ശാസ്ത്രവീഥി: വെളിച്ചത്തെ “വേർപിരിച്ച” ദൈവം | പാ. സണ്ണി. പി. ശമുവേൽ, റാസ് അൽ ഖൈമ

വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു” (ഉല്പത്തി: 1: 3,4).

പ്രകാശവും ഇരുളും അഥവാ അന്ധകാരവും ദൈവസൃഷ്ടി ആണെന്നു പ്രവാചകൻ വിളിച്ചുപറയുന്നു. “ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാൻ സമാധാനത്തെ ഉണ്ടാകുന്നു; സമാധാനക്കേടിനെയും സൃഷ്ടിക്കുന്നു. യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു” (യെശയ്യാവ്: 45: 7). പ്രകാശത്തെ നിർമ്മിക്കുന്നു എന്നതിനു Yatzar (H3335) എന്ന എബ്രായപദമാണു മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത്. ആദാമിനെ സൃഷ്ടിയിങ്കലും (ഉല്പത്തി: 2:7) ഇതേവാക്കു ഉപയോഗിച്ചിട്ടുണ്ട്. To form, to fashion, to frame എന്നിങ്ങനെയാണു ആ വാക്കിന്റെ പ്രാഥമികാർത്ഥം. ഇതിൽനിന്നു വെളിച്ചത്തെ “പേഴ്സോണിഫൈ” ചെയ്തിരിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കുന്നു. “യഹോവ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളത അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു (ദാനീ: 2: 22). ഇതിൽനിന്നു ഇരുട്ടിൽ അഗാധവും ഗൂഢവുമായ അനേകം കാര്യങ്ങൾ മറെഞ്ഞിരിക്കുന്നു -മറെഞ്ഞു കിടപ്പുണ്ടു എന്നു വ്യക്തമാകുന്നു. വെളിച്ചം ദൈവത്തോടുകൂടെ വസിക്കുന്നതിനാൽ യഹോവ അഗാധങ്ങളെയും ഗൂഢമായവവയെയും വെളിപ്പെടുത്തുന്നു. ദൈവം വെളിച്ചമാകുന്നുവല്ലോ. ഈ വെളിച്ചത്തെ, “യഹോവയുടെ വെളിച്ചം” എന്നാണു വിളിച്ചിരിക്കുന്നത് (യെശയ്യാവ്: 2: 5).

“വേർപിരിച്ചു” എന്ന വാക്കു ഉല്പത്തി 1:4-ൽ വായിച്ചപ്പോൾ എന്റെ ചിന്തകൾക്കു അല്പം തീപിടിച്ചുവോ എന്നു സംശയം. “വേർപിരിച്ചു” എന്നതു വളരെ സൂക്ഷിച്ചുള്ള ഒരു പ്രയോഗമാണു. അർത്ഥസാമ്യം ഉണ്ടെങ്കിലും “വേർതിരിച്ചു” എന്ന വാക്കല്ല ഉപയോഗിച്ചിരിക്കുന്നത്. മലയാളം ബൈബിളിൽ ഉല്പത്തി 1:4,6,7; 2 രാജാ: 2: 11; നെഹെ: 13: 3 എന്നീ ഭാഗങ്ങളിലായി വെറും അഞ്ചുപ്രാവശ്യം മാത്രമാണു വേർപിരിച്ചു എന്ന വാക്കു ഉപയോഗിച്ചു കാണുന്നത്. വേർപിരിവാൻ (ഉല്പ: 1:14), വേർപിരിപ്പാനുമായി (ഉല്പ: 1:17), വേർപിരിഞ്ഞു (പുറ: 14:21), വേർപിരിക്കയും (ആവർ: 32:8), വേർപിരിഞ്ഞില്ല (2 ശമൂ: 1:23), വേർപിരിക്കരുത് (മത്തായി: 19:6; മർ:10:9), വേർപിരിക്കുന്നതാർ? (റോമർ: 8: 35) എന്നീ ഭാഗങ്ങൾ ഇതോടു ചേർത്തു പഠിക്കുന്നതു ഉചിതമായിരിക്കും.

