ലേഖനം: ദൈവ സഭയിലെ യൗവനക്കാർ സന്തുഷ്ടരോ?, ഹാർവെസ്റ്റ് പകലോമറ്റം
നമ്മുടെ സഭകളിൽ യൗവനക്കാർ സന്തോഷവന്മാരാണോ? ഈ ചോദ്യം നാളുകളായി ഉള്ളിൽ ചോദിക്കുന്ന വ്യക്തിയെന്ന നിലയിൽ നിസംശയം പറയുവാൻ കഴിയും “അവരെ ഒന്നു പരിഗണിക്കുന്നത് നന്നായിരിക്കും”. ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുമ്പോൾ കാണുവാൻ കഴിയുന്ന ദുരവസ്ഥ ഞാൻ വിവരിക്കാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. തികച്ചും നെഗറ്റിവിറ്റി നിറഞ്ഞ വാർത്തകൾ നമ്മെ അനുദിനം തേടിയെത്തുകയാണ്. അപ്പനെയും അമ്മയേയും സഹോദരങ്ങളെയും ഒരു ദാക്ഷണ്യവുമില്ലാതെ കൊന്നു തള്ളുന്നവർ, വിഷം കലക്കി കൊടുക്കാനും കോമ്പസുകൊണ്ട് കുത്തി കീറാനും അറപ്പില്ലാത്ത സൗഹൃദങ്ങൾ, പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാൻ ഭയക്കാത്ത ദാമ്പത്യങ്ങൾ, എന്നിങ്ങനെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി തലയ്ക്കു വെളിവില്ലാതെ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ, പറയുവാൻ പോലും
മടിക്കേണ്ടി വരുന്ന ദുരവസ്ഥ.
ഞെട്ടിക്കുന്ന സംഭവ വികാസങ്ങളിലൊന്നിലെ പ്രതി ഒരു പെന്തക്കോസ്ത് യൗവനക്കാരാകുമ്പോൾ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു . നമ്മുടെ കുഞ്ഞുങ്ങളെ.
ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ, കൂസലില്ലാതെ നടക്കുന്ന വിവാഹ മോചനങ്ങൾ, അല്പലാഭത്തിനായി കാട്ടിക്കൂട്ടുന്ന ക്രൂര കൃത്യങ്ങൾ, ഇനിയും കണ്ടില്ലെന്ന് നടിക്കുവാൻ സാധിക്കുന്നുവോ നമുക്ക്???മനസ്സാക്ഷി മരവിക്കുന്ന വാർത്തകൾ ഇനിയും കേൾക്കണമോ നമുക്കിടയിൽ നിന്നും???
“രാജാവ് നഗ്നനാണെന്ന് “ വിളിച്ചു പറയാൻ ആർജവമുള്ള ആരും ഇവിടെയില്ലേയെന്ന ചോദ്യം പലവുരു മനസ്സിൽ ഉരുവിടുമ്പോൾ, ഇതൊക്കെ ഇവിടെയല്ലെങ്കിൽ പിന്നെവിടെ പറയും എന്ന ചിന്തയാണ് ഇങ്ങനെ എഴുതുവാനുള്ള പ്രേരക ശക്തി. നമ്മുടെ കാഴ്ചപ്പാടുകൾ, കാഴ്ചകൾ ലക്ഷ്യം തെറ്റി തുടങ്ങിയിട്ട് കാലമേറെയായി. ലക്ഷ്യം തെറ്റുക എന്നത് പാപത്തിന്റെ വ്യാഖ്യാനമായി കാണുമ്പോൾ ഇനിയും മൗനം തുടരുന്നത് ഉചിതമാണോ?
