തുടർക്കഥ: എന്റെ പ്രിയേ…ശൂലേംകാരത്തി… | പാർട്ട് – 1 | സജോ കൊച്ചുപറമ്പിൽ
ഇരുണ്ട് മൂടിയ ആകാശത്തിന്റെ മേഘ തലപ്പുകൾക്ക് കീഴെ വിരാജിക്കുന്ന പറവകളെ നോക്കി അവളുടെ മനസ്സ് ഇങ്ങനെ പറഞ്ഞു. “ആകാശത്തിലെ പറവകളെ നോക്കുവിൻ അവ വിതയ്ക്കുന്നില്ല.. കൊയ്യുന്നില്ല….കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല….
പക്ഷേ അവ പ്രണയിക്കുന്നുണ്ട്”
ഉണ്ടോ ആവോ?
ഉണ്ട് ഉണ്ട് പ്രണയിക്കുന്നുണ്ട്. അവളുടെ മനസ്സിൻറെ ജല്പനം കേട്ടിട്ടാണോ എന്തോ കറുത്തിരുണ്ട ആ മേഘ പടലം അവളുടെ മുഖത്തേക്ക് സങ്കടത്തിന്റെ തെളിനീരായി പെയ്തു വീഴുന്നുണ്ടായിരുന്നു.
” പ്രണയം “ആ വാക്ക് ഒരു കൊള്ളിയാൻ പോലെ മേഘപടലത്തിൽ നിന്നും അവളിലേക്ക് മിന്നി വീണു,.
നൊടിയിടയിൽ മഴ ചാറ്റൽ ഏറ്റ കൺപോളകൾ ആകാശത്തിന്റെ സ്വപ്നലോകത്ത് നിന്നും അവൾ കാൽ ചവിട്ടി നിൽക്കുന്ന ഭൂമിയുടെ യാഥാർത്ഥ്യത്തിലേക്ക് അവളെ തിരിച്ചുകൊണ്ടു വന്നു. അവളുടെ വീടിനു ചുറ്റുമുള്ള പൂന്തോട്ടത്തിൽ പൂവിട്ട് നിൽക്കുന്ന പനിനീർ പുഷ്പങ്ങൾക്കു
മുകളിൽ ഇരിക്കുന്ന ഒരു കൂട്ടം ചിത്രശലഭങ്ങളെയും അവയ്ക്കരികിൽ ഒറ്റപ്പെട്ടു നിൽക്കുന്ന സൗന്ദര്യം ഏതുമില്ലാത്ത ഒരു തുമ്പിയെയും അവൾ കണ്ടു. ആ ഇരുണ്ട പ്രകൃതിക്ക് പൂക്കളിൽ നിന്ന് പൂക്കളിലേക്ക് ചിറകടിച്ചുയരുന്ന ചിത്രശലഭങ്ങൾ അതിമനോഹരമായ ചായം ചാർത്തൽ ആയിരുന്നു.
പക്ഷേ ആ തുമ്പിയോ അവൾ പനിനീർ പൂക്കൾകരികെ അധികം സമയം ചിലവഴിക്കാതെ അതി സൗന്ദര്യം ഒന്നും പറയുവാൻ ഇല്ലാത്ത തുമ്പപ്പൂക്കൾക്കരികിൽ ചുറ്റി നടന്നു. പെട്ടെന്ന് ചാറി നിന്നിരുന്ന അന്തരീക്ഷം തുള്ളിക്ക് ഒരു കുടം കണക്ക് പെയ്തു വീണു, ആ മഴയിൽ ചിത്രശലഭങ്ങൾ ഒക്കെ എങ്ങോ പോയി മറഞ്ഞു.
തുമ്പിമാത്രം അവിടെനിന്ന് വീടിന്റെ വരാന്തയിലേക്ക് ചിറകടിച്ച് കയറി വന്നു.
വീടിൻറെ ഷെയ്ഡിൽ തൂക്കിയിട്ടിരുന്ന നാലുമണി ചെടിയുടെ ചട്ടി മേൽ ആത്തുമ്പി ഇരുപ്പുറപ്പിച്ചു. അപ്പോഴാണ് അവൾ ആ കാഴ്ച കാണുന്നത് ആ തുമ്പിയുടെ വാലിൽ കെട്ടിയിരിക്കുന്ന മുറിഞ്ഞുപോയ നൂലിന്റെ അവശിഷ്ടങ്ങൾ. ഈ കഴിഞ്ഞ ദിനങ്ങളിൽ എന്നോ നാട്ടിലെ വികൃതി കുട്ടികൾ അവളുടെ വാലിൽ നൂൽ കോർത്ത ശേഷം
അവളെക്കൊണ്ട് കല്ലെടുപ്പിച്ചിട്ടുണ്ടാവും,
അവരുടെ വികൃതിത്തരങ്ങളിലെ വെറും കോമാളി ആക്കി ഈ തുമ്പിയെ മാറ്റിയിട്ടുണ്ടാകും,
ഏതോ ഭാഗ്യ നിമിഷത്തിൽ അപമാനത്തിന്റെ നൂൽക്കെട്ടിന് പൊട്ടിച്ചെറിഞ്ഞ് അവൾ കുതിച്ചുയർന്നു ഇവിടെ എത്തിയതാവാം,
എന്നിട്ടും അവളുടെ വാലിൽ അപമാനത്തിന്റെ നൂൽ കെട്ട് ഇപ്പോഴും പോയ കാലത്തിൻറെ വേദനയായി ചുറ്റപ്പെട്ടു കിടക്കുകയാണ്. വീടിൻറെ മേൽക്കൂരയിൽ പെയ്തിറങ്ങിയ മഴത്തുള്ളികളിലെ അവസാന തുള്ളിയും ഓടിന്റെ തുഞ്ചത്ത് നിന്നും ഊർന്നിറങ്ങി മണ്ണിലേക്ക് പതിക്കുമ്പോൾ, മഴ കഴുകിയിട്ട പ്രകൃതിക്കുമീതെ തന്റെ ഇത്തിരി പോന്ന ചിറകടിച്ച് തുമ്പി ഉയർന്നുപൊങ്ങി. ആ കാഴ്ച കണ്ടു നിന്ന നമ്മുടെ കഥാപാത്രത്തിന്റെ മനസ്സ് ഒരിക്കൽക്കൂടി ആ തുമ്പിയെ നോക്കി ഇങ്ങനെ മന്ത്രിച്ചു,
“എന്റെ പ്രിയേ
ശൂലേംകാരത്തി…
നീയെത്ര മനോഹരി…!
തുടരും..






- Advertisement -
Comments are closed, but trackbacks and pingbacks are open.