ലേഖനം: കുരിശിനരികിലെ ഒരു മനുഷ്യൻ | ഫിലോ ബെൻ കോശി*

മിക്കവർക്കും അസൂയ തോന്നുന്ന ഒരു ജീവിതമാണ് ഞാൻ നയിച്ചത്. ഒരു ശതാധിപനെന്ന നിലയിൽ ഞാൻ അധികാരം നന്നായി ഉപയോഗിച്ചു, പക്ഷേ ക്രൂരതയിൽ നിന്നും അഴിമതിയിൽ നിന്നും പിറന്ന നേട്ടങ്ങൾ ആയിരുന്നു എനിക്കുള്ളതെല്ലാം. പോരാടി നേടിയതോ അധ്വാനിച്ചു നേടിയതോ അല്ല, മറിച്ച് കൈക്കൂലി, കൈയൂക്ക്, കല്ലുപോലെ പരുപരുത്ത ഹൃദയം എന്നിവയിലൂടെയാണ് എന്റെ ജോലി രംഗത്ത് ഞാൻ പടവുകൾ കയറിയത്. ഞാൻ ഉണ്ടാക്കിയ ഈ പ്രശസ്തി മറ്റുള്ളവരുടെ ഭയത്തിന്മേലാണ് കെട്ടിപ്പടുത്തത്. എന്തോ, ഇതൊക്കെ ഞാൻ ആസ്വദിച്ചു.
ഞാൻ ഒരിക്കലും ഒരു സൈനീക കുടുംബത്തിൽ അല്ല ജനിച്ചു വീണത്. കർഷകനായിരുന്നു എന്റെ പിതാവ്. മറ്റുള്ള കുട്ടികളെ പോലെ പിതാവിന്റെ പാത പിന്തുടരാൻ എനിക്ക് താല്പര്യമില്ലായിരുന്നു. ആ തൊഴിലിൽ നിന്ന് എന്ത് നേടാൻ? കൃഷിയിടത്തിലെ ജീവിതം വിരസമായിത്തീർന്നു, ഞാൻ സാഹസികത ആഗ്രഹിച്ചു.
പക്ഷേ, വിധി- അതോ അതിമോഹമോ? എന്നെ റോമൻ സൈന്യത്തിലേക്ക് കൊണ്ടെത്തിച്ചു. സൈന്യത്തിൽ ചേരാനുള്ള അവസരം വന്നപ്പോൾ ഞാൻ ഒന്നും നോക്കാതെ അതിലേക്ക് ചാടിക്കയറി. ഒരു സൈനികനെന്ന നിലയിലുള്ള എന്റെ ആദ്യ ദിനങ്ങൾ ഞാൻ ഇന്നും ഓർക്കുന്നു, ഒരു സാധാരണ റിക്രൂട്ട്മെന്റായി തുടങ്ങി. സാമ്രാജ്യത്തെ സേവിക്കുന്നതിലും ജനങ്ങളെ സംരക്ഷിക്കുന്നതിലും ഞാൻ സന്തോഷം കണ്ടെത്തി. പക്ഷേ ആ ആവേശം പെട്ടെന്നു മാഞ്ഞുപോയി, പകരം അത്യാഗ്രഹത്തിന്റെയും അധികാരത്തിന്റെയും ഭാരം എന്റെയുള്ളിൽ കൂടി വന്നു, പതിയെ ഞാൻ അഹങ്കാരത്തിന്റെ പാളികൾക്കിടയിൽ മുങ്ങി താണു.
ഞാൻ ശതാധിപ പദവിയിലേക്കുയർന്നപ്പോൾ, കാര്യക്ഷമതയോടെ നിഷ്കരുണം ഞാൻ നിയമം നടപ്പാക്കി. കലാപത്തിന്‍റെ ഏതൊരു ലക്ഷണവും ഞാൻ അടിച്ചമർത്തി. അധികാരത്തിന്‍റെ ആവേശം എന്റെ ആസക്തിയായി മാറി. മറ്റുള്ളവരുടെ വേദന എനിക്ക് ഉന്മദമായി, കാരണം അവരുടെ ഭയവും വേദനയുമാണ് എന്നെ ഇന്നീ കാണുന്ന ശ്രേഷ്ഠനും അജയ്യനുമാക്കിയത്. പണവും പ്രശസ്തിയും ലഭിക്കുന്നിടത്തോളം കാലം മറ്റുള്ളവരുടെ മുറിവുകൾ ഞാൻ കാര്യമാക്കേണ്ട ആവശ്യമുണ്ടോ?