“വേർതിരിച്ചു, വേർപിരിച്ചു” എന്നീ വാക്കുകൾ തമ്മിൽ അർത്ഥവ്യത്യാസം വളരെയാണ്. ‘വേർതിരിക്കുക’ എന്നതു സാമാന്യമായ പ്രക്രിയയും, ‘വേർപിരിക്കുക’ എന്നതു സങ്കീർണമായ പ്രക്രിയയും ആണ്. ഇടകലർന്നു കൂടിക്കിടക്കുന്ന പലയിനം വസ്തുക്കളെ അതാതു ഇനംതിരിച്ചു എടുക്കുന്നതിനെയാണു ‘വേർതിരിക്കുക’ എന്നു പറയുന്നത്. എന്നാൽ ‘വേർപിരിക്കുക’ എന്നു പറഞ്ഞാൽ ഇഴപിരിഞ്ഞു കെട്ടുപിണെഞ്ഞു കിടക്കുന്നതിനെ ഉപയോഗയോഗ്യമായ രീതിയിൽ വേർതിരിക്കുന്നതാണ്. നൂല് കെട്ടുപിണെഞ്ഞു കടുംകെട്ടുവീണു നൂലുണ്ടയായി മാറിയാൽ അതു ഉപയോഗയോഗ്യമായ രീതിയിൽ അഴിച്ചെടുക്കുക സുസാദ്ധ്യമല്ല, ആയാസകരമാണ്. വനത്തിൽ വിവിധയിനം വള്ളിച്ചെടികൾ കെട്ടുപിണെഞ്ഞു വള്ളിക്കുടിൽ ആയി മാറാറുണ്ട്. അതിൽനിന്നു ഓരോഇനം ചെടിയുടെയും തലപ്പുകൾ അതു പോയ വഴിയിലൂടെ അഴിച്ചെടുത്തു ഇനംതിരിക്കുക സാദ്ധ്യമല്ല. അതിനു ശ്രമിച്ചാൽ ഓരോ തലപ്പിനും ക്ഷതം സംഭവിക്കും, തീർച്ച. മേല്പറഞ്ഞ രണ്ടു വിഷയങ്ങളിലും വിജയിച്ചാൽ അതു വേർപിരിക്കൽ ആണ്. സയാമീസ് ഇരട്ടകളെ വേർതിരിക്കുകയല്ല, വേർപിരിക്കുകയാണ്.
ഉല്പത്തി 1:4-ലേക്കു മടങ്ങിവരാം. “വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു,” എന്നതിനു മിക്ക ഇംഗ്ലീഷ് ഭാഷാന്തരങ്ങളിലും, “(And) God saw that the light was good, and God divided the light and the darkness,” എന്നാണ് കാണുന്നത്. ചില വിവർത്തനങ്ങളിൽ divide എന്നതിനു പകരമായി separated എന്നാണ്. എന്നാൽ KJV- യിൽ: “And God saw the light, that it was good: and God divided the light from the darkness.” എന്നു അല്പം പാഠഭേദത്തോടെയാണു കാണുന്നത്. “ദൈവം വെളിച്ചത്തെ കണ്ടു, അതു നല്ലതായിരിക്കുന്നു. ദൈവം വെളിച്ചത്തെ ഇരുളിൽ നിന്നു വേർപിരിച്ചു,” എന്നു നമുക്കു ഈ വാക്യത്തെ ഏകദേശം വിവർത്തനം ചെയ്യാം. ദൈവം വെളിച്ചത്തെയാണു കണ്ടത്. “നല്ലത്” എന്നല്ല കണ്ടത്. “നല്ലതു” എന്നതു ദൈവത്തിന്റെ അഭിനന്ദനസ്വരമാണ്. വേണമെങ്കിൽ ആത്മഗതം എന്നും പറയാം. ബൈബിളിന്റെ മൂലഭാഷയായ പാലിയോ ഹീബ്രു ബൈബിളിൽ KJV-യിലേതുപോലെ തന്നെയാണു രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചില ഹീബ്രു കയ്യെഴുത്തുപ്രതികൾ ഇതിനു അപവാദവുമാണ്. Wayyabdel (H914) എന്ന എബ്രായവാക്കിനു To separate, divide, distinguish, set apart എന്നിങ്ങനെയാണു അർത്ഥം. അതിനാൽ divide എന്നതും separate എന്നതും ശരിയാണ്. Separated എന്നതു കൂടുതൽ സൂക്ഷ്മമായ അർത്ഥമാകുന്നു. എന്നാൽ “വെളിച്ചത്തെ ഇരുളിൽനിന്നു വേർപിരിച്ചു,” എന്ന പ്രസ്താവന അർത്ഥസമ്പുഷ്ടമാണ്. ഇവിടെ ന്യായമായ ഒരു ചോദ്യം ഉയർന്നുവരുന്നു. വെളിച്ചം ഇരുളിൽ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നുവോ? അതെ. അതു അങ്ങനെ തന്നെയായിരുന്നു.
