കഥ: ഒഴുകി പോകുന്ന ചില്ലക്ഷരങ്ങൾ | സുബേദാർ സണ്ണി കെ. ജോൺ, രാജസ്ഥാൻ

“ അടിക്കല്ലേ… അടിക്കല്ലേ…. “ മുത്തു കരഞ്ഞുകൊണ്ട് കൈ കൂപ്പി അപേക്ഷിച്ചു. “ ഒത്തിരി വിശന്നപ്പോൾ എടുത്തു തിന്നു പോയതാ” അതൊന്നും കേൾക്കാൻ നിൽക്കാതെ ആരൊക്കെയോ പിന്നെയും അവളെ അടിച്ചു. ഒടുവിൽ എങ്ങനെയൊക്കെയോ എന്തിവലിഞ്ഞ് അവൾ ‘ഡേര’യിലെത്തുകയായിരുന്നു. ! കൊടിയ പീഡനം സഹിച്ച അവളുടെ കുഞ്ഞ് ദേഹം ചുമന്ന് തിണർത്ത് നിന്നു. അങ്ങിങ്ങ് ചോര കിനിഞ്ഞ് പൊട്ടി. മുടികുത്തിന് പിടിച്ച് ആരൊക്കെയോ ശക്തമായി ഉലച്ചതിനാൽ മുടി പലതും പിഴുത് പോയിരുന്നു. തലക്ക് ഭാരം പെരുപ്പ് ! മേൽപ്പാലത്തിന് കീഴെ നിരന്നു കിടന്ന ഡേരയിലെ കുഞ്ഞുങ്ങളും സ്ത്രീകളും ‘അയ്യയ്യോ ഇതെന്തുപറ്റി’ എന്ന് പറഞ്ഞ് അവൾക്ക് ചുറ്റും കൂടി . മകളുടെ കരച്ചിൽ കേട്ടുവെങ്കിലും എഴുന്നേൽക്കാൻ ആകാതെ തളർന്നു കിടക്കുകയായിരുന്ന സുസമ്മയുടെ ചങ്ക് തകർന്നുപോയി. “ ഇങ്ങ് വാ മോളെ “ മേൽപ്പാലത്തിന് കീഴിലെ അഴുക്ക് വെള്ളം നനയാതിരിക്കാൻ ആരോ ഇഷ്ടിക നിരത്തിയുയർത്തി കെട്ടിയ, പഴയ ചാക്കും കാർഡ് ബോർഡും വിരിച്ചു കൊടുത്ത ‘കിടക്കയിൽ’ കിടന്നു സൂസമ്മ ശബ്ദമില്ലാതെ കരഞ്ഞു, “ആരാ…? ആരാ എൻ്റെ മോളേ ഇങ്ങനെ ചെയ്തേ…?” അമ്മയുടെ കൈത്തണ്ടയിൽ കവിളമർത്തി ആ പന്ത്രണ്ട്കാരി ഒന്നും മിണ്ടാതെ ഏറെ നേരം നിന്നു. ഒടുവിൽ അവൾ പറഞ്ഞു, “ അമ്മാ, ഭയങ്കര നീറ്റലാ…..അതിലും കൂടുതൽ നീറ്റൽ എൻ്റെ അമ്മച്ചിക്ക് ഒന്നും കൊണ്ടുവരാൻ പറ്റാഞ്ഞിട്ടാ …..! ..അമ്മ ഇന്നും പട്ടിണി..” എൻ്റെ മോളേ എന്ന ഗദ്ഗദം മാത്രമേ സൂസമ്മയുടെ അകതാരിൽ നിന്ന് ഉയർന്നുള്ളൂ ! എന്താണ് സംഭവിച്ചത് എന്ന് അവൾ അമ്മച്ചിയോട് വിവരിച്ചു പറഞ്ഞു , പതിവുപോലെ അന്നും മുത്ത് ചൂല് വിൽക്കാൻ പോയതായിരുന്നു i കഴിഞ്ഞ ദിവസവും കാര്യമായി ഒന്നും കഴിക്കാൻ കിട്ടിയിരുന്നില്ല. അങ്ങനെ നടക്കുമ്പോഴാണ് ഒരു കടയുടെ മുമ്പിലേക്ക് ഇറക്കിവെച്ച ഉരുളക്കിഴങ്ങ് ചാക്കിരിക്കുന്നത് കണ്ടത്.. പുറത്തേക്ക് തള്ളി