തുടർക്കഥ: എന്റെ പ്രിയേ…ശൂലേംകാരത്തി… | പാർട്ട്‌ – 2 | സജോ കൊച്ചുപറമ്പിൽ

തുമ്പിയെ യാത്രയാക്കിയ ശേഷം അവൾ വീട്ടിനുള്ളിലേക്ക് നടന്നു പുറത്തു പെയ്ത മഴ അവൾക്ക് മനോഹരി ആയിരുന്നെങ്കിൽ,
അകത്തു പെയ്ത മഴ അവൾക്ക് സംഹാര രൂപിയായിരുന്നു. അങ്ങിങ്ങായി ഓടുകൾക്കും കഴുക്കോലുകൾക്കിടയിലൂടെ പുറത്തു പെയിത മഴത്തുള്ളികൾ അകത്ത് ആ വീടിനകം നനച്ചിരുന്നു.

ഹും…
അല്ലേലും പുറത്തു പെയ്യുന്ന
മഴ കാവ്യസുന്ദരി ആണെങ്കിൽ… അകത്തു പെയ്യുന്ന മഴ കണ്ണീരിന്റെ വേദനയാണല്ലോ..???
അവിടവിടെയായി ചിതറി വീണ മഴത്തുള്ളികളെ ഒപ്പിയെടുത്ത് ബക്കറ്റിനുള്ളിലേക്ക് പിഴിഞ്ഞൊഴിക്കുമ്പോൾ അവൾ സ്വയം ഇങ്ങനെ ആശ്വസിച്ചു.
” ആരുടെയൊക്കെയോ കണ്ണീരൊപ്പാൻ ദൈവം എന്നെ ഈ ഭൂമിയിലേക്ക് അയച്ചതാവാം”. പെട്ടെന്ന് അടുത്ത മുറിയിലെ കട്ടിലിൽ നിന്നും ഒരു ചുമ കേട്ടു,
അവൾ ആ ചുമ കേട്ട ഭാഗത്തേക്ക് നോക്കി ചോദിച്ചു
എന്താ അപ്പച്ചാ..
ചെറിയൊരു ചാറ്റമഴ പെയ്തപ്പോഴേക്കും പനിപിടിച്ചോ??
ഇല്ല മോളെ…
തൊണ്ട വരണ്ടിട്ടാണെന്ന് തോന്നുന്നു ആകെ ഒരു അസ്വസ്ഥത,
അവൾ പതിയെ ആ മുറിയിലേക്ക് കടന്നു ചെന്നു.
മുറിയുടെ ജനാലയിലൂടെ വീട്ടിലേക്ക് അടിക്കുന്ന ഇത്തിരി പോന്ന വെളിച്ചത്തിന്റെ നിറവിൽ ഇരുന്നു ബൈബിൾ വായനയിലാണ് അപ്പൻ.
ഉപദേശി എന്ന പദവിയുടെ എല്ലാ വേദനകളും കടന്നുവന്ന ഒരു മനുഷ്യൻ അപ്പൻ എന്നാൽ ജീവിതം കൊണ്ട് രക്തസാക്ഷിയായവൻ എന്നാണ് അവളുടെ വെയ്പ്പ്.

കരഞ്ഞിട്ടും കരയാത്തവൻ ആയി.. ചിരിച്ചിട്ടും ചിരിക്കാത്തവനായി… ഭയന്നിട്ടും ഭയക്കാത്തവനായി.. പറക്കമുറ്റാത്ത 6 തലമുറകളേ കൊണ്ട് സഭകളിൽ നിന്ന് സഭകളിലേക്ക് സുവിശേഷത്തിന്റെ വെളിച്ചവുമായി ഒരു ഇടയന്റെ കാർക്കശ്യത്തോടെ ഓടി
നടന്ന അപ്പൻ.

ഇതെല്ലാം കണ്ട് ദേശം സാക്ഷ്യം പറഞ്ഞു അയാൾ ഒരു ഉത്തമ പോരാളിയായിരുന്നു.
അലക്കി തേച്ച മുണ്ടും ഉടുപ്പും ഇട്ട് വെള്ള വസ്ത്രധാരിയായി ലഭിച്ച സമയങ്ങളിൽ ഒക്കെയേയും കവലകളിൽ നിന്ന് കവലകളിലേക്ക് പരസ്യ യോഗ സുവിശേഷം നടത്തിയ
അപ്പനോട് അവൾക്ക് അടങ്ങാത്ത സ്നേഹവും ബഹുമാനവും ആയിരുന്നു.
ഇക്കണ്ട കാലം ഒക്കെയും ദൈവത്തിനുവേണ്ടി ഓടിയ ഈ മനുഷ്യന്റെ വസ്ത്രത്തിലെ കറുത്ത പാടായി അവൾക്ക് അവളെ തന്നെ തോന്നി.
കാരണം അവളുടെ വയസ്സ് 48 കടന്ന് കാലത്തിനു മുമ്പേ കുതിക്കുകയാണ്, ശരീരത്തിൽ അവിടവിടെയായി പ്രായത്തിന്റെ വേദനകൾ കണ്ടു തുടങ്ങി.
അവളെ പെണ്ണ് കണ്ട ചെക്കന്മാരെല്ലാം കൊച്ചുമക്കളെ ലാളിച്ചിരിക്കുന്നുണ്ടാവും.
വിധിയുടെ വിളയാട്ടം എന്ന് സമൂഹം പറഞ്ഞു നടക്കുമ്പോൾ
വേദനയുടെ കണ്ണീരുകൊണ്ട് മഹാസാഗരം തീർത്തവൾ ഇന്നും തന്റെ കർത്താവിനോട് ചോദിച്ചു കൊണ്ടേയിരിക്കുകയാണ്,
എൻറെ പ്രിയ കർത്താവേ….
എവിടെ എനിക്കൊരു ഭർത്താവ്???

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.