ചെറു കഥ: ദൈവീക നിർണയവും സാക്ഷാത്കാരവും | സൂസൻ അലക്സ്

ദൈവ നിർണയവും സാക്ഷാത്കാരവും
അന്നും പതിവുപോലെ അന്നമോൾ പ്രാർത്ഥിച്ച ശേഷം ഉറങ്ങുവാൻ കിടന്നു. കാരണം പപ്പയും അമ്മയും എപ്പോഴും പറയും നമ്മുടെ കുടുംബ പ്രാർത്ഥന കഴിഞ്ഞാലും ഉറങ്ങുന്നതിനു മുൻപ് പ്രാർത്ഥിച്ചിട്ടേ കിടക്കാവൂ എന്ന്. അത് അന്നമോൾ ഒരിക്കലും മുടക്കാറില്ല. അങ്ങനെ സന്തോഷത്തോടെ ഉറങ്ങാൻ കിടക്കുമ്പോഴാണ് സഭയിൽ ചില ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഉപവാസ പ്രാർത്ഥനയും അവിടെ നടന്ന ആരാധനയും മറ്റും അവളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നത്. കഴിഞ്ഞ ഒരാഴ്ച മുഴുവൻ എല്ലാദിവസവും പ്രാർത്ഥനക്ക് പോകുന്നത് വളരെ സന്തോഷമായിരുന്നു. മിക്ക ദിവസങ്ങളിലും പാസ്റ്ററങ്കിളിനെ കൂടാതെ വേറെയും പാസ്റ്റർന്മാർ അതിഥികളായി പ്രാർത്ഥനയ്ക്ക് വന്നിരുന്നു. അവർ പലരുടെയും തലയിൽ കൈ വച്ച് പ്രാർത്ഥിക്കുകയും ദൈവീക ആലോചന അവരോട് പറയുകയും ചെയ്യുമായിരുന്നു. അങ്ങനെ അന്നമോൾടെ തലയിലും കൈ വച്ച് പ്രാർത്ഥിച്ചിട്ട് പറഞ്ഞു “ഞാൻ നിന്നെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കുമെന്ന്”. പാസ്റ്റർ അങ്കിൾ പറഞ്ഞത് എന്താണെന്ന് അവൾക്ക് മനസ്സിലായില്ല, എങ്കിലും തനിക്കും സ്വന്തമായി ഒരു വാഹനം കിട്ടും എന്ന് ഓർത്തപ്പോൾ അവൾക്ക് വളരെ സന്തോഷം ഉണ്ടായി . അവളുടെ സഹോദരനായ ജോബിയോട് അതിനെപ്പറ്റി പറഞ്ഞപ്പോൾ –
“ഉള്ള ഒരു സൈക്കിൾ പോലും നേരെ ചൊവ്വേ ഓടിക്കാൻ കഴിയാത്ത നീയാണോ വലിയ വണ്ടി ഓടിക്കുന്നത്”
എന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചു. അത് അന്നമോൾക്ക് വലിയ വിഷമമായി. എന്തായാലും നാളെ രാവിലെ അമ്മയുടെ അടുത്ത് ഇതിനെപ്പറ്റി ചോദിക്കണമെന്ന് മനസ്സിൽ കരുതി പാവം അന്നമോൾ ഉറങ്ങിപ്പോയി. ഉറക്കത്തിൽ, ഒരു വലിയ കുന്നിന്റെ മുകളിലേക്ക് താൻ ഒരു വണ്ടിയുമായി കയറുന്നതായും അവിടെ നിന്ന് താഴേക്ക് വീഴുന്നതായും സ്വപ്നം കണ്ട് നിലവിളിച്ചുകൊണ്ട് ഞെട്ടി ഉണർന്നു.