തന്ന ഒരു ഉരുളക്കിഴങ്ങ് അവൾ വിരലിട്ടെടുത്ത് പച്ചയ്ക്ക് തിന്നാൻ തുടങ്ങിയതും, “ എടീ …. “ എന്ന് വിളിച്ച് കടക്കാരൻ അവൾക്ക് നേരേ ചെന്നു. ഓടാൻ ശ്രമിച്ച മുത്തിനെ ആരൊക്കെയോ ചേർന്നു പിടിച്ചു. ദുഷ്ടയും ക്രൂരയുമായ ഒരു പെരുങ്കള്ളി ഇനി ജീവിച്ചിരിക്കരുതെന്ന് ആർക്കൊക്കെയോ വാശി തോന്നിയത് പോലെ! കയ്യിൽ കിട്ടിയവർ കിട്ടിയവർ ശരിക്കും പെരുമാറി. അടിക്കാൻ കൂടിയവർക്ക് സത്യത്തിൽ എന്തിനാണ് അടിക്കുന്നത് എന്ന് അറിയില്ലായിരുന്നു. മുളവടിയുടെയും ബെൽറ്റിന്റെയും ഇലക്ട്രിക് വയറിന്റെയും അടി അവളുടെ ദേഹത്ത് ആഞ്ഞുപതിച്ചു! ദരിദ്രയും നിരാലംബയായ ആ പെൺകുട്ടിയെ കണ്ടിട്ട് ആർക്കും അലിവ് തോന്നിയിരുന്നില്ല!അവൾക്ക് ഒരു നേരമെങ്കിലും ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് ആരും അന്വേഷിച്ചതുമില്ല! മേൽപ്പാലത്തിന് കീഴെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു കെട്ടിയ കുടിലുകളിൽ പതിനൊന്ന് കുടുംബങ്ങൾ വേറേയും ഉണ്ട്. അവരുടെയും സ്ഥിതി ഇതൊക്കെ തന്നെയാണ് . ചിലർ മുത്തുമാല കെട്ടുന്നു .മറ്റു ചിലർ ചൂൽ ഉണ്ടാക്കി വിൽക്കുന്നു . അതിനു പോലും നിവർത്തിയില്ലാത്തവർ ഭിക്ഷ യാചിക്കുന്നു. എന്നാൽ സന്ധ്യക്ക് ആ പാലത്തിന് കീഴെ പാട്ടുണ്ട് ആരാധനയുണ്ട്. മുൻപ് അങ്ങനെ അല്ലായിരുന്നു വൈകിട്ട് അവിടെ വില കുറഞ്ഞ വാറ്റുചാരായത്തിൻ്റെ അട്ടഹാസങ്ങൾ ഉണ്ടായിരുന്നു. അടിയും ഇടിയും ചീത്ത വിളിയും ഉണ്ടായിരുന്നു. ശാപവാക്കുകളും നിരാശയും ആത്മഹത്യയും ഉണ്ടായിരുന്നു പകൽ മുഴുവൻ അധ്വാനിച്ചോ ഭിക്ഷ യാചിച്ചോ കിട്ടുന്നവർ , അത് അന്ന് തന്നെ ആഘോഷിച്ച് തീർക്കാറാണ് പതിവ്. ഒന്നും കിട്ടാത്തവർ ഉടുമുണ്ട് മുറുക്കിയുടുത്ത് കുഞ്ഞുങ്ങൾക്ക് പട്ടിണിയില്ലാത്ത നാളെയുടെ നിരർഥമായ കഥ പറഞ്ഞു കൊടുക്കുമായിരുന്നു അതൊക്കെ പക്ഷേ,പഴയ കഥ. ഇന്നവർ സൂസമ്മയിലൂടെ യേശുവിനെ രുചിച്ചറിഞ്ഞവരാണ്. മാനസാന്തരവും വിശ്വാസവും ക്രിസ്തുവിൻ്റെ സ്വരൂപവും സ്വഭാവവും