ഇതു ഒരു പ്രപഞ്ചരഹസ്യം ആണ്. ദൈവം വെളിച്ചത്തെ ഇരുളിൽനിന്നു വേർപിരിക്കുന്നതുവരെ വെളിച്ചം ഇരുളിൽ മറെഞ്ഞു കിടക്കുകയായിരുന്നു. And God saw the light എന്ന പ്രയോഗം ഇവിടെയാണു അന്വർത്ഥമാകുന്നത്. മനുഷ്യനു ദൃഷ്ടീഗോചരമാകാതെ ഇരുട്ടുമായി കെട്ടുപിണഞ്ഞു അമർന്നു കിടന്നിരുന്ന വെളിച്ചത്തെ ദൈവം കണ്ടു! എന്നിട്ടും ദൈവം വെളിച്ചം നല്ലതു എന്നു പറഞ്ഞു. ഇതു തീർച്ചയായും ഒരു സമസ്യയാണ്. വെളിച്ചം ഇരുളുമായി കെട്ടുപിണെഞ്ഞു കിടക്കുന്നതു നല്ലതാണു എന്നാണോ ദൈവം കണ്ടതു എന്നും ന്യായമായി സന്ദേഹിക്കുവാൻ വകയുണ്ട്. എന്നാൽ ഇതു പരിഹരിക്കുവാൻ ശാസ്ത്രം നമ്മെ സഹായിക്കുന്നു. ഈ പ്രശ്നത്തിനു കൃത്യമായ നിർവ്വചനം -ശാശ്വതമായ പരിഹാരം- ശാസ്ത്രം നല്കിത്തരുന്നുണ്ട്. അതു എന്താണെന്നു നോക്കാം.

നമ്മുടെ പ്രപഞ്ചം രഹസ്യങ്ങളുടെ വലിയൊരു കലവറയാണ്. പ്രപഞ്ചത്തിൽ ധവളോർജ്ജവും (White energy=വെളിച്ചം) തമോർജ്ജവും (Dark energy =ഇരുൾ) ഉണ്ട്. കൂരിരുൾ, തമസ്സ്, അന്ധകാരം, അന്ധതമസ്സ് എന്നിങ്ങനെ ഇരുട്ടിനു പല പര്യായപദങ്ങൾ ഉണ്ടല്ലോ. എന്നാൽ തത്വത്തിൽ ഇവ പര്യായപദങ്ങൾ അല്ല, ഇരുട്ടിന്റെ വിവിധ അവസ്ഥകൾ ആണ്. ഇവയെ എല്ലാം നാം ബൈബിളിൽ കാണുന്നുണ്ടല്ലോ. സ്പർശിക്കത്തക്ക ഇരുൾ (പുറ:10:21), മേഘതമസ്സ് (പുറ: 19:9; എബ്രാ: 12:18), ജലതമസ്സ് (സങ്കീ:18:11) എന്നിങ്ങനെ ഇരുട്ടിനു വീണ്ടും അവസ്ഥാന്തരങ്ങൾ ഉണ്ടെന്നു ബൈബിൾ പറയുന്നു. ഇതിനെ ആധുനികശാസ്ത്രം സാധൂകരിക്കുന്നു.