ദൈവ കൃപയിലും ദൈവാശ്രയത്തിലും വളർന്നു വരുന്ന ഒരു കുഞ്ഞ് വഴിതെറ്റിപ്പോകും എന്ന് പറയുവാൻ തെല്ലും അവസരമുണ്ടാവുകയില്ല. കുഞ്ഞിന്റെ സമർപ്പണ ശുശ്രൂഷയിൽ പാസ്റ്റർ സാം ടി ജോർജ് പറഞ്ഞ വാക്കുകൾ ഓർക്കുന്നു- “അപ്പനമ്മമാരായ നിങ്ങളെ സദാ വീക്ഷിക്കുന്ന രണ്ട് കണ്ണുകൾ എപ്പോളും ഉണ്ടെന്നുള്ള ബോധ്യം നിങ്ങളെ ഭരിക്കണം”. അതെ കുഞ്ഞുങ്ങളുടെ പ്രാഥമിക സ്വഭാവ രൂപികരണം നടക്കുന്നത് മാതാ പിതാക്കളിൽ നിന്ന് തന്നെയാണ്, സ്വഭവനത്തിൽ അവർ സന്തോഷവന്മാരാണെങ്കിൽ സ്വഭാവത്തിലും അത് പ്രതിഫലിക്കും. തീൻമേശയിലെ ചർച്ചകളിൽ അവർ അഭിപ്രായം ഒന്നും പറഞ്ഞില്ലെങ്കിലും, കേട്ടുവളരുന്നുത് വെറുപ്പും വിദ്വേഷവും ആണെങ്കിൽ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതാണ്. നമ്മുടെ ഭവനങ്ങളിൽ നിന്നും ആരംഭിക്കട്ടെ – നല്ല സ്വഭാവത്തിനുള്ള ആദ്യ പാഠങ്ങൾ.
പൊതുവെ നമ്മുടെ സമൂഹത്തിൽ പറയുന്ന ഒരു കാര്യമാണ്. “പെന്തക്കോസ്തുകാരനായ ഒരു വ്യക്തി വേറിട്ട ഒരുവൻ തന്നെയാണ്. മദ്യപിക്കില്ല, പുകവലിക്കില്ല, ലഹരി ഉപയോഗിക്കില്ല, അയോഗ്യമായി നടക്കില്ല” എന്നൊക്കെ. സമൂഹം നമുക്ക് മാത്രമായി ചില നല്ല സർട്ടിഫിക്കറ്റുകൾ തന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നങ്ങനെ കേൾക്കണമെന്നാഗ്രഹം ഉണ്ടെങ്കിലും കേൾക്കാറില്ലെന്ന് മാത്രം. അതെ അങ്ങനെ തന്നെയാരുന്നു നാം. കൃത്യമായി Sunday സ്കൂളിൽ പോയി വേദപഠനം നടത്തി ദൈവ വചനം അഭ്യസിക്കുന്ന ഒരു കുഞ്ഞ് ഒരിക്കലും വഴിതെറ്റിപ്പോകാൻ ഇടവരില്ല. പലയിടത്തും കണ്ടിട്ടുണ്ട് സ്വഭവനത്തിൽ നിന്നും അനുകൂല സാഹചര്യമല്ലാതിരുന്നിട്ടും Sunday സ്കൂളിന് കടന്നു വന്നു അനുഗ്രഹം പ്രാപിച്ചിട്ടുള്ള കുഞ്ഞുങ്ങൾ, മാതാപിതാക്കളെ രക്ഷയിലേക്ക് നടത്തിയിട്ടുള്ള കുഞ്ഞുങ്ങൾ. കുറച്ച് കാലം മുന്നേ വരെ നമ്മുടെ സഭകളിലെ അവസ്ഥകൾ മറ്റൊന്നായിരുന്നു. ഞായറാഴ്ച യോഗങ്ങൾ മാത്രമല്ലാതെ ഇടക്കൂട്ടങ്ങളും, ഉപവാസ പ്രാർത്ഥനയും , കാത്തിരുപ്പ് യോഗങ്ങളുമുള്ള സഭ. ഓണാവധിക്കും ക്രിസ്തുമസ് അവധിക്കും വലിയ അവധിക്കുമൊക്കെ കൂടെ പഠിക്കുന്നവർ ട്രിപ്പും , ബന്ധു വീടുകളുമായി വിശേഷങ്ങൾ പങ്കിടുമ്പോൾ പെന്തകോസ്തുകാരനായ കുഞ്ഞ് , അപ്പച്ചൻ പാസ്റ്ററിന്റെ ഒപ്പം മൂന്നും ഏഴും ദിവസം