പ്രാവർത്തികമാക്കിയവരാണ്. ദാരിദ്ര്യത്തിന്റെ പടവുകൾ താണ്ടിയാണെങ്കിലും വിശുദ്ധിയോടെ വിശ്വസ്തതയോടെ ജീവിക്കുന്ന ആ കൂട്ടത്തേക്കുറിച്ച് പക്ഷേ ലോകത്തിൽ ആരും അറിഞ്ഞിരുന്നില്ല. അതല്ലെങ്കിൽ അറിഞ്ഞിട്ടും മനപ്പൂർവം അവഗണിച്ചു എന്ന് മാത്രം. മൃഗീയമായ ഉപദ്രവം സഹിച്ച മുത്തിൻ്റെ ശോചനീയമായ കഥ അശരണരായ അവരും കേട്ടു. ആശ്വസിപ്പിക്കാൻ വാക്കുകളില്ല ! കഷ്ടം സഹിക്കാനുള്ള വരം മറ്റാരിലും കൂടുതൽ സ്വർഗം പ്രസാദിച്ചു നൽകിയത് അവർക്കായിരുന്നിരിക്കണം. അടുത്ത പ്രഭാതത്തിൽ സൂസമ്മ മകളെ അടുത്ത് വിളിച്ചു “അമ്മച്ചി ഒരു കാര്യം പറഞ്ഞാൽ മോൾ അനുസരിക്കുമോ ?“ “ഇന്നുവരെ എന്നെങ്കിലും അനുസരണക്കേട് കാട്ടിയിട്ടുണ്ടോ മ്മേ “ എന്ന് മുത്ത് ആർദ്രവമായ ഒരു നോട്ടം കൊണ്ട് ചോദിച്ചു. സൂസമ്മ മസൃണമായി മകളെ തലോടി. എന്നിട്ട്, ഇന്നുവരേയും കാണാത്ത ഭാവഭേദങ്ങളുടെ കരിമ്പടം പുതച്ച് പറഞ്ഞു തുടങ്ങി! അഗാധതമായ ഒരു ഗുഹാന്തരത്തിൽ നിന്നെത്തുന്ന നിഗൂഢ ശബ്ദം പോലെ അവിശ്വസനീയമായ ആ കഥ മുത്ത് കേൾക്കുകയാണ് ‘ നെരോത്തെ നെൽകൃഷി കൂടാതെ മുക്കടയിലും പരപ്പയിലും നിറഞ്ഞു നിന്ന അറുനൂറേക്കർ റബ്ബർ തോട്ടവും തടിമില്ലും ഒക്കെയുള്ള ഒരു കുടുംബത്തിൽ ആറ് ആൺമക്കൾക്ക് ശേഷമാണ് ഒരു പെൺകുട്ടി ജനിച്ചത്. അതുകൊണ്ടുതന്നെ ഏറെ ലാളിച്ചും സ്നേഹിച്ചും അവർ അവളെ വളർത്തി. വളരുംതോറും പക്ഷേ അവളുടെ സ്വഭാവം ‘വഷളാകുന്നത്’ മാതാപിതാക്കൾ ശ്രദ്ധിച്ചു. കുരിശുവരയില്ല. കുമ്പസാരിക്കുകയില്ല. കൊന്ത ചൊല്ലലില്ല. ഏതു നേരത്തും പക്ഷേ പ്രാർത്ഥിക്കും, ബൈബിൾ വായിക്കും. അവ്യക്തവും സങ്കീർണവുമായ എന്തോ ശബ്ദം പുറപ്പെടുവിക്കും! ക്രമേണ അവൾ വീട്ടുകാരെ ഉപദേശിക്കാൻ തുടങ്ങി. മരിച്ചുപോയവരെ വണങ്ങാതെ ജീവനുള്ള കർത്താവായ യേശുവിനെ രക്ഷിതാവായി സ്വീകരിക്കേണ്ട ആവശ്യം പറഞ്ഞു കൊടുത്തപ്പോൾ അപ്പനും അമ്മയും ആങ്ങളമാരും പരിഹസിച്ചു ചിരിച്ചു. അമ്മ പറഞ്ഞു, “ ഇവക്കടെ ഓരോ നശിച്ച കൂട്ടുകെട്ടാ. ഇനി പഠിക്കാനൊന്നും വിടണ്ട…..” അവൾ പക്ഷേ മുടങ്ങാതെ കോളേജിലും അതുവഴി ആരാധനയ്ക്കും പോയി. പിന്നീട് ഒരു ദിവസം സ്നാനപ്പെട്ട് വീട്ടിലേക്ക് എത്തിയ അന്ന് ആ വീട്ടിലെ അവളുടെ അവസാന ദിവസമായിരുന്നു !! യാതൊരു ദയാ ദാക്ഷിണ്യവും ഇല്ലാതെ അവർ അവളെ ഇറക്കിവിട്ടു. ‘ എനിക്ക് ഇങ്ങനെ ഒരു മകളില്ല’ എന്ന് അപ്പൻ തീർത്തു പറഞ്ഞു. പ്രയാണത്തിന്റെ ഊടുവഴികൾ തനിച്ച് പിന്നിട്ട അവളുടെ ജീവിതത്തിലേക്ക് ദൈവം തൻ്റെ ദാസനായ സെബാനെ അയച്ചു. അവർ ഒന്നിച്ച് ജീവിതം ആരംഭിച്ചു.വചനത്തിൽ ആഴമായ അവഗാഹം ഉണ്ടായിരുന്ന അവൾ സഭയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു അങ്ങനെ സഭ അനുഗ്രഹിക്കപ്പെട്ട രീതിയിൽ മുന്നോട്ട് പോകുമ്പോഴാണ് ഒരു പെൺകുട്ടി ഗർഭിണിയാകുന്നതും പോക്സോ കേസിൽ സെബാൻ ജയിലിലാകുന്നതും ! പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് കോരിച്ചൊരിയുന്ന മഴയത്ത് കൈക്കുഞ്ഞുമായി പാഴ്സനേജിൽ നിന്ന് ഇറങ്ങിയതാണ്. എങ്ങോട്ട് പോണം എന്ന് അറിയുമായിരുന്നില്ല. കൊടിയ അപമാനം സഹിക്കാൻ വയ്യ! ആരേയും കാണാൻ വയ്യ ! ആരും അറിയാത്ത ഒരിടത്ത് പോയി ജീവിക്കണമെന്ന് മാത്രം ആശിച്ചു. “മുത്തേ, ആ അവൾ ആരാണെന്ന് മോൾക്ക് മനസ്സിലായോ?” മൂത്ത് ഇല്ല എന്ന് തലയാട്ടി. “അത് ഈ അമ്മയാ മോളേ…!!” മുത്ത് കണ്ണുമിഴിച്ചിരുന്നു പോയി!എന്തു പറയണം എന്ന് അവൾക്ക് അറിയുമായിരുന്നില്ല ശബ്ദം വിലങ്ങിപ്പോയി ! വികാരങ്ങൾ ഘനീഭവിച്ചുപോയി…. സൂസമ്മ തുടർന്നു, പാഴ്സനേജിൽ നിന്നിറങ്ങിയ അന്ന് അവിചാരിതമായി കണ്ടുമുട്ടിയ ഈ നാടോടികളുടെ കൂടെ കൂടി ! ദേശത്തിൽ നിന്ന് ദേശങ്ങളിലേക്കുള്ള പ്രയാണം.അവരോടൊപ്പം അവരിൽ ഒരാളായി ജീവിച്ചു.ആരും തൻറെ ഭൂതകാലമന്വേഷിച്ചില്ല. ആരും തന്നെ തേടി വന്നതുമില്ലാ.