ഇതുപോലെതന്നെ പ്രപഞ്ചത്തിൽ സാധാരണദ്രവ്യം (Ordinary matter or Baryonic matter), തമോദ്രവ്യം (Dark matter) പ്രതിദ്രവ്യം (Antimatter) നെഗറ്റീവ് ദ്രവ്യം ഒക്കെയുണ്ടെന്നും ശാസ്ത്രം പഠിപ്പിക്കുന്നു. തമോർജ്ജവും തമോദ്രവ്യവും പ്രപഞ്ചത്തിൽ പ്രബലമായിരുന്ന കാലം അഥവാ വ്യത്യസ്തകാലങ്ങൾ ഉണ്ടെന്നും ശാസ്ത്രം പറയുന്നു. വെളിച്ചത്തെ വിഴുങ്ങിക്കളയുന്ന ഇരുൾ ഉണ്ടെന്നു നമുക്കറിയാം. തമോർജ്ജത്തിന്റെ വികർഷിക്കുന്ന ഗുരുത്വാകർഷണം (repulsive gravity) പ്രപഞ്ചം വികസിക്കുവാൻ സഹായിക്കുന്നതോടൊപ്പം അതിന്റെ വികാസത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ തമോദ്രവ്യം ഗ്യാലക്സീസിനെയും മറ്റു കോസ്മിക് അംഗവിധാനത്തെയും (cosmic structure) അതതിന്റെ നിലയിൽ പിടിച്ചുനിറുത്തുകയും (holds together) ചെയ്യുന്നു.
ഡാർക്ക് മാറ്റർ- ഡാർക്ക് എനർജി
ഇവയെ നമുക്കൊരിക്കലും കാണാന് സാധിക്കുന്നില്ല എന്നതിനാലാണു ഈ പേരു വിളിക്കുന്നത്. അവ ഗ്യാലക്സികളിലൂടെ യാതൊരു തടസ്സവും കൂടാതെ യഥേഷ്ടം സഞ്ചരിക്കുന്നു. നാം ഇരിക്കുന്ന മുറിക്കുള്ളിലൂടെയും ഇതു വായിക്കുമ്പോള് നമ്മുടെ ശരീരത്തിനുള്ളിലൂടെയും ഡാർക്ക് മാറ്റർ കൊണ്ടുള്ള വലിയ “പാറകള്” സഞ്ചരിക്കുന്നുണ്ടാവാം. ഇതു എന്താണെന്നോ, ഇതു എന്തുകൊണ്ടു നിർമ്മിക്കപ്പെട്ടുവെന്നോ, അതിന്റെ ഘടകങ്ങള് എന്തൊക്കെയാണെന്നോ, അതിന്റെ മറ്റ് പ്രോപ്പർട്ടീസോ ഒന്നും നമുക്കു കൃത്യമായി അറിയില്ല. കാണാന് സാധിക്കുന്നില്ലെങ്കില് പിന്നെ അവ ഉണ്ടെന്നു എങ്ങനെ അറിയാം?