ഉപവാസത്തിലായിരിക്കും. മാതാ പിതാക്കളും അതിനെ പ്രോത്സാഹിപ്പിക്കും . ഇന്നിപ്പോൾ NSS ക്യാമ്പുകളും മറ്റും അരങ്ങു വാഴുന്നു. മൂന്നും ഏഴും ഒക്കെ കഴിയുമ്പോൾ അഭിഷേകത്തോടെ എഴുന്നേറ്റ തലമുറകൾ നമുക്കിടയിലുണ്ട്. രണ്ട് മാസത്തെ അവധിക്കാലം കൊണ്ട് ദൈവ വചനം , പഴയ നിയമവും പുതിയ നിയമവും പലവുരു വായിക്കാൻ ഇടയായ കുട്ടിക്കാലം എനിക്കുമുണ്ട്. അന്നൊക്കെ അനിഷ്ടത്തോടെ , ചൂരൽ വടിയുടെ പേടിയിൽ മാത്രം അതൊക്കെ ചെയ്തത് ഇന്ന് ഓർക്കുമ്പോൾ എന്റെ അപ്പനോട് നന്ദിയല്ലാതെ പറയുവാൻ മറ്റൊന്നുമില്ല. ഇന്നിപ്പോൾ പല വിധത്തിലുള്ള ബൈബിളുകൾ വാങ്ങാൻ അവസരമുള്ളപ്പോൾ ഒരിക്കൽ പോലും ഏതെങ്കിലുമൊന്ന് വായിച്ചു തീർക്കാൻ കഴിയുന്നില്ല. അന്നൊക്കെ ഒരു പുതിയ ബൈബിൾ വല്ലാതെ ആഗ്രഹിച്ചിരുന്നു. കാലം – അതങ്ങനെയാണ്. നഷ്ടമാകുമ്പോൾ മാത്രം വിലയേറിയതായി തോന്നുന്ന ഒന്ന്. അപ്പോൾ പറഞ്ഞു വന്നത് കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, ആത്മീകതയിൽ കൈ പിടിച്ചു നടത്തുന്ന ഒരു സഭ നമുക്കുണ്ടായിരുന്നു. “ഉണ്ടായിരുന്നു “ എന്നത് ഒരു മനപ്പൂർവ പ്രയോഗം തന്നെയാണ്.
ഒരനുഭവം കൂടെ കുറിക്കട്ടെ, ജോലി സംബന്ധമായി തിരുവനന്തപുരത്തായിരുന്ന കാലം, കൂടെ താമസിക്കുന്നതു പതിമൂന്ന് വയസ് പ്രായമുള്ള ഒരു കൗമാരക്കാരൻ. ക്രിക്കറ്റ് കളിക്കുവാൻ വേണ്ട പരിശീലനത്തിനു വന്ന ഒരു പത്തനാപുരംകാരൻ. അവനെ നിർബന്ധിച്ചു ഞായറാഴ്ച ആരാധനക്ക് കൊണ്ടുപോയിരുന്നത് ഞാനായിരുന്നു. ഒരിക്കൽ ഒരു ഏഴ് ദിവസ ഉപവാസ പ്രാർത്ഥനയിൽ ലീവെടുത്ത് പങ്കെടുക്കുമ്പോൾ അവധിദിവസങ്ങൾ ആഘോഷമാക്കിയ അവനെയും ഒപ്പം കൂട്ടി. ആരാധനയുടെ ആരംഭത്തിൽ ചുറ്റുപാടും നോക്കിയിരുന്ന അവനെ കണ്ണുരുട്ടി നേരെ ഇരുത്തി, ഇടക്കെപ്പോളോ ആരാധനമധ്യത്തിൽ കണ്ണ് തുറന്ന ഞാൻ കാണുന്നത് അന്യഭാഷ അടയാളത്തോടു കൂടി കർത്താവിനെ ആരാധിക്കുന്ന കുട്ടൂസിനെയാണ്. മണിക്കൂറുകൾ അത് തുടർന്നു. ഇന്നിപ്പോൾ അന്യഭാഷ തന്നെ വിലക്കപ്പെടുമോയെന്ന ഭയപ്പാടിലാണ് ദൈവസഭകൾ. ഞാൻ അനുഭവിക്കാത്തതു ഒന്നും ഇല്ലായെന്നും ഞാൻ കാണാത്തതൊന്നും ഉളളതല്ലെന്നുമുള്ള ചിന്ത. പെന്തക്കോസ്ത്- അത് ഒരു അനുഭവം തന്നെയാണ്.
മുൻപ് പറഞ്ഞത് പോലെ നമ്മുടെ കാഴ്ചപ്പാടുകൾ മാറിയപ്പോൾ കാഴ്ചകളും മാറിത്തുടങ്ങി.