പക്ഷെ ആ ദിവസം എല്ലാം മാറിമറിഞ്ഞു. ആ മനുഷ്യനെ ക്രൂശിക്കുന്നതും കണ്ടുകൊണ്ട് ഞാൻ ജനക്കൂട്ടത്തിന്റെ നടുവിൽ നിന്നു. ജനങ്ങൾ അവനെ പരിഹസിക്കുന്നുണ്ട്, “കൊള്ളാം ഇന്നത്തെ സമയംപോക്ക് ആയി.” ഞാൻ ആ മനുഷ്യനെ സൂക്ഷിച്ചു നോക്കി. ആൾ ദുർബലനാണ്, മർദനമേറ്റ് ശരീരം മുറിഞ്ഞിട്ടുണ്ട്. കുരിശിന്റെ ഭാരം വഹിക്കാൻ അവന്റെ ശരീരത്തിന് കഴിയുന്നില്ല. ഞാൻ എന്റെ പട്ടാളക്കാരോടൊപ്പം അവനെ കളിയാക്കാനും പുച്ഛിക്കാനും തയ്യാറായി നിന്നു, അല്ല, ഇതൊക്കെയല്ലേ എന്റെ വിനോദം. കഠാരകളെപ്പോലെ വാക്കുകൾ വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ അവനു നേരെ അസഭ്യം തൊടുത്തുവിട്ടു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു “അവനെ നോക്കിക്കേ! സ്വയം രക്ഷിക്കാൻ കഴിയാത്ത ഒരു രാജാവ്!” “ശെടാ, ഇതാരപ്പാ ഞാൻ അറിയാത്ത ഒരു രാജാവ്.” ഞാൻ പരിഹാസവാക്കുകൾ തുടർന്നുകൊണ്ടേ ഇരുന്നു. അവിടെ മുഴുവൻ പരിഹാസത്തിന്റെയും കളിയാക്കലുകളുടെയും ഒരു ക്രൂരമായ സിംഫണി മുഴങ്ങി. ആദ്യം അതൊക്കെയൊരു തമാശയായി തോന്നിയെങ്കിലും, പിന്നീട് എന്റെ ഉള്ളിൽ എന്തോ ഒന്ന് ഇളകിമറിയുവനായി തുടങ്ങി, പക്ഷേ എനിക്ക് ഇതുവരെ അതെന്താണെന്ന് മനസ്സിലായിട്ടില്ല.
പട്ടാളക്കാര്‍ ആ മനുഷ്യന്റെ കൈകള്‍ മരത്തടികളിൽ അമര്‍ത്തിയപ്പോള്‍ എനിക്ക് വിചിത്രമായ ഒരു ആവേശം അനുഭവപ്പെട്ടു. ഓരോ തവണ ആണിയിൽ ചുറ്റിക അടിക്കുമ്പോഴും അവൻ വേദനയാൽ പുളയുന്നത് ഞാൻ കണ്ടു. ഞാൻ മനസ്സിൽ പറഞ്ഞു, “ഹാ എന്നത്തേയും പോലെ മറ്റൊരു വധശിക്ഷ.” ഞാൻ നൂറുകണക്കിന് ആളുകളുടെ ക്രൂശികരണം കണ്ടിട്ടുണ്ട്. ഇതും ആദ്യം വ്യത്യസ്തമല്ലെന്ന് തോന്നി. പക്ഷെ അവന്റെ മുഖം തികച്ചും പ്രത്യേകതയുള്ളതായിരുന്നു. മറ്റുള്ളവരെ പോലെ ദേഷ്യമോ നിരാശയോ ആ മുഖത്തില്ല, മറിച്ച് എന്നെ അസ്വസ്ഥനാക്കുന്ന എന്തോ ഒന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. “പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ.”
ആ വാക്കുകൾ എന്റെ മനസ്സിൽ പ്രതിധ്വനിച്ചു, പക്ഷേ ഞാൻ അവയെ മനഃപൂർവം തള്ളിക്കളഞ്ഞു. മുഖത്തു ഒരു ചിരി വരുത്തി കൊണ്ട് ഞാന്‍ എന്റെ ആൾക്കാരുടെ ഇടയില്‍ നിന്നു. ചുറ്റും പരിഹാസത്തിന്റെ സ്വരം മാത്രം, ഞാൻ കാതോർപ്പിച്ചു. വഴിയേ കടന്നുപോകുന്നുവർ തല കലുക്കി അവനെ ദുഷിക്കുന്നുണ്ട്. ചിലർ “നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ” എന്നെല്ലാം പറഞ്ഞു അട്ടഹസിക്കുന്നുണ്ട്. എന്നിട്ടും ആ മനുഷ്യന്റെ കണ്ണുകൾ – ഓ, ആ തുളച്ചുകയറുന്ന കണ്ണുകൾ – ജനക്കൂട്ടത്തിൽ എന്തോ തിരയുകയായിരുന്നു. അവൻ എന്നെയല്ലേ നോക്കുന്നത്? അതോ എനിക്ക് തോന്നുന്നതാണോ? അല്ല അവന്റെ കണ്ണുകൾ എന്നെ തന്നെയാണ് നോക്കുന്നത്.
ജീവിതത്തിൽ ഞാൻ കഴിഞ്ഞ കാലങ്ങളിലേക്ക് തിരഞ്ഞു നോക്കാത്തവനാണ്. എന്റെ കൂടാരത്തിന്റെ വെളിയിൽ തീ കാഞ്ഞ്, നാവിൽ വീഞ്ഞിന്റെ തുള്ളികൾ പതിയുമ്പോൾ മാത്രമാണ് ഇടയ്ക്കിടെ ഞാൻ ചെയ്ത കാര്യങ്ങൾ ഒക്കെ ഓർക്കുക. പക്ഷെ ആ വീഞ്ഞിൻ്റെ കയ്പേറിയ മധുരം രുചിക്കുമ്പോളും എനിക്ക് ഞാൻ ചെയ്തു കൂട്ടിയ കാര്യങ്ങളിൽ ഒന്നും തോന്നാറില്ല. പശ്ചാത്താപമില്ല. തൃപ്തിയില്ല. വെറുതെ…. ഹാ …ഒന്നുമില്ല. പക്ഷെ ഈ മനുഷ്യന്റെ നോട്ടം എന്റെമേൽ പതിഞ്ഞ നിമിഷം, ആ നിമിഷത്തിൽ, എന്റെ കൈകളുടെ ഭാരം എനിക്ക് അനുഭവപ്പെട്ടു – എന്റെ കൈകൾ എണ്ണമറ്റ നിരപരാധികളുടെ രക്തം കൊണ്ട് ചുവന്നിരിക്കുന്നു, ആയുധമേന്തിയ കരങ്ങൾ പെട്ടെന്ന് ചങ്ങലകളാൽ ബന്ധിക്കപെട്ടപോലെ തോന്നി.

ആരാണ് ഈ മനുഷ്യൻ? എനിക്കെന്താണ് സംഭവിക്കുന്നത്? ഞാൻ എന്നോട് തന്നെ ചോദിച്ചു.
ഞാൻ മുഖമുയർത്തി അവനെ വീണ്ടും നോക്കി, ഞാൻ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത എന്തോ ഒന്ന് അവനിൽ നിറഞ്ഞു- ഒരു പുഞ്ചിരി– സ്നേഹത്തിന്റെ, കരുണയുടെ ഒരു മന്ദഹാസം അവനിൽ ഞാൻ ദർശിച്ചു. അവ കുരിശിൽ നിന്ന് കൈ നീട്ടി എൻ്റെ ഹൃദയത്തെ പിടിച്ചു പറിക്കുന്നത് പോലെ എനിക്ക്‌ അനുഭവപ്പെട്ടു. തന്നെ പീഡിപ്പിച്ചവനോട്, ആ ശപിക്കപ്പെട്ട മരത്തിൽ ആണിയടിച്ചവനോട് ഒരു മനുഷ്യന് ഇങ്ങനെ പ്രതികരിക്കുവാൻ ആവുമോ? മണിക്കൂറുകൾ കഴിഞ്ഞു, ആകാശം പെട്ടെന്ന് ഇരുണ്ടു. അപ്പോഴും അവൻ പ്രതീക്ഷയോടെ ആൾകൂട്ടത്തിൽ എന്നെ തിരയുകയായിരുന്നു എന്ന് തോന്നുന്നു..
ജീവിതത്തിൽ ആദ്യമായി ഞാൻ മനസാക്ഷിയുടെ കോടതിയിൽ വിധിക്കപ്പെടുന്നത് പോലെ തോന്നി. ഇവിടെ ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യൻ ആണികളിൽ തൂങ്ങിക്കിടക്കുന്നു; പക്ഷെ കൊടുംപാപിയായ ഞാൻ ഇവിടെ അവശേഷിക്കുന്നു. അധികാരത്തിന്റെ പേരിൽ ഞാൻ ഒരുപാട് ജീവനുകൾ അപഹരിച്ചു, നിരപരാധിയായ അവനു മുള്ളുകളുടെ കിരീടം ആണ് ശിരസ്സിൽ ലോകം നൽകിയത്. അതേസമയം എന്റെ സ്വന്തം കിരീടം– അത്യാഗ്രഹവും അഴിമതിയും നിറഞ്ഞതായിരുന്നു. കൈക്കൂലിയിലൂടെയും വഞ്ചനയിലൂടെയുമാണ് ഞാൻ റാങ്കുകളിൽ കയറിയത്. ചിന്തകൾ എന്റെ ഹൃദയത്തിൽ മുറിവേൽപ്പിക്കുവാൻ തുടങ്ങി.