“സാരമില്ല മോളെ, എന്തെങ്കിലും ചീത്തസ്വപ്നം മോൾ കണ്ടുകാണുമായിരിക്കും അതുകൊണ്ടാ മോൾ ഞെട്ടി ഉണർന്നത്”
എന്ന് പറഞ്ഞ് അടുത്തു കിടന്ന അമ്മ ആശ്വസിപ്പിച്ചു. എങ്കിലും പേടി മാറാത്തതുകൊണ്ട് അമ്മയെ ഒന്നുകൂടി മുറുക്കി കെട്ടിപ്പിടിച്ച് അവൾ ഉറങ്ങിപ്പോയി.
രാവിലെ എണീറ്റപ്പോൾ തലേദിവസം കണ്ട സ്വപ്നത്തെ കുറിച്ചും അത് കാണുവാൻ ഇടയായ സാഹചര്യത്തെ കുറിച്ചും ഒക്കെ അമ്മയോട് പറഞ്ഞു. “ആ പാസ്റ്റർ അങ്കിൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ലമ്മേ” എന്ന് പറഞ്ഞപ്പോൾ,
“മോൾ വല്യതായി കഴിയുമ്പോൾ നല്ല ജോലി കിട്ടി വല്യ ഒരാളായി തീരുമെന്നും, മോളെ കുറിച്ച് ദൈവത്തിന് ഒരു വലിയ ഉദ്ദേശം ഉണ്ടെന്നും, ദൈവീക വാഗ്ദത്തങ്ങൾ മോളിൽ കൂടി നിറവേറ്റി എടുക്കുമെന്നും, അതുകൊണ്ട് മോൾ എന്നും പ്രാർത്ഥിക്കയും, അതിനുവേണ്ടി ശ്രമിക്കുക യും വേണമെന്നാണ് പാസ്റ്ററങ്കിൾ ദൈവീക ആലോചനയായി പറഞ്ഞതെന്നും” അമ്മ അവൾക്ക് മനസ്സിലാക്കികൊടുത്തു.
പക്ഷെ ഈ വാഗ്ദത്തം എന്നു പറഞ്ഞാൽ എന്താണ് എന്നുള്ള അവളുടെ ചോദ്യത്തിന് മറുപടിയായി
“മോള് കുറെ കഴിയുമ്പോൾ പപ്പയേം, അമ്മയെയുംപോലെ വല്യതകുമല്ലോ. പക്ഷെ ഞങ്ങൾക്ക് ഒത്തിരി പഠിക്കാനൊന്നും പറ്റിയില്ല. എന്നാൽ മോൾ നന്നായി പഠിച്ചാൽ എല്ലാവരും ഒത്തിരി ആഗ്രഹിക്കുന്ന നല്ലയൊരു പദവിയിൽ മോളും എത്തും. അതുകൊണ്ട് നന്നായി പഠിക്കണം. അതിനുവേണ്ടി പ്രാർത്ഥിച്ചാൽ മോൾക്ക്‌ നല്ല ബുദ്ധി ദൈവം തരുമെന്നുമാണ് ഉദ്ദേശിച്ചത്” എന്ന് പറഞ്ഞു കൊടുത്തു.
അന്നുമുതൽ വാഗ്ദത്തം ചെയ്ത ദൈവത്തിൽ കൂടുതൽ ആശ്രയിക്കുവാനും കിട്ടിയ വാഗ്ദത്തങ്ങൾ നിറവേറ്റി തരണമേ എന്നും അന്നമോൾ പ്രാർത്ഥിക്കുവാൻ തുടങ്ങി.
കാലങ്ങൾ അങ്ങനെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമായി മുൻപോട്ട് കടന്നുപോയി. പക്ഷേ അവളുടെ പ്രാർത്ഥനയ്ക്ക് മാത്രം ഒരു വ്യത്യാസവും ഉണ്ടായില്ല. തന്നോട് വാഗ്ദത്തം ചെയ്ത ദൈവത്തിൽ കൂടുതൽ അവൾ ആശ്രയിക്കുകയും തനിക്ക് തന്നിരിക്കുന്ന വാഗ്ദത്തം നിറവേറുന്നതിനു വേണ്ടി പ്രാർത്ഥിക്കുകയും, അതിനായി പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിന്റെ ഫലമായി പഠിച്ച എല്ലാ ക്ലാസ്സുകളിലും ഉന്നത വിജയം നേടാൻ സാധിച്ചു.
