ലേഖനം: ഗേഹസിയുടെ ശിഷ്യന്മാർ | എബെനേസർ ഷൈലൻ

എലീശായുടെ പ്രാർത്ഥനാമുറി മുതൽ രാജാവിന്റെ കൊട്ടാരം വരെ സ്വാധീനമുള്ള ആത്മീയൻ. വിശ്വാസിയുടെ ഭവനത്തിന്റെ അകത്തളം മുതൽ ആരാം രാജാവിന്റെ സേനാപതിയുടെ രഥം നിർത്തുവാൻ വരെ പ്രാപ്തനായ പൊതുസമ്മതൻ. വേണ്ട എന്ന് പൊതുവിൽ പറയുകയും നയമാന്റെ സമ്മാനപ്പൊതികൾ നേടിയെടുക്കുവാൻ വിരുതുമുള്ള നിപുണൻ. ലെവലേശം കുറ്റബോധമില്ലാതെ യജമാനന്റെ മുൻപിൽ വന്നു നിൽക്കാൻ കഴിവുള്ള അഭിനയ പ്രതിഭ. പേരിന്റെ അർത്ഥമോ “ദർശനത്തിന്റെ താഴ്‌വര.”

എലീശായുടെ വിശ്വസ്ത ശിഷ്യന്മാരിൽ ഒരാൾ ആയിരുന്നെങ്കിലും യജമാനന്റെ ഉപദേശങ്ങൾക്കും വിശ്വാസപ്രമാണങ്ങൾക്കും മീതെയായിരുന്നു ഇപ്പോഴും ഗേഹസിയുടെ കാഴ്ചപ്പാടുകൾ. ശിഷ്യത്വം പ്രസംഗിക്കപ്പെടുന്നുണ്ടെങ്കിലും സ്വാർത്ഥ താല്പര്യങ്ങൾക്കും തീരുമാനങ്ങൾക്കും മുൻ‌തൂക്കം കൊടുത്തുകൊണ്ടായിരുന്നു ഗേഹസിയുടെ ശിശ്രൂഷ ജീവിതം. യജമാനന്റെ മുൻപാകെ അനുസരണത്തോടെയും ഭയഭക്തി ബഹുമാനത്തോടെയും നിൽകുമെങ്കിലും ഗേഹസി ഉള്ളിന്റെ ഉള്ളിൽ ഒരു “തൻ പ്രമാണി” ആണ്.

ഭൗമീക നന്മകൾക്കും വ്യക്തിപരമായ നേട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ഗേഹസി അസത്യങ്ങളെ സത്യങ്ങളാക്കി ലജ്ജകൂടാതെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ്. യജമാനന്റെ പേരിനെ ദുരുപയോഗം ചെയ്യാൻ യാതൊരു മടിയുമില്ലാത്തവൻ. ആത്മീക ഗുണങ്ങളെ വില്പനച്ചരക്കാകുവാനും അതിന്റെ ലാഭത്തിൽ നിർദോഷികളായ സഹശിഷ്യന്മാരെ കൂട്ടുചേർക്കുവാനും ശ്രമിക്കുന്നവൻ. മധുരവാക്കുകൊണ്ട് വിഷം ചീറ്റുന്നവൻ. മനസിനെ പൊതിഞ്ഞ കുഷ്ഠം പൊതിഞ്ഞു കെട്ടി സുഗന്ധലേപനം അടിച്ചു നടക്കുന്നവൻ.

ഗേഹസി 2 രാജാക്കന്മാർ 5-ആം അധ്യായത്തിൽ കുഷ്ഠരോഗി ആകുന്നുണ്ടെങ്കിലും 8-ആം അധ്യായത്തിൽ രാജാവിനോട് യജമാനൻ ചെയ്ത വൻകാര്യങ്ങളെ വിവരിച്ചു പറയുന്ന ഗേഹസിയുടെ കോൺഫിഡൻസ്, അതിനെ പ്രശംസിക്കാതിരിയ്ക്കാൻ കഴിയില്ല. എലീശാ മകനെ ജീവിപ്പിച്ച കൊടുത്ത സ്ത്രീ ഇതുതന്നെ എന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോൾ എലീശായുടെ വാക്ക് അനുസരിക്കാതെ കുഷ്ഠം ബാധിച്ച ഞാൻ ഇതാ എന്ന് പറയാൻ മറന്നു പോയതാവും. എങ്കിൽ പോലും തന്നിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ഗേഹസിക്കും ഗേഹസിയെ ചുമക്കുന്നവർക്കും എത്രനാൾ പൊതിഞ്ഞു വെക്കാൻ കഴിയും?

ദൈവീക ഹൃദയമുള്ള ഒരു ശിഷ്യനിൽ നിന്നും വ്യക്തിപരമായ ലക്ഷങ്ങളെ നേടുന്ന വ്യക്തിയിലേക്ക് മാറുമ്പോൾ അത് ബാധിക്കുന്നതു പ്രവാചകഗണത്തെയും യജമാനനെയുമാണ്. ഗേഹസിയിൽ നിന്നും ഗേഹസിയുടെ ശിഷ്യന്മാരിലേക്കുമിത് എത്തുമ്പോൾ, രാജാവിന്റെ കൊട്ടാരത്തിൽ വരെ ഇവരുടെ സാന്നിധ്യമെത്തുമ്പോൾ, ഇവരുടെ അഭിനയത്തിൽ യജമാനന്മാർ വീണു പോകുമ്പോൾ നായമാന്റെ സമ്മാനപൊതികളിൽ ഇവർ ധനികർ ആകുമ്പോൾ ആത്മീക പക്വതയോടെ ഇവരെ ഒഴിവാക്കേണ്ടത് ആവിശ്യമാണ്. അല്ലെങ്കിൽ ഇവരിലെ ദുർഗന്ധവും സ്വാധീനവും നമ്മിലേക്കും നമ്മുടെ സമൂഹത്തിലേക്കും പടർന്നുകൊണ്ടേയിരിക്കും.
ഗേഹസിമാർക്കും അവരുടെ ശിഷ്യന്മാർക്കും വേണ്ടി പ്രാർത്ഥിക്കാം.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.