സമയം നിശ്ചലമായി നിൽക്കുന്നതുപോലെ തോന്നി. ഞങ്ങൾ രണ്ടുപേർ മാത്രം അവശേഷിച്ച് ഈ ലോകം മുഴുവന് അപ്രത്യക്ഷമായതുപോലെ അനുഭപ്പെട്ടു. പിന്നെ, ഞാനൊരിക്കലും മറക്കാത്ത നിമിഷങ്ങളായി മാറി പിന്നീടുള്ള സമയങ്ങൾ. അവന്റെ നോട്ടങ്ങൾ സ്വയം തിരുത്തുവാനും മാറുവാനുമുള്ള ക്ഷണമായിരുന്നു. എന്റെ പാപങ്ങളുടെ ഭാരം എന്റെ മേൽ പതിച്ചത് പോലെ ഞാൻ അവിടെ നിന്നു. എന്താണ് എന്നിൽ സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല…പക്ഷെ ഒന്നു പൊട്ടി കരയുവാൻ ഞാൻ ആഗ്രഹിച്ചു “എന്നോട് ക്ഷമിക്കൂ?” ഞാൻ നിലവിളിച്ചു. പക്ഷേ എന്റെ ശബ്ദം ജനക്കൂട്ടത്തിൻറെ ശബ്ദഘോഷങ്ങൾക്കിടയിൽ എങ്ങോ നഷ്ടപെട്ടു. ആ നിമിഷം വളരെ വേഗത്തിൽ കടന്നുപോയി. പതിയെ ആ മനുഷ്യൻ ആരോടോ എന്തോ സംസാരിച്ചു പ്രാണനെ വിടുന്നത് ഞാൻ നോക്കിനിന്നു.
മഹത്തായ എന്തോ ഒന്നിനാണു ഞാൻ സാക്ഷ്യം വഹിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോൾ എന്റെ എന്നിൽ നിന്ന് ഒരു കിതപ്പ് പുറത്തുവന്നു. ആകാശം ഇളകിമറിഞ്ഞു. ആ നിമിഷം, ഞാൻ വെറുമൊരു ശതാധിപനല്ലെന്ന് എനിക്കു മനസ്സിലായി.- പുതിയ ജീവിതത്തിനായി കൊതിക്കുന്ന ഒരു പാപിയാണ് ഞാൻ. ജനക്കൂട്ടം ഭയത്തോടെ പിരിഞ്ഞുപോയപ്പോൾ, എന്റെ ഹൃദയത്തിൽ ഒരു വേദന അനുഭവപ്പെട്ടു.

ആ ദിവസം സംഭവിച്ച കാര്യങ്ങൾ എന്നിൽ ഉണ്ടാക്കിയ ആഘാതം വളരെയാണ്. ദിവസങ്ങൾ കടന്നു പോയി. ഞാൻ എന്റെ ജോലിയിലേക്ക് തിരികെ മടങ്ങി. പക്ഷേ എല്ലാം വ്യത്യസ്തമായി തോന്നി. ഒരിക്കൽ ഞാൻ ആസ്വദിച്ചിരുന്ന എന്റെ അധികാരം ഇപ്പോൾ ഒരു മുൾകിരീടമായി തോന്നി. ഒരിക്കൽ എന്റെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പിലാക്കിയ തെരുവുകളിലൂടെ ഞാൻ നടന്നു. ആളുകളുടെ കണ്ണുകളിലെ ഭയം എനിക്ക് കാണാൻ കഴിഞ്ഞു. അവരുടെ ഭയം എന്നെ അസ്വസ്ഥനാക്കി, എനിക്ക് മാറണമായിരുന്നു.