പട്ടിണിയും കഷ്ടതയും പറഞ്ഞറിയിക്കാനാകാത വാശിയോടും ആരോടെന്നില്ലാത്ത നിരർഥമായ പ്രതികാരത്തോടും കൂടെ സഹിച്ചു. എന്തിന് ? ആരോട്? തന്നോട് തന്നെയോ ? അതറിയില്ല ! ‘ “എന്നോട് തന്നെയുള്ള എൻ്റെ വെറുപ്പാണ് എൻറെ മകളെ ഇങ്ങനെ ഒരു ദുരിത ജീവിതത്തിലേക്ക് തള്ളിവിട്ടത്. എൻ്റെ മോളേ ഞാൻ നരകിപ്പിച്ചു….. അമ്മയ്ക്ക് മോളെ നല്ല രീതിയിൽ നോക്കാൻ പറ്റിയില്ല. നല്ല ഭക്ഷണം തരാൻ പറ്റിയില്ല ! മോൾ എന്നോട് ക്ഷമിക്ക്……” ഇപ്പോൾ സമയം അതിക്രമിച്ചിരിക്കുന്നു ഞാനെൻറെ തെറ്റ് ഏറ്റു പറയുകയാണ്. ജയിലിലായിരിക്കുമെങ്കിലും നിനക്ക് ഒരപ്പനുണ്ട്. എൻ്റെ വീട്ടുകാരുണ്ട്. നീ അനാഥയല്ല … നീ അവരെ തേടി പിടിക്കണം . അമ്മ മരിച്ചു പോയി എന്ന് പറഞ്ഞാൽ മതി. ഒരു പക്ഷേ എൻ്റെ പിതാവ് അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ നിന്നെ സ്വീകരിച്ചില്ല എങ്കിലും, പട്ടിണി ഇല്ലാതെ നെരോത്ത് ലയത്തിൽ താമസിക്കുന്ന അസംഖ്യം തൊഴിലാളികളിൽ ഒരാളെ പോലെ കഴിയാൻ വേണ്ടതെല്ലാം ഒരുക്കി തരും.. മുത്തുപോയിട്ട് മൂന്ന് ദിവസമായി. സൂസമ്മയുടെ നില അതീവ ഗുരുതരമായി . ഡേരയിലെ ഹതഭാഗ്യരായ മനുഷ്യർ അവളുടെ ചുറ്റും നിന്നു. സൂസമ്മ അവരോട് പാടാനും പ്രാർഥിക്കാനും പറഞ്ഞു. കൂട്ടത്തിൽ പ്രായം കൂടിയ ആൾ തലങ്ങും വിലങ്ങും തല ആട്ടിക്കൊണ്ട് പറഞ്ഞു, “ രാത്രി കടക്കുംന്ന്……. “ അയാൾ തുടർന്നു, “ അവരിൻ്റെ പൊസ്തകം കൊടുത്താളി… ” വക്കരുമ്പി പൊട്ടിപ്പോയ, താളുകൾ മടങ്ങി ചുരുണ്ടു പോയതും മുഷിഞ്ഞതുമായ സൂസമ്മയുടെ ബൈബിൾ ഒരു സ്ത്രീ അവളുടെ മാറത്ത് വിടർത്തി വച്ചു . എന്നിട്ട് പരിപാവനമായി അർപ്പിക്കുന്ന ദഹനയാഗം പോലെ ശുഷ്കിച്ചു പോയ അവളുടെ കൈവിരലുകൾ പുസ്തകത്തിൽ വിരിച്ചു കൊടുത്തു. ബോധാബോധത്തിന്റെ വേർതിരിച്ചറിയാൻ കഴിയാത്ത വില്ലീസ് പാളികൾ താണ്ടി സൂസമ്മ പുസ്തകത്തിൻറെ പേജിൽ തൊടുകയാണ്. അവളുടെ മുഖത്ത് അലൗകീകമായ ഒരു പ്രകാശം പരന്നു. ആ പേജിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് അവൾക്കറിയാം. ജോസഫിൻ്റെ സഹോദരങ്ങൾ കനാൻ ദേശത്ത് അപ്പനായ യാക്കോബിൻ്റെ അടുക്കൽ എത്തിയിരിക്കയാണ് അവർ പറഞ്ഞു, ജോസഫ് ജീവനോടിരിക്കുന്നു. അവൻ മിസ്രയീമ്യ ദേശത്തിനും ഒക്കെയും അധിപതിയാകുന്നു! അപ്പോൾ യാക്കോബ് സ്തംഭിച്ചു