അന്നൊക്കെ സ്നാനപ്പെടുന്നത് എട്ടും പത്തും പതിനഞ്ചും വയസിലാണ്. ഇന്നിപ്പോൾ ഇരുപത്തഞ്ചയാലും ദൈവം ഇടപെടാത്തത് എന്താണെന്ന് മനസിലാകുന്നില്ല. കുറെക്കൂടി പാപം ചെയ്തിട്ട് സ്നാനപ്പെടുന്നതാണ് നല്ലതെന്നും പിന്നെ വിശുദ്ധരായി ജീവിക്കേണ്ടി വരുമെന്നതിനാൽ ദൈവത്തെ ഭയക്കുന്നതിനാൽ ഇങ്ങനെയൊക്കെ പോയാൽ മതിയെന്നുമാണ് ഭൂരിഭാഗത്തിന്റെയും ചിന്ത. തന്നെയല്ല സ്നാനമേറ്റ നമ്മുടെ സ്ഥാനത്തിനായുള്ള പ്രവർത്തികളും അവർ വീക്ഷിക്കുന്നുണ്ടല്ലോ. സ്വയം പരിശോധനക്ക് ഞാനും വിധേയനാണ്. മത്സരികൾ പാർക്കുന്നയിടം വരണ്ട ദേശമെന്നാണ് പറഞ്ഞിരിക്കുന്നത്.ദൈവ കല്പനകൾ മത്സരത്തോടെ അലക്ഷ്യമാക്കികളയുവാൻ ഇടവരാതിരിക്കട്ടെ.
ഒരു യൗവനക്കാരൻ എന്നും നമ്മോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് പറയാൻ പറ്റില്ല. വിദ്യാഭ്യാസത്തിനും ഉപജീവനത്തിനുമായി അവർ പലയിടങ്ങളിൽ എത്തിച്ചേരാറുണ്ട്. രക്ഷിക്കപ്പെട്ട് ,സ്നാനപ്പെട്ടു , അഭിഷേകത്തിൽ നിൽക്കുന്ന ദൈവ പൈതൽ, ചെല്ലുന്നയിടത്ത് ആദ്യം അന്വേഷിക്കുന്നത് ഒരു ദൈവിക കൂട്ടായ്മയാണ്. അവനെ കരുതുന്ന, അവനു വേണ്ടി പ്രാർത്ഥിക്കുന്ന, അവനെ കേൾക്കുന്ന ഒരിടം. നഷ്ടമാകില്ല ഒരിക്കലും ആ യൗവനം. ആരും അവന്റെ യൗവനം തുച്ഛീകരിക്കില്ല. ദൈവ ഭയമില്ലാത്തവൻ അന്വേഷിക്കുന്ന ബന്ധങ്ങൾ, കൂട്ടുകാർ അവനെ നഷ്ടമാക്കുന്നവരാണ്. ലഹരിയുടെ വഴിയെ, ആനന്ദത്തിന്റേയും ആഘോഷത്തിന്റെയും വഴിയെ,അന്തമില്ലാതെ പോകുമ്പോൾ അന്തമെന്താകും എന്ന് ചിന്തിച്ചാൽ നന്ന്. പന്നികൾക്കുള്ള ആഹാരം ആഗ്രഹിച്ച ധൂർത്ത പുത്രൻ നമുക്ക് ദൃഷ്ടാന്തം. നമ്മുടെ കൂട്ടായ്മകൾ എന്നും യൗവനക്കാരെ കൈതാങ്ങുന്നതാകണം. യൗവനക്കാരുടെ വിവാഹ ബന്ധങ്ങളും സഭകൾ കാര്യമായി എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിവാഹിതരാകുവാൻ തീരുമാനിക്കുമ്പോൾ തന്നെ അവരുടെ ആത്മിക ജീവിതം പരിശോധിക്കേണ്ടത് അത്യാവശമാണ്. ഒരു പ്രീ – മാരിറ്റൽ കൗൺസലിങ്ങ് എത്ര സഭകൾ ചെയ്യുന്നു. വിവാഹ വേദിയിൽ മാന്യത മുൻ നിർത്തി ശുശ്രൂഷകർ അവരെ വാഴ്ത്തിപാടുമ്പോൾ , നേരാം വണ്ണം ചർച്ചിൽ കയറാത്ത കൂട്ടായ്മകൾ അറിയാത്ത ഒരു പങ്കാളി കരം പിടിച്ചു ഉഭയ സമ്മതം നടത്തുമ്പോൾ മനസിലാക്കുക ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്. ആ കൽപ്പന വെറുതെയങ്ങ് തന്നതല്ല, അത്യാവശം കാര്യങ്ങൾ അന്വേഷിക്കുന്നതിനൊപ്പം അവരുടെ ആത്മീക നിലവാരം കൂടി ഒന്ന് അറിയേണ്ടിയിരുന്നു എന്ന്. അതിലെല്ലാമുപരി നന്നായി പ്രാർത്ഥിക്കുന്ന അനുഭവം നമുക്കുണ്ടാകട്ടേ. നിഷ്ഠൂരന്മാരും ക്രൂരന്മാരും ആകുന്ന ആൺപെൺ യൗവനങ്ങൾ ഇന്ന് സ്വയത്തിലൂന്നി ജീവിക്കുമ്പോൾ, ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ, മനുഷ്യാവകാശം ഉയർത്തിപ്പിടിക്കുമ്പോൾ മാനവികതയുടെ പേരിൽ നഷ്ടമാകുന്നത് ദൈവികതയാണ് ,ആത്മീയ ചിന്തകളാണ്.
“കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന “ ചോദ്യത്തിന് ഒരു പക്ഷേ ഉത്തരം തരാൻ കഴിയില്ലായിരിക്കും “കയിന്റെ ഭാര്യ ആരെന്ന” ചോദ്യം ഉള്ളിൽ ചോദിച്ചേക്കാം, എന്നാൽ ചിന്തക്കതീതമായ നിരവധി കാര്യങ്ങൾ ദൈവത്തെ മനസ്സിലാക്കാൻ ഈ പ്രപഞ്ചത്തിൽ തന്നെ നമുക്കുള്ളപ്പോൾ “ഇന്ന് മരിച്ചാൽ നിന്റെ നിത്യത എവിടെ “എന്ന ചോദ്യം ദിനം ചോദിച്ചു ദൈവത്തെ മനസിലാക്കി ജീവിക്കുന്നവരാകാൻ സാധിക്കണം. കൂട്ടായ്മകൾ യൗവനക്കാരുടെ പ്രശ്നങ്ങളെക്കൂടെ പരിഗണിക്കുന്നതാകട്ടെ. വീഴ്ചകൾ വന്നിട്ടുണ്ടാകാം, കുറ്റപ്പെടുത്താതെ , നഷ്ടമായി പോയ മകനെ ചുംബിച്ചു തിരികെ സ്വീകരിക്കുന്ന അപ്പനെ നമുക്ക് ഓർക്കാം. തള്ളിപ്പറഞ്ഞിട്ടും ഉള്ളം പൊട്ടി കരഞ്ഞപ്പോൾ പത്രോസിനെ ചേർത്തുപിടിച്ച യേശുവിനെ ഉള്ളിൽ ധ്യാനിക്കാം. അകറ്റാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകാം അടുപ്പിക്കാൻ ദൈവ സ്നേഹം മാത്രം മതി. തലമുറകളെ ഓർത്ത് മാതാപിതാക്കൾ കരഞ്ഞു തുടങ്ങട്ടെ. എന്റെ കുഞ്ഞ് അവൻ/അവൾ ഈ പ്രായം കഴിഞ്ഞല്ലോ,രക്ഷപ്പെട്ടല്ലോ എന്ന് കരുതാതെ ഇവരൊക്കെ എന്റെയും കൂടെ കുഞ്ഞുങ്ങൾ ആണെന്ന ചിന്തയോടെ അവരെ ഒന്ന് ചേർത്ത് നിർത്താം. അവരോട് മനസ് തുറന്നു ഒന്ന് ചിരിച്ചു ഒന്ന് ആശ്ലേഷിക്കുവാൻ മനസ് കാണിക്കാമോ. തള്ളപ്പെട്ടതെല്ലാം കൊള്ളാകുന്നവരാകും. വീണ്ടും ആവർത്തിക്കട്ടെ നമ്മെ വീക്ഷിക്കുന്ന ചില കണ്ണുകൾ , വീർപ്പു മുട്ടുന്ന ചില ബാല്യ കൗമാര യൗവങ്ങൾ നമുക്കിടയിലുണ്ട്. നഷ്ടമാക്കരുത് ആരെയും. നഷ്ടമാകരുത് ആരും.





- Advertisement -
Comments are closed, but trackbacks and pingbacks are open.