ഒരു ചെറിയ പ്രവർത്തിയിലൂടെയാണ് അത് ആരംഭിച്ചത്. ഭാരമേറിയ കുട്ട ചുമക്കാൻ ഞാൻ ഒരു വൃദ്ധയെ സഹായിച്ചു. ആ ക്രിയ എന്നിൽ ഒരു സന്തോഷമുളവാക്കി. എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് തിളങ്ങുന്ന കണ്ണുകളോടെ ആ സ്ത്രീ ഇപ്രകാരം പറഞ്ഞു “നന്ദി, മോനെ”. ഞാൻ പുഞ്ചിരിച്ചു. അന്നാദ്യമായി ആദ്യമായി എന്റെ പുഞ്ചിരി അത്മാർത്ഥ നിറഞ്ഞതായി തോന്നി. പതുക്കെ, സ്നേഹത്തിന്റെ ആഴം ഞാൻ മനസ്സിലാക്കാൻ തുടങ്ങി. യഥാർത്ഥ സന്തോഷം മറ്റുള്ളവരെ സഹായിക്കുന്നതാണ്, ക്രൂരതയ്ക്ക് പകരം ദയ കാണിക്കുന്നതാണ്, ഞാൻ തിരിച്ചറിഞ്ഞു. എന്നെ ഭയം നിറഞ്ഞ മുഖത്തോട് നോക്കിയവരോട് ഞാൻ പുഞ്ചിരിയോടെ സംസാരിക്കുവാൻ തുടങ്ങി. കോപത്തിന് പകരം എന്റെ സഹായം ഞാൻ അവർക്ക് വാഗ്ദാനം ചെയ്തു, മറ്റുള്ളവരോടും എന്നോടും ക്ഷമിക്കാൻ ഞാൻ പഠിച്ചു. അത് എളുപ്പമായിരുന്നില്ല, പക്ഷേ ക്രൂശിലുള്ള മനുഷ്യനെ ഞാൻ ഓർത്തു, അദ്ദേഹത്തിന്റെ അചഞ്ചലമായ സ്നേഹം എന്റെ വഴികാട്ടിയായി.
ഇപ്പോൾ, ആ ദിവസം ഞാൻ തിരിഞ്ഞു നോക്കുമ്പോൾ, എന്റെ ഹൃദയത്തെ മാറ്റിമറിച്ച മനുഷ്യനെ ഞാൻ കാണുന്നു., അനുഭവിക്കുന്നു. അവന്റെ വേദന എന്റെ കഠിനമായ ഹൃദയത്തിനപ്പുറമുള്ള സ്നേഹത്തിലേക്ക് എന്റെ കണ്ണുകൾ തുറന്നു. അദ്ദേഹം കണ്ണുകളിൽ കൂടി എനിക്ക് വാഗ്ദാനം ചെയ്ത ക്ഷമ ഞാൻ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത ഒരു സമ്മാനമായിരുന്നു, അത് എന്റെ പുതിയ ജീവിതത്തിന്റെ അടിത്തറയായി മാറി. ഞാനിപ്പോൾ വെറുമൊരു ശതാധിപൻ മാത്രമല്ല, സ്നേഹത്താൽ രൂപാന്തരപ്പെട്ട, കണ്ടുമുട്ടുന്ന എല്ലാവരുമായും ആ സ്നേഹം പങ്കിടാൻ പ്രതിജ്ഞാബദ്ധനായ ഒരു മനുഷ്യനാണ് ഞാൻ.
യഥാർത്ഥ ശക്തി അധികാരത്തിലോ ക്രൂരതയിലോ അല്ല, മറിച്ച് സ്നേഹത്തിലും ക്ഷമയിലുമാണെന്ന് ഞാൻ മനസ്സിലാക്കി. ആ ക്രൂശും, അതിൽ അണികളാൽ തറക്കപ്പെട്ട ആ മനുഷ്യനും ഇന്നും എന്റെ മുന്നിലുണ്ട്. ആ ക്രൂശിന്റെ ചുവട്ടിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇന്നും അറിയില്ല. പക്ഷെ എന്റെ ജീവതം ആ മനുഷ്യൻ മാറ്റി മറിച്ചു, സാക്ഷാൽ ദൈവപുത്രനായവൻ. ഇന്ന് ഞാൻ സന്തോഷവാനാണ്, സമാധാനമുള്ളവനാണ്. ഒരു ചെറിയ നോട്ടംകൊണ്ട് പോലും കഠിനമായ എന്റെ ഹൃദയത്തെ രൂപാന്തരപ്പെടുത്താൻ ആ മനുഷ്യന് കഴിയുമെങ്കിൽ, നിങ്ങളെയും ഞാൻ ആ ക്രൂശിന്റെ അരികിലേക്ക് ക്ഷണിക്കുന്നു- അദ്ദേഹത്തിന്റെ നോട്ടം നിങ്ങളിൽ പതിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. വരിക, ആ കുരിശിനരികിലേക്ക്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.