പോയി… ജോസഫ് തങ്ങളോട് പറഞ്ഞ വാക്കുകളൊക്കെയും സഹോദരങ്ങൾ യാക്കോബിനോട് പറഞ്ഞു. തന്നെ കയറ്റി കൊണ്ടുപോകുവാൻ ജോസഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിന് വീണ്ടും ചൈതന്യം വന്നു. “ മതി എൻറെ മകൻ ജോസഫ് ജീവനോടെ ഇരിക്കുന്നു. ഞാൻ മരിക്കും മുമ്പേ അവനെ പോയി കാണും “ സൂസമ്മ നേരിയതും അവ്യക്തവുമായ സ്വരത്തിൽ പിന്നേയും പറഞ്ഞു, “ഞാൻ അവനെ പോയി കാണും……ദേഹസഹിതനായി തന്നെ കാണും. ഞാൻ പോകുന്നിടത്തേക്ക് നിങ്ങളെയും പിന്നീട് എൻറെ യേശു കൊണ്ടുവന്നു കൊള്ളും. അവന്റെ വരവ് ആസന്നമാണ്. “ പെട്ടെന്ന് ഒരു വാഹന വ്യൂഹം മേൽപ്പാലത്തിന് കീഴേക്ക് ഇരച്ചുവന്നു നിന്നു. ആകർഷകമായ വേഷവിധാനത്തോടെ മുത്ത് വണ്ടിയിൽ നിന്നിറങ്ങി. പിന്നാലെ പാസ്റ്റർ സെബാനും സൂസമ്മയുടെ പിതാവും വീട്ടുകാരും സഭയിലെ നിരവധി പേരും . മുത്ത് ഓടിവന്ന് മമ്മിയെ കെട്ടിപ്പിടിച്ചു. “അമ്മാ, പപ്പാ തെറ്റുകാരനല്ലായിരുന്നു പപ്പായ കുടുക്കുവാൻ വേണ്ടി കള്ളക്കേസ് കൊടുത്തതായിരുന്നു എന്നാൽ ആ പെൺകുട്ടി തന്നെ പിന്നീട് കോടതിയിൽ സത്യം പറഞ്ഞു. അമ്മാ അമ്മയെന്താ മിണ്ടാത്തേ…?” സെബാൻ സൂസമ്മയുടെ മുന്നിൽ മുട്ടുകുത്തി . നഷ്ടപ്പെട്ടു പോയ പതിനൊന്ന് വർഷങ്ങളുടെ പറഞ്ഞറിയിക്കാനാകാത്ത വ്യഥയുടെ മഹാസാഗരം ഉള്ളിൽ അലയടിക്കുകയാണ്.അയാൾ പറഞ്ഞു, “സൂസേ….. കണ്ണ് തുറക്ക്…” സൂസമ്മ കണ്ണ് തുറന്നില്ല. പട്ടിണി കൊണ്ട് അന്തരേന്ദ്രീയങ്ങളും മാംസവും ചുരുങ്ങി ചർമം എല്ലിൽ ഒട്ടിപ്പിടിച്ച സ്ഥിതിയിൽ, ഇരുപതോ ഇരുപത്തിയഞ്ചോ കിലോ ഭാരം മാത്രമായ സൂസമ്മയുടെ ത്വക്കിൽ പൊതിഞ്ഞ അസ്ഥികൂടം പിതാവ് കോരിയെടുത്തു. അലറി കരഞ്ഞുകൊണ്ട് അയാൾ പറഞ്ഞു, ‘“ എൻറെ പൊന്നുമോളെ നിൻ്റെ അപ്പച്ചനോട് ക്ഷമിക്ക്…..അപ്പച്ചനാണ് എൻ്റെ പൊന്നുമോളെ ഈ നിലയിൽ ആക്കിയത്…..” ‘അപ്പച്ചന്റെ വഴി തെറ്റായിരുന്നു. എങ്ങനെയും പണവും പ്രതാപം ഉണ്ടാക്കണമെന്ന് മാത്രം ചിന്തിച്ചു….അന്ന് നിൻറെ ശബ്ദം ഞങ്ങൾ കേട്ടില്ല…..