ദൈവം നമുക്ക് ഒരു വാഗ്ദത്തം തരികയും നാം ആ വാഗ്ദത്തത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നാൽ തീർച്ചയായിട്ടും ദൈവവചനം പറയുന്നതുപോലെ വാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻ തന്നെ ആകുന്നു. അത് അവളുടെ ജീവിത അനുഭവത്തിൽ അന്വര്‍ത്ഥമായി. അവൾ ആഗ്രഹിച്ചതിലും ഉപരിയായി ദൈവം അവളെ മാനിച്ചു. അന്നമോൾ വളർന്നു, വിദ്യാഭ്യാസം പൂർത്തീകരിച്ചു, അവൾ പുറകോട്ടു ചിന്തിച്ചപ്പോൾ ദൈവം എത്ര വിശ്വസ്ഥൻ എന്ന് പറഞ്ഞു ഹൃദയത്തിൽ ദൈവത്തിന് നന്ദി പറഞ്ഞു. ദൈവം നടത്തിയ വഴികളെ കുറിച്ച് ഓർത്തപ്പോതന്നെ അറിയാതെ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
“ഗുഡ്മോണിങ് മാഡം” എന്ന് കേട്ടുകൊണ്ടാണ് ആൻ മറിയ കണ്ണുതുറന്നത്. ഇന്നത്തെ പ്രോഗ്രാം ഷീറ്റിൽ ഉള്ളതിൽ ആദ്യത്തേത് അവൾ പഠിച്ച സ്കൂളിന്റെ ലാബിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനമാണ്. പണ്ട് ആ സ്കൂളിൽ ഇത്രയും ആധുനിക സജ്ജീകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നെങ്കിലും അന്നത്തെ അധ്യാപകരെ എല്ലാവർക്കും ബഹുമാനത്തോടെയുള്ള ഒരു ഭയം ആയിരുന്നു. എന്നാൽ ഇന്ന് അങ്ങനെയുണ്ടോ എന്ന ഒരു സംശയവും അവളുടെ മനസ്സിൽ ഉണ്ടായി . എങ്കിലും ഇന്നത്തെ പ്രോഗ്രാമിനെ കുറിച്ച് ഓർത്തപ്പോൾ അതിയായ സന്തോഷം ഉണ്ടായി. പഠിപ്പിച്ച അദ്ധ്യാപകർ ആരുംതന്നെയില്ല. കൂടെ പഠിച്ചതും, കുറച്ച് ജൂനിയർ കുട്ടികളിൽ ചിലരും ഇപ്പോൾ അവിടുത്തെ അദ്ധ്യാപകർ ആണെന്നറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു. അവർ എല്ലാവരുംതന്നെ നല്ല കഴിവും, ബുദ്ധിയുമുള്ളവർ ആയിരുന്നു. അവിടുത്തെ പ്രധാന അദ്ധ്യാപകൻ അവളുടെ സഹപാഠിയായ നോയൽ ആയിരുന്നു. കുട്ടികൾക്ക് അവളെ പരിചയപ്പെടുത്തിക്കൊണ്ട് നോയൽ പറഞ്ഞത്, ഇന്നത്തെ വിശിഷ്ട അതിഥി ആൻ മരിയ ഐ.