പ്രകാശരശ്മിയുടെ ഗ്രാവിറ്റേഷണൽ ലെൻസിങ്
പ്രകാശരശ്മി അതിന്റെ സ്വാഭാവികമായ ഋജുവായ പാതയില് നിന്നു മാറ്ററിന്റെയോ ഡാർക്ക് മാറ്ററിന്റെയോ സാന്നിദ്ധ്യമനുസരിച്ചു ഒരു കോണില് വളഞ്ഞു സഞ്ചരിക്കുന്നു. വളവുകള് ഇല്ലാത്ത ഒരു വടി ശുദ്ധജലത്തില് ഇട്ടാല്, അതിനെ നാം വളഞ്ഞു കാണുന്നു. ഇതു ഗ്രാവിറ്റി മൂലമല്ല, വ്യത്യസ്ഥ മാദ്ധ്യമങ്ങളിലൂടെ പ്രകാശം സഞ്ചരിക്കുമ്പോള് ഉണ്ടാവുന്ന ഒപ്റ്റിക്കല് ഇല്ല്യൂഷന് മാത്രമാണ്. ദൃഷ്ടിഗോചരമായ വസ്തുക്കളുടെ സാന്നിധ്യത്തില് പ്രകാശരശ്മി ഗ്രാവിറ്റിമൂലം വളയുന്നതു നമുക്കു മനസ്സിലാക്കാം. എന്നാല് ഇതൊന്നുമില്ലാത്ത “ശൂന്യത”യിലും പ്രകാശരശ്മി വളയുന്നതു നിരീക്ഷണത്തില് വന്നപ്പോഴാണ് അതിനു കാരണം ഡാർക്ക് മാറ്റർ ആണെന്നു മനസ്സിലായത്.
കണക്കുകള് അനുസരിച്ചു ഈ പ്രപഞ്ചത്തിലെ കാണാനും, നിരീക്ഷിക്കാനും, അളക്കാനും കഴിയുന്ന വസ്തുക്കളുടെ -സൌരയൂഥവും, ഗാലക്സീസും, ഗ്യാസും, പൊടിപടലങ്ങളും എല്ലാം അടക്കമുള്ള വസ്തുക്കളുടെ- അളവു വെറും 4.9 ശതമാനം മാത്രമാണ്. അതേസമയം, പ്രപഞ്ചത്തിൽ ഡാർക്ക്
മാറ്റർ 26.8 ശതമാനവും, ഡാർക്ക് എനർജി 68.3 ശതമാനവുമാണ്.
ഒരു കെട്ടിടം പണിയുമ്പോൾ സ്കാഫോള്ഡിങ് കൊടുക്കുന്നതുപോലെ ഈ പ്രപഞ്ചത്തിലെ ദൃശ്യവസ്തുക്കളെ അറേഞ്ചു ചെയ്യുക എന്നാണു ഡാർക്ക് മാറ്റർ ചെയ്യുന്ന ധർമ്മം. ഉദാഹരണമായി, ക്രിസ്തുമസ് ട്രീയിലെ അലങ്കാരവിളക്കുകള് തെളിയിച്ചാൽ, ദൂരവീക്ഷണത്തിൽ ക്രിസ്തുമസ് ട്രീ കാണാതിരിക്കുന്നതുപോലെ, പ്രപഞ്ചത്തിലെ ദൃശ്യവസ്തുക്കളെ വഹിക്കുക എന്ന ധര്മ്മമാണു ഡാർക്ക് മാറ്റർ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഇരുണ്ട ദ്രവ്യം എന്നതു പ്രകാശം പുറപ്പെടുവിക്കാത്ത ഒരുതരം ദ്രവ്യമാണ്. അതിന്റെ ഗുരുത്വാകർഷണഫലങ്ങളിൽ നിന്നു ഇതു അനുമാനിക്കപ്പെടുന്നു. സാധാരണ ദ്രവ്യകണികകൾക്കു വിപരീതമായ ചാർജുകളുള്ള കണികകളാണു ആന്റിമാറ്ററിൽ അടങ്ങിയിരിക്കുന്നത്. നെഗറ്റീവ് ദ്രവ്യം എന്നതു ദ്രവ്യത്തെയും ഊർജ്ജത്തെയും സംബന്ധിച്ചു നുമുക്കു നിലവിലുള്ള ധാരണയ്ക്കും അപ്പുറമുള്ള ഒരു സൈദ്ധാന്തിക ആശയമാണ്. സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ, നെഗറ്റീവ് പിണ്ഡം എന്നതു ഒരു സാങ്കല്പിക വിചിത്ര (exotic) ദ്രവ്യമാണ്. അതിന്റെ പിണ്ഡം സാധാരണ ദ്രവ്യത്തിന്റെ പിണ്ഡത്തിനു വിപരീതമായിരിക്കും. അത്തരം ദ്രവ്യം ഒന്നോ അതിലധികമോ ഊർജ്ജവ്യവസ്ഥകളെ ലംഘിക്കുകയും പ്രയോഗിക്കപ്പെട്ട ബലക്രമീകരണത്തിനു (force orientation) വിപരീതമായ ഓറിയന്റഡ് ത്വരണം പോലുള്ള വിചിത്രസ്വഭാവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും.