അപ്പച്ചനും നിൻറെ അമ്മയും ആങ്ങളമാരും എല്ലാവരും ഇന്ന് നിൻറെ വഴിയിൽ തന്നെയാണ് മകളെ . ഇനി നിനക്ക് ഞങ്ങളുണ്ട്. ഈ പാലത്തിന് കീഴെ നീ സ്നേഹിച്ച , നീ സമ്പാദിച്ച ഈ ദൈവജനത്തിനും ജീവിക്കാൻ ഉള്ളതെല്ലാം അങ്ങ് നെരോത്ത് ഉണ്ട്.’ അങ്ങനെയൊക്കെ പറയണമെന്ന് അയാൾക്ക് ആഗ്രഹം ഉണ്ടായിരുന്നൂ എങ്കിലും പറയാൻ കഴിഞ്ഞില്ല. വാക്കുകൾ വന്യമായ വ്യഥയിൽ മുങ്ങി പോകുകയാണ്. തൊണ്ഠയിൽ ശ്ലഥാക്ഷരങ്ങളുടെ ശബ്ദം വ്യസനത്തിൻ്റെ കുത്തൊഴുക്കിൽ ലയിച്ച് പോകുകയാണ്. ആംബുലൻസിലേക്ക് അവളെ കയറ്റുമ്പോൾ പാസ്റ്റർ സെബാൻ പറഞ്ഞു, പപ്പാ , തളരരുത്.മറ്റു രോഗികളെ നമ്മൾ ആശ്വസിപ്പിക്കുമ്പോൾ പറയുന്ന ഉറപ്പ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോഴും ഉണ്ടാകണം. വിശ്വസിക്ക് ; നമ്മുടെ സൂസമ്മയ്ക്ക് ഒന്നും സംഭവിക്കുകയില്ല. “ പിന്നെ ഗഹനമായ ഒരു നിശ്വാസ മുതിർത്ത് അയാൾ സുസമ്മയുടെ വിരലുകളെ തൊട്ടു, “ ഇല്ല. കർത്താവ് നിന്നെ മരണത്തിന് വിട്ടു കൊടുക്കില്ല. ഞാനും നീയും സേവിക്കുന്ന യേശു കൂടെയുണ്ട്. നമുക്ക് ജീവിക്കണം.” ആർദ്രമായി അയാൾ പിന്നേക്കും പറഞ്ഞു, “ഇനിയെങ്കിലും നമുക്ക് ജീവിക്കണം. നീ കേൾക്കുന്നുണ്ടോ?” സൂസമ്മ പക്ഷേ, കനാനിലേക്ക് വന്ന തേരിന് മേൽ കയറിയ യാക്കോബിൻ്റെ അടുത്തായിരുന്നു. സൂസമ്മയുടെ നേരെ കൈ നീട്ടി യാക്കോബ് പറഞ്ഞു, “ മകളേ, നീയും നിൻ്റെ ആടുകളും കൂടി കയറിക്കോ? “ കാഹളം ധ്വനിച്ചു. പാളയം പ്രയാണത്തിനൊരുങ്ങി. കുതിരകളുടേയും രഥത്തിൻ്റെയും ഘടഘട ശബ്ദം . ആരൊക്കെയോ കുഴലുതുന്നു. പെരുമ്പറ കൊട്ടുന്നു. ഇടിമിന്നലും തീയും കാറ്റും…. ആയിരമായിരം പെരുവെള്ളത്തിൻ്റെ ശബ്ദത്തിൽ ദൈവം യാക്കോബിനോട് പറഞ്ഞത്, “ഞാൻ നിന്നോട് കൂടെ പോരും ! ഞാൻ നിന്നെ മടക്കി വരുത്തും.” ആംബുലൻസിൽ അപ്പൻ്റെ മടിയിൽ കിടന്ന് സൂസമ്മ ദൈവ ശബ്ദം വ്യക്തമായും കേൾക്കുകയായിരുന്നു. “ ഞാൻ നിന്നോട് കൂടെയുണ്ട് ‘“  വാഹനവ്യൂഹം സഭ ആസ്ഥാനത്തേക്ക് കുതിച്ചു!

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.