എ എസ്, ഈ സ്കൂളിന്റെ ഒരു പൂർവ്വ വിദ്യാർത്ഥിനി ആയിരുന്നെന്നും, ഇപ്പോൾ ഈ ജില്ലയുടെ കളക്ടർ ആണെന്നുമാണ്. അത് കേട്ടപ്പോൾ അതിയായ സന്തോഷവും ഒപ്പംതന്നെ അഭിമാനവും തോന്നി. കാരണം താൻ ഇന്ന് ജില്ലാകളക്ടർ ആയിട്ടാണ് ആ സ്കൂളിൽ എത്തിയത്. അവിടുത്തെ കുട്ടികൾകളോട്, പഠിത്തത്തിൽ വളരെ ശ്രദ്ധിക്കുകയും, ജീവിതത്തിൽ നല്ല ലക്ഷ്യബോധമുള്ളവരായിരിക്കണമെന്നും, ഭാവിയെ കുറിച്ച് സ്വപ്നം കാണണമെന്നും, അങ്ങനെയായാൽ മാത്രമേ നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുകയുള്ളുവെന്നും അവരെ ഉപദേശിച്ചു. അവിടെ, തന്നെ ഏൽപ്പിച്ചിരുന്ന കൃത്യം നിർവഹിച്ച ശേഷം കൂട്ടുകാരോടൊപ്പം കുറെ സമയം ചിലവഴിക്കാനും അവൾ മറന്നില്ല. അതിനുശേഷം നോയൽ മോനോടൊപ്പവും കുറച്ചുസമയം ചിലവഴിച്ചു. തന്റെ കൂട്ടുകാരിൽ ഏറ്റവും സമർത്ഥനായിരുന്നു നോയൽ. അന്ന് ഞങ്ങൾ കൂട്ടുകാരും അധ്യാപകരും എല്ലാം വിചാരിച്ചിരുന്നത് നോയൽ
ഒരു ഐ.എ.എസ് അല്ലെങ്കിൽ ഐ.പി.എസ് ഓഫീസർ അതുമല്ലെങ്കിൽ ഒരു ഡോക്ടർ ആകുമെന്നായിരുന്നു. അതിനെപ്പറ്റി ചോദിച്ചപ്പോൾ നോയൽ പറഞ്ഞത് താൻ അത് തിരഞ്ഞെടുത്തിരുന്നുവെങ്കിൽ തന്റെ ജീവിതത്തിൽ സാമൂഹികമായും സാമ്പത്തികമായും ഒരു മെച്ചപ്പെട്ട അവസ്ഥയിൽ എത്തുവാൻ ഒരുപക്ഷേ സാധിച്ചേക്കുമായിരുന്നു. എന്നാൽ ഒരു അധ്യാപകനായതുകൊണ്ട് അനേകം കുഞ്ഞുങ്ങൾക്ക് സാമൂഹികമായും ബൗദ്ധികമായും ഒരു നല്ല വഴി തെളിയിച്ചു കൊടുക്കുവാൻ തനിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. അതുതന്നെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. നോയലിന് എല്ലാവിധ ആശംസകളും നേർന്ന ശേഷം ആൻ മരിയ മടങ്ങിപ്പോയി.
