക്കേണ്ടി വരുകയാണെങ്കിൽ അന്വേഷിച്ചു വരുവാൻ തേനിക്ക് ഇനി ആരും അവശേഷിക്കുന്നില്ല! അവളുടെ മാതാപിതാക്കളെ, സഹോദരങ്ങളെ, കുഞ്ഞുങ്ങളെ പൂർണമായും എൻഡോസൾഫാൻ തിന്നു കളഞ്ഞു!! തൻ്റേയും ഇളയ കുഞ്ഞിൻ്റെയും മരണം ഉറപ്പിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു! ഈ ഭൂലോകത്ത് മറ്റാർക്കും ഇതിൽനിന്ന് മോചനം നൽകാൻ കഴിയുകയുമില്ല !
അങ്ങനെയെങ്കിൽ പിന്നെ എന്തുകൊണ്ട് യേശുക്രിസ്തുവിൽ വിശ്വസിച്ചുകൂടാ! അവൾ പറഞ്ഞു,
“ എനക്ക് വിസ്വാസാന്നും, എനക്ക് യേസു കിരിസ്തൂന വിസ്വാസാന്നും !”
പക്ഷേ, അടുത്ത നിമിഷം തന്നെ വലിയ സംശയങ്ങൾ അവളെ ബാധിച്ചു,
വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്യുന്നവരാണ് രക്ഷിക്കപ്പെടുന്നതെന്ന് ബേബിയേട്ടൻ പറയുന്നു! തളർന്നുകിടക്കുന്ന തന്നെ ആര് സ്നാനപ്പെടുത്തും? 25 വയസ്സുള്ള ഹൈഡ്രോ സെഫാലസ് ബാധിച്ച് ബുദ്ധിയും ശരീരവും വളരാതെ മുരടിച്ചു പോയ എൻറെ കുഞ്ഞിനെ എങ്ങനെ വെള്ളത്തിൽ മുക്കിയെടുക്കും?മന്ദബുദ്ധിയായിപ്പോയ മനസ്സിൻ്റെ താളം തെറ്റിപ്പോയ ചുറ്റുമുള്ള രോഗികൾ എങ്ങനെ രക്ഷാവാചകം ഏറ്റ് ചെല്ലും? അവർക്ക് ഈ പറയുന്ന സുവിശേഷം ഗ്രഹിക്കാൻ കഴിയുകയില്ലല്ലോ !!
ഇനി എങ്ങനെയെങ്കിലും ഒക്കെ സ്നാനപ്പെട്ടു എന്ന് കരുതുക.
” അപ്പോ കരിത്താവ് മരിച്ചു പോയ ആളോളെ എല്ലാം ഉയർപ്പിക്കുംമ്പം,”
തേനി ചോദിച്ചു, എൻഡോ സൾഫാൻ തിന്നു കളഞ്ഞ കാസർഗോഡേ ആയിരക്കണക്കിന് ആളോൾക്ക് ചീഞ്ഞളിഞ്ഞു പോയ , വെട്ടിമാറ്റപ്പെട്ട അവയവങ്ങൾക്ക് പകരം വേറെ ശരീരം ; എന്നുവച്ചാൽ ഒരു ഊനവും ഇല്ലാത്ത ആത്മശരീരം ലഭിക്കുംന്ന്ല്ലേ ബേബിയേട്ടാ അയിനർഥം?
അങ്ങനെയാണെങ്കിൽ ഇനി അടുത്ത ചോദ്യം,
ക്രിസ്തുവിൽ മരിച്ചുപോയ , ഈ ഭൂമിയിൽ ജഡിക ശരീരത്തിൽ ജീവിച്ചു മരിച്ചുപോയ മനുഷ്യരാണല്ലോ പുതിയ ശരീരത്തിൽ ഉയർത്ത് കർത്താവിൻറെ കൂടെ നിത്യതയിൽ വസിക്കുക?
” നീങ്ങ ഉത്തരം പറയീ ,”
എൻറെയും ദേശത്തെ നിരവധി നിരവധി സ്ത്രീകളുടെയും വയറ്റിൽ നിന്ന് മരണം കാർന്നുതിന്ന ചാപിള്ളകൾ, അവയവങ്ങൾ വികാസം പ്രാപിക്കും മുൻപ് മരിച്ച ഗർഭസ്ഥ ശിശുക്കൾ, ശരീരം ഉരുവാകുന്നതിന് മുൻപ് എൻഡോ സൾഫാൻ തിന്നു കളഞ്ഞ ഒന്നും രണ്ടും മാസമായ ഭ്രൂണങ്ങൾ …… അവർക്ക് എന്ത് സംഭവിക്കും? അതെല്ലാം ആത്മാക്കളായിരുന്നില്ലേ? ശരീരം ഇല്ലാതിരുന്ന അവർക്ക് എങ്ങനെ ആത്മശരീരം ലഭിയ്ക്കും ?
“ പറയി ബേബിയേട്ടാ; നീങ്ങ പറ”
പെട്ടെന്ന് ബേബി നിലത്ത് മുട്ടുകുത്തി ഉറക്കെ ഉറക്കെ കരയാൻ തുടങ്ങി!
തേനി സ്തബ്ദയായി.
