ലേഖനം: മഹത്തായ തിരിച്ചറിവുകൾ

ജോസ് പ്രകാശ്

അറിവുകൾ ഏവർക്കും അനിവാര്യമാണ്. ഭൂമിയിലെ എന്തിനെക്കുറിച്ചും വിശാലമായ വിവരങ്ങൾ ഇപ്പോൾ വിരൽത്തുമ്പിൽ ലഭ്യമാണ്. എന്നാൾ ചില അറിവുകൾ വചനത്തിലൂടെ മാത്രം ലഭിക്കുന്നവയാണ്. അത് മാനുഷികമല്ല, പരിശുദ്ധാത്മ പ്രേരിതമാണ്. ദൈവമക്കൾ അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ ചില വസ്തുതകൾ ചുവടെ ചേർക്കുന്നു.
മുമ്പേ നാം ആരായിരുന്നു?
നാം ആരായിരുന്നു എന്ന അറിവ് അനിവാര്യമാണ്. അറപ്പുളവാക്കുന്ന ഒരു പാരമ്പര്യം നമുക്ക് ഉണ്ടായിരുന്നു.
മുമ്പെ നാം ഇരുളായിരുന്നു.
അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്നു. ദൈവത്തെ അനുസരിക്കാത്തവരും ഈ ലോകത്തിന്റെ കാലഗതി അനുസരിച്ചു നടന്നവരും ആയിരുന്നു. നാം ക്രിസ്തുവിനെ കൂടാതെയുള്ളവരും, പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു. മുമ്പെ ദൂരസ്ഥരും ശത്രുക്കളുമായിരുന്നു. ബുദ്ധികെട്ടവരും, വഴിതെറ്റി നടക്കുന്നവരും, ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നു (എഫെ 2:1-3, 5:8-9, റോമർ 11:30).

ഇപ്പോൾ നാം ആരാകുന്നു?

നാം ആരാകുന്നു എന്ന അറിവ് സുപ്രധാനമാണ്. ഇപ്പോൾ നമുക്ക് അഭിമാനിക്കാൻ വകയുണ്ട്. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു. നാമിപ്പോൾ ക്രിസ്തുയേശുവിൽ അവിടുത്തെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.
ഇപ്പോഴോ ദൈവത്തിന്റെ ജനം, കരുണ ലഭിച്ചവർ തന്നേ. അതുകൊണ്ട് കർത്താവിന് പ്രസാദമായതു എന്തെന്നു പരിശോധിച്ചു കൊണ്ടു വെളിച്ചത്തിലുള്ളവരായി നടക്കേണം (1യോഹ 3:2-3).

ഇനി നാം ആരാകും?

നാം ഇനി ആരാകും എന്ന അറിവ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
ഇനി പ്രത്യാശിക്കാൻ കാരണം ഏറെയുണ്ട്. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായിട്ടില്ല. എന്നാൽ ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ അവിടുത്തെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാക കൊണ്ടു അവിടുത്തോട് സദൃശന്മാർ ആകും എന്നു നാം അറിയുന്നു. ആദ്യമനുഷ്യർ ദൈവസാദൃശ്യം ഉള്ളവർ ആയിരുന്നു. പിശാച് അവരെ വിരൂപരാക്കി. എന്നാൽ പുത്രൻ നമ്മെ അവിടുത്തെ സ്വരൂപത്തോടു ഒരുനാൾ അനുരൂപരാക്കും (1യോഹ 3:2-3).

നാം സ്വർഗ്ഗീയ പൌരത്വം പ്രാപിച്ചവരാണ്. സ്വർഗ്ഗത്തിൽ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്ന ഉറപ്പുള്ളവരാണ്. അവിടുന്ന് തന്റെ അത്യന്തശക്തി കൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും. നാം ആരായിരുന്നു, ഇപ്പോൾ ആരാകുന്നു, ഇനി ആരാകും എന്ന് വെളിപ്പെടുത്തുന്നത് വിശുദ്ധ ബൈബിൾ മാത്രമാണ്. ഈ പ്രത്യാശയുള്ള നാം അവിടുന്ന് നിർമ്മലൻ ആയിരിക്കുന്നതു പോലെ നമ്മെത്തന്നേ നിർമ്മലീകരിച്ച് ജീവിക്കാം. ഒരുനാൾ ഈ നശ്വര ലോകത്ത് നിന്നും അവിടുന്ന് നമ്മെ മറുകര എത്തിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.