പിറ്റേദിവസം ഞായറാഴ്ചയായിരുന്നു. വളരെ നീണ്ട ഇടവേളയ്ക്കു ശേഷമായിരുന്നു അവൾ തന്റെ മാതൃസഭയിൽ ആരാധനയ്ക്കായി കടന്നുപോകുന്നത്. മാതാപിതാക്കളോടും സഭയിലെ എല്ലാ പ്രിയപ്പെട്ടവരോടും ഒത്തുള്ള ആരാധന തന്റെ ജീവിതത്തിൽ വളരെ സന്തോഷമായിരുന്നു . കർതൃദാസൻ തന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ചെറിയ പ്രായത്തിൽ ഈ സഭയിൽ വെച്ച് നടന്ന ഒരു ഉപവാസ പ്രാർത്ഥനയിൽ വന്ന കർത്തൃദാസൻ തന്റെ തലയിൽ കൈവച്ച് ദൈവിക അരുളപ്പാട് അറിയിച്ചതിനെപ്പറ്റിയും, അതിനായി താൻ ഒത്തിരി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിനെ പറ്റി സാക്ഷ്യ വാചകത്തിൽ കൂടെ ആൻ മറിയ പറയുകയുണ്ടായി. അന്ന് തനിക്ക് കിട്ടിയ വാഗ്ദത്ത വാക്യമായിരുന്നു യെശയ്യാ 58:14 “ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കും”. അന്ന് അതിന്റെ അർത്ഥം ഇത്രയും വലിയതായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. തന്റെ ജീവിതത്തിൽ ദൈവം ചെയ്ത നന്മകളെയും, ദൈവത്തിന്റെ വാഗ്ദത്തങ്ങൾ നിറവേറ്റിയതിനെ കുറിച്ച് ഒരു ചെറിയ സാക്ഷ്യം അവിടെ പറഞ്ഞപ്പോൾ അത് എല്ലാവർക്കും, വിശേഷാൽ സൺഡേ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങൾക്കും വളരെ പ്രചോദനം നൽകുന്നതായിരുന്നു. ഈ അനുഭവസാക്ഷ്യം അവർക്ക് ദൈവത്തോടുള്ള വിശ്വാസം ഒന്നുകൂടി വർദ്ധിക്കുവാനും ദൈവത്തിന് നന്ദി കരേറ്റുവാനും കൂടുതലായി ദൈവത്തിനു വേണ്ടി പ്രയോജനപ്പെടുവാനും അവരുടെ വിദ്യാഭ്യാസത്തിൽ ഒന്നുകൂടെ ശ്രദ്ധാലുക്കൾ ആകുവാനും സഹായകമായി.
ദൈവവചനം ഇപ്രകാരം പറയുന്നു, “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ അത് എന്നും ഉവ്വ്” എന്നത്രേ. നമ്മുടെ ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തനാണ്. നമ്മോടുള്ള ദൈവിക വാഗ്ദത്തങ്ങൾ ഒന്നുപോലും നിവർത്തിക്കാതിക്കുകയില്ല. അത് താമസിച്ചാലും നിറവേറുകതന്നെ ചെയ്യും. അതിനായി നാം ചെയ്യേണ്ടത് വാഗ്ദത്തം ചെയ്തവനെ വിശ്വസ്തനെന്നു വിശ്വസിക്കുകയും, ആ വാഗ്ദത്ത പൂർത്തീകരണത്തിനുവേണ്ടി കാത്തിരിക്കുകയും, പ്രാർത്ഥിക്കുകയും, അതിനവേണ്ടി അധികം പ്രയത്നിക്കുകയും ചെയ്യുക മാത്രമാണ്. തന്നോട് പറഞ്ഞ വാഗ്ദത്തം ഓർത്ത് എല്ലാദിവസവും പ്രാർത്ഥിക്കുക മാത്രമായിരുന്നില്ല അവൾ ചെയ്തത്. അതിനുവേണ്ടി ഒത്തിരി അധ്വാനിക്കുകയും ചെയ്തു. ആ കഠിന പ്രായത്തിന്റെ ഫലമാണ് താൻ ഇന്ന് അനുഭവികക്കുന്ന ഈ സന്തോഷം. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഓരോ ദിവസം ആരംഭിക്കുന്നത് പ്രാർത്ഥനയോടും അത് അവസാനിക്കുന്നത് ദൈവത്തിന് നന്ദി കരേറ്റിയും കൊണ്ടായതിനാൽ ആൻ മറിയയ്ക്ക് വലിയ പ്രയാസങ്ങൾ ഒന്നും കൂടാതെ തന്റെ ജോലികൾ കൃത്യമായി ചെയ്യുവാൻ സാധിച്ചു. വീണ്ടും തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക്…..

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.