താരാപഥത്തിന്റെ ഡിസ്കിന്റെ അതിർത്തിയിൽ താരാപഥത്തെ വലയം ചെയ്തിരിക്കുന്ന അദൃശ്യമായ ഒരു തമോദ്രവ്യവലയം (Dark matter halo) ഇപ്പോഴും ഉണ്ടെന്നും അതിന്റെ പിണ്ഡം നമുക്കു അളന്നെടുക്കുവാൻ സാദ്ധ്യമായ പിണ്ഡത്തെക്കാൾ അധികമായിരിക്കുമെന്നും ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.
മഹാവിസ്ഫോടനം നടന്നു പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കെ ഏതോ ഒരുഘട്ടത്തിൽ, പ്രപഞ്ചത്തെ പൊതിഞ്ഞു അടക്കിഭരിച്ചുകൊണ്ടിരുന്ന തമോർജ്ജത്തെ ധവളോർജ്ജം കീഴ്പ്പെടുത്തി ആധിപത്യം സ്ഥാപിച്ചു എന്നാണു ശാസ്ത്രം പറയുന്നത്. തൽഫലമായി, ധവളോർജ്ജം പ്രപഞ്ചത്തിൽ പ്രബലമായി. എന്നാൽ ഇതു എന്നു എങ്ങനെ സംഭവിച്ചു എന്നതിനു ശാസ്ത്രത്തിനു വിശദീകരണമില്ല.
ശാസ്ത്രം പകെച്ചുനില്ക്കുന്ന ഈ ചോദ്യത്തിനു മുമ്പിൽ -വിശദീകരണമില്ലായ്മക്കു- ഉല്പത്തി 1: 4 കൃത്യമായ വിശദീകരണം നല്കുന്നു. അന്ധകാരം പ്രബലമായിരുന്ന ഒരു കാലം ഈ പ്രപഞ്ചത്തിനു വിശിഷ്യാ ഭൂമിക്കു ഉണ്ടായിരുന്നു. ദൈവം വെളിച്ചത്തെ സൃഷ്ടിച്ചിട്ടും ആ വെളിച്ചം പ്രബലമാകതെവണ്ണം അതിനെ വിഴുങ്ങിക്കളയുന്ന താമോർജ്ജം പ്രപഞ്ചത്തിൽ നിലനിന്നിരുന്നു. എന്നാൽ ദൈവം വെളിച്ചത്തെ ഇരുളിൽ നിന്നു വേർപിരിച്ചപ്പോൾ ഇരുൾ വെളിച്ചത്തെ പിടിച്ചടക്കുന്നതു അവസാനിച്ചു. പിന്നെ ഒരിക്കലും ഇരുൾ വെളിച്ചത്തെ പിടിച്ചടക്കിയില്ല (യോഹ: 1: 5). അങ്ങനെ ധവളോർജ്ജം പ്രപഞ്ചത്തിൽ പ്രബലമായി. നമുക്കു കാണാന് കഴിയാത്ത അവലംബങ്ങള് ഉപയോഗിച്ചു പ്രപഞ്ചത്തെ നാസ്തിത്വത്തിന്മേൽ പിടിച്ചനിറുത്തുന്ന നിത്യദൈവത്തിന്റെ അപ്രമേയജ്ഞാനമേ!
“നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ” (യെശയ്യാവ്: 40:28).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.