ലേഖനം: സഭയിലെ സൂചിക്കുഴവാതിൽ

സജോ കൊച്ചുപറമ്പിൽ

 

പെന്തക്കോസിന്റെ ആരംഭ നാളുകളിൽ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകിയെത്തിയത് പാവപ്പെട്ടവരും ഇടത്തരക്കാരുമായ സാധാരണ ജനങ്ങളായിരുന്നു.
ധനമോഹം കൺമോഹം ജീവനത്തിന്റെ പ്രതാപങ്ങൾ ഏതുമില്ലാതെ തങ്ങളുടെ പിതാക്കന്മാരെ പോലെ തങ്ങളുടെ ഉപദേശിമാരെ പോലെ അവരെ മാതൃകയാക്കിക്കൊണ്ട് ഇവർ പ്രാർത്ഥനാ ജീവിതം നയിച്ചു.
കാലം മുന്നോട്ടു പുരോഗമിച്ചപ്പോൾ പ്രസ്ഥാനങ്ങളും മുന്നിലേക്ക് വളർന്നു.
കാലത്തിനിടയ്ക്ക് ലോകത്തിൻറെ മാറ്റത്തിനനുസരിച്ച് സഭയ്ക്കുള്ളിൽ ഒരു വിഭാഗം ഉടലെടുത്തു ധനവാൻ.
അതോടുകൂടി അതുവരെ പാവപ്പെട്ടവന്റെയും
ഇടത്തരക്കാരന്റെയും ആത്മീയ നിലവാരവും ജീവിത നിലവാരവും ഉയർത്താൻ പ്രയത്നിച്ചു കൊണ്ടിരുന്ന പ്രസ്ഥാനങ്ങളും ഉപദേശിമാരും കവാത്ത് മറന്നു.

പിതാക്കന്മാർ തനിക്കുള്ളതെല്ലാം നഷ്ടപ്പെടുത്തി ദൈവ രാജ്യത്തിൻറെ വ്യാപ്തിക്കുവേണ്ടി തന്നെ സമർപ്പിച്ചപ്പോൾ,
ഇന്നിന്റെ സഭ ദൈവ രാജ്യത്തിൻറെ വ്യാപ്തിക്കായി ധനവാനു ചുറ്റും നിന്ന് കറങ്ങാൻ തുടങ്ങി.
അസാധ്യം എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് ഒട്ടകം സൂചി കുഴയിലൂടെ കടക്കുന്നതിന് തുല്യമെന്ന യേശുക്രിസ്തു പ്രസ്താവിച്ചതോടെ ധനവാനു മുൻപിൽ അടഞ്ഞുപോയ സ്വർഗ്ഗരാജ്യത്തിന്റെ വാതിലിന് പകരം,
പ്രസ്ഥാനങ്ങളിൽ ഒരു സൂചിക്കുഴ വാതിൽ സൃഷ്ടിച്ച് അതിനുള്ളിലൂടെ നേതൃസ്ഥാനങ്ങളിലേക്ക് ധനവാന്റെ പ്രവേശനം ഉറപ്പാക്കുകയാണ് ഇന്ന് പലരും ചെയ്യുന്നത്.
ഈ പരാക്രമത്തിൽ
അവർക്കു മുമ്പിൽ പല വാതിലുകളും സൃഷ്ടിക്കപ്പെടുന്നു പല നിയമങ്ങളും ഇല്ലാതാകുന്നു.
പിതാക്കന്മാരുടെ കാലത്ത് ദൈവരാജ്യത്തിന്റെ വ്യാപ്തിക്ക് സുവിശേഷമാണ് അടിസ്ഥാനമെങ്കിൽ ഇന്ന് ദൈവരാജ്യത്തിന്റെ വ്യാപ്തിക്ക് പണമാണ് അടിസ്ഥാനം എന്ന് ഇവർ പ്രചരിപ്പിക്കുന്നു.
ഇന്നലെ ആത്മാവ് നയിച്ച പ്രസ്ഥാനങ്ങൾ ഇന്ന് ധനവാൻ നയിക്കുമ്പോൾ സഭയ്ക്ക് നഷ്ടപ്പെട്ടത് അടിസ്ഥാന മൂല്യങ്ങളാണ്.
പുതുതലമുറയിൽ ചിലരെങ്കിലും ധനവാന്മാരെ മാതൃകയാക്കി ധനമോഹങ്ങൾക്ക് പിന്നാലെ പായുമ്പോൾ മറ്റുചിലർ ധനവാന്മാരെ മാതൃകയാക്കി സ്ഥാനമാനങ്ങൾക്ക് പിന്നാലെ പായുകയാണ്.
സുവിശേഷത്തിനു വേണ്ടി എല്ലാം നഷ്ടപ്പെടുത്തി ആത്മാക്കളെ നേടിയ പിതാക്കന്മാരാണ് ഇന്നലകളിൽ നമുക്ക് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് സുവിശേഷത്തിലൂടെ ആത്മാക്കളെ ഒഴികെ സകലതും നേട്ടമാക്കിയവരാണ് നമുക്ക് ചുറ്റും.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.