എന്താണ് സംഭവിച്ചത്?
” എനിക്ക് അറിയില്ല….. ഇതിനൊന്നും ഉത്തരം എനിക്കറിയില്ല തേനി….! എന്നെ ആരും ദൈവവചനം പഠിപ്പിച്ചിട്ടില്ല . രക്ഷിക്കപ്പെട്ടപ്പോൾ യേശു നമ്മേ സ്നേഹിച്ചതു പോലെ, ശുശ്രൂഷിച്ച് കാലുകഴുകിയതു പോലെ എനിക്കും ചെയ്യണമെന്ന് തോന്നി. അതിനുവേണ്ടിയിട്ടാണ് ഞാൻ ഈ മലബാറിലേക്ക് വന്നത് ! ഇവിടെ വന്നിട്ട് മൂന്നുമാസമായി !ഞാൻ ക്രിസ്തുവായിരുന്നെങ്കിൽ, ക്രിസ്തു എങ്ങനെ നിങ്ങളെ പരിചരിക്കുമോ അങ്ങനെ പരിചരിക്കണം എന്നാശിച്ചുപോയി! പക്ഷേ,ഇങ്ങനത്തെ ഒരു ചോദ്യം ഇതുവരെ ആരും എന്നോട് ചോദിച്ചിട്ടില്ല !! എനിക്ക് അറിയ്യേമില്ല !! പക്ഷേ ഞാൻ ഉറപ്പു തരുന്നു , ഞാൻ ഇനി പഠിക്കും! ഞാൻ ഇനി ദൈവവചനം മനസ്സിലാക്കേണ്ട രീതിയിൽ മനസ്സിലാക്കുക തന്നെ ചെയ്യും! ”
തേനിക്ക് വിഷമമായി.
ബേബിയേട്ടാ എന്നോട് ക്ഷമിക്ക് .എനിക്ക് അതിനെല്ലാം ഉത്തരം ഇനി അറിയണമെന്നില്ല.എന്തിനാണ് നീങ്ങ ബൈബിൾ വായിക്കുന്നത്? എന്തിനാണ് നീങ്ങ സുവിശേഷം പറയുന്നത്?
ആ പറച്ചിലിലൂടെ യേശുവിനെ കണ്ടുമുട്ടണം എന്ന തീവ്രമായ ആഗ്രഹം കൊണ്ടല്ലേ? അങ്ങനെയെങ്കിൽ, അവൾ പറഞ്ഞു,
“ഞാങ്ങ യേസൂന കണ്ടിക്കിനി!”
“എപ്പോൾ , എപ്പോഴാണ് തേനി യേശുവിനെ കണ്ടത്? യേശു എങ്ങനെയാണ് ഇരിക്കുന്നതെന്ന് സ്വപ്നത്തിൽ പോലും ഇന്നുവരെ ഞാൻ കണ്ടിട്ടില്ല? ഒന്നു പറഞ്ഞു താ എൻ്റെ തേനിയമ്മേ”
” ഞാളെ നോക്കുന്നോറെപ്പോല……! ഞാള ബേബിയേട്ടന പ്പോല !!”
തേനി പറഞ്ഞു!
ബേബി അത്ഭുതപ്പെട്ടുപോയി.അതേസമയം തന്നെ കൊടിയ ദുഃഖത്തിൽ അയാൾ വിങ്ങിപ്പൊട്ടി. നാളിതുവരെയും യേശുവിനെ കുറിച്ച് പറഞ്ഞിട്ടും മനസ്സിലാക്കുന്നില്ലല്ലോ!
താൻ യേശു എന്ന് തെറ്റിദ്ധരിക്കുന്നല്ലോ.
പെട്ടെന്ന്,
കാസർഗോഡിന്റെ മലനിരകളിൽ നിറഞ്ഞുനിന്ന മേഘങ്ങൾക്ക് കൊടുങ്കാറ്റ് പിടിച്ചു .കാറ്റിൻറെ സീൽക്കാരം .
കൂരിരുട്ട്.
കൂരിരുട്ടിൽ അഗ്നിപർവതത്തിന്റെ മുഖപ്രകാശം!
പ്രകാശത്തിൽ നിന്ന് ഒരു ശബ്ദം ഉണ്ടായി.
“നീ എൻ്റെ പ്രിയപുത്രൻ……”
ഉൽക്കടമായ ഉൾക്കുളിരിൽ, ഭയാദരവിൽ , തടുത്തു നിർത്താനാവാത്ത സന്തോഷത്തിലും ചാരിതാർത്ഥ്യത്തിലും അതിൻ്റെ ദിവ്യമായ വെളിപാടിലും ബേബി മന്ത്രിച്ചു ,
“യേശുവേ, ഈ എൻഡോസൾഫാൻ ഇരകളോട് കരുണ കാണിക്കണമേ…ഇവരുടെ ആത്മാവിനെയും പ്രാണനെയും ശരീരത്തെയും പുതുതാക്കി കൊടുക്കണമേ.”
അന്നേരം ദൈവീകമായിട്ടുള്ള ഒരു പ്രസാദത്തിൽ അവിടെ ചാറ്റൽമഴ പെയ്യാൻ തുടങ്ങി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.