സ്ഥലംമാറ്റ കാലത്ത് ഓർക്കേണ്ട ചില കാര്യങ്ങൾ ഓർപ്പിക്കട്ടെ. ശുചിത്വം, ശുദ്ധീകരണം എന്ന വിഷയത്തിന് ഏറെ പ്രാധാന്യം ഉണ്ട്. പ്രസംഗ വിഷയമായി ലഭിച്ചാൽ മണിക്കൂറുകൾ പ്രസംഗിക്കാൻ കഴിയുന്നവരാണ് നമ്മൾ. എന്നാൽ പ്രവൃത്തിയിൽ ശുദ്ധികരണം തെളിയിക്കാൻ എത്തിയ ഈ നല്ല കാലം നാം ഉപയോഗിച്ചാലോ. കഴിഞ്ഞ നാളുകളിൽ വളരെ സന്തോഷത്തോടെ കുടുംബമായി താമസിക്കാൻ സഭ നമുക്ക് വേണ്ടി ഒരുക്കിയ ഇടമാണ് പാഴ്സനേജുകൾ. അവ നമ്മൾ ഒഴിഞ്ഞു മറ്റൊരിടത്തേക്ക് പോകുന്നത് അൽപം വിഷമം ഒക്കെ തോന്നാം. ഒത്തിരി നല്ല ഓർമ്മകളും സന്തോഷങ്ങളും വേദനകളും പ്രാർത്ഥനകളും ഒക്കെ സ്വീകരിക്കേണ്ടി വന്ന പാഴ്സനേജ് എന്ന കൂടുവിട്ട് മറ്റൊരു പാഴ്സ നേജിലേക്ക് പോകുന്നതിനു മുമ്പ് നമ്മുടെ സാധനങ്ങളെല്ലാം ഏറ്റവും നന്നായി പാക്ക് ചെയ്ത് സൂക്ഷിച്ചു വയ്ക്കുന്ന ഈ ദിവസങ്ങളിൽ നമുക്ക് ആവശ്യമില്ലാത്തവ,പഴയ സാധനങ്ങൾ ഒക്കെ നാം തന്നെ ഒഴിവാക്കി പോകാൻ ശ്രദ്ധിക്കണെ. പ്രധാനപെട്ടതെല്ലാം സൂക്ഷിച്ച് പുതിയ ഇടത്തേക്ക് എടുത്തതു കൊണ്ടുപോകാൻ മാറ്റിയതു പോലെ ദയവായി പാഴ്‌വസ്തുക്കൾ [ വേസ്റ്റ് ] പുതുതായി വരുന്നവർക്ക് പണി കൊടുക്കാൻ വച്ചിട്ടു പോകരുതേ. ദിനരാത്രങ്ങൾ ഉറങ്ങാതെ പായ്ക്ക് ചെയ്ത് കഷ്ടപെട്ട് പഴ്സനേജ് വൃത്തിയാക്കി വരുന്നവർ വീണ്ടും പുതിയ പാഴ്സ നേജിൽ വന്നു കാണുമ്പോൾ വീണ്ടും ഉറക്കം കളയുന്ന പണി ദയവായി ഒഴിവാക്കുക. ശുചീകരിക്കാതെ പോകുന്നവർ മിടുക്കരും താമസിച്ചിരുന്ന ഇടം ശുചീകരിച്ചവർ മണ്ടന്മാരും ആയി പോകരുത്. നമുക്ക് ആവശ്യമില്ലാത്തത് നമുക്ക് ഉപയോഗിക്കാൻ കൊള്ളാഞ്ഞത് ഒക്കെ നാം ഒഴിവാക്കി പോകുക എന്നതാണ് ഏറ്റവും നല്ലത്. താൽക്കാലികം എന്ന നിലയിൽ നാം താമസിക്കുന്ന ഇടം നാം വില കൊടുത്ത് പണിയുന്ന ഭവനം പോലെ സൂക്ഷിക്കുക എന്നത് മാന്യതയുടെ ലക്ഷണമാണ്. ഓരോ റൂമും കാലിയാക്കുമ്പോൾ തന്നെ ആ റൂം വൃത്തിയാക്കി മറ്റൊരു വ്യക്തിക്ക് താമസിക്കാൻ യോഗ്യമായ നിലയിലേക്ക് എത്തിക്കുക. പരിസരം വൃത്തിയാക്കാൻ മറക്കരുത്. സർക്കാർ നമുക്ക് ഒരുക്കി തന്ന ഹരിത കർമ്മ സേനക്കാരെ വിളിച്ച് 50 രൂപ കൊടുത്ത് ഒഴിവാക്കേണ്ടതെല്ലാം ഒഴിവാക്കണെ. പ്രതേകിച്ച് ബാത്റും നന്നായി വൃത്തിയാക്കുക. കഴിയുമെങ്കിൽ നാം ഉപയോഗിച്ച ക്ലോസറ്റിൻ്റെ അടപ്പ് മാറ്റി പുതിയത് ഇടുക. നമ്മുടെ പ്രസംഗം, ഒരുക്കം, പ്രാർത്ഥന, കഴിവ് ഇതൊക്കെ പ്രസക്തമായിരിക്കുന്നതു പോലെ വൃത്തിയുടെ കാര്യം പിന്നോക്കമാക്കാതെ മറ്റുള്ളവരുടെ ഗുണത്തിനായുള്ള പ്രവർത്തികൾ ചെയ്യാൻ മറക്കരുതേ. സഭാ സെക്രട്ടറി പീന്നീട് ചൂലുമായി കയറി ശുചിയാക്കാൻ വരുന്ന അവസ്ഥ ഒന്നൊഴിവാക്കി നമ്മളാൽ കഴിയുന്ന വിധം പാഴ്സനേജുകൾ വൃത്തിയാക്കി സന്തോഷത്തോടെ ഇറങ്ങുക. പ്രായമുള്ളവർ ആണ് ഞങ്ങൾക്ക് ഇതൊക്കെ പറ്റുമെന്ന് അഭിപ്രായമുള്ളവർ ദയവായി നിങ്ങൾക്ക് ലഭിക്കപ്പെട്ട നന്മകളിൽ 500 രൂപ കൊടുത്ത് ആരെയെങ്കിലും വിളിച്ച് വൃത്തിയാക്കി ഇടുക. വൃത്തിയുടെ പ്രാധാന്യം അത് വലുതാണ്. അത് നാം മറക്കാതെ സന്തോഷത്തോടെ നിവൃത്തിച്ച് പുതിയ ഇടത്തേക്ക് യാത്രയാവുക. സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.




- Advertisement -
Comments are closed, but trackbacks and pingbacks are open.