വീജ്ഞാനവീഥി: മനോഹര ഭൂമി | ഡോ. ബ്ലെസൺ ജോർജ്ജ്

വീജ്ഞാനവീഥി: ഡോ.ബ്ലെസൺ ജോർജ്ജ് ദൈവത്തിനു കഴിയാത്ത വല്ല കാര്യവുമുണ്ടോ? ഈ ചോദ്യത്തിന്റെ ഏറ്റവും മഹത്തരമായ ഉത്തരം, തടാകങ്ങളും പൂന്തോട്ടങ്ങളും പച്ചപ്പകിട്ട് അണിഞ്ഞ കാടുകളും അരുവികളും മഞ്ഞുമൂടിയ മലകളും ഒക്കെ നിറഞ്ഞ നമ്മുടെ മനോഹരമായ ഭൂമിയാണ്. ബൈബിളിലെ ആദ്യ വാക്യങ്ങളിൽ ഭൂമിയെ വിശേഷിപ്പിച്ചിരിക്കുന്നത് “പാഴും ശൂന്യവും” എന്നാണ്. ഇത്രയും മോശം വിശേഷണം ഉള്ള കാര്യങ്ങൾ ഭംഗിയായി മാറിയ ചരിത്രം ചുരുക്കമാണ്. പാഴും ശൂന്യവും ആയതിനെ ഉപേക്ഷിക്കുകയാണ് നമ്മുടെ രീതി. എന്നാൽ ആത്മാവ് അതിന്മേൽ വ്യാപാരിച്ചുകൊണ്ടിരുന്നു.

പ്രപഞ്ചത്തിന്റെ ഉത്പത്തിയെ വിവരിക്കുന്ന വിശ്വസനീയമായ സിദ്ധാന്തമാണ് ബിഗ് ബാങ് (Big Bang) തിയറി. ഒരു ചെറിയ പോയിന്റിൽ നിന്നും പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു. വികാസത്തിന്റെ ആദ്യ ഘട്ടത്തിൽ എല്ലാം പ്ലാസ്മാ (Plasma) രൂപത്തിൽ ആയിരിക്കും. അതാര്യമായ (opaque) ദ്രാവക രൂപത്തിലുള്ള വസ്തു പതിയെ ഘനീഭവിച്ച് ഖരരൂപത്തിൽ (Solid state) ആകുന്നു. പ്ലാസ്മയിൽ നിന്നും ഉതിർക്കപ്പെടുന്ന മൈക്രോവേവ് തരംഗങ്ങൾ നിരീക്ഷിച്ചതു മൂലം ശാസ്ത്രീയമായി ഈ സിദ്ധാന്തം അംഗീകരിക്കപ്പെടുന്നു. രൂപമാറ്റം സംഭവിച്ച മറ്റെല്ലാ ഗ്രഹങ്ങളും ഇപ്പോഴും പാഴും ശൂന്യവുമായി
ആയി കിടക്കുമ്പോൾ ജീവനുവേണ്ടുന്ന എല്ലാ ഘടകങ്ങളും ഭൂമിയിൽ ഉണ്ടായത് ആകസ്മികമല്ല. ആത്മാവിന്റെ പരിവർത്തനം തന്നെയാണ്. ഓക്സിജനും, വെള്ളവും, ശരിയായ താപനിലയും, ഓസോൺ പാളിയും, അന്തരീക്ഷവും, ചന്ദ്രനും ഒക്കെ ലഭിച്ചതുകൊണ്ടാണ് ഇന്ന് ഇവിടെ ജീവൻ നിലനിൽക്കുന്നത്. മണ്ണിനെ സമ്പുഷ്ടിക്കരിക്കുന്ന മണ്ണിരകൾ മുതൽ ഓക്സിജൻ ഫാക്ടറിയായ മരങ്ങൾ വരെ ദൈവം ഭൂമിക്ക് നൽകി.
ഒരു മനുഷ്യനും ശാസ്ത്രത്തിനും നിരൂപിക്കുവാൻ കഴിയാത്ത തരത്തിൽ വിസ്മയകരമായി ദൈവം ഭൂമിയെ പണിതു. പ്രപഞ്ചസൃഷ്ടാവായ മഹാ തച്ചന്റെ കരവിരുത് എത്ര അഗോചരം! “ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ” ലൂക്കോസ് 1:37. NB: ഇത്ര മനോഹരമായി സൃഷ്ടിച്ച ഭൂമിയെ മനുഷ്യന് പാർക്കുവാൻ ദൈവം നൽകി. അത്യാർത്തിയും സ്വാർത്ഥതയും മൂലം ഭൂമിയെ നശിപ്പിക്കുന്ന മനുഷ്യനെ ഓർത്ത് ദൈവം അനുതപിച്ചു എന്നതും വസ്തുത.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.