അമേരിക്കയിൽ ‘പരിശുദ്ധാത്മാവിന്റെ വർഷിക്കപ്പെടലിനായി’ പ്രാർത്ഥിച്ചുകൊണ്ട് ട്രംപ് വിശുദ്ധവാര പ്രഖ്യാപനം പുറപ്പെടുവിച്ചു.

വാർത്ത: സാം മാത്യു, ഡാളസ്

ഡാളസ്: ലോക മെങ്ങും യേശുക്രിസ്തുവിന്റെ പുനരുത്ഥാനം ആഘോഷിക്കുന്ന വിശുദ്ധ വാരത്തിന്റെ ആദ്യ ദിവസമായ ഓശാന ഞായറാഴ്ച വിശുദ്ധ വാരത്തെയും, ഉയർപ്പിനേയും സ്മരിച്ച്  അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്ദേശം പുറപ്പെടുവിച്ചു. “മരണത്തെ കീഴടക്കിയ, പാപത്തിൽ നിന്ന് നമ്മെ മോചിപ്പിച്ച, എല്ലാ മനുഷ്യവർഗത്തിനും വേണ്ടി സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറന്ന ജീവനുള്ള ദൈവപുത്രനായ നമ്മുടെ കർത്താവും, രക്ഷകനുമായ യേശുക്രിസ്തുവിന്റെ കുരിശുമരണവും പുനരുത്ഥാനവും ആഘോഷിക്കുന്ന ക്രിസ്ത്യാനികളോടൊപ്പം ഈ വിശുദ്ധ വാരത്തിൽ, മെലാനിയയും ഞാനും പ്രാർത്ഥനയിൽ പങ്കുചേരുന്നു” ട്രംപ് സന്ദേശത്തിൽ കുറിച്ചു.

“ഈ വിശുദ്ധ വാരത്തിൽ യേശുക്രിസ്തു കുരിശിൽ അർപ്പിച്ച ത്യാഗമില്ലാതെ, ഈസ്റ്റർ ഞായറാഴ്ചയുടെ മഹത്വം വരാൻ കഴിയില്ലെന്ന് ഞങ്ങൾ അംഗീകരിക്കുന്നു എന്നും ” ട്രംപ് കൂട്ടിച്ചേർത്തു. ഈ ദിനങ്ങൾ യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കാനും, മരിച്ചവരിൽ നിന്നുള്ള അത്ഭുതകരമായ തൻ്റെ പുനരുത്ഥാനത്ത സ്മരിക്കുവാനും ഉള്ള സമയമാണിത്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഭൂമിയിലെ തന്റെ അവസാന മണിക്കൂറുകളിൽ, തന്റെ എല്ലാ സൃഷ്ടികളോടും ഉള്ള ആഴമേറിയതും നിലനിൽക്കുന്നതുമായ സ്നേഹത്തിൽ നിന്ന് ക്രിസ്തു, മനസ്സോടെ വേദനയും പീഡനവും കുരിശിലെ വധശിക്ഷയും സഹിച്ചു. അവന്റെ കഷ്ടപ്പാടിലൂടെ നമുക്ക് വീണ്ടെടുപ്പുണ്ട്. അവന്റെ മരണത്തിലൂടെ നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു”.  “അവന്റെ പുനരുത്ഥാനത്തിലൂടെ നമുക്ക് നിത്യജീവന്റെ പ്രത്യാശയുണ്ട്. ഈസ്റ്റർ രാവിലെ, കല്ല് ഉരുട്ടിമാറ്റപ്പെടുന്നു, ശവകുടീരം ശൂന്യമാണ്, ഇരുട്ടിനു മുകളിൽ വെളിച്ചം പ്രബലമാകുന്നു – മരണത്തിന് അവസാന വാക്ക് ഇല്ലെന്ന് ഇത് സൂചിപ്പിക്കുന്നു.” ഈ ആഴ്ച, നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രത്തിന്മേൽ പരിശുദ്ധാത്മാവിന്റെ ഒഴുക്കിനായി നാം പ്രാർത്ഥിക്കുന്നു.

അമേരിക്ക മുഴുവൻ ലോകത്തിനും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്വാതന്ത്ര്യത്തിന്റെയും ഒരു ദീപസ്തംഭമായി തുടരട്ടെ എന്നും ക്രിസ്തുവിന്റെ നിത്യ സ്വർഗ്ഗരാജ്യത്തിന്റെ സത്യം, സൗന്ദര്യം, നന്മ എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു ഭാവി കൈവരിക്കട്ടെ എന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു,” ട്രംപ് തുടർന്നു. ട്രംപിന്റെ വിശുദ്ധവാര സന്ദേശത്തിൽ ഗർഭഛിദ്രം, മതസ്വാതന്ത്ര്യം എന്നിവയുൾപ്പെടെയുള്ള സമകാലിക വിഷയങ്ങളിൽ തൻ്റെ ഗവൺമെൻ്റിൻ്റെ പ്രതിബന്ധതയും ചൂണ്ടി കാട്ടുന്നുണ്ട്.  “ഈ വിശുദ്ധവാരത്തിൽ, നമ്മുടെ സ്കൂളുകളിലും, സൈന്യത്തിലും, ജോലിസ്ഥലങ്ങളിലും, ആശുപത്രികളിലും, ഗവൺമെന്റിന്റെ ഹാളുകളിലും ക്രിസ്തീയ വിശ്വാസം സംരക്ഷിക്കുമെന്ന വാഗ്ദാനം എന്റെ ഭരണകൂടം പുതുക്കുന്നു.

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിലും, ജീവിതത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിലും, നമ്മുടെ പൊതു ഇടങ്ങളിൽ ദൈവത്തെ സംരക്ഷിക്കുന്നതിലും ഞങ്ങൾ ഒരിക്കലും പതറുകയില്ല എന്ന ഉറപ്പും നൽകുന്നതായി തൻ്റെ സന്ദേശത്തിൽ പ്രസിഡൻ്റ് ട്രമ്പ് പറഞ്ഞു. ഈസ്റ്റർ ഞായറാഴ്ചയ്ക്ക് മുന്നോടിയായി ഒരാഴ്ച നീണ്ടുനിൽക്കുന്ന  വിശുദ്ധ വാരാഘോഷത്തിന് വൈറ്റ് ഹൗസ് തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വർഷം മാർച്ച് 31 ന് വന്ന ഈസ്റ്റർ ഞായറാഴ്ച, മുൻ പ്രസിഡന്റ് ജോ ബൈഡൻ ട്രാൻസ്‌ജെൻഡർ ദൃശ്യതാ ദിനം അംഗീകരിച്ചുകൊണ്ട് ഒരു പ്രസിഡൻഷ്യൽ പ്രഖ്യാപനം പുറപ്പെടുവിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രഖ്യാപനം ആണ് ട്രമ്പ് ഭരണകൂടം നടത്തിയത് എന്നത് ശ്രദ്ധേയമാണ്.  ഈ  വരുന്ന വ്യാഴാഴ്ച  വൈറ്റ് ഹൗസിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേക മീറ്റിംഗിൽ  ലിബർട്ടി യൂണിവേഴ്സിറ്റി സംഘം ആരാധനാ സംഗീതം അവതരിപ്പിക്കും. റവ. ഫ്രാങ്ക്ലിൻ ഗ്രഹാം, ജെൻ്സൺ ഫ്രാങ്ക്ലിൻ എന്നിവരുൾപ്പെടെയുള്ള  പ്രമുഖ പാസ്റ്റർമാർ പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുക്കും എന്ന് അറിയുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.